16 February Saturday

കൂടോത്ര ജീവിതം

സൂക്ഷ്‌മൻUpdated: Sunday May 13, 2018

 കൂടോത്രം നടത്തി തകിടുകൾ വാഴക്കുഴിയിലിടുന്നത് കേസെടുക്കാൻ പാകത്തിലുള്ള കുറ്റമല്ല.  ഇന്ത്യൻ ശിക്ഷാനിയമത്തിൽ അതിനുള്ള വകുപ്പില്ല. അല്ലെങ്കിലും വി എം സുധീരന്റെ കാര്യത്തിൽ എന്നും ഇങ്ങനെയാണ്. പറയുമ്പോൾ എന്തോ വലിയ കാര്യമാണെന്നുതോന്നും. ചെയ്യുമ്പോൾ അസാധ്യമായത് ചെയ്യുന്നു എന്ന പ്രതീതിയും ഉണ്ടാക്കും.  അവസാന ഘട്ടത്തിൽ ചിക്കിച്ചികഞ്ഞു നോക്കിയാലും കേസുണ്ടാകില്ല, കേസിനുള്ള വകുപ്പും ഉണ്ടാകില്ല. അന്തസാര ശൂന്യത എന്ന വാക്കിന്റെ പര്യായം തിരക്കിയാൽ വി എം സുധീരൻ എന്നും കാണും. 

തൃശൂർ ജില്ലയിൽ അന്തിക്കാട്ട്  പടിയം  ഗ്രാമത്തിൽ വി എസ്  മാമയുടെയും ഗിരിജയുടെയും മകനായി 1948 മെയ് 26ന്  ജനിച്ച സുധീരൻ കടന്നുപോയ 70 കൊല്ലത്തിൽ ഒരിക്കലെങ്കിലും പോസിറ്റീവായ എന്തെങ്കിലും ചെയ്ത‌് വാർത്തയിൽ ഇടംപിടിച്ചിട്ടില്ല. കെഎസ‌്‌യു സംസ്ഥാന പ്രസിഡന്റുമുതൽ കെപിസിസി പ്രസിഡന്റുവരെയായി. എംഎൽഎയും എംപിയും മന്ത്രിയുമായി.  സ്ഥാനമാനങ്ങളില്ലാത്ത കുറച്ചുകാലമേ ആ ജീവിതത്തിലുണ്ടായിട്ടുള്ളൂ. പക്ഷേ, ഈ മാസം 70 തികയുന്ന ആ നേതാവിൽനിന്ന് ആർക്കെങ്കിലും എന്തെങ്കിലും പ്രയോജനം ഉണ്ടായിട്ടുണ്ടോ എന്ന് ചോദിച്ചാൽ ഏത‌് കോൺഗ്രസുകാരനും വിടർന്ന ചിരിമാത്രമാകും മറുപടി.  കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ സ്വന്തം സ്ഥാനാർഥിപ്പട്ടികയിൽ അയോഗ്യരെക്കുറിച്ച് പൊതുചർച്ച സൃഷ്ടിച്ച‌് സുധീരൻ നൽകിയ  സേവനത്തിൽ തികഞ്ഞ നന്ദിയോടെ  ബെന്നി ബെഹനാൻ കൊച്ചിയിലും പരിസരത്തും അലയുന്നുണ്ട്. 
 
ആദർശം എന്നാൽ താൻമാത്രം മഹാൻ എന്ന് സ്ഥാപിക്കലാണ്. അക്കാര്യത്തിൽ ഗുരുനാഥൻ ആന്റണി. അതുക്കും മേലെയാണ് സുധീരന്റെ സ്ഥാനം. അതുകൊണ്ടാകാം, സുധീരൻ കെപിസിസി അധ്യക്ഷനായപ്പോൾ കേരളത്തിൽ ഒരു കവലയിൽപ്പോലും അഭിവാദ്യ പോസ്റ്റർ ഇറങ്ങിയില്ല. അധ്യക്ഷസ്ഥാനത്തുനിന്ന് ഇറങ്ങിപ്പോയപ്പോൾ ഒരു കോൺഗ്രസുകാരനും കണ്ണീർപൊഴിച്ചിട്ടുമില്ല. രണ്ടും അവഗണിക്കപ്പെട്ടിട്ടേയുള്ളൂ. എന്നിട്ടും വിശ്രമജീവിതകാലത്ത‌് സുധീരനെ കൂടോത്രംചെയ‌്‌‌ത‌് വീഴ‌്ത്താൻ ആരുണ്ട് എന്ന ചോദ്യം ഉത്തരംകിട്ടാതെ അവശേഷിക്കുന്നു. 
ചെങ്ങന്നൂരിലാണ് സുധീരന്റെ ഒടുവിലത്തെ മൊഴിമുത്തുകൾ അടർന്നുവീണത്. അവിടെ ചെന്ന് പറഞ്ഞത്, രാഷ്ട്രീയ കക്ഷികളെ അപ്രസക്തമാക്കി ജനങ്ങൾ അവരുടെ അനുഭവങ്ങളിൽനിന്നാകും ഉപതെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യുകയെന്നാണ്. അതായത്, താൻ ഒരു രാഷ്ട്രീയ കക്ഷിയുടെ നേതാവായാണ് അവിടെ ചെന്നതെന്നും മത്സരിക്കുന്നത് സ്വന്തം കക്ഷിയുടെ പ്രതിനിനിധി  പാർടി ചിഹ്നത്തിലാണെന്നും സുധീരൻ മറന്നുപോയി. അവിടത്തെ കോൺഗ്രസ‌് സ്ഥാനാർഥിക്ക‌് അതിലപ്പുറം ഒരു സേവനം ചെയ്യാനുണ്ടോ?
കരുണാകരൻ മുഖ്യമന്ത്രിയായ കാലത്ത‌് സ്പീക്കർപദവിയിലിരുന്ന‌് സുധീരൻ ചെയ്ത സേവനം കോൺഗ്രസ‌് ഇല്ലാതായാലും വിസ്മരിക്കപ്പെടില്ല. കൊതിച്ച മന്ത്രി സ്ഥാനത്തിനു പകരം സ്പീക്കർപദവി നൽകിയതിന്റെ  കെറുവ് തീർക്കാൻ  സവ്യസാചിയായ ലീഡറെ മുള്ളിൽനിർത്തിയിട്ടുണ്ട് സുധീരൻ. 
കോൺഗ്രസ് നേതൃത്വത്തിന്‌ ഏറ്റവും കൂടുതൽ കത്തെഴുതിയിട്ടുള്ളയാളാണ്‌ സുധീരൻ എന്ന് ഷാനിമോൾ ഉസ്മാന് ഒരിക്കൽ പരസ്യമായി പറയേണ്ടിവന്നിട്ടുണ്ട്. വാക്കും പ്രവൃത്തിയും രണ്ടെന്നു വന്നപ്പോൾ ഷാനിമോൾ അന്ന് ഉപദേശിച്ചു: “വാക്കുകളിലും പ്രവൃത്തികളിലും ഞാനെന്ന ചിന്ത മാറ്റി നമ്മൾ എന്ന ചിന്തയിലേക്ക് സുധീരൻ വളരണം.’  സുധീരൻ പക്ഷേ ഒട്ടും വളർന്നിട്ടില്ല. ഈ എഴുപതാം വയസ്സിലും, സ്വന്തമായി ഒരു പദവിയും ഇല്ലാതിരുന്നിട്ടും, കോൺഗ്രസിന് എവിടെയെല്ലാം കുത്തുകൊടുക്കാൻ കഴിയുമോ അവിടെയെല്ലാം ആദർശത്തിന്റെ സഞ്ചിയുമായി അദ്ദേഹം ഓടിയെത്തും.  സ്വന്തം പാർടിയെ ഇത്രയേറെ വൃത്തികേടാക്കിയ മറ്റൊരാളും ഇല്ല എന്നുറപ്പുവരുത്തുകയാണ് ആ ജീവിതലക്ഷ്യം.
പ്രധാന വാർത്തകൾ
 Top