24 June Monday

ഖൽബിലെത്തീ..

ഇ സുദേഷ‌്Updated: Sunday Jun 10, 2018

മലപ്പുറം കുന്നുമ്മൽ രാജാജി അക്കാദമിയിലെ പ്രീപ്രൈമറി ടിടിസി വിദ്യാർഥിനികൾ / ഫോട്ടോ: കെ ഷമീർ

ലോകകപ്പിൽ ബ്രസീൽ‐ അർജന്റീന മത്സരം ഫുട്ബോൾ ആരാധകരുടെ സ്വപ്നമാണ്. എന്നാൽ, കഴിഞ്ഞ ഒരുമാസത്തിനിടെ വടക്കൻ കേരളത്തിലെ മൈതാനങ്ങളിൽ ഇവർ പലവട്ടം കൊമ്പുകോർത്തു. മത്സരഫലങ്ങൾ എന്തായിരുന്നാലും ഫുട്ബോൾ ലോകകപ്പ് തൊട്ടടുത്ത് എത്തിയതോടെ കേരളം അതിരില്ലാത്ത ആവേശത്തിലാണ്. കൊണ്ടോട്ടിയിലും മഞ്ചേരിയിലും കൊടുവള്ളിയിലും തൃക്കരിപ്പൂരിലും മണ്ണുത്തിയിലും എത്തുന്ന അപരിചിതർ ഇതേതു നാടെന്നു സംശയിച്ചാൽപോലും അത്ഭുതപ്പെടേണ്ട. ബ്രസീൽ, അർജന്റീന, സ്പെയിൻ, ജർമനി തുടങ്ങിയ രാജ്യങ്ങളുടെ പതാകകളും  ബോർഡുകളും ബാനറുകളും നിറഞ്ഞിരിക്കയാണെങ്ങും.  കവലകളിൽ മെസിയും നെയ്മറും റൊണാൾഡോയും കെട്ടിടങ്ങൾക്കൊപ്പം തലയുയർത്തി നിൽക്കുന്നു. ബ്രസീലിലോ അർജന്റീനയിലോപോലും സ്വന്തം ടീമിനായി ആരാധകർ ഇത്രത്തോളം ചെയ്യുമെന്ന് തോന്നുന്നില്ല. ഫുട്ബോളിനോടുള്ള തീവ്രപ്രണയത്തിനും അതിന്റെപേരിലുള്ള ചെയ്തികൾക്കും ഒപ്പംനിൽക്കുന്ന മറ്റൊരു ആരാധന കേരളത്തിലില്ലെന്ന് നിസ്സംശയംപറയാം.
 

വടക്കൻ തീക്കാറ്റ‌്

ഫുട്ബോൾ ആരാധന പരാമർശിക്കുന്നതിൽ ഇത്തിരി പ്രാദേശികവാദം കലരുന്നുവെങ്കിൽ ക്ഷമിക്കുക. 1930കളിൽ തിരുവനന്തപുരത്തെ പുത്തൻകച്ചേരി മൈതാനത്തും (ഇന്നത്തെ സെൻട്രൽ സ്റ്റേഡിയം) കോട്ടയം സിഎംഎസ് കോളേജ് മൈതാനത്തുമായിരുന്നു കേരളത്തിൽ ആദ്യം പന്തുരുണ്ടത്. എന്നാൽ, ബ്രിട്ടീഷ് പട്ടാളക്കാരിൽനിന്ന‌് കളിപഠിച്ച മലബാർ പിന്നീട് ഈ കളി ഹൃദയത്തോടുചേർത്തു. കാറ്റുനിറച്ച തുകൽപ്പന്ത് വടക്കൻ കേരളത്തിന്റെ ഖൽബാണ്. മലപ്പുറം ജില്ലയിലാണ് ഭ്രാന്താവേശം കൂടുതൽ. ലോക കപ്പ് ലഹരിയിലേക്ക് ഒരു മാസം മുമ്പുതന്നെ അവർ എടുത്തുചാടി. കോഴിക്കോട്ടും കണ്ണൂരിലും കാസർകോട്ടും വയനാട്ടിലും തൃശൂരിലും പാലക്കാട്ടും ആവേശക്കാറ്റിന് ശക്തി കുറവല്ല. 
 
പതിനായിരങ്ങൾ മുടക്കി വീടിനും കാറിനും ബൈക്കിനും ഇഷ്ട ടീമിന്റെ നിറം പൂശിയവർ, ദേഹത്തും മുടിയിലും ഇഷ്ട ടീമിന്റെ നിറംപൂശിയവർ, സ്വന്തം വീട്ടുവളപ്പിൽവരെ ഫ്ളക്സ് വച്ചവർ, മുഴുവൻ സമയവും ഇഷ്ട ടീമിന്റെ ജഴ്സിയണിഞ്ഞുനടക്കുന്നവർ, നാലാളുകൂടുന്നിടത്തെല്ലാം ചർച്ച നെയ്മറുടെ പരിക്കും മെസിയുടെ പലസ്തീൻ  ഐക്യദാർഢ്യവും. ടീമുകളുടെ പതാകയുമേന്തി ബൈക്ക്‐കാർ റാലികൾ... റഷ്യയിൽ നടക്കുന്ന ഫിഫ ലോകകപ്പ് ഫുട്ബോളിനെ വരവേൽക്കാൻ വടക്കൻ കേരളം ആവേശക്കൊടുമുടിയേറുകയാണ്. 
 

തീക്കാറ്റുപിടിച്ച ഫ‌്ളക‌്സുകൾ

രസകരമായ ചില കിടമത്സരങ്ങളുമുണ്ട് ആരാധകർക്കിടയിൽ. ഇതിൽ ഏറ്റവും ഹരം ബോർഡുകളിലും ബാനറുകളിലും നിറയുന്ന വാക്പോരാണ്. “പഴയ കണക്കുതീർക്കാൻ റഷ്യയിലേക്കു ഞങ്ങൾ വരുന്നു. ഞങ്ങളുടെ വഴിയിൽപെടാതെ നോക്കിയാൽ നല്ലത്’’ ‐ബ്രസീൽ ടീമിന്റെ പോസ്റ്ററിലുള്ളതാണ്. അർജന്റീന ഇങ്ങനെ തിരിച്ചടിക്കുന്നു‐ ‘‘വിജയം അഹങ്കരിക്കാനുള്ള അവകാശമല്ല. പരാജയം അടിയറവിനുള്ള അനുവാദവുമല്ല’’. ക്രിസ്റ്റ്യാനോ റൊണാൾഡോ ആരാധകരും വിട്ടുകൊടുക്കുന്നില്ല‐ ‘‘മരിച്ചിട്ടില്ല എന്ന് ഉറപ്പുവരുത്തുംവരെ എതിരാളികൾ ഭയക്കണം, കാലകളിൽ മായാജാലം ഒളിപ്പിച്ച ഇവനെ...’’.   “ചങ്കാണ് ചങ്കിടിപ്പാണ് നെയ്മർ’ എന്ന് ബ്രസീൽ ഫാൻസ് എഴുതുമ്പോൾ അർജന്റീനയുടെ ആരാധകർ “ജീവനുള്ളിടത്തോളം കാലം പേടിക്കണം ഇടങ്കാലിലെ ഈ ഇന്ദ്രജാലക്കാരനെ’’  എന്ന് മെസിയുടെ ചിത്രത്തിനരികെ കുറിച്ചിട്ട് പ്രതിരോധിക്കും. മലപ്പുറം‐ പെരിന്തൽമണ്ണ റോഡിൽ കുന്നുമ്മലിൽ മെസിയുടെ ചൂണ്ടുവിരലിന്  അകലെ ചെമ്മങ്കടവിൽ നെയ്മറുടെ മറുപടിയുണ്ട് പത്തടി കട്ടൗട്ടിന്റെ ഉയരത്തിൽ.  
 
“വാക്കുകൾകൊണ്ട് അമ്മാനമാടാനല്ല, ഫുട്ബോൾകൊണ്ട് കണക്കു തീർക്കാനാണ് ഞങ്ങൾക്കിഷ്ടം, രാജാവും രാക്ഷസനുമില്ലാത്ത നേരത്ത് 7‐1ന്റെ സദ്യ വിളമ്പിയവരും അത് കട്ടുതിന്ന് ആഘോഷിച്ചവരുടെയും നെഞ്ചകം ഞങ്ങൾ ഗോളാരവങ്ങളുടെ സാംബതാളത്തിൽ പിളർക്കും’’. മുമ്പ് ജർമനിയോടേറ്റ കനത്ത പരാജയം മറക്കാതെ ബ്രസീലുകാരുടെ ഗർജനം. മഞ്ഞിക്കിളികൾ എത്ര ഉയരത്തിൽ പറന്നാലും അത് ഈ നീലകാശത്തിന് താഴെ എന്ന ഒറ്റ ഡയലോഗിൽ അർജന്റീനിയൻ ആരാധകർ വിട്ടു കൊടുക്കുന്നില്ല.”പറങ്കികളുടെ ചെങ്കൊടി നെഞ്ചോടുചേർക്കുന്നു ഈ ഏഴാം നമ്പറിന് വേണ്ടി’. ഇതാണ് ക്രിസ്റ്റ്യനോ റൊണാൾഡോയുടെ  ആരാധകർക്ക് പറയാനുള്ളത്. ജോ കിൻ ലോയുടെ കുട്ടികൾ സങ്കടപ്പെടാറില്ല അതാസ്വദിക്കാറേയുള്ളൂ. ഇത് ജർമൻ ടീമിനായി പൊന്മളയിൽ ഉയർന്ന ബോർഡിലെ വാചകം. ഇങ്ങനെ പോകുന്നു വാക്കിന്റെ ഫ്രീകിക്ക്. കവല്ലൂർ അന്യോന്നത്തിന്റെ മാതൃകയിൽ ടീമുകളുടെ സംവാദ മത്സരവും പതിവായിരിക്കുന്നു. കോഴിക്കോട്ട‌് നിപായും കണ്ണൂരിൽ ഫ്ളക്സ് നിരോധനവും തിരിച്ചടിയായിരുന്നു. എന്നാൽ, നിപാഭീതി ഒഴിഞ്ഞതോടെ കോഴിക്കോട്ടെ ആരാധകർ ആവേശത്തിലേക്ക് ഉണർന്നുതുടങ്ങി. നൈനാംവളപ്പ‌്, റഹ‌്മാൻ ബസാർ എന്നിവിടങ്ങളിൽ വൻ ഒരുക്കങ്ങളാണ‌്.  കണ്ണൂർ ജില്ലാ ഫുട്ബോൾ അസോസിയേഷൻ ലോകകപ്പ് നാളുകൾ അവിസ്മരണീയമാക്കാൻ സജ്ജമായിട്ടുണ്ട‌്. 
 
ഫുട്ബോൾ ആരാധനയുടെപേരിൽ അനിഷ്ടസംഭവങ്ങളൊന്നും വടക്കൻ കേരളിത്തിലെവിടെയും  ഒരിക്കലും റിപ്പോർട്ട് ചെയ്തിട്ടില്ല. മതമൈത്രിയുടെ പ്രതീകമാണ് ഈ ഫുട്ബോൾ ആരാധന. ഇവിടെ മതവും ജാതിയുമില്ല. ഫുട്ബോളാണ് അവരുടെ മതം. മെസിയും നെയ്മറും റൊണാൾഡോയും ദൈവങ്ങളും. 
 
 

മഞ്ഞപ്പച്ചക്കല്യാണം

തൃശൂരിൽ അടുത്തിടെ ഒരു കടുത്ത ബ്രസീൽ ആരാധകന്റെ വീട്ടിൽ കല്യാണത്തിന് എത്തിയവരുടെ കണ്ണുതള്ളി. കല്യാണപ്പന്തൽ ഒരുക്കിയത് മഞ്ഞയും നീലയും പച്ചയും നിറത്തിൽ. വിരുന്നുകാർക്ക് കൊടുത്ത സോഫ്റ്റ് ഡ്രിങ്കിന് മഞ്ഞനിറം ഡിസ്പോസിബിൾ ഗ്ലാസിന് നിറം പച്ച. പലഹാരങ്ങൾ മുഴുവൻ മഞ്ഞയും പച്ചയും നിറമുള്ളവ. വിവാഹവേഷത്തിനും അതേ നിറങ്ങൾ!
 
മതിലുകൾക്ക‌് ഇഷ്ട ടീമിന്റെ നിറംപൂശുന്നത് മുൻകാലങ്ങളിൽ പതിവായിരുന്നു. എന്നാൽ, ഇപ്പോൾ പ്രമുഖ കളിക്കാരുടെ ചിത്രങ്ങളും ചുമരിൽ വരച്ചുചേർക്കുന്നവർ നിരവധി. ചേട്ടൻ ബ്രസീൽ ആരാധകനും അനുജൻ അർജന്റീന ആരാധകനുമായതിനാൽ വീടിന്റെ താഴത്തെ നില്യ്ക്ക് മഞ്ഞ. മുകൾനിലയ്ക്ക് നീല.  
 

സിൽമാക്കളി വേണ്ട, കളി മതി

ബിഗ് സ്ക്രീനിൽ ലോകകപ്പ് കാണുന്നതാണ് കളിയാസ്വാദകർക്ക് കൂടുതൽ ഹരം. അതിനായി സിനിമ തിയറ്ററുകൾവരെ പതിവ് ഷോ ഒഴിവാക്കി ലോകകപ്പ് മത്സരങ്ങൾ പ്രദർശിപ്പിക്കും. മലപ്പുറത്തെ പല തിയറ്ററുകളും ഇതിനായി സജ്ജീകരിച്ചിട്ടുണ്ട്. ഓഡിറ്റോറിയങ്ങളും നാൽക്കവലകളും മൈതാനങ്ങളും ഇൻഡോർ സ്റ്റേഡിയങ്ങളും സ്ക്രീൻ ഒരുക്കുന്ന കേന്ദ്രങ്ങളാണ്.
 
നാട്ടിലെ സുഹൃത്തുക്കൾക്കൊപ്പമിരുന്ന് കളികാണാൻ വിദേശത്തുനിന്ന് അവധിയെടുത്ത് എത്തിയവരും കളി കാണാൻ റഷ്യയിലേക്ക് പോകുന്നവരുമുണ്ട്. മറ്റു സംസ്ഥാനങ്ങളിൽ ജോലിചെയ്യുന്നവരും ഈ സമയം നാട്ടിലേക്കുവരുന്നുണ്ട്. മലപ്പുറത്ത് ചിലയിടത്ത് ഇഷ്ട ടീമിന്റെ കളിയുള്ള ദിവസം ടീം ആരാധകർ പ്രത്യേക പൊതുയോഗംവരെ ചേരും. 
 
 

കളിയവിടെ, ബെറ്റിവിടെ

വടക്കൻ കേരളത്തിലെ ഫുട്ബോൾ ആരാധകർക്കിടയിൽ ഏറ്റവും പ്രചാരമുള്ള ഒരു ഏർപ്പാടാണ് വാതുവയ‌്പ‌്. റഷ്യയിൽ പന്തുരുളുംമുമ്പ് ഇവിടെ വാതുവയ‌്പ‌് തുടങ്ങി. എന്നാൽ, കളിക്കിടയിലുള്ള വാതുവയ‌്പാണ് കൂടുതൽ ആവേശകരം. സാധാരണപോലെ ആരു ജയിക്കും എന്നതിനുമാത്രമല്ല വാതുവയ‌്പ‌്. അടുത്ത ത്രോ ഏതു ടീമിനായിരിക്കും, അടുത്ത കോർണർ ആർക്കാകും, ആദ്യം ആര‌് ഗോളടിക്കും, ആദ്യ പകുതിയിലെ ഗോൾ മാർജിൻ എത്രയായിരിക്കും എന്നിങ്ങനെ കളിയിലെ ഓരോ നിമിഷവും ആസ്വദിച്ചുകൊണ്ടുള്ള വാതുവയ‌്പ‌്. മലപ്പുറത്തെയും കോഴിക്കോട്ടെയും തുണിക്കടകൾ മെസിയുടെയും നെയ്മറുടെയും ജഴ്സികൾ അണിഞ്ഞു കഴിഞ്ഞു.  
 
 

ഇതാ സോക്കർ കാർണിവൽ

പാലക്കാട് സാംസ്കാരിക കൂട്ടായ്മയായ പ്രഗതിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച സോക്കർ കാർണിവൽ പുതുമയായി. സോക്കർ ചലച്ചിത്രോത്സവം, നാടകോത്സവം, ഫുട്ബോൾ വീഡിയോ പ്രദർശനം, ജൻഡർ ന്യൂട്രൽ ഫുട്ബോൾ മത്സരം, ഷൂട്ടൗട്ട് മത്സരം, സ്ട്രീറ്റ് ഫുട്ബോൾ തുടങ്ങിയ പരിപാടികൾ ഇതോടനുബന്ധിച്ച് സംഘടിപ്പിച്ചു. 
പ്രധാന വാർത്തകൾ
 Top