28 September Wednesday

ഗാനരചന എം ടി

ഗോപികൃഷ്‌ണൻ ജി എസ്‌ gopikrishnanamrita@gmail.comUpdated: Sunday Jul 10, 2022

എം ടി വാസുദേവൻനായരും എം ബി ശ്രീനിവാസനും

‘കാക്കാലൻ കളിയച്ഛൻ കണ്ണ്‌ തുറന്നുറങ്ങുന്നു

കരിമറയ്‌ക്കകം ഇരുന്ന്‌ വിരൽ പത്തും വിറയ്ക്കുന്നു

കിഴവന്റെ കൈത്തുമ്പിൽ ചരടുകളിളകുമ്പോൾ

കരയുന്നു ചിരിക്കുന്നു പൊരുതുന്നു മരിക്കുന്നു

കളിയരങ്ങത്ത്‌ നൂറു വീരശൂര നായകന്മാർ’

വളർത്തുമൃഗങ്ങൾ എന്ന സിനിമയിൽ യേശുദാസ്‌ പാടി അനശ്വരമാക്കിയ ഗാനം. 

ഗാനരചന എം ടി വാസുദേവൻ നായർ. 

സംഗീതം എം ബി ശ്രീനിവാസൻ. 

സിനിമയിൽ പാട്ടെഴുതേണ്ടിവന്ന നിമിഷത്തെക്കുറിച്ച്‌ എം ടിയോട്‌ ഒരിക്കൽ ചോദിച്ചു, ഒപ്പം എം ബി ശ്രീനിവാസനുമാ (എംബിഎസ്‌)യുള്ള അടുപ്പത്തെക്കുറിച്ചും. ‘അതൊക്കെ ഞാൻ മുമ്പ്‌ പറഞ്ഞിട്ടുണ്ടെ’ന്നായിരുന്നു മറുപടി. പക്ഷേ, പിറ്റേന്ന്‌ ഹോട്ടൽമുറിയിൽ വച്ച്‌ കാണുമ്പോൾ  എം ടി മനസ്സുതുറന്നു. പാട്ടെഴുത്തിനേക്കാൾ കൂടുതൽ പറഞ്ഞത്‌ ഉറ്റ ചങ്ങാതിയായിരുന്ന എംബിഎസിനെക്കുറിച്ചാണ്‌. 

‘വളർത്തുമൃഗങ്ങൾ എന്ന സിനിമയ്‌ക്ക്‌ ഞാൻ ഗാനങ്ങൾ എഴുതിയത് പ്രത്യേക സാഹചര്യത്തിലാണ്‌. പാട്ട്‌ എഴുതേണ്ടിയിരുന്ന യൂസഫലി കേച്ചേരിക്ക് കടുത്ത പനി. സംഗീത സംവിധായകനായ എം ബി ശ്രീനിവാസന്‌  ദക്ഷിണാഫ്രിക്കയിലേക്ക് പോകണം.  സംഗീതത്തിന്റെ പകർപ്പവകാശത്തെക്കുറിച്ചുള്ള സമ്മേളനങ്ങളിൽ ഇന്ത്യയെ പ്രതിനിധാനംചെയ്യുന്നത് എംബിഎസായിരുന്നു. ഗാനങ്ങൾ റെക്കോഡ് ചെയ്തിട്ട്‌ വേണം സമ്മേളനത്തിനു പോകാൻ. ദിവസങ്ങൾ കുറവായതിനാൽ എംബിഎസിന്റെ നിർബന്ധത്തിനു വഴങ്ങി ഞാൻ ഗാനങ്ങൾ എഴുതുകയായിരുന്നു.’

എംബിഎസ്‌ എ കെ ജിയുടെ സെക്രട്ടറി

‘എംബിഎസ്‌ എ കെ ജിയുടെ സെക്രട്ടറിയായിരുന്നെന്ന്‌ എത്രപേർക്കറിയാം. ഇടതുപക്ഷ സഹയാത്രികനായിരുന്നല്ലോ. എ കെ ജിയുടെ പ്രൈവറ്റ് സെക്രട്ടറിയായാണ് എംബിഎസ് ഡൽഹിയിൽ എത്തിയത്. സഹീദയുമായുള്ള വിവാഹത്തിനുശേഷമാണ് സംഗീത ലോകത്തേക്ക്‌ കടക്കുന്നത്. മദ്രാസിലെത്തിയ എംബിഎസിനെ ഇടതുപക്ഷ പ്രവർത്തകനെന്നനിലയിൽ അംഗീകരിക്കാൻ ചലച്ചിത്ര നിർമാതാക്കൾ തയ്യാറായില്ല. ഏതിനും സ്വന്തം ശൈലിയുണ്ടായിരുന്നതിനാൽ ചലച്ചിത്ര സംഗീതലോകത്ത് എംബിഎസ് പുതിയൊരു വഴിതുറന്നു. വളരെ കുറച്ചുപേരുടെകൂടെ മാത്രമേ എംബിഎസ് പ്രവർത്തിച്ചിട്ടുള്ളൂ. ചലച്ചിത്ര സംഗീതലോകത്തിന് എംബിഎസ് നൽകിയ സംഭാവന എന്തെന്ന് ആരും ഇന്നോർക്കുന്നില്ല. അദ്ദേഹം പകർപ്പവകാശ നിയമം ഉണ്ടാക്കിയതുകൊണ്ടാണ് പാട്ടുകളുടെ റോയൽറ്റി ഇന്നും പലർക്കും കിട്ടുന്നത്. അദ്ദേഹം ഏറ്റവുമധികം സംഭാവന നൽകിയ മലയാള സിനിമപോലും എംബിഎസിനെ മനസ്സിലാക്കിയിട്ടില്ല.

എംബിഎസുമായി ആത്മബന്ധം

‘ആത്മസുഹൃത്തുക്കളായിരുന്നു. നന്നായി പുസ്തകങ്ങൾ വായിക്കുകയും ലോക സിനിമകളെക്കുറിച്ച് നല്ല ധാരണയുമുണ്ടായിരുന്നു. വിദേശത്ത് പോയിട്ടുവരുമ്പോൾ എനിക്ക് പുസ്തകങ്ങൾ കൊണ്ടുവരുമായിരുന്നു. നിശ്ശബ്ദതയിലും സംഗീതമുണ്ടെന്ന് എംബിഎസ് തെളിയിച്ചു. അദ്ദേഹം സംഗീതം പഠിച്ചിട്ടില്ല. അത് നേരിട്ട് എന്നോടു പറഞ്ഞിട്ടുള്ളതാണ്. സ്വന്തമായി പഠിച്ച സംഗീതത്തെ വിദഗ്ധമായി ഉപയോഗിച്ചു. പശ്ചാത്തല സംഗീതമൊരുക്കേണ്ടത് എങ്ങനെയെന്ന് പിന്നീടു വന്ന തലമുറയെ പഠിപ്പിച്ചതിൽ എംബിഎസിന്റെ പങ്ക് പ്രധാനമാണ്. 

ഇടതുപക്ഷ പോരാളി

‘തികച്ചും മനുഷ്യസ്‌നേഹിയായിരുന്നു എംബിഎസ്‌. അക്കാലത്ത് പിന്നണിയിൽ സംഗീതോപകരണങ്ങൾ വായിച്ചിരുന്ന കലാകാരന്മാരുടേത് അച്ചടക്കമില്ലാത്ത ജീവിതമായിരുന്നു. നിർമാതാക്കൾ പറയുന്നത് അനുസരിക്കുക, അവർ നിശ്ചയിക്കുന്ന കൂലി വാങ്ങുക, ഭക്ഷണം കഴിക്കുകയെന്ന രീതിയിലായിരുന്നു കാര്യങ്ങൾ. കലാകാരന്മാരെ ഒത്തൊരുമിപ്പിച്ച് ഈ ശൈലിക്ക് മാറ്റമുണ്ടാക്കിയത്‌ എംബിഎസാണ്‌. മദ്രാസിൽ മ്യുസീഷ്യൻസ് അസോസിയേഷന്‌ തുടക്കമിടുന്നത് അങ്ങനെയാണ്. കലാകാരന്മാർക്കോ അവരുടെ കുടുംബാംഗങ്ങൾക്കോ എന്തെങ്കിലും അപകടമുണ്ടായാൽ ആദ്യം സാമ്പത്തിക സഹായമെത്തിക്കേണ്ടത് അസോസിയേഷനാണെന്ന് കലാകാരന്മാർക്ക് ബോധ്യമായതോടെ എംബിഎസ് ചെയ്തത് എത്ര വലിയ കാര്യമാണെന്ന് എല്ലാവർക്കും മനസ്സിലായി.

എംബിഎസ് യൂത്ത് ക്വയർ

‘എല്ലാ സംസ്ഥാനങ്ങളിലും യുവഗായകരെ സംഘടിപ്പിച്ച് ഗായകസംഘങ്ങൾ രൂപീകരിക്കുക എന്നത് എംബിഎസിന്റെ സ്വപ്നമായിരുന്നു. അതിന് കേന്ദ്ര സർക്കാരിന്റെ സാമ്പത്തികസഹായം ലഭിച്ചു. മദ്രാസിൽ യൂത്ത് ക്വയർ തുടങ്ങുമ്പോൾ ഞാൻ അവിടെയുണ്ടായിരുന്നു. ഗായകൻ സി എ ആന്റോയൊക്കെ ക്വയറിൽ അംഗമായിരുന്നു. കേരളത്തിൽ എംബിഎസ് യൂത്ത് ക്വയർ തുടങ്ങുന്നത് അങ്ങനെയാണ്. കോഴിക്കോട്ട്‌ അദ്ദേഹത്തിന്റെ ക്വയറിനെ കൊണ്ടുവന്ന് ഞാൻ പാടിപ്പിച്ചിട്ടുണ്ട്.’

മരണം അവിചാരിതം

‘അവിചാരിതമായിരുന്നു എംബിഎസിന്റെ മരണം. ലക്ഷദ്വീപിൽ യൂത്ത് ക്വയർ രൂപീകരണത്തിനായുള്ള യാത്രയ്‌ക്കിടെ ഹൃദയാഘാതമുണ്ടായി . ഹെലികോപ്ടറിൽ മൃതദേഹം എത്തിച്ചപ്പോഴൊക്കെ ഞാനുമുണ്ടായിരുന്നു. അദ്ദേഹത്തിന്റെ മരണത്തിനുശേഷം "ബാസി' എന്ന് ഞാൻ വിളിച്ചിരുന്ന എംബിഎസിന്റെ ഭാര്യയെ ഞാൻ കണ്ടിട്ടില്ല.’


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..----
പ്രധാന വാർത്തകൾ
-----
-----
 Top