03 August Monday

‘കിഴവനും കടലും' ഏറെ നാള്‍ ഒളിച്ചിരുന്നു ഈ കഥയില്‍

വി മുസഫര്‍ അഹമ്മദ് muzaferv@gmail.comUpdated: Sunday Jun 14, 2020

ഭാര്യ പൗളീൻ, മക്കളായ ബമ്പി, പാട്രിക്ക്, ഗ്രഗറി എന്നിവർക്കൊപ്പം മാർലിൻ വേട്ട കഴിഞ്ഞ് ഹെമിങ്‌‌വേ. 1935ൽ ബിമിനിയിൽ നിന്ന്. (ഫോട്ടോ കടപ്പാട് വിക്കിപീഡിയ)

‘കിഴവനും കടലും’ എന്ന വിഖ്യാത രചന പുറത്തുവരുന്നതിന്‌ 19 വർഷം മുമ്പ്  ക്യൂബയിൽ നടത്തിയ മീൻവേട്ടയുടെ അനുഭവങ്ങളുള്ള കഥ  ഏണസ്റ്റ് ഹെമിങ്‌വേ എഴുതിയിട്ടുണ്ട്‌. 1933ൽ എഴുതിയ ആ പേരില്ലാക്കഥ അദ്ദേഹത്തിന്റെ പൗത്രൻ സീൻ ഹെമിങ്‌വേ കണ്ടെത്തി, അതിനൊരു പേരുമിട്ടു, ദ പർസ്യുട്ട്‌ ആസ് ഹാപ്പിനെസ്‌‌. ദ ന്യൂയോർക്കറിന്റെ ജൂൺ 1 ലക്കത്തിൽ പ്രസിദ്ധീകരിച്ച ആ കഥയുടെ വിശേഷങ്ങൾ

 
കാർലോസ് പച്ച ചൂണ്ടക്കയർ അറുക്കുമ്പോൾ ഞാനത് നോക്കി നിൽക്കുകയായിരുന്നു. പെട്ടെന്ന് അയാൾ വലിയ വായിൽ കരഞ്ഞു, സമചിത്തതയുള്ള മുതിർന്നൊരു മനുഷ്യൻ ഇങ്ങിനെ കരയുന്നത്  മുമ്പൊരിക്കലും കേട്ടിട്ടില്ല. എല്ലാ നിരാശയും ഒരൊറ്റ ശബ്‌ദത്തിലേക്ക് വാറ്റിയതുപോലെയായിരുന്നു അത്. പച്ചക്കയർ ജോസിയുടെ കൈയിലൂടെ പതുക്കെ പതുക്കെ ഊർന്നൂർന്ന് വെള്ളത്തിലേക്കുപോയി, പിന്നീട് അപ്രത്യക്ഷമായി. മത്സ്യത്തെയും പിന്നീട് കാണാതായി.
(പർസ്യൂട്ട് ആസ് ഹാപ്പിനെസ്–- ഏണസ്റ്റ്‌‌ ഹെമിങ്‌‌വേ)
 
ഹെമിങ്‌‌വേയുടെ വിഖ്യാത നോവെല്ല ‘കിഴവനും കടലും' പുറത്തു വരുന്നതിന്‌ 19 വർഷം മുമ്പ് (1933ലെ വേനലിൽ) അദ്ദേഹം ക്യൂബയിൽ നടത്തിയ മീൻവേട്ടയുടെ അനുഭവങ്ങളുള്ള കഥയാണിത്. ഹവാനയാണ് കഥ നടക്കുന്ന ദേശം. ഇപ്പോൾ വായിക്കുമ്പോൾ കിഴവനും കടലും എന്ന നോവെല്ലയുടെ മിനിയേച്ചറായി അനുഭവപ്പെടും. ലോകത്തെ കീഴടക്കിയ ആ രചനയിലേക്കുള്ള വാം അപ് ഈ കഥയിലാണെന്ന്  ഉറപ്പിക്കാം. 
 
ഏണസ്റ്റ്‌ ഹെമിങ്‌‌വേ

ഏണസ്റ്റ്‌ ഹെമിങ്‌‌വേ

2020 ജൂൺ ഒന്നു വരെ ഈ കഥയെക്കുറിച്ച് ലോകത്തിന് അറിയുമായിരുന്നില്ല. ഹെമിങ്‌‌വേ ഇക്കഥ പ്രസിദ്ധീകരിച്ചിട്ടില്ല. ജൂൺ ഒന്നിന്റെ ‘ദ ന്യൂയോർക്കർ' മാഗസിനിലാണ് കഥ ആദ്യമായി പ്രകാശിക്കപ്പെട്ടത്. ഈ വർഷാന്ത്യം സ്‌ക്രിബ്നർ പുറത്തിറക്കുന്ന ‘കിഴവനും കടലി'ന്റെ പുതിയ ലൈബ്രറി എഡിഷനുവേണ്ടി ഹെമിങ്‌‌വേയുടെ കൊച്ചുമകൻ സീൻ ഹെമിങ്‌‌വേ നടത്തിയ ഗവേഷണത്തിനിടയിലാണ്, ടൈപ്പ് ചെയ്‌ത, അങ്ങിങ്ങ്‌ ഹെമിങ്‌‌വേയുടെ കൈപ്പടയിലുള്ള തിരുത്തുകളുള്ള കഥ കണ്ടെത്തിയത്‌. സീൻ ഹെമിങ്‌‌വേയുടെ നോവെല്ലയെക്കുറിച്ച്‌   പഠനം എഴുതാനുള്ള തയ്യാറെടുപ്പിലായിരുന്നു. അതിന്റെ ഭാഗമായി ബോസ്റ്റണിലെ ആർക്കൈവ്‌സിലുള്ള ഹെമിങ്‌‌വേ രേഖകൾ  വിശദമായി പരിശോധിക്കുമ്പോഴാണ് തലക്കെട്ടില്ലാത്ത കഥ മ്യൂസിയം ക്യൂറേറ്റർ കൂടിയായ സീൻ കണ്ടെത്തുന്നത്.
 
 ഹെമിങ്‌‌വേയുടെ രണ്ടാമത്തെ മകൻ പാട്രിക് ഹെമിങ്‌‌വേയാണ് പർസ്യൂട്ട് ആസ് ഹാപ്പിനെസ്‌ (അന്വേഷണത്തിലെ ആനന്ദം, തേടൽ തന്നെ ആനന്ദം) എന്ന് കഥയ്‌ക്ക് പേരിടുന്നത്. കഥയ്‌ക്കൊപ്പം ന്യൂയോർക്കർ പ്രസിദ്ധീകരിച്ച  സീൻ ഹെമിങ്‌‌വേയുമായുള്ള ഡിബോറ ട്രൈസ്‌മാന്റെ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞിട്ടുള്ളത്. ഹെമിങ്‌‌വേയുടെ ‘ഗ്രീൻ ഹിൽസ് ഓഫ് ആഫ്രിക്ക' (1933–-34ലെ മഞ്ഞുകാലത്ത് ഹെമിങ്‌‌വേ നടത്തിയ ആഫ്രിക്കൻ യാത്രയാണ്  ഉള്ളടക്കം)യുടെ രണ്ടാം ഭാഗത്തിലെ അവസാന ശീർഷകത്തിൽ നിന്നാണ് ഈ തലക്കെട്ട് അമ്മാവൻ കണ്ടെത്തിയതെന്ന് പറയുന്ന സീൻ  യുഎസ് ഡിക്ലറേഷൻ ഓഫ് ഇൻഡിപെൻഡൻസിലുള്ള  ലൈഫ്, ലിബർട്ടി, ആൻഡ്‌ പർസ്യൂട്ട് ഓഫ് ഹാപ്പിനെസ് എന്നതിനും തലക്കെട്ട് രൂപീകരണത്തിൽ പങ്കുണ്ടെന്ന് പറയുന്നു.
 
അപ്രകാശിത കഥയിൽ മീൻവേട്ടയുടെ ആഹ്ളാദങ്ങളാണ് ഹെമിങ്‌‌വേ പ്രധാനമായും പങ്കുവയ്‌ക്കുന്നത്. കാർലോസ്, ജോസി, ഏണസ്റ്റ് (ഇയാൾ കഥയിൽ ഹെമിങ്‌‌വേ എന്നും വിളിക്കപ്പെടുന്നു)  എന്നിവരാണ് മീൻപിടിക്കാനായി ക്യൂബയ്‌ക്കടുത്തുള്ള കടലോരത്ത് എത്തുന്നത്. ആദ്യം ലഭിച്ച ചെറിയ മത്സ്യങ്ങൾ അവർ നാട്ടുകാർക്ക് സൗജന്യമായി നൽകുന്നു. കിഴവനും കടലിലുമെന്ന പോലെ കൂറ്റൻ മാർലിനെ പിടിക്കാനാണ്  ശ്രമം. ഒരു മാർലിൻ ചൂണ്ടയിൽ കുരുങ്ങുന്നുമുണ്ട്.  തുടക്കത്തിൽ ഉദ്ധരിച്ച വരികളിലേതു പോലെ  മത്സ്യം ചൂണ്ടക്കയറിൽനിന്ന്‌ രക്ഷപ്പെടുന്നു. നീളം കൂട്ടാൻ കെട്ടിയ ചൂണ്ടക്കയർ  മുറിച്ചതായിരുന്നു. പക്ഷേ അബദ്ധത്തിൽ മുറിഞ്ഞു വീണത് മത്സ്യം കുരുങ്ങിക്കിടന്ന ഭാഗം. അങ്ങിനെയാണ് മാർലിനെ നഷ്ടപ്പെടുന്നത്. എന്നാൽ  വീണ്ടും ചൂണ്ടയിൽ കുരുങ്ങുന്ന മറ്റൊരു മാർലിനെ വായനക്കാർക്ക് തന്നുകൊണ്ടാണ് ഹെമിങ്‌‌വേ കഥ അവസാനിപ്പിക്കുന്നത്.  എഴുത്തുകാരന്  കുട്ടിക്കാലം മുതലേ മീൻപിടിത്തത്തിന്റെ അനുഭവങ്ങളുണ്ട്.  ‘ഹെമിങ്‌‌വേ  ഓൺ ഫിഷിങ്‌' എന്ന പുസ്‌തകം ഇതിനുദാഹരണം.
 
 ഇപ്പോൾ മാത്രം പുറത്തുവന്ന ഈ കഥയിൽ കാണുന്ന മാർലിൻ മത്സ്യത്തെ നഷ്ടപ്പെട്ട അനുഭവത്തെ  വർഷങ്ങൾ കഴിഞ്ഞ്, പലതരം തേച്ചുമിനുക്കലിലൂടെ ഹെമിങ്‌‌വേ ‘കിഴവനും കടലും' ആക്കി മാറ്റുകയായിരുന്നു എന്നുതന്നെ കരുതാം.
 
കിഴവനും കടലിലും നാം ഇങ്ങിനെ വായിക്കുന്നു: വലതു കൈപ്പത്തി പൊടുന്നനെ മുഖത്തേക്ക് ഇളകി വീണതോടെയാണ് കിഴവൻ ഉണർന്നത്. വലതുകൈയിലൂടെ ചരട് അയഞ്ഞു പൊയ്‌ക്കൊണ്ടിരിക്കുന്നു. ഇടതുകൈയിൽ ഒരു സ്‌പർശവും അനുഭവപ്പെട്ടില്ല. വലതുകൈകൊണ്ടുതന്നെ അയാൾ ചരടുകൾ നിയന്ത്രിച്ചു. ചൂണ്ടച്ചരട് അയഞ്ഞു പൊയ്‌ക്കൊണ്ടിരിക്കുന്നു. ഇടതുകൈകൊണ്ടും ബലമായി പിടിച്ച് ചരടിനെതിരെ പിന്നാക്കം നിന്ന് വലിച്ചു. ചരട് അയാളുടെ പുറത്ത് ഇടതുകൈയിലും വലിഞ്ഞു മുറുകി വേദനിച്ചു. ഇടതുകൈയാണ്‌  സമ്മർദം മുഴുവൻ ഏറ്റെടുത്തിരിക്കുന്നത്. കിഴവൻ ചൂണ്ടച്ചരടുകളുടെ വളയങ്ങളിലേക്ക് തിരിഞ്ഞു നോക്കി. അവ മെല്ലെ അയഞ്ഞു കൊണ്ടിരിക്കുന്നു. അടുത്ത നിമിഷം സമുദ്രത്തിൽ വലിയൊരു സ്‌ഫോടനം  സൃഷ്ടിച്ചുകൊണ്ട് മത്സ്യം കുതിച്ചു ചാടി: (ഷീൻ അഗസ്റ്റിന്റെ പരിഭാഷ). ചൂണ്ടച്ചരടുകൾ ഇപ്പോൾ കണ്ടെത്തിയ കഥയിലും കിഴവനും കടലിലും ഒരേപോലെ പ്രധാനപ്പെട്ട കഥാപാത്രങ്ങൾ തന്നെ. അത് 1933ലെ മീൻവേട്ടക്കാലത്ത് തന്നെയാകും ഹെമിങ്‌‌വേയിലേക്കെത്തിയിട്ടുണ്ടാവുക. എന്നാൽ വർഷങ്ങൾ കഴിയുമ്പോൾ ഈ അനുഭവം മറ്റൊന്നായി ഫിക്‌ഷനിൽ മാറാമെന്ന തിരിച്ചറിവ്‌ അദ്ദേഹത്തിനുണ്ടായിക്കാണും. അതുകൊണ്ടുതന്നെയാണ് ആദ്യമെഴുതിയ കഥ പുറത്തു കാണിക്കാതിരുന്നതും. അല്ലെങ്കിൽ ലോകത്തിന് ‘കിഴവനും കടലും' നഷ്ടമാകുമായിരുന്നു. മാർലിനുമായി സാന്തിയാഗോ  കരയിലേക്കു വരുമ്പോൾ സ്രാവിൻ കൂട്ടങ്ങൾ ആക്രമിക്കുന്ന രംഗങ്ങൾ നാം അറിയുമായിരുന്നില്ല. ഒടുവിൽ 18 അടി നീളമുള്ള മത്സ്യത്തിന്റെ മുള്ളെല്ലുമായി മാത്രം കരയിലെത്തുന്ന വൃദ്ധന് ‘മനുഷ്യനെ ഇല്ലാതാക്കാനാകും പക്ഷേ തോൽപ്പിക്കാനാകില്ല' എന്ന അവിസ്‌മരണീയമായ വരികൾ ലോകത്തിന് സംഭാവന ചെയ്യാനും കഴിയുമായിരുന്നില്ല.
 
ക്യൂബൻ ഏകാധിപതി ജെറാർഡോ മച്ചാഡോയുടെ ഭരണത്തിന്റെ അവസാന കാലത്തായിരിക്കാം ഹെമിങ്‌‌വേ മീൻവേട്ട യാത്ര നടത്തിയതെന്ന് കരുതാം.  ആ വേനലിൽ ക്യൂബയിലെ തീർത്തും മോശമായ നിരവധി കാര്യങ്ങൾ ഹെമിങ്‌‌വേ കണ്ടിരുന്നു. തെരുവിലെ വെടിവയ്‌പ്പുകൾ, കലാപം എന്നിങ്ങനെയുള്ളവ. മച്ചാഡോ ഭരണത്തിൽ യുവാക്കൾ തെരുവിൽ പ്രക്ഷോഭത്തിലായിരുന്നു. സൗജന്യമായി മത്സ്യം കൊടുക്കരുതെന്നും അതിനായി ജനങ്ങൾ കൂട്ടംകൂടുന്നത് നിയമവിരുദ്ധമാണെന്നും കഥയിൽ പ്രത്യക്ഷപ്പെടുന്ന ഒരു പൊലീസുകാരൻ  മൂന്നു പേരോടും പറയുന്നുണ്ട്. ഒരു മധുശാലയിൽ അതേപോലെയുള്ള പൊലീസുകാരൻ ഒരാളുടെ മുഖത്ത് തോക്കിൻ പാത്തികൊണ്ട് അകാരമാണമായി മർദിക്കുന്നുമുണ്ട്. അതെല്ലാം അന്നത്തെ ഭരണകൂടശൈലി വെളിവാക്കുന്നു.
 
നല്ല ഭക്ഷണം കഴിക്കുക, രാത്രി വൈകാതെ കിടന്നുറങ്ങുക, അതിരാവിലെ എണീറ്റ് എട്ടുമണിവരെ എഴുതുക, അതുകഴിഞ്ഞ് കടലിൽ പോവുക–- ഏണസ്റ്റിന് കൂട്ടത്തിലൊരാൾ നൽകുന്ന ഉപദേശമാണിത്. ഇത് എഴുത്തുകാരനായ ഹെമിങ്‌‌വേക്കുള്ള ഉപദേശമാണ് എന്നതിൽ സംശയമില്ല. എൻഎസ്എൽ (നോ സോഷ്യൽ ലൈഫ്) എന്ന ഉപദേശവും നൽകുന്നുണ്ട്‌. ശനിയാഴ്‌ച സായാഹ്നത്തിൽ  വേണമെങ്കിൽ സോഷ്യൽ ലൈഫ് ആകാമെന്നും  കൂട്ടിച്ചേർക്കുന്നു. അന്നത്തെ ക്യൂബയുടെ സാമൂഹ്യ അന്തരീക്ഷം സോഷ്യൽ ലൈഫ് അനുവദിച്ചിരുന്നില്ല എന്ന സൂചനയും ഇതിലുണ്ട്.
 
കിഴവനും കടലിലും സ്‌ത്രീ കഥാപാത്രങ്ങൾ ഇല്ല എന്നുതന്നെ പറയാം. നോവെല്ലയുടെ അവസാനത്തിൽ കടൽത്തീരത്ത് പ്രത്യക്ഷപ്പെടുന്ന വിനോദസഞ്ചാരിയായ സ്‌ത്രീ, അതെന്താണെന്ന് 18 അടി നീളമുള്ള മീനിന്റെ അസ്ഥിയിലേക്കു ചൂണ്ടി ചോദിക്കുന്നു. അതാണ് അതിലെ സ്‌ത്രീസാന്നിധ്യം.  ഇപ്പോൾ കണ്ടെത്തിയ കഥയിലും ബാറിൽ പ്രത്യക്ഷപ്പെടുന്ന രണ്ടു സ്‌ത്രീകളെ മാത്രമാണ് നാം കാണുന്നത്. ഹെമിങ്‌‌വേയിലുണ്ടായിരുന്നതായി വിമർശിക്കപ്പെട്ടിട്ടുള്ള ആണധികാര ലോകത്തെക്കുറിച്ചുള്ള സൂചന കൂടിയാണിത്‌.
 
‘കിഴവന്റെ പുറത്തും കൈകളിലും പ്രായം ചെന്ന കാലുകളിലും വിയർപ്പ് ഉണങ്ങിപ്പിടിച്ചു. മെലിഞ്ഞ്, അലകു പോലത്തെ ശരീരമുള്ളയാളായിരുന്നു കിഴവൻ. കഴുത്തിനു പിറകിൽ കനത്ത ചുളിവുകൾ. ഉഷ്‌ണജല സമുദ്രത്തിൽ തട്ടി പ്രതിഫലിക്കുന്ന സൂര്യരശ്‌മികൾ അയാളുടെ കവിളുകളിൽ തവിട്ടുനിറത്തിലുള്ള പൊള്ളലേറ്റ പാടുകൾ ഉണ്ടാക്കിയിരുന്നു.' കിഴവനും കടലും അവതരിപ്പിക്കുന്ന ഭൂമികയുടെ പ്രവേശിക ഇങ്ങനെയാണ്. പിൽക്കാലത്ത് വളർന്നു വന്ന കഥാപാത്രവും വാക്കുകളും അപ്രകാശിത കഥയുടെ ചില അടരുകളിൽ  ഒളിച്ചിരിക്കുകയായിരുന്നുവെന്ന് ഇന്ന് തിരിച്ചറിയാനാകും. എഴുത്തിന്റെ മാജിക്ക് എന്തെന്ന്‌  ഹെമിങ്‌‌വേക്ക്‌ അറിയാമെന്നതിനാൽ ‘കിഴവനും കടലും' പർസ്യൂട്ട് ആസ് ഹാപ്പിനെസ്‌  മാത്രമായി അവസാനിച്ചില്ല!

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

പ്രധാന വാർത്തകൾ
 Top