25 May Monday

ഞാൻ ജീവിതങ്ങളിലേക്ക്‌ ഒളിഞ്ഞുനോക്കുന്നു

രാജശ്രീ നിലമ്പൂർUpdated: Sunday Feb 16, 2020

ഫ്രാൻസിസ്‌ നൊറോണ

പുതിയ കഥാകൃത്തുക്കളിൽ പ്രമുഖനായ ഫ്രാൻസിസ്‌ നൊറോണ കാതുസൂത്രം എന്ന പുതിയ കഥാസമാഹാരത്തെ മുൻനിർത്തി തന്റെ എഴുത്തു ജീവിതത്തെക്കുറിച്ച്‌ സംസാരിക്കുന്നു

 

തഴപ്പായ നെയ്യുംപോലെ ഓരോ ഓലയും ചേർത്ത് വിടർന്നുവരുന്ന കഥകൾ. ഇടയിലെവിടെയൊക്കെയോ ഒളിപ്പിച്ചുവെച്ച മുള്ളുകൾ കൊള്ളുമ്പോൾ വായിക്കുന്നവരുടെ നെഞ്ചു പിടയും. പുസ്‌തകമടച്ചുവച്ചാലും കുഞ്ഞാടും തൊട്ടപ്പനും മാഗിയും നടാലിയയും നീറ്റലാകും. കുട്ടികൾ ആഖ്യാതാക്കളാകുന്നവ, മരണശേഷം കഥ പൂരിപ്പിക്കാൻ യേശുദേവനായും മനുഷ്യനായും തുടരുന്നവ, രക്തസാക്ഷിത്വത്തിന്റെ പിന്നാമ്പുറങ്ങൾ, അരമനകളിലെ ചൂഷണങ്ങളും സഹനങ്ങളും, പലതരത്തിലുളള ദാരിദ്ര്യം, രതി, പീഡനം, പക, പ്രതികാരം, വന്യത, ക്രൗര്യം... ഫ്രാൻസിസ്‌ നൊറോണയുടെ കഥകളിലുള്ളത്‌ ഇതൊക്കെയാണ്‌. 
  
കാതുസൂത്രം വായിച്ചവർ ആദ്യവായനയിൽ സ്‌തബ്‌ധരാകും. രണ്ടാം വായനയിൽ അവനവനെയോ പ്രിയപ്പെട്ടവരെയോ തിരിച്ചറിയും.  കഥാകൃത്തിന്റെ ഫോണിലേക്ക്‌  സന്ദേശങ്ങൾ പ്രവഹിച്ചു, ഇതെന്റെ കഥയാണല്ലോ എന്നു പറഞ്ഞ്. ഏറെ സ്വീകാര്യത ലഭിച്ച തൊട്ടപ്പനുശേഷമാണ് കാതുസൂത്രം എന്ന കഥാസമാഹാരം പുറത്തിറങ്ങിയത്‌. 
 
കാതുസൂത്രം പുറത്തിറങ്ങുമ്പോൾ വായനക്കാരുമായി പങ്കുവയ്‌ക്കാനുള്ളത്?
 
തൊട്ടപ്പനിൽനിന്ന് കാതുസൂത്രത്തിലെത്തുമ്പോൾ എഴുത്തിന്റെ ഭൂമിക കുറച്ചുകൂടി വിസ്‌തൃതമാണ്‌. ഗാർഹികാന്തരീക്ഷത്തിൽ  സ്‌ത്രീയുടെ പരിമിതികൾ, സ്വത്വ സംഘർഷങ്ങൾ ഇതൊക്കെയാണ് കാതുസൂത്രത്തിലുള്ളത്. സ്‌ത്രീക്ക് ഒരുപാട് സ്വാതന്ത്ര്യമുണ്ട്, വരുമാനമാർഗങ്ങളുണ്ട് തുടങ്ങിയ സങ്കൽപ്പത്തിൽ നാം കഴിയുമ്പോഴും ഗാർഹികാന്തരീക്ഷം അവളെ വരിഞ്ഞുമുറുക്കുന്നു. സ്‌ത്രീ എന്താണ് ആഗ്രഹിക്കുന്നതെന്ന് ഒരു പുരുഷനും വിവരിക്കാനാകില്ല. ഭാമ എന്ന കഥാപാത്രത്തിന്റെ മകളിലൂടെ കഥ പറയാനാണ് ശ്രമിച്ചത്. എന്റെ  കഥകൾ  ജീവിതങ്ങളിലേക്കുള്ള ഒരു ഒളിഞ്ഞുനോട്ടമാണ്‌.
    
നെറോണ എന്ന എഴുത്തുകാരൻ രംഗപ്രവേശം ചെയ്യാൻ വൈകിയോ?
  
എഴുത്തുകാരനാകുമെന്ന് കരുതിയിരുന്നില്ല. ധാരാളം വായിക്കുമായിരുന്നു. പ്രീഡിഗ്രിയും ബികോമും പാസായി. തുടർപഠനം വഴിമുട്ടി. ആ സമയത്തൊരു ജോലി ലഭിച്ചു. ആലപ്പുഴ അതിരൂപത യുടെ  ‘മുഖരേഖ’ മാസികയിൽ.  അക്കൗണ്ടന്റായി 20 വർഷത്തോളം. മുഖരേഖയുടെ നിലവാരമുയർത്താൻ പലതും ചെയ്‌തു. അഭിമുഖം, ലേഖനം, കഥ, കവിത എല്ലാം പല പേരുകളിൽ എഴുതി. പല സൃഷ്ടികൾക്കും മികച്ച പ്രതികരണമാണ് ലഭിച്ചത്. ആദാമിന്റെ മുഴ എന്ന കഥയെഴുതി അവിടുത്തെ വൈദികനെ കാണിച്ചപ്പോൾ നല്ലതാണെന്ന അഭിപ്രായത്തോടെ വേറൊരു മാസികയ്‌ക്ക് അയക്കാൻ നിർദേശിച്ചു. അങ്ങനെയാണ് ഡിസി ബുക്‌സിലെ അരവിന്ദൻ കെ എസ് മംഗലത്തിന് കഥ വായിക്കാൻ കൊടുക്കുന്നത്. ഒരു രാത്രി മൊബൈൽ ഫോണിൽ ‘എഴുത്തിന്റെ ദൈവം നിന്നോട്‌ കൂടെ’യുണ്ടെന്ന അരവിന്ദൻ സാറിന്റെ മെസേജ്. 2014ൽ കലാകൗമുദിയിൽ കഥ വന്നു. രണ്ട് വർഷം കഴിഞ്ഞാണ് കടവരാൽ എഴുതിയത്. പിന്നീട്  പെണ്ണാച്ചിയും തൊട്ടപ്പനും. തൊട്ടപ്പനിലെ കഥാപാത്രങ്ങളെ പൂർണമായും ഉൾക്കൊണ്ട് ഷാനവാസ് കെ ബാവക്കുട്ടി അത് സിനിമയാക്കി.
  
 അശരണരുടെ സുവിശേഷം എന്ന നോവൽ എങ്ങനെ സംഭവിച്ചു?
   
1910- –-2016 കാലത്തെ കഥയാണത്‌. അക്കാലത്തെ ആളുകളുടെ ജീവിതം പഠിക്കാനുള്ള ഗവേഷണം  അഞ്ചരവർഷംകൊണ്ടാണ്‌ പൂർത്തിയായത്. അന്നത്തെ ജീവിതരീതി, മതചടങ്ങുകൾ, ഭക്ഷണരീതികൾ, ആഘോഷങ്ങൾ ഇതെല്ലാം പുതിയ അറിവുകളായിരുന്നു. പള്ളികളിൽ കുർബാന തമിഴിലായിരുന്നു. ക്രിസ്‌മസിനു പകരം കടലോരത്ത് ‘നത്താൾ’ എന്ന പേരിലാണ് തിരുപ്പിറവി ആഘോഷിക്കപ്പെട്ടിരുന്നത്. കടലോരത്തെ അനാഥബാല്യങ്ങളെയും അവരെ  സനാഥരാക്കിയ പുരോഹിതന്റെയും കഥയാണ്‌ ഈ നോവൽ.
  
 തീരദേശത്തിന്റെ കഥാകാരനാണെന്ന് വിശേഷിപ്പിക്കപ്പെടാറുണ്ടോ?
 
കക്കുകളി, പെണ്ണാച്ചി, ഇരുൾ രതി തുടങ്ങിയ കഥകളിലാണ് കടലോരവാസികളുടെ ഭാഷ ഉപയോഗിച്ചത്.  കടവരാലിൽ കടൽ കടന്നുവരുന്നേയില്ല. ഉറുക്കിന്‌ മുസ്ലിം പശ്ചാത്തലമാണ്‌. ഉറുക്ക്‌ എന്നെ വല്ലാതെ ഉലച്ചു. എലേടെ സുഷിരങ്ങൾ അരങ്ങേറുന്നത് തീർത്തും വ്യത്യസ്‌തമായ ഭൂമികയിലാണ്. പിന്നീട് തെമ്മാടി പുണ്യാളനിലും തീരദേശഭാഷ ഉപയോഗിച്ചു. ഒരു കഥ എന്താണോ ആവശ്യപ്പെടുന്നത്, ആ ഭാഷ നൽകുന്നുവെന്നേയുള്ളൂ. കടലോരത്തെ ആളുകളുടെ ഭാഷയും ജീവിതരീതിയും മനസ്സിലാക്കാൻ ഞാനവരുടെ കൂടെ നടന്നും ഉണ്ടും ഉറങ്ങിയും കഴിഞ്ഞു. കടലിൽ പോയും മറ്റും ഒരുപാട് സമയം പഠനത്തിനായി ചെലവിട്ടു. ഒരു ഭാഷയിൽത്തന്നെ ഉറച്ചുനിന്നാൽ അത് മടുപ്പുണ്ടാക്കും. കൊച്ചുകൊച്ചു വാക്കുകളിലൂടെ കഥകൾ പറയുക എന്നത്‌ വലിയ സ്വപ്‌നമായിരുന്നു. സക്കറിയ, സാറാ ജോസഫ് തുടങ്ങിയവരുടെയെല്ലാം വാചകങ്ങൾ എന്നെ ഏറെ ആകർഷിച്ചവയാണ്.
 
തൊട്ടപ്പൻ മതപരമായി എതിർപ്പുകൾക്ക്‌ കാരണമായോ?
 
ഇതുവരെ അത്തരം എതിർപ്പുകളുണ്ടായിട്ടില്ല. വൈദികരുമായും കന്യാസ്‌ത്രീകളുമായും സൗഹൃദത്തിലാണ്. ‘അശരണരുടെ സുവിശേഷം’ എഴുതാൻ  സഹായിച്ചത് ഒരു മദറാണ്. കന്യാസ്‌ത്രീയുടെ ജീവിതത്തിലെ സഹനങ്ങളും തിരുവസ്‌ത്രം ഉപേക്ഷിച്ചുവരുന്ന നടാലിയയുടെ ജീവിതവുമെല്ലാമാണ് കക്കുകളിയിൽ. ഒരു കന്യാസ്‌ത്രീക്ക് ആ ജീവിതത്തിൽനിന്ന് തിരിച്ചുപോക്കില്ലെന്ന അവസ്ഥ ചൂണ്ടിക്കാണിക്കാനാണ് ശ്രമിച്ചത്. സെമിനാരിയിൽനിന്ന്  പുരുഷന് പുറത്തുപോരാം. പക്ഷേ, കന്യാസ്‌ത്രീ അതിന് തുനിഞ്ഞാൽ വലിയ കോലാഹലമാണ്‌. അവളുടെ വിവാഹത്തിന് എല്ലാ തടസ്സവും സൃഷ്ടിക്കും. ഞാൻ എപ്പോഴും പറയുന്നത് ദൈവവിളിക്യാമ്പുകൾ നിർത്തണമെന്നാണ്. താൽപ്പര്യമുള്ളവർ വരട്ടെ. അവർക്ക് മടുക്കുമ്പോൾ തിരികെപോട്ടെ. ആലപ്പുഴയിൽ കക്കുകളിയുടെ നാടകാവിഷ്‌കാരം അരങ്ങേറുമ്പോൾ മുൻനിരയിൽ കന്യാസ്‌ത്രീകളുമുണ്ടായിരുന്നു. 
 
 കഥകളിൽ കൃത്യമായ രാഷ്ട്രീയമുണ്ട് എന്നാണ് വിശ്വാസം. രതിയുടെ ലാവണ്യത്തിനും കൊലപാതകത്തിന്റെ  പൈശാചികതയ്‌ക്കുമെല്ലാം അപ്പുറത്ത് വ്യക്തമായി അത് പറയാൻ ശ്രമിക്കാറുണ്ട്. കടവരാലിൽ രാജ്യത്തെ സാമൂഹ്യാവസ്ഥയാണ് അടയാളപ്പെടുത്താൻ ശ്രമിച്ചത്. രണ്ട് പെൺമക്കളടങ്ങിയ കുടുംബം പുലർത്താനായി ജോലിക്ക് പോകുന്ന ദമ്പതിമാരാണ്  പ്രകാശനും ചിമിരിയും. റിസോർട്ടിൽ  സെക്യൂരിറ്റി ജീവനക്കാരനായ പ്രകാശന് രാത്രിയും തുണിക്കടയിൽ സെയിൽസ് ഗേളായ ചിമിരിക്ക് പകലുമാണ് ജോലി. രണ്ടുപേർക്കും ആഴ്‌ചയിൽ ഏഴ് ദിവസവും കണ്ടുമുട്ടാൻ സാഹചര്യമില്ല. പരസ്‌പരം സാന്ത്വനിപ്പിക്കാനോ ദാമ്പത്യജീവിതം പുലർത്താനോ കഴിയാത്ത പ്രക്ഷുബ്്‌ധത. റിസോർട്ടിൽ വിദേശികൾ നടത്തുന്ന കാമകേളികളുടെ നേർക്കാഴ്ചയിൽ, ചിമിരിയുടെ സാമീപ്യം കൊതിച്ച് അസ്വസ്ഥനാകുന്ന പ്രകാശൻ   വല്ലാതെ ഉലച്ച കഥാപാത്രമാണ്. 
 
എന്തൊക്കെയാണ് ഇനി വായനക്കാർക്കായി ഒരുങ്ങുന്നത്?
 
ഓർമകളുടെ സമാഹാരമായ മുണ്ടൻ പറുങ്കി ഈയിടെ പുറത്തിറങ്ങി. ആളുകൾ നിറഞ്ഞ സഭയിൽ, മുണ്ടുടുക്കുന്നവർ ആംഗ്ലോ ഇന്ത്യൻ സമൂഹത്തിൽ പെടുമോയെന്ന ചോദ്യം നേരിടേണ്ടി വന്നിട്ടുണ്ട്. ഞാനും ഇളയപ്പനും മാത്രമായിരുന്നു അന്നവിടെ മുണ്ടുടുത്തിരുന്നത്. ആ വിചാരണയുടെ ഉള്ളുരുക്കത്തിൽനിന്നാണ് മുണ്ടൻ പറുങ്കി എന്ന പേരിട്ടത്. ഈ സമൂഹത്തിലെ സാമ്പത്തിക, ജാതീയ വേർതിരിവുകൾ അതിൽ വിവരിക്കുന്നുണ്ട്. കഥയുടെ കാര്യത്തിലാണെങ്കിൽ ഓരോ കഥ കഴിയുമ്പോഴും ഞാൻ ശൂന്യനാവുകയാണ്. പുതിയ എഴുത്തുകാരനാകുകയാണ് ഓരോ കഥയ്‌ക്കുശേഷവും.
  
പാചകവും എഴുത്തുമായി ബന്ധമുണ്ടെന്ന് ഒരിക്കൽ എവിടെയോ പറഞ്ഞത് വായിച്ചിരുന്നു?
 
പാചകം ഇഷ്ടമാണ്. അമ്മച്ചി പഠിപ്പിച്ച താറാവുകറി വയ്‌ക്കാറുണ്ട്. സമർപ്പണത്തോടെയാണത് ചെയ്യാറ്. അതിനാലാകണം വളരെ രുചികരമാണെന്ന് കഴിക്കുന്നവർ പറയുന്നത്. പാചകവും എഴുത്തുമായി അഭേദ്യബന്ധമുണ്ട്. ഒരേ കോഴി, തിരുവനന്തപുരംമുതൽ കാസർകോടുവരെ വ്യത്യസ്‌ത രീതിയിലാണ് പാചകം ചെയ്യുന്നത്. മസാല, സമയം, ചൂട്, രീതി ഒക്കെയാണ് കറിയെ വ്യത്യസ്‌തമാക്കുന്നത്. മിക്ക കഥകളിലും പ്രമേയങ്ങൾക്ക് സാമ്യമുണ്ടാകാം. എന്നാൽ, ചേരുവ, ശ്രദ്ധ, സമർപ്പണം ഇതിലെല്ലാം വ്യത്യസ്‌തതയുണ്ടാകും.
പ്രധാന വാർത്തകൾ
 Top