25 April Thursday

പോസ്റ്റ് ട്രൂത്ത് ഷാ

വെബ് ഡെസ്‌ക്‌Updated: Sunday Feb 11, 2018

അനിൽചന്ദ്ര ഷാ എന്ന പേര് അമിത് ഷാ എന്നായി രൂപാന്തരപ്പട്ടത് ഒട്ടും അതിശയോക്തിപരമല്ല. എല്ലാം അമിതമാണ് അമിത് ഷായ്ക്ക്. ഒരു കൊലക്കേസിൽ അറസ്റ്റ് ചെയ്യപ്പെട്ട് മൂന്നുമാസം ജയിലിലും രണ്ടുവർഷം വിദൂരവാസത്തിലും കഴിയേണ്ടിവന്ന ഷാ ഇപ്പോൾ രാജ്യത്തെ ഏറ്റവും ശക്തിയുള്ള രാഷ്ട്രീയനേതക്കളിൽ രണ്ടാമൻ. വിലയ്ക്കുവാങ്ങാൻ പറ്റുന്നതാണ് എന്തുമെന്ന് തെളിയിച്ച ലോകത്തെതന്നെ മുന്തിയ രാഷ്ട്രീയനേതാവ്.  1982ൽ നരേന്ദ്ര മോഡി എന്ന സ്വയംസേവകൻ അഹമ്മദാബാദിൽ സംഘപ്രവർത്തനം നടത്തുമ്പോൾ കണ്ടുമുട്ടിയതാണ് അമിത് ഷായെ. അന്നു തുടങ്ങിയ ബന്ധം ഇന്നും പാറപോലെ. സംഘ പ്രചാരകനായിരുന്ന മോഡി പ്രധാനമന്ത്രിയായി. അമിത് ഷാ നിഴലുപോലെ കൂടെനിന്ന് ബിജെപി ദേശീയ അധ്യക്ഷനായി.  രാഷ്ട്രീയത്തിലെ ഏറ്റവും വിജയകരമായ പരസ്പരസഹായ സംഘം ക്ലിപ്തം. രാമന് ഹനുമാൻപോലെ, ചരൺ സിങ്ങിന് രാജ് നാരായൺപോലെ, ചക്കിക്ക് ചങ്കരൻപോലെ മോഡിക്ക് അമിത് ഷാ. അതുപേക്ഷ, ആധിപത്യ‐വിധേയത്വ ബന്ധമല്ല. ഇരുപക്ഷത്തിനും തുല്യനേട്ടം. ഇംഗ്ലീഷിൽ പറഞ്ഞാൽ വിൻ വിൻ സിറ്റ്വേഷൻ.

ആരും നടക്കാത്തതും അരും വിശ്വസിക്കാത്തതുമായ വഴിയിലൂടെയേ അമിത് ഷാ നടക്കാറുള്ളൂ. ഇത്തവണ ഗുജറാത്തിൽനിന്ന് രാജ്യസഭയിലെത്താൻ ഷാ നടത്തിയപോലുള്ള കളികൾ ഇന്ത്യൻ രാഷ്ട്രീയത്തിൽ മുമ്പ് കണ്ടിട്ടില്ല. താൻ ജയിച്ചാൽമാത്രംപോരാ; ശത്രുവായ അഹമ്മദ് പട്ടേൽ രാജ്യസഭ കാണരുത് എന്നതായിരുന്നു ഷായുടെ തീരുമാനം. അത് മനസ്സിലാക്കിയ പട്ടേലിന് കോൺഗ്രസിന്റെ 42 എംഎൽഎമാരെയുംകൊണ്ട് നാടുവിടേണ്ടിവന്നു. ഷായുടെ മുന്നിൽ പെട്ടുപോയാൽ എംഎൽഎമാർ കവാത്ത് മറക്കുമെന്ന് കോൺഗ്രസിനാണ് നല്ല ബോധ്യം. ത്രിപുരയിലെ കോൺഗ്രസിനെ അപ്പാടെ വിലയ്ക്കെടുത്തത് ഷായാണ്. പണം കണ്ടാൽ ഏത് ഖദർമുണ്ടും അഴിയുമെന്ന് അഹമ്മദ് പട്ടേലിനറിയാം. പാർലമെന്റിൽ നൂറ്റമ്പതിലേറെ മുൻ കോൺഗ്രസുകാരുണ്ട് അമിത് ഷായുടെ അനുയായികളായി താണുകുമ്പിടാൻ. 

കഴിഞ്ഞദിവസം രാജ്യസഭയിൽ അമിത് ഷാ നടത്തിയ കന്നി പ്രസംഗം നോക്കിയാൽമതി, ആ രാഷ്ട്രീയനേതാവിന്റെ യഥാർഥ മുഖം വ്യക്തമാകാൻ. രാജ്യസഭ രാജ്യത്തെ പ്രമുഖരായ വ്യക്തികൾ ഇരിക്കുന്നിടമാണ്. ഗൗരവമായ കാര്യങ്ങൾ ചർച്ചചെയ്യുന്നിടം. അവിടത്തെ പ്രസംഗങ്ങൾ കാര്യഗൗരവമുള്ളതെന്ന് പൊതുവെ കരുതും. അമിത് ഷായ്ക്ക് പക്ഷേ, ഗുജറാത്ത് നിയമസഭയിലെ മോഡി ദാസ്യപ്രകടനത്തിന്റെ നിലവാരത്തിൽനിന്ന് ഒട്ടും ഉയർന്നതാകണം രാജ്യസഭയിലെ ഇടപെടൽ എന്ന് തോന്നിയതേയില്ല. 

സംഘപരിവാറിന്റെ പതിവുരീതിയിൽ നുണയും അവ്യക്തതയുംനിറഞ്ഞ കന്നിപ്രസംഗത്തിലൂടെ, വരാനിരിക്കുന്ന ബിജെപി അജൻഡ കൃത്യമായി പ്രതിഫലിപ്പിച്ചു നേതാവ്. പ്രസംഗം സാകൂതംകേട്ട് സോഷ്യൽ മീഡിയയിൽ വന്ന പ്രതികരണം: നുണ ഫാക്ടറിയുടെ സിഇഒ ആയ അമിത് ഷായിൽനിന്ന് മറ്റെന്ത് പ്രതിക്ഷിക്കാൻ? 

നോട്ടുനിരോധനകാലത്തെ സർക്കാർ ഇടപെടലിന്റെ ഭാഗമായി മൂന്നുലക്ഷം ഷെൽ കമ്പനികൾ പൂട്ടിച്ചു എന്നായിരുന്നു ഷായുടെ ഒരു വെളിപ്പെടുത്തൽ. കോർപറേറ്റ് സഹമന്ത്രി പി പി ചൗധരി ജനുവരി അഞ്ചിന് ലോക്സഭയിൽ പറഞ്ഞത് രണ്ടുവർഷ കാലയളവിൽ വാർഷിക റിട്ടേൺ സമർപ്പിക്കാത്ത 2.97 ലക്ഷം കമ്പനികളെ ലിസ്റ്റ് ചെയ്ത് 2.26 ലക്ഷം കമ്പനികളെ രജിസ്റ്ററിൽനിന്ന് നീക്കംചെയ്തു എന്നാണ്. ഡിസംബർ 19ലെ അവസാന കണക്കാണത്. അമിത് ഷായുടെ മൂന്നുലക്ഷം എന്ന കണക്ക് മകന്റെ ആസ്തി വർധിച്ച അേത വേഗത്തിൽ പറന്നുപൊങ്ങിയെന്നുമാത്രം.  

ഇന്ത്യൻ രാഷ്ട്രീയത്തിൽ ആഴത്തിൽ വേരൂന്നിയ മക്കൾരാഷ്ട്രീയവും ജാതിരാഷ്ട്രീയവും മോഡി പിഴുതെറിഞ്ഞു എന്നാണ് അമിതാവേശത്തോടെ ഷാ പറഞ്ഞുകളഞ്ഞത്. മോഡിക്ക് മക്കളില്ലാത്തുകൊണ്ട് അത്രയും ശരിയുണ്ടതിൽ. ബിജെപി നേതാവായിരിക്കെ മരിച്ച പ്രമോദ് മഹാജന്റെ മക്കൾ ഇന്ന് ബിജെപിയുടെ ദേശീയ സെക്രട്ടറിയും എംപിയുമാണ്. മോഡി മന്ത്രിസഭയിൽ അംഗമായിരുന്ന ഗോപിനാഥ് മുണ്ടെയുടെ മകൾ പങ്കജ മുണ്ടെ മഹാരാഷ്ട്രയിൽ മന്ത്രിയാണ്. അവരുടെ അനുജത്തി പ്രീതം മുണ്ടെ എംപിയാണ്. ഛത്തീസ്ഗഡ് മുഖ്യമന്ത്രി രമൺ സിങ്ങിന്റെ മകൻ അഭിഷേക് സിങ് ഇന്ന് എംപിയാണ്. രാജസ്ഥാൻ മുഖ്യമന്ത്രി വസുന്ധര രാജയുടെ മകൻ ദുഷ്യന്ത് സിങ് എംപിയാണ്.  

എസ്സി/എസ്ടി വിഭാഗത്തിലുള്ളവർക്ക് നേരെ കഴിഞ്ഞ മൂന്നുവർഷത്തെ അക്രമങ്ങൾ എല്ലാ റെക്കോഡുകളെയും ഭേദിക്കുന്നു എന്നത് മെറ്റാരു കാര്യം. സോഷ്യൽ മീഡിയ പറയുന്നു: ”അമിത് ഷാ രാജ്യസഭയിലാണ് ഈ നുണകൾ ഓരോന്നും പറഞ്ഞത്, ഓരോ വാക്കും രേഖപ്പെടുത്തിവയ്ക്കുന്ന, ജനം സത്യമറിയാൻ രേഖകൾ തിരയുന്നിടത്താണ് ഈ കള്ളംപറച്ചിൽ. ശീലിച്ചുപോയി അമിത് ഷാ, അതല്ലേ പാലിക്കാൻ പറ്റൂ. 

പോസ്റ്റ് ട്രൂത്ത് അഥവാ സത്യാനന്തര കാലഘട്ടം എന്നല്ല ആർഷഭാരത രീതിയിൽ പറയേണ്ടത്. അത് അമിത് ഷാ കാലഘട്ടം എന്നാണ്. എല്ലാ രാഷ്ട്രീയ പാരമ്പര്യങ്ങളും നൈതികതയും മര്യാദയും അസ്തമിക്കുന്ന ഘട്ടത്തിന്റെ പടനായകനായി അമിത് ഷാ ഇനിയുള്ള കാലം അറിയപ്പെടും.

പ്രധാന വാർത്തകൾ
 Top