15 July Wednesday

‘എന്നെ' കണ്ടുമുട്ടുന്ന കവിതകൾ

ഡോ. സി ആർ പ്രസാദ്Updated: Sunday Apr 12, 2020

ജീവിതത്തിന്റെ ഡിവൈഡറിൽ നിൽക്കുമ്പോൾ നാം പറയാനോങ്ങുന്ന വാക്ക് ഏതായിരിക്കും! കേൾക്കാനിഷ്‌ടപ്പെടുന്ന വാക്ക് ഏതായിരിക്കും! ഇരുവശത്തെയും പാച്ചിലുകൾക്കിടയിൽ അപ്പുറത്തേക്കോ ഇപ്പുറത്തേക്കോ  എന്ന ആശങ്കയിൽ നിൽക്കുമ്പോൾ തോന്നുന്ന ഈ വിഹ്വലതയാണ് ദേശമംഗലം രാമകൃഷ്‌ണന്റെ, ‘എന്നെ കണ്ടുമുട്ടാനെനിക്കാവുമോ?’ എന്ന പുതിയ സമാഹാരത്തിലേക്ക് ആകർഷിക്കുന്ന കാന്തികബലം.

 

അനുഭവത്തിന്റെ ഭാഗമാകുകയും മാറിനിന്നുകൊണ്ട് അതുകാണുകയും ചെയ്യുന്ന മാനസികാവസ്ഥ പ്രതിഫലിക്കുന്നുണ്ട്‌  എന്നെ കണ്ടുമുട്ടാനെനിക്കാവുമോ? എന്ന ആദ്യകവിതയിൽ
 
വരികൾക്കിടയിലോ
വാക്കുകൾക്കിടയിലോ
എന്നെ കണ്ടുമുട്ടാൻ
എനിക്കാവുമോ
 
മനുഷ്യധിഷണയ്‌ക്ക്‌ അവകാശപ്പെടാനാകുന്ന സ്വാതന്ത്ര്യത്തെക്കുറിച്ചാണ് കവിത സൂചിപ്പിക്കുന്നത്. സംഭവങ്ങളുടെ ഭാഗമാകാനും അതോടൊപ്പം അതിനെ വിശകലനം ചെയ്യാനുമുള്ള സ്വാതന്ത്ര്യം കവിതയെ സ്വതന്ത്രവ്യവഹാരമാക്കി മാറ്റുന്നുണ്ട്. ‘കണ്ടുഞാൻ' എന്ന രചനയിലും ഇതേ ഇരുതലക്കാഴ്ച വരുന്നതുകാണുക:
 
കണ്ടു ഞാനവരുടെ കണ്ണുകൾ
എന്തൊരു തീയാഴികൾ.
കണ്ടൂ ഞാൻ: ഇക്കണ്ടൊരമ്പരപ്പുകൾ
കണ്ടു നിൽക്കുമൊരുത്തനെയും.
 
വരികൾക്കിടയിലും വാക്കുകൾക്കിടയിലും നടത്തുന്ന സഞ്ചാരത്തിന്റെ വഴികളും അനുഭവതലങ്ങളുമാണ് ദേശമംഗലത്തെ സംബന്ധിച്ചിടത്തോളം ജീവിതം. ഇന്നത്തെ സഞ്ചാരങ്ങളേതാണെങ്കിലും അവ മുമ്പെന്നപോലെ അപകടരഹിതമാകുന്നില്ല എന്നിടത്താണ് വർത്തമാനകാലം പ്രതിസന്ധി നിറഞ്ഞതാകുന്നത്. 
 
പണ്ടൊക്കെ
നോക്കി നടന്നാൽ മതി
കണ്ണിനാവാത്തത്
കാലുരക്ഷിക്കും
കാലിനാവാത്തിടത്ത്
അരുത് എന്നൊരു വിലക്ക്
ആകാശത്തുനിന്നു കടന്നുവരും.
ഇന്ന്
കുഴിബോംബുപാടമാണ് ലോകം
എവിടെ കാൽവെയ്‌ക്കണെന്നറിയില്ല.
  (എഴുത്തുപാടത്ത്) 
 
ഒട്ടുമിക്ക കവിതകളിലും യാത്രാസാന്നിധ്യം പ്രകടമായോ പരോക്ഷമായോ കടന്നുവരുന്നുണ്ട്.  ചലനാത്മകമായ ജീവിതത്തിന്റെ സാധ്യതകളും നിലപാടുകളും നഷ്ടപ്പെടലും കവിതകളിൽ പലരീതിയിൽ കടന്നുവരുന്നു. നീലപത്മനാഭന് സമ്മാനിക്കുന്ന കവിതയിൽ വാക്കുകൾക്കതീതമായി പ്രബലമാകുന്ന വിനിമയത്തിന്റെ സാന്നിധ്യം കാവ്യഭംഗിയോടെ വരുന്നുണ്ട്. 
 
പൊടുന്നനെ
പൂക്കുമിരു ചില്ലകളായ് നാം
തെരുവോരക്കടവുളിൻ
നിഴലിലൂടെ
ത്രിസന്ധ്യക്കൊപ്പം നടന്നു.
 
വ്യക്തികളെ തമ്മിൽ അടുപ്പിക്കുന്നതും സാമൂഹ്യ വിനിമയത്തിന്റെ സാധ്യതയിലേക്കും നിലനിൽപ്പിലേക്കും എത്തിക്കുന്നതും ഈ വ്യവഹാരം തന്നെ.  അന്യനെ തിരിച്ചറിയാതിരിക്കുന്നിടത്ത് നഷ്ടമാകുന്നതാണ് വാക്കുകൾ. അതിലൂടെ ആത്മനഷ്ടം കൂടിയാണുണ്ടാകുന്നതെന്ന് ‘എന്നെ കണ്ടുമുട്ടാനെനിക്കാവുമോ?’  എന്ന കവിതയിൽ ഉറപ്പിക്കുന്നുണ്ട്. 
 
വരികൾ നീണ്ടുപോകും തോറും
ജാഥയിൽനിന്നു ചിലരെന്നപോൽ
തെന്നിപ്പോകുന്നൂ ചില വാക്കുകൾ
 
ദേശമംഗലം നിളയുടെ ഇന്നത്തെ അവസ്ഥയിൽ നിന്നുകൊണ്ട്, മുമ്പൊരു കവി ‘കുറ്റിപ്പുറം പാല'ത്തിലൂടെ ദീർഘദർശനംചെയ്‌ത അഴുക്കുചാലിന്റെ തീരത്തിരുന്ന്, പറയുന്നത് കാണുക.
 
ഞാറ്റുവേലപ്പദ-
മേളം കൊണ്ടൊരു കവിഹൃദയം
മേളപ്പദമാടുകകൊണ്ടേ
നീയൊഴുകിയതെന്റെ നിളേ
 
വാക്കുകളുടെ മേളപ്പദംകൊണ്ട് ഒരു കാലത്തെ പുനരുജ്ജീവിപ്പിക്കാം എന്നതുപോലെ തന്നെ ചിലപ്പോൾ ഒരു വാക്ക് സ്വസ്ഥതതന്നെ നഷ്ടപ്പെടുത്തുകയുമാവാം. ഏതോ മാലിന്യക്കൂമ്പാരത്തിൽനിന്നോ ഗർത്തങ്ങളിൽനിന്നോ ഗഹ്വരങ്ങളിൽനിന്നോ വന്നുകേറിയ വാക്ക് ജീവിതാന്തരീക്ഷത്തെ തകർക്കുന്നത് ‘ഒരു വാക്ക്' എന്ന രചനയിൽ കാണാം.
 
സ്ഥലത്തിന്റെയും വേഗത്തിന്റെയും ഡിവൈഡറിൽ നിൽക്കുമ്പോഴുള്ള തത്രപ്പാടാണ് വർത്തമാനകാല സമൂഹത്തിനിന്നുള്ളത്. ഇരുധ്രുവങ്ങളിലേക്കുമുള്ള പാച്ചിലിന്റെ മധ്യത്തിൽ, അതും ഒരേദിശയിൽ പോകുന്നവയിൽ തന്നെ കാണുന്ന വേഗതാവ്യതിയാനങ്ങൾ, രൂപവൈവിധ്യങ്ങൾ, ഇതിനിടയിൽ സ്ഥാവരാവസ്ഥയിൽ നിൽക്കേണ്ടി വരുന്നവരുടെ വ്യഥ ഇതെല്ലാം കവിതയുടെ ഉള്ളറിവുകളാകുന്നു.
 
ഡിവൈഡറിൽ നിൽക്കുമ്പോൾ
ഒന്നിനും ഒഴികഴിവ് പറഞ്ഞിട്ടുകാര്യമില്ല
നരകപ്പുറ്റുപിടിച്ച ഡിവൈഡറിൽ നിന്ന്
ഒരു വാല്മീകി ഉണർന്നുവരുന്നെന്ന്
സമാധാനിപ്പിക്കാനുള്ള
തയാറെടുപ്പാണ്.
 
 കാത്തിരിപ്പിന്റെ സമാധാനത്തിലാണ് ഡിവൈഡറിൽ നിൽക്കുന്നതെങ്കിൽ ഉണർന്നുവരേണ്ടതിനുള്ള ആഹ്വാനമാണ് ‘ജലശൂന്യതയിലെ മുങ്ങിമരണ'ത്തിൽ കാണുന്നത്.
 
പൂട്ടിയ ചുണ്ടുമായ്
കരിവാളിച്ചിരിക്കുമീ
ഇരിപ്പിൽ നിന്നുണരുക
മിണ്ടിപ്പറയാൻ
തുടങ്ങുക വീണ്ടും:
 
അപ്രതീക്ഷിത മുഹൂർത്തങ്ങളെ ബന്ധിപ്പിക്കുന്ന കണ്ണികളെയാണ് ദേശമംഗലം പലപ്പോഴും വരികളിലേക്ക് എത്തിക്കാൻ നോക്കുന്നതെന്നു തോന്നിയിട്ടുണ്ട്. കാരണം അവിടെയാണ് സജീവമായ വ്യതിയാനങ്ങളുണ്ടാകുന്നത്. ഈ സമാഹാരത്തിലെ രചനകളിൽ പലതിലും കടന്നു വരുന്ന ചില സൂചനകൾ അതാണ് വ്യക്തമാക്കുന്നത്.
പ്രധാന വാർത്തകൾ
 Top