02 December Friday

മുറിവുകള്‍ വെളിപാടുപോലെ

എം കെ ഹരികുമാര്‍ mkharikumar797@gmail.comUpdated: Sunday Nov 11, 2018

‘‘കാടു കാണാനേറെക്കാലമായി

കൊതിക്കുന്നു

നാടു മടുത്തു, പോകാം

കാട്ടിലേക്കിനി യാത്ര''

എ അയ്യപ്പന്റെ ഈ വരികളിലുള്ളത്, അദ്ദേഹത്തിന്റെ ജീവിതംതന്നെയാണ്. കവിതയെ അന്വേഷിക്കാൻ ജീവിക്കുകയും ജീവിക്കാനായി കവിതയെ അന്വേഷിക്കുകയുംചെയ്‌ത കവി.

കവിത ഒരു കവിയെ മറ്റുള്ളവർ നടക്കാനിഷ്ടപ്പെടാത്ത പാതകളിലൂടെ നടത്തിക്കുന്നു. അത് യുക്തിയുടെയോ ലാഭത്തിന്റെയോ വഴിയല്ല. ആകസ്‌മികതകളുടേതാണ്.

കവിതയിൽ ഗദ്യത്തിന്റെ പകർന്നാട്ടം സാക്ഷാൽക്കരിച്ചു എന്നതാണ് ആധുനിക കവികളുടെ വിജയം. അവരുടെ വരികൾ ഈണത്തിൽ ചൊല്ലാൻ കഴിയില്ല, അതുകൊണ്ട് അത് മനസ്സിൽ നിൽക്കുന്നില്ല എന്നുപറയുന്നതിൽ കഴമ്പില്ല. പരമ്പരാഗത ഈണത്തിൽ കവിത ആവിഷ്‌കരിക്കാനുള്ള മാനസികാവസ്ഥയല്ല പുതിയ കവിക്കുള്ളത്. അയാൾ പദ്യത്തിന്റെ നടപ്പുരീതികളിൽനിന്ന് അകലുന്നു. കാരണം ചാരുകസേരയിൽ അലസമായി കിടന്ന്, പുരാതന ഈണങ്ങളുടെ അകമ്പടിയിൽ ചൊല്ലാനുള്ള ഫ്യൂഡൽ വിനോദമല്ല കവിത. അത് ഒരാളെ മാനഭംഗപ്പെടുത്തിയതിനെക്കുറിച്ചുള്ള രോദനമാണെങ്കിൽ, ഈണം വിറയ്‌ക്കുന്നുണ്ടാകും. പദ്യത്തിന്റെ ഏകതാനതയോ സുരക്ഷിതത്വമോ ഇല്ലാതെ ഗദ്യത്തിന്റെ ജീവിതനട്ടപ്പാതിരകളിലേക്ക് തെണ്ടിയെപ്പോലെ അലയാൻ അയാൾക്ക് ഒരു ഭ്രാന്ത് അനിവാര്യമാണ്. പ്രണയംപോലും ആത്മവഞ്ചനയായി മാറിയേക്കാം. പ്രണയികൾ സ്വയം സുരക്ഷിതരാകാൻ ബദ്ധപ്പെടുമ്പോൾ, പ്രണയം വിണ്ടുകീറിയ ഒരു വ്രണമാണ്. അതുകൊണ്ട് പ്രണയം പ്രമേയമാക്കുമ്പോഴും, പുതിയ കവി അതിനെ പ്രകീർത്തിക്കുകയല്ല, അതിന്റെ തകർച്ചയിൽ തപിക്കുകയാണ് ചെയ്യുന്നത്.

അയ്യപ്പന്റെ കവിതകളിൽ നിറയെ നാടകമാണ്. ഒരു ദുരന്തനാടകത്തിന്റെ ഒടുവിൽ, തകർന്ന് എന്തുചെയ്യണമെന്നറിയാതെ നിൽക്കുന്ന നായകന്റെ മനസ്സിനെ ഭരിക്കുന്ന നൂറുകൂട്ടം ചിന്തകൾപോലെ അയ്യപ്പന്റെ കവിതകളിലെ ആ മുഖ്യഗായകൻ വ്രണിത ചിത്തനാണ്. മുറിവ് വെളിപാടാകുകയാണ്. ഈ നാടകത്തെ തന്റെ നേരിയ വരകൾകൊണ്ട് കൊച്ചിയിലെ ആർട്ടിസ്റ്റ് സതീശൻ മനോഹരചിത്രങ്ങളായി രൂപാന്തരപ്പെടുത്തിയിരിക്കുന്നു. സതീശൻ ഈ കവിയുടെ പാത പലപ്പോഴും ശ്രദ്ധയോടെ നിരീക്ഷിച്ചിട്ടുണ്ട്. കവിതയ്‌ക്കുവേണ്ടി ജീവിതത്തെ എങ്ങനെയെല്ലാം മാറ്റിമറിക്കാമെന്ന് കണ്ടെത്തിയ കവിക്ക് സമ്പാദ്യമായി വേറൊന്നുമില്ല. 

നീ കടിച്ചു ചവയ്‌ക്കുന്ന കാലുകൾ 

എന്റെ കലമാനിന്റെ വേഗമാണ്

നീ കുടിക്കുന്ന നീലരക്തം

ഞാൻ സ്‌നേഹിച്ച നീലിമയാണ്.

ഇങ്ങനെ എഴുതുന്ന കവി ഭാഷയെ കബളിപ്പിച്ചുകൊണ്ടാണ് തന്റെ വ്യക്തിപരമായ ഭാഷ പുറത്തെടുക്കുന്നത്. കാലുകളും വേഗവും കേവലാർഥം വിട്ട് കവിയുടെ ആഭ്യന്തരപ്രശ്നമായി മാറുന്നു. ഒരിക്കൽ അയ്യപ്പൻ ഇങ്ങനെ പറഞ്ഞു: ‘‘ഉന്മാദത്തിന്റെ ഈ യാത്ര ഞാൻ സ്വയം തെരഞ്ഞെടുത്തതല്ല. കാലം എനിക്ക് സമ്മാനിച്ച അഭയമാണത്. എന്റെ മറവിയില്ലായ്‌മയ്‌ക്ക്‌  ഔഷധിയാണീ ഉന്മാദം. ഓരോ കണ്ണിലും ഇണയുടെ വിലാപങ്ങളും വേട്ടക്കാരന്റെ ആക്രോശങ്ങളും ഞാൻ വായിച്ചെടുക്കുന്നു. അതുകൊണ്ട് കാറ്റിന്റെ ഈ ഉന്മാദരഥ്യകളിലൂടെ ഞാൻ ഒറ്റയ്‌ക്ക്‌ നടക്കുന്നു. ഞാൻ എന്റെ കാലത്തിന്റെ ബലിയാടും പ്രവാചകനുമാകുന്നു.''

ബലിയാടും പ്രവാചകനുമാകുന്ന നിമിഷമാണ് അയ്യപ്പന്റേത്. കവിതപോലെ സന്ദിഗ്‌ധവും നിഗൂഢവുമായി ജീവിക്കുമ്പോൾ മറ്റുള്ളവരുടെ ബലിയാടാകൽ മനസ്സിലാകും. അവരെക്കൂടി പ്രതിനിധാനംചെയ്യാം. പ്രവാചകസ്വരം കാലത്തിന്റെ സമസ്‌ത വഴികളിലൂടെയും സഞ്ചരിച്ചെത്തുന്നവന്റെ നേരും വെളിപാടുമാണ്. രണ്ടും ചേരുമ്പോൾ കവിതയിൽ നാടകത്തിന്റെ സംഘർഷാത്മകത സൗന്ദര്യാത്മകമാകുന്നു.

അയ്യപ്പന്റെ കവിതകളിൽനിന്ന് സതീശൻ സർറിയലിസ്റ്റിക് സ്‌പർശമുള്ള ചിത്രങ്ങളാണ് ഒരുക്കിയിരിക്കുന്നത്. അതായത് യാഥാർഥ്യത്തിനും അപ്പുറമുള്ളത്. ആകെ 40 ചിത്രം വരച്ചു. അതെല്ലാം പ്രദർശിപ്പിച്ചിരുന്നു. യാഥാർഥ്യത്തെ അതേപടി വരയ്‌‌ക്കുന്നതിൽ സതീശനു താൽപ്പര്യമില്ല. അയ്യപ്പൻ കവിതകൾപോലെ അത് ആന്തരികമായ അവസ്ഥയെയാണ് ഉന്നം വയ്‌ക്കുന്നത്. ‘‘ഒരു കവിത പൂർണമായി വരച്ചിട്ടില്ല. ചില വരികളും ബിംബങ്ങളുമാണ് എന്നെ ആകർഷിച്ചത്. അത് എന്നിൽ സൃഷ്ടിച്ച പ്രകമ്പനങ്ങളാണ് വരകളായി പുനർജനിച്ചത്'' ‐ സതീശൻ പറഞ്ഞു.

‘‘ശംഖിൽനിന്ന് ഒരു കാത്

കാതിൽനിന്നൊരു സൂര്യകാന്തി''

ഇങ്ങനെയുള്ള വരികളിൽ ഒരു അതിയാഥാർഥ്യമുണ്ട്. യാഥാർഥ്യം എന്താണോ അതിനെ തകിടംമറിച്ച് പുതിയൊരു ലോകയാഥാർഥ്യം കവി നിർമിച്ചെടുക്കുന്നു. ചിത്രശലഭങ്ങൾ തോരണം തൂക്കിയ വീട് എന്ന പ്രയോഗം തന്നിലെ കലാകാരന് പുതുജീവൻ നൽകിയതായി ചിത്രകാരൻ പറയുന്നത്, മനോഹരവും പരമാർഥവുമായ ഒരു കലാമുഹൂർത്തമാകുകയാണ്.

 പാട്ട്‌ എഴുതുന്ന കവിയല്ല അയ്യപ്പൻ. പാട്ടുകൾക്കപ്പുറം അത് ലോകാനുഭവത്തിന്റെ സൂക്ഷ്‌മതകളെ സാമ്പ്രദായിക ഭാഷയ്‌ക്ക്‌  വെളിയിൽ അവതരിപ്പിക്കുകയാണ്. വാക്കുകൾ ചേർക്കുന്നത്, കേൾക്കുമ്പോൾ ഇമ്പമുണ്ടാക്കാനല്ല; തന്നിലെ തകർന്ന സാംസ്‌കാരികജീവിയെ പിച്ചിച്ചീന്തി പുറത്തെടുക്കാനാണ്. ഓരോ കവിതയും കുരിശുമരണമാകുന്നത് അവിടെയാണ്. സ്വന്തം കവിതയെ അയ്യപ്പൻ ഇങ്ങനെ വിലയിരുത്തുന്നു: ‘‘ഞാൻ എന്റെ ചോരകൊണ്ട് വാക്കുകൾ നനയ്‌ക്കുന്നു. എന്റെ ചോരയിൽ ചരിത്രത്തിന്റെ ചാരം അലിഞ്ഞിട്ടുണ്ട്. അതിൽ ഇന്നിന്റെ ധർമസങ്കടങ്ങളുണ്ട്. നാളെയുടെ ഉൽക്കണ്ഠകളുണ്ട്. കവിയുടെ ചങ്കിൽ കിനിയുന്ന ചോരയുടെ ഗന്ധമുണ്ടാകണം കവിതയ്‌ക്ക്‌ . അപ്പോഴേ ഒരു വേനൽമഴപോലെ നമ്മുടെ നെഞ്ചുപൊളിക്കാൻ കവിതയ്‌ക്കാകൂ.''

അയ്യപ്പൻ അതിഭാവുകത്വം അഥവാ അതിവൈകാരികത ഉപയോഗിച്ചിട്ടില്ല. അദ്ദേഹം ആത്മാവിന്റെ നൈമിഷികമായ സത്യങ്ങൾക്കുവേണ്ടി റിയലിസത്തെ പുനരവതരിപ്പിക്കുകയാണ് ചെയ്‌തത്. പ്രായോഗിക പ്രണയത്തിനും അപ്പുറത്ത് മാനവികമായ പ്രണയത്തെയാണ് കവി ആവാഹിച്ചത്. വ്യക്തിഗതമായ പ്രണയം പ്രശ്നാധിഷ്‌ഠിതമാകയാൽ അത് പാടാൻ എളുപ്പമാണ്. മാനവിക പ്രേമത്തിന‌് ഒരിക്കലും നാശമില്ല.

‘‘ഇതായെൻ കണ്ണുനീർ ഹരിതപത്രമേ

ചുവപ്പ് ഇഷ്ടമെങ്കിൽ എടുത്തുകൊൾക

ഇതായെൻ പാദങ്ങൾ മഴയുടെ മണ്ണേ

നടപ്പ് ഇഷ്ടമെങ്കിൽ ഈ ഭാരമേൽക്ക''

ഇതൊരു കാവ്യയുക്തിയും ജീവിതാർഥവുമാണ്. മനുഷ്യർ അവരുടെ ഹ്രസ്വമായ ജീവിതത്തിൽ തിരയുന്ന സമാന്തരമായ സൗഖ്യങ്ങൾ.

പ്രമുഖ ഫ്രഞ്ച് വിഷാദകവിയായ ബോദ്‌ലെയർ എഴുതിയത് ഓർക്കുന്നു:

‘‘സുന്ദരമായതെല്ലാം ഭീകരമാണ്''.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..----
പ്രധാന വാർത്തകൾ
-----
-----
 Top