14 November Thursday

ഓർമകളുടെ സമരം

മധു ജനാർദ്ദനന്‍Updated: Sunday Mar 17, 2019

പെങ്ങളിലയിൽ ലാലും അക്ഷര കിഷോറും

ആലീസിന്റെ അന്വേഷണംമുതൽ ഭൂമി മലയാളംവരെയുള്ള ടി വി ചന്ദ്രൻ സിനിമകൾ സ്ത്രീയെ പരിഗണിച്ച രീതിയുടെ തുടർച്ചതന്നെയാണ് പെങ്ങളില

 
past is never dead
past is not even past
‐വില്യം ഫോക്‌നർ
 
അന്താരാഷ്ട്ര വനിതാദിനമായ മാർച്ച് എട്ടിന് റിലീസ് ചെയ്ത ‘പെങ്ങളില' പെണ്ണിനുമാത്രമല്ല ഭൂമിക്കും കർഷകത്തൊഴിലാളിക്കും ദളിതനും അവകാശ-രാഷ്ട്രീയ സമരങ്ങൾക്കുമുള്ള ടി വി ചന്ദ്രന്റെ സമർപ്പണമാണ്. സങ്കീർണവും അതിസൂക്ഷ്മവുമായ ആവിഷ്കാരംകൊണ്ട് ശ്രദ്ധേയമായ ‘മോഹവലയ'ത്തിനുശേഷം ടി വി ചന്ദ്രൻ സംവിധാനംചെയ്ത ഈ സിനിമ മലയാള സിനിമയിൽ അദൃശ്യമായ ജീവിതങ്ങളെ വളരെ ലളിതമായി നേരിട്ട് ആവിഷ്കരിക്കുന്നു.
 
ആലീസിന്റെ അന്വേഷണംമുതൽ ഭൂമി മലയാളംവരെയുള്ള ടി വി ചന്ദ്രൻ സിനിമകൾ സ്ത്രീയെ പരിഗണിച്ച രീതിയുടെ തുടർച്ചതന്നെയാണ് പെങ്ങളില. അഭ്യസ്ത വിദ്യ ആയിട്ടും വീട്ടിൽ തളച്ചിടപ്പെട്ട രേഖയുടെ ഭർത്താവ് വിനോദ് സ്ഥലംമാറ്റം ലഭിച്ച് മുംബൈയിൽനിന്ന് കിഴക്കൻ കേരളത്തിലെ ഒരു ഗ്രാമത്തിൽ ജോലിക്ക് വന്ന, ഒരു ബിൽഡർ കമ്പനിയുടെ മാനേജരാണ്. ആധുനികതയുടെ പുറംവേഷവുമായി നടക്കുന്ന വിനോദ് ഉള്ളിൽ ദളിത്, തൊഴിലാളി വിരുദ്ധത നിറഞ്ഞുകവിഞ്ഞുനിൽക്കുന്ന യുവാവാണ്. അയൽവാസിയായ അഴകൻ എന്ന ദളിത് തൊഴിലാളിയുടെ പാട്ട്, നിഷ്കളങ്കവും സുതാര്യവുമായ ഇടപഴകൽ എന്നിവ ഒന്നും വിനോദിന് ഇഷ്ടപ്പെടുന്നില്ല. ചരിത്രവും രാഷ്ട്രീയവും അറിയുന്ന, പുസ്തകങ്ങൾ വായിക്കുന്ന രേഖ അഴകന്റെ സ്വഭാവഗുണങ്ങൾ അംഗീകരിക്കുന്നത് ഇഷ്ടപ്പെടാത്ത വിനോദ് രേഖയെ അപമാനിക്കുമ്പോൾ മദ്യപിച്ചിരിക്കുന്ന സുഹൃത്തുക്കളുടെ മുന്നിൽവച്ച് ‘നിന്നെയോർത്ത് ഞാൻ ലജ്ജിക്കുന്നു' എന്നു പറഞ്ഞ് രേഖ വിനോദിന്റെ മുഖത്ത് ആഞ്ഞടിക്കുന്നു.
 
ഇത് വിനോദിന്റെ മുഖത്തുമാത്രമല്ല, ഇത്രയുംകാലം സ്ത്രീയെ അപമാനിച്ച മലയാള സിനിമയിലെ ‘ആണത്ത'ത്തിന്റെ മുഖത്തേൽക്കുന്ന അടിയാണ്. ഈ ഒരൊറ്റ ആക്‌ഷൻകൊണ്ടുതന്നെ ‘പെങ്ങളില' മലയാള സിനിമയിൽ സവിശേഷമായ സ്ഥാനം നേടിയിരിക്കുന്നു. 
 
രേഖ ലൈബ്രറിയിൽനിന്ന് പുസ്തകം എടുത്ത് വായിച്ച് പുറംലോകവുമായി ബന്ധം സ്ഥാപിക്കുന്നു; രേഖയുടെ പത്തുവയസ്സുകാരിയായ മകൾ രാധാലക്ഷ്മി അഴകനൊപ്പം വീടിനുപുറത്തെ പറമ്പിലും കൃഷിയിടങ്ങളിലും തെരുവിലും ചായക്കടയിലും ചുറ്റിക്കറങ്ങി അറിവ് നേടുന്നു. അയ്യൻകാളി, വിമോചനസമരം, അടിയന്തരാവസ്ഥ എന്നിവയൊക്കെ രാധാലക്ഷ്മി കേൾക്കുന്നത് അഴകനിൽനിന്നാണ്. എന്നാൽ, അതേസമയം രാധാലക്ഷ്മിയുടെ ചേട്ടൻ ക്രിക്കറ്റ് കളിയിൽമാത്രം കമ്പമുള്ള ഒരു ന്യൂജെൻ പയ്യനാണ്. വായന, രാഷ്ട്രീയം, മാനവികത ഒന്നും സ്‌പർശിക്കാത്ത, ഭൂമിയും കെട്ടിടവും കച്ചവടം ചെയ്യാൻമാത്രം അറിയുന്ന വിനോദിന്റെ പിൻതലമുറതന്നെയാണവൻ.
 
പുറമ്പോക്കിലെ കോളനിയിൽ താമസിക്കുന്നത് ഇഷ്ടമില്ലാതെ, ജന്മിയുടെ പറമ്പിൽ ഭാര്യയോടൊപ്പം ചാളകെട്ടി താമസിക്കുന്ന അഴകൻ സ്വന്തമായി ഭൂമിയോ വീടോ ഇല്ലാത്ത ദളിത്/തൊഴിലാളിയുടെ പ്രതിനിധിയാണ്. അഴകനൊന്നിച്ച്  രാധാലക്ഷ്മി ഒരു കൃഷിയിടത്തിൽ പോകുമ്പോൾ കാണുന്ന പൊടിച്ചെക്കൻ എന്ന തൊഴിലാളി പറയുന്നത് താൻ കേരളംമുഴുവൻ തൂമ്പകൊണ്ട് കിളച്ചിട്ടുണ്ട് എന്നാണ്. സ്വന്തമായി ഒരിടമില്ലാതെ കേരളം മുഴുവൻ അലഞ്ഞുതിരിഞ്ഞ് പണിയെടുക്കുന്ന പൊടിച്ചെക്കൻതന്നെയാണ് സിനിമയുടെ അന്ത്യത്തിൽ അഴകനെ മണ്ണിനടിയിൽ സംസ്കരിക്കുന്നതും.
 
 
ഇന്ത്യ സ്വതന്ത്രയായതിനുശേഷം നാളിതുവരെയുള്ള ഫ്യൂഡൽമൂല്യവ്യവസ്ഥയ്ക്കും‌ ജനാധിപത്യവിരുദ്ധ സംവിധാനങ്ങൾക്കുമെതിരെയുള്ള സമരങ്ങളെയെല്ലാം സിനിമ പരാമർശിക്കുന്നുണ്ട്; വിമോചനസമരവും. ഈ സമരങ്ങളിലെല്ലാം തല്ലുകൊണ്ടും ജയിൽവാസം അനുഭവിച്ചും അഴകൻ, യഥാർഥ തൊഴിലാളി ആരാണെന്നും അയാളുടെ പക്ഷം ഏതെന്നും അയാളുടെ രാഷ്ട്രീയം എന്തെന്നും സാക്ഷ്യപ്പെടുത്തുന്നു. അടിയന്തരാവസ്ഥക്കാലത്ത് അഴകന്റെ കുടിലിൽ ഒളിവിൽ കഴിഞ്ഞ മാത്യു കോശിയാണ് പിന്നീട് ദളിത് കോളനി പൊളിച്ച് ഫ്ളാറ്റ് സമുച്ചയം പണിയാൻ വരുന്നതെന്നതാണ് നവ മുതലാളിത്ത യാഥാർഥ്യം. കുടിച്ചുന്മത്തനായ മാത്യു കോശിയെ രാത്രി സ്വീകരിച്ച് വീട്ടിൽ കൊണ്ടുവരുമ്പോൾ നാടൻപാട്ട് പാടുന്ന അഴകനെ വിനോദ് അടിച്ചുവീഴ്ത്തുന്നു. വിനോദിന്റെ ജീവിതമാണ് മലയാളിയുടെ പുതുചരിതം.
 
രാധാലക്ഷ്മി എന്ന പെൺകുട്ടിയുടെ പരിപ്രേക്ഷ്യത്തിലൂടെയാണ് ആഖ്യാനം എന്നതിനാൽ സിനിമയിലൂടെ ഘടന ലളിതവും സുതാര്യവും ആർദ്രവുമാണ്. ‘ഓർമകളുണ്ടായിരിക്കണം' എന്ന സിനിമ ഒരു ആൺകുട്ടിയുടെ കാഴ്ചയിലാണ് കാര്യങ്ങൾ അവതരിപ്പിക്കുന്നത്. ഒരു ഘട്ടത്തിൽ ടി വി ചന്ദ്രൻതന്നെ സംവിധാനം ചെയ്ത ഓർമകളുണ്ടായിരിക്കണം എന്ന സിനിമയിലെ വിമോചനസമരവുമായി ബന്ധപ്പെട്ട ചില രംഗങ്ങൾ അഴകനും കാമുകിയും കണ്ടുനിൽക്കുന്നുണ്ട്. പിക്ചർ ഇൻ പിക്ചർ എന്നുപറയുന്നതുപോലെ. പെങ്ങളില എന്ന സിനിമയിൽ ഒരു പുതിയ (പഴയ) വിൻഡോ തുറക്കുകയാണ് താൻ ചെയ്‌തതെന്ന്‌ സംവിധായകൻ പറയുന്നു. കോളനി ഒഴിപ്പിച്ച് ഫ്ളാറ്റ് പണിയുന്ന നവമുതലാളിത്തത്തിനെതിരെ നിരാഹാരസമരം കിടക്കുന്ന അഴകന്റെ സമരപ്പന്തലിലേക്കാണ് ഭർത്താവിന്റെ കരണത്തടിച്ച് വീട്ടിൽനിന്ന് ഇറങ്ങിയ രേഖയ്‌ക്കൊപ്പം രാധാലക്ഷ്മി വരുന്നത്. തിരിച്ചുപോകുമ്പോൾ അഴകൻ രാധാലക്ഷ്മിയോട് പഠിച്ച് വലിയ ഡോക്ടറാകണം എന്ന് പറയുന്നു. കൊല്ലവർഷം 2015ൽ ഏതോ ഒരു മലഞ്ചെരിവിലെ ചായത്തോട്ടത്തിനു മുമ്പിൽ നിരാഹാരം കിടന്ന് മരിക്കാറായ വൃദ്ധനായ അഴകനെ പരിശോധിക്കാനെത്തുന്നത് ഡോക്ടറായി വളർന്ന രാധാലക്ഷ്മിയാണ്. ഭൂമിമലയാളം എന്ന സിനിമയിൽ അടുക്കളയിൽനിന്ന് ഫിനിഷിങ് പോയിന്റിലേക്കും  വിക്ടറിസ്റ്റാൻഡിലേക്കും ലോങ് ജമ്പ് ചാടുന്ന അതേ നടിതന്നെയാണ് ഡോക്ടറായി വരുന്ന രാധാലക്ഷ്മി എന്നത് കാസ്റ്റിങ്ങിലെ ഒരു കണ്ടിന്യൂയിറ്റി ആണ്. കോടമഞ്ഞിനിടയിൽ അഴകന്റെ ശവകുടീരത്തിന് ഇരുവശത്തുമായി ഡോക്ടറായ രാധാലക്ഷ്മി, ജാതീയതയുടെയും സവർണാധിപത്യത്തിന്റെയും ഇരയായി മരിച്ചുപോയ അഴകന്റെ കുഞ്ഞനുജത്തി മഞ്ഞ, കുട്ടിയായ രാധാലക്ഷ്മി എന്നിവർക്കിടയിൽ മാറിമാറി പാൻ ചെയ്യുന്ന ക്യാമറയുടെ ചലനത്തിൽ പെങ്ങളില എന്ന കവി അയ്യപ്പന്റെ പ്രയോഗം ടി വി ചന്ദ്രന്റെ സാക്ഷാൽക്കാരമായി അവസാനിക്കുന്നു.
മലയാളിയുടെ ജീവിതയാഥാർഥ്യങ്ങളുടെ ബന്ധമില്ലാത്ത ആർട്ട്‌ സിനിമകൾ, വൈകുന്നേരത്തെ ക്ലബ്ബിലെ മദ്യപാനചിന്തകളിൽനിന്നുണ്ടാകുന്ന മധ്യവർഗ വിനോദമായ ഫിലിം ക്ലബ്ബുകൾ, തിരസ്കൃതമാകുന്ന ദളിത്/തൊഴിലാളിവർഗ ജീവിതങ്ങൾ എന്നിവ സിനിമയിൽ പരിഹാസരൂപേണ പരാമർശിക്കപ്പെടുന്നുണ്ട്.
 
അഴകൻ‐ചിരുത ദമ്പതികളുടെ വിദ്യാഭ്യാസം ലഭിക്കാത്ത മകൻ സമൂഹത്തിൽനിന്നുതന്നെ അദൃശ്യനാകുകയാണ്. ഇത് അതിശയോക്തിയായി തോന്നാം. എന്നാൽ, 10 ശതമാനം ആളുകൾ അവരുടെ കുട്ടികളുടെ വിദ്യാഭ്യാസ ചെലവിലേക്ക് 71 രൂപ ചെലവാക്കുന്നിടത്ത് മേൽത്തട്ടിലെ ആളുകൾ അവരുടെ വീട്ടിലെ വളർത്തുമൃഗങ്ങൾക്കുവേണ്ടി ചെലവാക്കുന്നത് പ്രതിമാസം 110 രൂപയാണ് എന്ന കേരളീയ യാഥാർഥ്യത്തിലേക്കും ഈ സിനിമ ക്യാമറ തുറന്നുവയ്ക്കുന്നു. 
 
സൂക്ഷ്മമായ നിരവധി സൂചകങ്ങൾകൊണ്ടും സിനിമ നിറയുന്നുണ്ട്. മറവികൾക്കെതിരെയുള്ള ഓർമകളുടെ സമരമാണ് രാഷ്ട്രീയം എന്ന് മിലൻ കുന്ദേര പറഞ്ഞിട്ടുണ്ട്. ഈ അർഥത്തിൽ മലയാളത്തിലെ മികച്ച രാഷ്ട്രീയ സിനിമയായി അടയാളപ്പെടുന്നു, പെങ്ങളില.
പ്രധാന വാർത്തകൾ
 Top