23 January Thursday

ധോണി ചതിച്ചാശാനേ

കൃഷ‌്ണ പൂജപ്പുര krishnapoojappura@gmail.comUpdated: Sunday Jul 14, 2019

പൊതുജനം പൊതുജനം എന്നുപറയുന്നത് ഒരു അഡാർ ഐറ്റംതന്നെയാണ് സാർ. എന്നെയും കൂടെ ചേർത്തിട്ടുതന്നെയാണ് പറയുന്നത്. അടുത്താൽ നക്കിക്കൊല്ലും അകന്നാൽ ഞെക്കിക്കൊല്ലും. ഇന്ത്യ ലോകകപ്പ് ക്രിക്കറ്റിന്റെ സെമിയിൽ ന്യൂസിലൻഡിനോട് തോറ്റപ്പോൾ ഫെയ്സ് ബുക്കിലൊക്കെ എന്തോന്നായിരുന്നു ആക്രോശങ്ങളും ആരോപണങ്ങളും. പ്രതികരണങ്ങളുടെ പല വേർഷനുകളും കണ്ടിട്ടുണ്ടെങ്കിലും ഇത്രയും ഭയാനക വേർഷൻ അടുത്തെങ്ങും നോട്ടുചെയ്യപ്പെട്ടിട്ടില്ല. ‘‘ധോണിയെയല്ല, അങ്ങേരെ ബാറ്റും കൊടുത്ത് ഇറക്കിവിട്ട കോഹ‌്‌ലിയെ വേണം പറയാൻ.'' ‘‘ജഡേജ മൂന്നാമനായി വേണമായിരുന്നു ഇറങ്ങാൻ.'' ‘‘രോഹിത് ശർമ എന്തോന്ന് അടിയെടേ അടിച്ചത്.'' ‘‘കാർത്തിക് ദേ ബാറ്റ് ഇങ്ങനെ വച്ചുകൊടുത്തിരുന്നെങ്കിൽ അത് ഫോറാണ്.'' ‘‘കുടിക്കാൻ വെള്ളം കൊണ്ടുവന്ന കുപ്പി മഞ്ഞക്കളറയിരുന്നെങ്കിൽ തകർത്തേനെ.'' ‘‘റിഷബ് പന്ത് ഓപ്പൺചെയ്‌തിട്ട് കോഹ‌്‌ലി എട്ടാമതിറങ്ങി നാലാമനായിട്ട് ഏഴാമനെ ഇറക്കിയിട്ട് ഏഴാം പൊസിഷനിൽ രണ്ടാമനെ ഇട്ട്...'' എന്നുതുടങ്ങി കണക്കും സയൻസും സാമൂഹ്യപാഠവുമൊക്കെവച്ച് അലക്കോട് അലക്കായിരുന്നില്ലേ. പാവംതോന്നി. ചില്ലറ ട്രോളുവല്ലതുമാണോ വാങ്ങിക്കൂട്ടിയത്. സാറെ എനിക്ക് ധോണിയെ നേരിട്ട് പരിചയമില്ല. ബസിൽ എനിക്കുവേണ്ടി സീറ്റൊഴിഞ്ഞുതരികയോ, കല്യാണസദ്യക്ക് തള്ളുമ്പോൾ എന്നെ മുന്നിൽ കയറ്റിവിടുകയോ ചെയ്തിട്ടില്ല പുള്ളി. എന്നാലും ഞാൻ അങ്ങേരുടെ വശത്താണ്. പാപംകിട്ടും സാറേ പാപം. വരുന്നവരും പോകുന്നവരുമൊക്കെ കമന്റടിയോട് കമന്റടിക്കൽ.

കുറച്ചുനാളുകൾക്കുമുമ്പ് നമ്മൾ പൊതുജനം ഇതേ ധോണിയെ, തലയിൽവച്ചാൽ പേനരിക്കും താഴെവച്ചാൽ ഉറുമ്പരിക്കും എന്ന മട്ടിൽ കൊണ്ടുനടന്നതാണെന്നോർക്കണം. ‘ധോണി' എന്ന് മുഴുവൻ പറയണ്ട ‘ധോ' എന്ന് പറഞ്ഞാൽ മതി തേനൊലിക്കും. ഇന്ത്യക്കുവേണ്ടി ലോകകപ്പ് ഉൾപ്പെടെ എത്രയെത്ര കപ്പുകൾ നേടിത്തന്നു. ‘ധോണിപ്പട' എന്നൊക്കെ നമ്മൾതന്നെ തള്ളിമറിച്ചത് കേട്ടാൽ ഒരു യുദ്ധംവരികയാണെങ്കിലും ഈ ടീം ചെന്ന് എല്ലാ ശരിപ്പെടുത്തിക്കളയുമെന്ന് തോന്നിപ്പിച്ചുകളഞ്ഞു. എന്നിട്ടിപ്പോൾ എന്തൊക്കെ കളിയാക്കലുകൾ. കുറെ നേട്ടങ്ങൾ നേടിത്തന്നവരുടെ ഒരു വീഴ്‌ചയെന്ന് ഒന്ന് ക്ഷമിച്ചുകൂടേ സാർ നമുക്ക്... സ്മരണവേണം സാർ സ്മരണ.
 

നമ്മളോ

 
ഇനി കുറ്റം പറയുന്ന നമ്മളോ? ഹൊ! കേട്ടാൽത്തോന്നും മൂന്നുലകവും വിജയിച്ച് കീഴ്പ്പെടുത്തി ഇനി എവിടെയുണ്ട് ജയിക്കാൻ എന്ന് അന്വേഷിച്ച് നടക്കുകയാണെന്ന്. പക്ഷേ, വയസ്സ് അമ്പതായിട്ടും ഇരുപതാം വയസ്സിലെ സപ്ലി ഇനിയും എഴുതി ജയിച്ചിട്ടില്ല. കണക്കിന് എത്ര മാർക്കാണെന്ന് ചോദിച്ചാൽ ഇപ്പോഴും വിഷയം മാറ്റും. നിത്യജീവിതത്തിലും ആകെ തോൽവി. ബസ് പോയിക്കഴിഞ്ഞേ, ഓടിപ്പാഞ്ഞ് സ്‌റ്റോപ്പിലെത്തൂ. മോണിങ്‌വാക്ക് എളുപ്പമുള്ളതാക്കാൻ ഷോർട്ട് കട്ട് പിടിക്കും. ഹോട്ടലിലോ കടയിലോ കയറുമ്പോൾ കണ്ണാടി വാതിലിൽ ‘പുൾ' എന്നെഴുതിയിരുന്നാൽ ‘പുഷ്' ആകും ചെയ്യുന്നത്. മേടത്തിലെ വരണ്ടുണങ്ങിയ ദിവസമാണെങ്കിലും ശരി, നമ്മൾ പുതിയ ഉടുപ്പിട്ടാൽ അന്ന് മഴ പെയ്‌തിരിക്കും. അടുത്ത വീട്ടിൽ കള്ളൻ കയറിയതറിഞ്ഞാൽ നമ്മൾ പുതപ്പ് തലവഴി മൂടിക്കിടക്കും. അങ്ങനെ സർവത്ര തോൽവിക്കാരനായ ഞാനും എന്നെപ്പോലുള്ളവരുമാണ് ധോണിയെ വാക്കുകൾകൊണ്ട് സിക്‌‌സറടിക്കുന്നത്. സാർ ഇത് നമ്മൾ വീട്ടുമുറ്റത്ത് കളിക്കുന്ന കിളിമാസ് കളിയല്ല. ഫെയ‌്സ് ബുക്കിൽ കണ്ടു. 130 കോടി പേരുടെ പ്രാർഥന വെറുതെയായെന്ന്. പറയുന്നതിൽ ക്ഷമിക്കണം കേട്ടോ. പ്രളയമായാലെന്ത് വരൾച്ചയായാലെന്ത്, ജനസംഖ്യക്കുമാത്രം ഒരു കുറവുമില്ല. 130 കോടി... വേണ്ട... പറഞ്ഞാൽ ചിലപ്പോ കൂടിപ്പോകും. ഈ 130 കോടിയുടെയും പ്രാർഥന കേൾക്കാനല്ലേ ദൈവം, എല്ലാവരുടെയും ആധാർ കാർഡും എടുത്തുവച്ച് അവിടിരിക്കുന്നത്. ഈ പ്രാർഥന അങ്ങെത്തിയാലും പ്രാർഥിക്കുന്ന ആളിന്റെ ബയോഡാറ്റ ദൈവം ഒന്ന് നോക്കും. ഓ... നമ്മുടെ ഇന്നാർ. ആശാനല്ലേ സ്ത്രീധനത്തിന്റെ പേരിൽ ഭാര്യവീട്ടുകാരുമായി പ്രശ്നമുണ്ടാക്കിയത്. പ്രാർഥന റിജക്ടഡ്. ഇന്നാർ ഓഫീസിൽ വരുന്ന പൊതുജനത്തെ അൽപ്പമൊന്ന് വിഷമിപ്പിച്ച ആളല്ലേ, പ്രാർഥന റിജക്ടഡ്. ചുറ്റുപാടുമുള്ളവരുമായി പ്രശ്നമുണ്ടാക്കുന്ന കക്ഷിയല്ലേ ഇപ്പോൾ പ്രാർഥിക്കുന്നത്, വേണ്ട, എനിക്ക് കേൾക്കണ്ട.
 
സാമൂഹ്യപ്രശ്നങ്ങളിൽ ഇടപെടാത്ത ആളാണോ മറ്റേത്. പുള്ളിയുടെ പ്രാർഥനയും ആക്‌സപ്റ്റ് ചെയ്യില്ല. എന്നുവച്ചാൽ പ്രാർഥനയുടെ അർഹതയും വച്ചേ അവിടെ പരിഗണനയുള്ളൂ. ന്യൂസിലൻഡിൽനിന്ന‌് ചെല്ലുമായിരിക്കുമല്ലോ പ്രാർഥന. അവിടെ വെറും 49 ലക്ഷം പേർ. (ഹൊ... നൂറ്റിമുപ്പതിൽ ചില്വാനം കോടി ഒരുവശത്ത്, 49 ലക്ഷം മറുവശത്ത്). കുറച്ചുപേരുടെ പ്രാർഥനയാകുമ്പോൾ എളുപ്പം അറ്റൻഡുചെയ്യാൻ പറ്റുമായിരിക്കും. പോട്ടെ ദൈവത്തിനെ അദ്ദേഹത്തിന്റെ സ്വകാര്യകതകളിലേക്ക് വിടാം. അപ്പോൾ സുഹൃത്തുക്കളേ, വീഴ്ചകൾ നമുക്ക് ഒന്ന് ക്ഷമിക്കാം. നമ്മുടെ പിള്ളാരല്ലേ. നമുക്കുവേണ്ടിയല്ലേ കളിച്ചത്. സെമിവരെ കളിച്ച് ജയിച്ചതുമല്ലേ. നമുക്ക് പ്രോത്സാഹിപ്പിക്കാം. പിന്നെ ഒരു കാര്യംകൂടി. ക്രിക്കറ്റുപോലെതന്നെ ഒരുപാട് കളികൾ വേറെയുണ്ട്. ഫുട്ബോൾ, ഹോക്കി, കബഡി, അതുപോലെ ഓട്ടം, ചാട്ടം ... അതിനോടുമൊക്കെ കാണിക്കണം നമ്മൾ കുറച്ച് ആത്മാർഥത. ഇനിയും ഒരുപാട് പറയാനുണ്ട്. പക്ഷേ, ടീം ഇന്ത്യയോടും കുറച്ച് സംസാരിക്കേണ്ടതുള്ളതിനാൽ തൽക്കാലം നിർത്തുന്നു.
 

ടീം ഇന്ത്യയോട്

 
ഉള്ളതുപറയാമല്ലോ, നമ്മൾമാത്രം അറിഞ്ഞാൽമതി. വല്ലാത്ത നിരാശയായിപ്പോയി ടീം ഇന്ത്യ. ഒരു രാഷ്ട്രത്തിന്റെ വികാരമായല്ലേ ക്രിക്കറ്റിനെ വച്ചേക്കുന്നത്‌. പ്രളയം, വരൾച്ച, വിലക്കയറ്റം, വിലക്കുറവ്, പണപ്പെരുപ്പം, പണക്കുറവ് എല്ലാറ്റിന്റെയും ഇടയിൽ ഇന്ത്യയെ ആകെ കൂട്ടിയോജിപ്പിച്ച് പ്രാരബ്ധങ്ങൾ മറക്കാനുള്ള ഒരു മരുന്ന്‌.  മക്കൾക്ക് സച്ചിനെന്നും ദ്രാവിഡെന്നും കപിലെന്നും പേരിടുന്നതുമൊക്കെ ഈ ക്രിക്കറ്റ് ഭ്രാന്തിന്റെ മറ്റൊരു വശമല്ലേ? നിങ്ങളെപ്പോലെതന്നെ വിയർത്ത് കളിച്ച് ജയിക്കുന്ന ഒരുപാട് കളികളും കളിക്കാരും വേറെയുണ്ട് ഇന്ത്യയിൽ. ഫുട്ബോൾ, ഹോക്കി അങ്ങനെ പലതും. നാഷണൽ മീറ്റിലും മറ്റും പങ്കെടുത്ത് ട്രെയിനിന്റെ സാദാ കംപാർട്ട്മെന്റിൽ കൃത്യമായ ഭക്ഷണംപോലും കിട്ടാതെ യാത്രചെയ്യുന്ന പ്രതിഭകളെക്കുറിച്ച് നമ്മൾ വായിക്കാറില്ലേ. വിമാനക്കൂലി സ്‌പോൺസർ ചെയ്യാൻ ആളെക്കിട്ടാത്തതിനാൽ ചില മത്സരങ്ങളിൽ പങ്കെടുക്കാൻ പറ്റാത്തവരെക്കുറിച്ചും അറിയാറുണ്ട്. പ്രശസ്‌തിക്ക് പ്രശസ്‌തി, കാശിന് കാശ്, തിളക്കത്തിന് തിളക്കം... ഒന്നിനും ഒരു കുറവില്ല. അവിടെയാണ് നിങ്ങൾ കുറച്ചുകൂടി ജാഗരൂകരാകേണ്ടിയിരുന്നത്. ന്യൂസിലൻഡുകാർ 49 ലക്ഷത്തിനോട് പറഞ്ഞാൽമതി സമാധാനം. ഇവിടെയോ 131 കോടി. 131 കോടി വെറും ആൾക്കാരല്ല. കോച്ചുകളാണ്. നിങ്ങളുടെ ഓരോ പിഴവുകളും ഉടൻ കണ്ടുപിടിക്കുന്ന, ടിവിയിൽ കളി കണ്ടുകണ്ട് കളിയാശാന്മാരായവർ. കൊട്ടിക്കൊട്ടി നിന്നാൽ അവർ ഇടപെടും. സ്ഥാനംതെറ്റി ഇറക്കിയാൽ അവർക്ക് കലികയറും. കുറ്റംപറഞ്ഞിട്ട് ഒരു കാര്യവുമില്ല. ബാക്കി കളികളെല്ലാം ജയിച്ചല്ലോ എന്നുപറഞ്ഞിട്ടും കാര്യമില്ല. നിർണായക മത്സരം ജയിച്ചോ? അതറിഞ്ഞാൽ മതി എന്നാണ് അവരുടെ നിലപാട്. 
ലിങ്കൺ ചെറുതിലേ വഴിവിളക്കിന്റെ ചുവട്ടിലിരുന്ന് പഠിച്ചു. പിന്നീട് അമേരിക്കൻ പ്രസിഡന്റായതുകൊണ്ടാണ് വഴിവിളക്കിന്റെ ചുവട്ടിലെ പഠിത്തത്തിന് മഹത്വം വന്നത്. അതിന്റെ ക്രെഡിറ്റ് തട്ടിയെടുക്കാൻ എത്രയോ പേർ മത്സരിച്ചുകാണും. ‘‘ഞാൻ കടപൂട്ടിയിട്ട് വീട്ടിലേക്ക് നടക്കുമ്പോ എന്നും കാണും വഴിവിളക്കിന്റെ മൂട്ടില് നമ്മുടെ ലിങ്കനെ. ഇന്നത്തേക്ക് ഇത്രേം പഠിത്തം മതിയെടാ കൊച്ചനേ, നീ ചെന്ന് കിടന്നുറങ്ങ് എന്നൊക്കെ എന്തുമാത്രം ഞാൻ പറഞ്ഞിട്ടുണ്ട്.'' ലോകം അങ്ങനെയാണ്. മുഖത്തൊക്കെ ഇന്ത്യൻ പതാകയും വരച്ച് സ്റ്റേഡിയത്തിലും വീട്ടിൽ ടിവിയുടെ മുന്നിലുമൊക്കെ വരുന്നവർ ജയം കാണാൻമാത്രമാണ് ഇരുന്നത്. 
 
മറ്റൊരു പ്രധാന കാര്യം എപ്പോഴും മനസ്സിലുണ്ടാകണം. സ്വരം നന്നായിരിക്കുമ്പോഴേ പാട്ട് നിർത്തണം. എന്നുവച്ചാൽ എന്താണെന്ന് മനസ്സിലായല്ലോ. പക്ഷേ, മനുഷ്യനല്ലേ. വിജയിച്ച് നിൽക്കുമ്പോൾ കളമൊഴിയാൻ തോന്നില്ല. പക്ഷേ, വീഴ്‌ച  തുടങ്ങിയാൽ ചെറുതായി ഒന്ന് മാറിനിൽക്കണം. അല്ലെങ്കിൽ കളി  ജയിപ്പിക്കണം. രാജ്യവികാരം ഉണർന്നുകഴിഞ്ഞാൽ ചിലർ ഒരു ദാക്ഷിണ്യവുമില്ലാതെ വിമർശിച്ചുകളയും. കണ്ണേ, പൊന്നേ എന്ന് കാലങ്ങളോളം കഷ്ടപ്പെട്ട് ഉണ്ടാക്കിയെടുത്ത സൽക്കീർത്തി ഒറ്റദിവസംകൊണ്ട് കൈവിട്ടുപോകും.  
ഏതായാലും കഴിഞ്ഞതുകഴിഞ്ഞു. വീട്ടിൽച്ചെന്ന് ഒരു ചെറിയ റെസ്റ്റൊക്കെ എടുത്തശേഷം നടന്ന കളിയുടെ റീപ്ലേ ഒന്ന് കാണണം. അടുത്ത കളിയിൽ വിജയം തിരിച്ചുപിടിച്ചാൽ മതി. ക്രിക്കറ്റാകുമ്പോൾ പിന്നെ കളിക്ക് ഒരു ക്ഷാമവുമില്ലല്ലോ. ഇന്ത്യ ഓസ്ട്രേലിയയിൽ ചെന്ന് നാല് ടെസ്റ്റും ആറ് വൺഡേയും കളിച്ച് മടങ്ങിയെത്തിക്കഴിയുമ്പോൾ അതാ ശ്രീലങ്ക രണ്ട് ടെസ്റ്റിനും അഞ്ച് വൺഡേക്കുമായി ഇന്ത്യയിലെത്തിക്കഴിഞ്ഞു. അതും കഴിഞ്ഞ് ഇന്ത്യയും ശ്രീലങ്കയുംകൂടി ഇംഗ്ലണ്ടിൽച്ചെന്ന് ത്രിരാഷ്ട്രം കളിക്കുന്നതിനിടയിൽ ദക്ഷിണാഫ്രിക്കയും പാകിസ്ഥാനുംകൂടി അവിടെ എത്തുകയായി. അപ്പോഴുണ്ട് ഐപിഎൽ. അതും കഴിഞ്ഞ് വീട്ടിലെത്തി ഉടുപ്പുമാറ്റി കട്ടൻ കുടിച്ചുകൊണ്ടിരിക്കുമ്പോഴുണ്ട് അതാ വിളിവരുന്നു, ട്വന്റി ട്വന്റി തുടങ്ങാൻ പോകുന്നൂന്ന്. ഓ! മൂലയിൽ ചാരിവച്ച ബാറ്റും ഗ്ലൗസുമൊക്കെയായി ട്വന്റി ട്വന്റിക്ക് ഇറങ്ങലായി. ഞങ്ങൾ ‘വല്യപ്പന് അസുഖം കൂടുതലാണ്, അതുകൊണ്ട് എനിക്കിന്ന് ലീവ് വേണം' എന്നൊക്ക ഓഫീസിൽ വിളിച്ചുപറഞ്ഞ് അവധിയെടുത്ത് കളികാണലായി.
 
എന്നാൽപ്പിന്നെ ശരി ടീം ഇന്ത്യ. തോൽവിയിൽനിന്ന് പാഠം പഠിക്കുന്നവരെ വിജയം കാത്തിരിക്കുന്നു എന്നാണല്ലോ. ഒരുപാട് പാഠങ്ങൾ പഠിക്കാൻ ഈ തോൽവി സഹായിക്കട്ടെ എന്നും വലിയ വലിയ വിജയങ്ങൾ ഉണ്ടാകട്ടെ എന്നും ആശംസിക്കുന്നു.
പ്രധാന വാർത്തകൾ
 Top