11 July Saturday

ചേരളത്തിന്റെ ചരിത്രം നമ്മുടെയും

ജിഷ അഭിനയ jishaabhinaya@gmail.comUpdated: Sunday Sep 15, 2019

ചിത്രങ്ങൾ: ശരത്‌ കൽപ്പാത്തി

"അയ്യൻകാളി വില്ലുവണ്ടി കേറിവന്നു, ആരുടെയും അടിമയായിട്ടല്ല രാജാവായിട്ട്. അവന് നമ്മുടെ ചരിത്രം അറിയാമായിരുന്നു. രാജ്യം ഭരിച്ച രാജാക്കന്മാരാ നമ്മളെന്ന് അവനറിയായിരുന്നു. പേരുപോലും നമ്മടേതാ... ചേരൻമാരുടെ ഇളം ചേരളം’. 
 
‘ചേരള ചരിതം’ കാലത്തെ ഓർമപ്പെടുത്തുന്നു. 2019-ലെ സംസ്ഥാന അമച്വർ നാടകമത്സരത്തിൽ നിരവധി  പുരസ്‌കാരം നേടിയ നാടകം അരങ്ങിലെത്തിച്ചത്‌ പാലക്കാട് കോങ്ങാട് നാടകസംഘം. 
 
തെക്കുനിന്നു വടക്കോട്ടുള്ള പലായനത്തിനിടെ മതം മാറ്റപ്പെട്ട ദളിത് ക്രിസ്‌ത്യാനികളുടെ കഥ പറയുന്നതോടൊപ്പം, ചേരൻമാരുടെ അളം ചേരളം കേരളമായ ചരിത്രാന്വേഷണംകൂടെയാണ് നാടകം. ‘മരോം ചെടിയുംവച്ച രാജാക്കൻമാരുടെ കഥ... മണ്ണിലിറങ്ങി പണിയെടുത്ത രാജാക്കന്മാരുടെ കഥ...’
 
വെളുത്ത സുറിയാനി ക്രിസ്‌ത്യൻ കുടുംബത്തിൽ കറുത്തവനായി ജനിക്കുന്ന ‘ഇറാനിമോസ്’ എന്ന കഥാപാത്രം നേരിടുന്ന വർണവിവേചനത്തിൽനിന്നാണ് നാടകം ആരംഭിക്കുന്നത്. ഫീലിപ്പോസിന്റെ ഏകമകൻ  ഇറാനിമോസ് വീടുപേക്ഷിച്ച് പുലയ ക്രിസ്‌ത്യാനികൾ മാത്രം പാർക്കുന്ന കരിക്കോട്ടക്കരിയിലെത്തി അവിടെ പാതിരിയുടെ കൈയാളായി ജോലിചെയ്യുന്നു, തന്റെ ജന്മരഹസ്യമറിയാൻ.  പിന്നീട് അവിടെനിന്നു നടത്തുന്ന സത്യാന്വേഷണ യാത്രയിൽ താൻ  യഥാർഥ ചേരമനാണെന്ന് തിരിച്ചറിയുകയും ജാതി വ്യവസ്ഥകൾക്കപ്പുറം തുറന്ന ആകാശവും വിശാലമായ ഭൂമിയും കാടും കാറ്റും വെള്ളവും വെളിച്ചവുമാണ് താനുൾപ്പെടുന്ന മനുഷ്യവംശത്തിന്റെ ദൈവമെന്ന് തിരിച്ചറിയുകയും ചെയ്യുന്നിടത്ത് നാടകം അവസാനിക്കുന്നു. "നമ്മുടെ നിറം കൈകളിലെന്നു തോന്നിയത് കുലം കൊള്ളില്ലെന്നു തോന്നിയത് ഒക്കെ അവന്മാര് വന്നെപ്പിന്നെയാ ... ആര്യന്മാർ...’
പരീക്ഷണാത്മകമായ അന്വേഷണങ്ങൾ നടത്തി നാടകം വേറിട്ടുനിൽക്കുന്നു. അഭിനയ മുഹൂർത്തങ്ങളെ കരുത്തുറ്റതാക്കാൻ നടീനടന്മാരുടെ പങ്കും ശ്രദ്ധേയം. 
 
അരങ്ങുനിറയുന്ന രംഗശിൽപ്പം നാടകാരംഭത്തിൽ കൗതുകമുണ്ടാക്കുന്നു. തുടർന്നുള്ള വിന്യാസത്തിൽ ഇത്ര കണ്ട്‌ വേണ്ടിയിരുന്നോ എന്നുമുള്ള ആശങ്കയും സദസ്സ് പങ്കുവയ്‌ക്കുന്നു.
വിനോയ് തോമസിന്റെ ‘കരിക്കോട്ടക്കരി’എന്ന നോവലിനെ അവലംബിച്ചാണ്‌ നാടകരചന. 2019-ലെ സംസ്ഥാന അമച്വർ നാടകമത്സരത്തിൽ ‘ചാഞ്ചൻ ’എന്ന കഥാപാത്രത്തെ അവതരിപ്പിച്ച കെ ആർ ഹരിദാസ് മികച്ച നടനായും ‘ഇറാനിമോസ്’ ആയി വേഷമിട്ട സി കെ ഹരിദാസ് മികച്ച രണ്ടാമത്തെ നടനായും ‘ചേരളചരിതം’ മികച്ച രണ്ടാമത്ത നാടകമായും കെ വി സജിത് മികച്ച രണ്ടാമത്തെ സംവിധായകനായും തെരഞ്ഞെടുക്കപ്പെട്ടു .
 
സി എൻ ശിവദാസൻ, ശിവപ്രസാദ് ശിവാനന്ദൻ, ജിനേഷ്‌ മനിശ്ശേരി, പി എൻ സജിത്കുമാർ, ഫിദ പി എച്ച്, മേബി സ്റ്റാലിൻ, സി എ കൃഷ്ണകുമാർ, ലത മോഹൻ, ശ്രുതി, ഹരിഗോകുൽദാസ്, കെ എ നന്ദജൻ, പി യു അനന്തു എന്നിവർ അരങ്ങിലെത്തുന്നു.
 
 കെ  അലിയാർ, ഷാന്റോ ആന്റണി, നാരായണൻ, കെ സുമേഷ്, എം എം  അബ്ദുൾ റഹ്മാൻ, സുനു സ്റ്റാലിൻ.   ശ്രീജിത് സുന്ദർ എന്നിവർ പിന്നണിയിൽ പ്രവർത്തിക്കുന്നു.
പ്രധാന വാർത്തകൾ
 Top