25 July Sunday

കറുത്തവർക്കൊപ്പം തോക്കെടുത്ത സായിപ്പ്; ഡെനിസ്‌ ഗോൾഡ്‌ബർഗെന്ന ഇതിഹാസം

അഞ്ജലി ഗംഗ anjaliganga.p@gmail.comUpdated: Sunday May 17, 2020

സിവിൽ എൻജിനിയർ പദവി ഉപേക്ഷിച്ച് മാർക്‌സിസ്റ്റ്‌ ആശയങ്ങളിൽ ആകൃഷ്‌ടനായി രാഷ്‌ട്രീയത്തിലേക്ക്‌. നെൽസൺ മണ്ടേലയോടൊപ്പം വർണവിവേചനത്തി നെതിരെയുള്ള പോരാട്ടത്തിൽ ജയിൽശിക്ഷ അനുഭവിച്ച ഏക വെളുത്തവംശജൻ. 22 വർഷം ജയിലിൽ. പുറത്തിറങ്ങി നീണ്ട 35 വർഷവും ഏറ്റുവിളിച്ചത്‌‌ സമത്വത്തിനായുള്ള മുദ്രാവാക്യങ്ങൾ‌. ഏപ്രിൽ 29ന്‌, എൺപത്തേഴാം വയസ്സിൽ ക്യാൻസറിന്‌ കീഴടങ്ങിയ ഡെനിസ്‌ ഗോൾഡ്‌ബർഗെന്ന ഇതിഹാസത്തിന്റെ ജീവിതകഥ ചുരുക്കത്തിൽ ഇങ്ങനെ പറയാമെങ്കിലും അത്‌ പൂർണമാകില്ല 

 
ലണ്ടനിൽനിന്ന്‌ ദക്ഷിണാഫ്രിക്കയിലേക്ക്‌ ചേക്കേറിയ ജൂത കുടുംബത്തിലായിരുന്നു ഡെനിസ്‌ ഗോൾഡ്‌ബർഗിന്റെ ജനനം. ഒരു വെളുത്ത വംശക്കാരന്  ദക്ഷിണാഫ്രിക്കയിൽ ലഭിക്കുന്ന എല്ലാ ആനുകൂല്യങ്ങളും വർണാധിപത്യത്തിന്റെ പുഴുക്കുത്തുകളാണെന്ന്‌ തിരിച്ചറിഞ്ഞ കമ്യൂണിസ്റ്റുകാരനായിരുന്നു അദ്ദേഹം. പതിനൊന്നാം  വയസ്സിൽ, രക്ഷിതാക്കളോട്‌, കറുത്ത വംശജർക്ക്‌ വോട്ട്‌ ചെയ്യാൻ കഴിയില്ലെങ്കിൽ ദക്ഷിണാഫ്രിക്ക എങ്ങനെയാണ്‌ ഒരു സ്വതന്ത്ര രാഷ്‌ട്രമാകുന്നതെന്ന്‌ ചോദിച്ചുകൊണ്ടായിരുന്നു ഡെനിസിന്റെ  രാഷ്‌ട്രീയ വിദ്യാഭ്യാസത്തിന്‌ തുടക്കം‌.
 
ഡെനിസ് ഗോൾഡ്‌ബർഗിന്റെ  ആദ്യകാലചിത്രം

ഡെനിസ് ഗോൾഡ്‌ബർഗിന്റെ ആദ്യകാലചിത്രം

സിവിൽ എൻജിനിയറിങ്‌  പഠിച്ചശേഷം ജോലി ചെയ്യാൻ ശ്രമിച്ചെങ്കിലും കമ്യൂണിസ്റ്റ്‌ ആശയം പിന്തുടരുന്നതിനാൽ പലയിടത്തുനിന്നും പിരിച്ചുവിട്ടു. 1954ൽ കമ്യൂണിസ്റ്റ്‌ പ്രവർത്തക എസ്‌‌മേ ബോഡൻസ്റ്റയിനെ വിവാഹംചെയ്‌തു. 1957ൽ  ആഫ്രിക്കൻ നാഷണൽ കോൺഗ്രസിന്റെ ഭാഗമായിരുന്ന നിരോധിത കമ്യൂണിസ്റ്റ്‌ പാർടി അംഗമായി. ‘ദക്ഷിണാഫ്രിക്കയിലെ വർണവിവേചനം, യൂറോപ്പിൽ നാസികൾ നടപ്പാക്കിയ വിവേചനത്തിന് സമമാണെന്ന ബോധ്യമുണ്ടായി. അതിനാൽ പോരാട്ടം അനിവാര്യമാണെന്ന്‌ തോന്നി’. എങ്ങനെ ഈ പോരാട്ടത്തിലെത്തിയെന്ന ചോദ്യത്തിന്‌ ഡെനിസ്‌ നൽകിയ മറുപടിയിങ്ങനെ. 1960 ഷാർപ്‌വില്ലേ കൂട്ടക്കൊലയ്‌ക്കുശേഷം അന്യായമായി നാലുമാസം വിചാരണ കൂടാതെ തടവിൽ.  1963ൽ മോചിതനായശേഷം പ്രിട്ടോറിയൻ ഭരണകൂടത്തെ  അട്ടിമറിക്കാൻ സായുധ വിപ്ലവപാത സ്വീകരിച്ചു. ‌ ലില്ലീസ്‌ ലീഫ്‌ സേഫ്‌ ഹൗസിൽ ഇതിനായുള്ള തയ്യാറെടുപ്പുകൾക്കിടെയാണ്‌ നെൽസൺ മണ്ടേലയുൾപ്പെടെ മറ്റ്‌ ഒമ്പതു പേർക്കൊപ്പം അറസ്റ്റിലാകുന്നത്‌‌. കൂട്ടത്തിലുള്ളവരുടെ ജീവൻ രക്ഷിക്കാൻ ഗ്രനേഡ് അടക്കമുള്ള സ്‌ഫോടകവസ്‌തുക്കൾ താനാണ്‌ വാങ്ങിയതെന്ന സത്യവാങ്‌മൂലം നൽകാൻ സന്നദ്ധനാണെന്ന്‌ ഡെനിസ്‌ അറിയിച്ചു. മറ്റു നേതാക്കളെ വിട്ടയക്കാൻവേണ്ടി സ്വയം തൂക്കുകയറേറ്റുവാങ്ങാൻ തയ്യാറാകുകയായിരുന്നു ഡെനിസ്. എന്നാൽ, ഈ ആവശ്യം കോടതി  അംഗീകരിച്ചില്ല. ഇതോടെയാണ്‌ ആഫ്രിക്കക്കാരെ കൂടാതെ എല്ലാ വർണത്തിലുമുള്ള ആളുകളെ ഉൾക്കൊള്ളിച്ച്‌ വിമോചന പോരാട്ടം ശക്തമാക്കണമെന്ന ആശയത്തിന്‌ നെൽസൺ മണ്ടേല തുടക്കമിടുന്നത്‌. 
 
മുപ്പതാം വയസ്സിൽ ജീവപര്യന്തം തടവുശിക്ഷ ലഭിച്ചപ്പോൾ ഡെനിസിന്റെ മുഖത്ത്‌ സന്തോഷമായിരുന്നു. വധശിക്ഷ അല്ല ജീവപര്യന്തമാണ്‌ ലഭിച്ചതെന്ന്‌ കോടതിമുറിയിൽ തന്റെ അമ്മയോടും ഭാര്യയോടും ചെറുപുഞ്ചിരിയോടെ  ഉച്ചത്തിൽ വിളിച്ചുപറയുന്ന ഡെനിസിനെപ്പറ്റി നെൽസൺ മണ്ടേല തന്റെ പുസ്‌തകമായ ‘ലോങ്‌ വാക്ക്‌ ടു ഫ്രീഡത്തിൽ’ എഴുതിയിട്ടുണ്ട്‌. അത്രയേറെ ശുഭാപ്‌തി വിശ്വാസമായിരുന്നു അദ്ദേഹത്തിന്‌. ജയിലിലടയ്‌ക്കുമ്പോൾ കൂട്ടത്തിൽ ഏറ്റവും പ്രായം കുറവായിരുന്ന ഡെനിസിന്റെ  തമാശപ്രകൃതവും മണ്ടേല  ദീർഘമായി രേഖപ്പെടുത്തി.
 
22 വർഷം പ്രിട്ടോറിയ സെൻട്രൽ ജയിലിൽ തടവിനുശേഷം 1985ൽ ജയിൽമോചിതനായി. എസ്‌മേയോടൊപ്പം ലണ്ടനിൽ താമസിച്ചു. പിന്നീടുള്ള പ്രവർത്തനങ്ങൾ അവിടെ നിന്നായിരുന്നു. എസ്‌മേ മരിച്ചു രണ്ട് വർഷത്തിനുശേഷം രണ്ടായിരത്തിൽ ജർമൻ മാധ്യമപ്രവർത്തക എഡേൽഗാർഡ്‌ കോബിയെ വിവാഹം ചെയ്തു.  2002ൽ  വീണ്ടും ദക്ഷിണാഫ്രിക്കയിൽ.  വർണവിവേചനത്തിനെതിരെ മാത്രമല്ല, ആഫ്രിക്കൻ നാഷണൽ കോൺഗ്രസിലെ അഴിമതികൾക്കും ക്രമക്കേടിനുമെതിരെ  ഡെനിസ്‌ പ്രതികരിച്ചു. ജേക്കബ്‌ സൂമയെപ്പോലുള്ള നേതാക്കൾ രാജിവയ്‌ക്കണമെന്ന്‌ പരസ്യമായി ആവശ്യപ്പെട്ട നേതാക്കളിലൊരാളായിരുന്നു ഡെനിസ്‌. അവസാന നാളുകളിൽ പിന്നോക്കം നിൽക്കുന്ന കുട്ടികൾക്കായുള്ള ‘ഹൗസ്‌ ഓഫ്‌ ഹോപ്‌’ എന്ന വിദ്യാഭ്യാസ സംരംഭത്തിന്റെ പണിപ്പുരയിലായിരുന്നു. 
 
ദക്ഷിണാഫ്രിക്കയിൽ തിരിച്ചെത്തിയ  ഡെനിസ് ഏറ്റവും കൂടുതൽ സമയം ചെലവഴിച്ചത് കുട്ടികൾക്കായുള്ള  സന്നദ്ധസംഘടനയായ ഉബുലേലയിലാണ്. കുട്ടികളുടെ മാനസികാരോഗ്യം മെച്ചപ്പെടുത്തുകയും  കുട്ടിക്കാലം മനോഹരമാക്കുകയുമാണ്‌ ഉബുലേലയുടെ ലക്ഷ്യങ്ങൾ.
  
2020 ഏപ്രിൽ 29ന്‌, എൺപത്തേഴാം വയസ്സിൽ ക്യാൻസറിനുമുമ്പിൽ  കീഴടങ്ങേണ്ടിവന്നു. തന്റെ കാലഘട്ടത്തിലെ ജനങ്ങളെ മാത്രമല്ലാതെ വരുംതലമുറയെയും പ്രചോദിപ്പിക്കും ഡെനിസിന്റെ ജീവിതം.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..----
പ്രധാന വാർത്തകൾ
-----
-----
 Top