01 February Wednesday

ഇന്ത്യൻ പാട്ടിന്റെ മസായിച്ചന്തം

ആനി അന്ന തോമസ്‌ anieannathomas3@gmail.comUpdated: Sunday Oct 16, 2022

കിലി പോളും സഹോദരി നിമ പോളും

ഇന്ത്യൻ ഗാനങ്ങൾക്കൊപ്പം ചുണ്ട് ചലിപ്പിച്ചും താളത്തിൽ ചുവടുവച്ചും ജനഹൃദയങ്ങൾ കീഴടക്കി സോഷ്യൽ മീഡിയ സെൻസേഷനായി മാറിയവരാണ് ടാൻസാനിയ സ്വദേശികളായ കിലി പോളും സഹോദരി നിമ പോളും. പരമ്പരാഗത മസായി വേഷത്തിലെത്തി ഇവരൊരുക്കുന്ന വീഡിയോകളെല്ലാം ഇൻസ്റ്റഗ്രാമിൽ തരംഗമാണ്.

2021ൽ പുറത്തിറങ്ങിയ ഹിന്ദി ചിത്രമായ ‘ഷേർഷാ’ യിലെ ‘രാത്താ ലമ്പിയ’ എന്ന ഗാനത്തിന് ഇവർ ചെയ്ത വീഡിയോ ആണ് ആദ്യം ട്രെൻഡിങ്ങായത്. നടൻ സിദ്ധാർഥ് മൽഹോത്രയും കിയാരാ അദ്വാനിയും ഈ വീഡിയോ ഷെയർ ചെയ്തതോടെ സഹോദരങ്ങൾ സമൂഹ മാധ്യമത്തിലെ താരങ്ങളായി. ഒറ്റ റീലിലൂടെ കിലി പോൾ ഇന്ത്യൻ ആരാധകരെ വാരിക്കൂട്ടി. പിന്നീട് ഇന്ത്യൻ ഭാഷകളിലുള്ള നിരവധി ഗാനങ്ങളുമായി കിലിയും നിമയും  സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞു. അവയ്‌ക്കോരോന്നും മണിക്കൂറുകൾകൊണ്ട് പതിനായിരക്കണക്കിന് ലൈക്കുകൾ. തമിഴ്സൂപ്പർതാരം വിജയ്‌യുടെ ‘അറബിക് കുത്ത്’, തിരുച്ചിത്രമ്പലത്തിലെ ‘പറക്ക പറക്ക’ അല്ലു അർജുന്റെ പുഷ്പയിലെ ‘സാമി’, ‘ഊ ആണ്ടവ’ തുടങ്ങി ഒരുപിടി തെന്നിന്ത്യൻ ഗാനങ്ങൾക്കും ഇവർ ചുവടുവച്ചിട്ടുണ്ട്. ‘കച്ച ബദാം’ എന്ന വൈറൽ ഗാനത്തോടൊപ്പം നൃത്തം ചെയ്തുള്ള വീഡിയോയും ഹിറ്റായിരുന്നു. ഹിന്ദി ഡയലോഗുകൾക്ക് കിറുകൃത്യമായാണ് കിലി ചുണ്ടുകൾ ചലിപ്പിക്കുന്നത്. വിജയ്‌യുടെ ബീസ്റ്റ് സിനിമയുടെ ട്രെയിലർ പുനരാവിഷ്കരണത്തിനും മികച്ച പ്രതികരണമാണ് ലഭിച്ചത്. 

ആദ്യം ടിക് ടോക്കിലായിരുന്നു വീഡിയോകൾ ചെയ്തിരുന്നത്. ഇന്ത്യയിൽ ടിക്‌ ടോക്ക്‌ നിരോധിച്ചതിനെ തുടർന്ന് ഇന്ത്യക്കാർ ‘റീൽസി’ലേക്ക് ചേക്കേറിയതോടെ കിലിയും ആ വഴി പിടിച്ചു.  ഇൻസ്റ്റഗ്രാമിൽ മാത്രം ഇപ്പോൾ  4.2 മില്യൺ ഫോളോവേഴ്സുണ്ട്. ടിക്‌ ടോക്കിൽ കിലിയെ പിന്തുടരുന്നവരുടെ എണ്ണം മൂന്ന് ദശലക്ഷത്തിലധികമാണ്.  ആയുഷ് മാൻ ഖുറാന, ഗുൽ പനഗ്, റിച്ച ചന്ദാ തുടങ്ങി നിരവധി താരങ്ങളും ഇവരുടെ ഇൻസ്റ്റഗ്രാം പേജ് ഫോളോ ചെയ്‌ത്‌ വീഡിയോ പങ്കുവയ്ക്കുന്നു. ഇവർക്കുവേണ്ടി ആരാധകർ ഫാൻസ് പേജുകളും ആരംഭിച്ചുകഴിഞ്ഞു.

ഒരു പാട്ട് ഇഷ്ടപ്പെട്ടാൽ യുട്യൂബിൽനിന്ന് അത് വീണ്ടും വീണ്ടും കേട്ട് വരികൾ പഠിക്കുകയും പാട്ടിന്റെ അർഥം  ഗൂ​ഗിളിൽ തിരഞ്ഞ് മനസ്സിലാക്കുകയും ചെയ്യും. ലിപ് സിങ്ക് മെച്ചപ്പെടുത്താനായി ഓരോ വാക്കും എങ്ങനെ  ഉച്ചരിക്കുന്നുവെന്ന് പഠിക്കും. പാട്ടിന്റെ മൂഡിനനുസരിച്ച് അതിൽ  തങ്ങളുടേതായ ഭാവം ചേർക്കും. പ്രണയത്തിനും സൗഹൃദത്തിനും ആഘോഷത്തിനുമെല്ലാം ലോകത്തെല്ലായിടത്തും ഒരേ ഭാവമാണെന്നാണ് കിലിയുടെ പക്ഷം.

ഈ വർഷത്തെ റിപ്പബ്ലിക് ദിനത്തിൽ, സഹോദരങ്ങൾ ദേശീയ ഗാനത്തോടൊപ്പം ഇന്ത്യക്കാർക്ക് ആശംസ അറിയിച്ച് വീഡിയോ പങ്കുവച്ചു. ടാൻസാനിയക്കാരന്റെ ഇന്ത്യൻ പ്രിയം കണക്കിലെടുത്ത് ഫെബ്രുവരിയിൽ ഇന്ത്യൻ ഹൈക്കമീഷൻ കിലി പോളിനെ ആദരിച്ചു. മൻ കീ ബാത്തിൽ കിലിയെയും നീമയെയുംകുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി പരാമർശിച്ചു.

ഇപ്പോഴിതാ ഇന്ത്യൻ മിനിസ്ക്രീനിലും സാന്നിധ്യമറിയിക്കുകയാണ് കിലി. ഹിന്ദി ഡാൻസ് റിയാലിറ്റി ഷോയായ ഝലക് ദിഖ്‌ല ജാ പത്താം സീസണിലൂടെ വൈൽഡ് കാർഡ് എൻട്രിയായിട്ടാണ് കിലിയുടെ അരങ്ങേറ്റം. ഒക്ടോബർ ഒന്നിന് സംപ്രേഷണം ആരംഭിച്ച ബിഗ് ബോസിന്റെ പുതിയ ഹിന്ദിപതിപ്പിലും കിലി പോൾ അതിഥിയായെത്തി. ഉടൻ തന്നെ ആഫ്രിക്കയിലേക്ക് മടങ്ങേണ്ടതിനാൽ ഇരു ഷോയിലും പരിമിതമായ എപ്പിസോഡുകളിൽ മാത്രമായിരിക്കും കിലിയുടെ സാന്നിധ്യമുണ്ടാവുക.

നർത്തകനും കണ്ടന്റ് ക്രിയേറ്ററുമാണ് കിലി പോൾ.   ഒരുപാട് ഹിന്ദി സിനിമകൾ കണ്ടാണ് താൻ വളർന്നതെന്ന് കിലി പറയുന്നു. സഞ്ജയ് ദത്ത്, അക്ഷയ് കുമാർ,  ഹൃത്വിക് റോഷൻ, സൽമാൻ ഖാൻ, ടൈഗർ ഷ്രോഫ് എന്നിവരൊക്കെയാണ് പ്രിയപ്പെട്ട ഇന്ത്യൻ അഭിനേതാക്കൾ. ആക്ഷൻ ചിത്രങ്ങളോടാണ് കിലിക്ക് പ്രിയം. സഹോദരി നിമ മാധുരി ദീക്ഷിതിന്റെ ആരാധികയാണ്. ഇന്ത്യയിൽനിന്നാണ് തങ്ങൾക്ക് ഏറ്റവും സ്‌നേഹവും വിശ്വാസവും ലഭിക്കുന്നതെന്നും ഇനിയും കൂടുതൽ വീഡിയോകൾ ചെയ്യുമെന്നും കിലി പറയുന്നു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..----
പ്രധാന വാർത്തകൾ
-----
-----
 Top