15 June Tuesday

മാസ്‌ക്‌ ഒരു ‘മുഖ’വുര

ഇ പി രാജഗോപാലൻUpdated: Sunday May 10, 2020

മുഖംമൂടിയുടെ ചരിത്രം ആയിരമായിരം കൊല്ലങ്ങളുടെ ചരിത്രമാണ്‌. ആ ചരിത്രത്തിൽ ഇങ്ങനെയൊരു ഘട്ടം മുമ്പ്‌ ഉണ്ടായിട്ടില്ല. പൊടിയും നാറ്റവും അകറ്റാനായി വിടർന്ന കൈ മൂക്കിനും വായക്കും മേലെ ചേർത്തുവച്ചതാകണം മുഖംമൂടിയുടെ ആദ്യമാതൃക. അപ്പോഴുണ്ടായ രൂപമാറ്റത്തെ നാടകീകരിച്ചതിൽനിന്നാകണം പതുക്കെ അനുഷ്‌ഠാനങ്ങളിലേക്കും നാടകങ്ങളിലേക്കും മറ്റും വസ്‌തുക്കൾകൊണ്ടുള്ള മുഖംമൂടികൾ വന്നത്

 
 
ചരിത്രത്തിലെ ചില സന്ദർഭങ്ങൾ ചില വാക്കുകൾ പുതുതായി ഉണ്ടാക്കും. മറ്റു ചില വാക്കുകൾക്ക്‌ പുതിയ പ്രസക്തിയുണ്ടാകും. കോവിഡ്‌–-19ന്റെ ആഗോളവൽക്കരണത്തിനൊപ്പം കൂടിയ ആവൃത്തിയിൽ ഉപയോഗിക്കാൻ തുടങ്ങിയ വാക്കാണ്‌ ‘മാസ്‌ക്‌’.  ‘മാസ്‌ക്‌’ തീർച്ചയായും വാക്ക്‌ മാത്രമല്ല. അതൊരു വസ്‌തുവാണ്‌. ലക്ഷക്കണക്കിനാളുകൾ ആദ്യമായി ഉപയോഗിച്ചു തുടങ്ങിയ ഒന്ന്‌. ഇത്‌ പുതിയ കാഴ്‌ചയാണ്‌, പല രാജ്യങ്ങളിലും. 
 
‘മാസ്‌ക്‌’ ഒരു ഇംഗ്ലീഷ്‌ വാക്കായാണ്‌ സ്ഥിരപ്പെട്ടിരിക്കുന്നതെങ്കിലും പല ഭാഷാ ദേശീയതകളുമായും അതിന്‌ ബന്ധമുണ്ട്‌. വിശ്വാസയോഗ്യമായ ഒരു ചരിത്രം അറബിയിലെ ‘മാസ്‌ഖാര’ എന്ന വാക്കിൽനിന്നാണ്‌ അത്‌ വന്നത്‌ എന്നതാണ്‌. ലത്തീൻ‐ ഇറ്റാലിയൻ‐ഫ്രഞ്ച്‌ ഭാഷകൾവഴിയാണ്‌ രൂപമാറ്റങ്ങളോടെ ഈ വാക്ക്‌ യാത്രചെയ്‌ത്‌ ഇംഗ്ലീഷിൽ ‘മാസ്‌ക്‌’ ആയി ഉറച്ചത്‌. ‘മാസ്‌ഖാര’ എന്നാൽ കോമാളി. ‘സഖിര’ എന്നാൽ പരിഹസിക്കുക എന്നർഥം. അറബിയിലെ കോമാളിവേഷത്തിൽനിന്നാണ്‌ ‘മാസ്‌ക്‌’ വന്നത്. ഇന്ത്യൻ വാക്കായ ‘മുഖ’വും ‘മാസ്‌കും’ തമ്മിലുള്ള ശബ്ദസാമ്യവും കണക്കിലെടുക്കാവുന്നതാണ്. 
 
 
വേഷപ്രച്ഛന്നതയ്‌ക്കും രംഗപ്രകടനങ്ങൾക്കും കലാപരിപാടികൾക്കുമൊക്കെ ആയിരക്കണക്കിനു കൊല്ലമായി അതുപയോഗിക്കുന്നു.  മുഖത്തിന്റെ ഇരട്ടിപ്പാണ്‌ മാസ്‌ക്, പക്ഷേ, വേറൊരു മുഖം. സാധാരണനിലയിൽ ഒരാൾക്ക്‌ വേറൊരാളായി പ്രത്യക്ഷപ്പെടാനുള്ള സാധ്യതയില്ല. ഈപരിമിതി മറികടക്കാനുണ്ടാക്കിയ സാംസ്‌കാരിക സംവിധാനമാണ്‌ മാസ്‌കായിത്തീർന്നത്‌.
 
അനുഷ്‌ഠാനങ്ങളിൽ സാധാരണ മനുഷ്യർക്ക്‌ അസാധാരണമായ രൂപത്തിൽ പ്രത്യക്ഷപ്പെടണം. മറ്റേത്‌ വേഷം മാറ്റത്തേക്കാളും ‘ശ്രദ്ധേയ’മായിത്തീരുക മുഖംമാറലാണ്‌. അമാനുഷികമായ തരത്തിലുള്ള സങ്കൽപ്പങ്ങൾ മുഖംമാറ്റംകൊണ്ട്‌ കാട്ടിക്കൊടുക്കാനാകും. മുഖംമൂടിയിട്ടയാളുടെ ശബ്ദത്തിനും വേറൊരു ഭാവമുണ്ടാകും. മുഖംമൂടിയിലൂടെ കടന്നുവരുന്ന ഒച്ച ഒരുതരത്തിൽ അലൗകികമാകും.
 
ആഫ്രിക്കയാണ്‌ മാസ്‌കുകളുടെ സ്വന്തം നാട്‌. വിവിധ ആഫ്രിക്കൻ ഗോത്ര ദേശീയതകളിൽ പലതരം മാസ്‌കുകളുണ്ട്‌. പല വസ്‌തുക്കൾകൊണ്ട്‌ ഉണ്ടാക്കിയ, പല സന്ദർഭങ്ങളെയും അനുഷ്‌ഠാനങ്ങളെയും ആഘോഷങ്ങളെയും സവിശേഷമാക്കുന്ന മാസ്‌കുകളുടെ ഒരു സ്വാഭാവിക മ്യൂസിയമാണ്‌ ആഫ്രിക്കയിലെ ഗോത്രജീവിതം. മാസ്‌കുകളെമാത്രം ശ്രദ്ധിച്ചുകൊണ്ട്‌ ആഫ്രിക്കൻ ജനതകളുടെ ഒരു സമാന്തര (ജീവിത) ചരിത്രം എഴുതാനായേക്കും. അനുഷ്‌ഠാനങ്ങളിലേക്ക്‌ കാണികളുടെ ശ്രദ്ധയാകർഷിക്കാനുള്ള ഏറ്റവും പ്രധാനപ്പെട്ട ഉപാധിയാണ്‌ മുഖംമൂടി. ഓരോ മാസ്‌കും അനന്വയമാണ്‌. അതിന്‌ അർഥമുണ്ട്‌. അതിനെ പിന്തുണയ്‌ക്കുന്ന മിത്തോളജിയുണ്ട്‌. നമ്മുടെ തെയ്യത്തിന്റെയും പടയണിയുടെയും കോലങ്ങളിൽ ഇതേ ‘മാസ്‌കിസം’ കാണാം. ജീവിതത്തേക്കാൾ വലിയ, വ്യത്യസ്‌തമായ ദൃശ്യത്തെ അവതരിപ്പിച്ചത്‌, അലൗകിക പ്രതീതി ഉളവാക്കാനാണ്‌ റിച്വൽ മാസ്‌കുകൾ പ്രയോജനപ്പെടുന്നത്‌.
 
അധികാരഭാവം മിക്ക അനുഷ്‌ഠാന മുഖംമൂടികൾക്കുമുണ്ട്‌. സന്തോഷവും സമാധാനവും സൂചിപ്പിക്കുന്ന മാസ്‌കുകൾ പൊതുവെ കുറവാണ്‌. ക്രിസ്‌മസ്‌ അപ്പൂപ്പന്റെ‐ സാന്റാക്ലോസ്‌‐ മാസ്‌കുപോലെയല്ല മിക്ക പരമ്പരാഗത മാസ്‌കുകളും. വിശ്വാസവും ഭക്തിയും അനുസ്‌മരണവും കീഴടങ്ങലും കനത്ത തോതിൽ ആവശ്യപ്പെടുന്നവയാണവ. മലയാള ചലച്ചിത്ര സംവിധായകൻ ജി അരവിന്ദൻ Mask and Head Gears എന്നൊരു ഡോക്യുമെന്ററി ഫിലിം നിർമിക്കാൻ ഉദ്യമിച്ചിരുന്നു‐ മുഖംമൂടികളും തിരുമുടികളും. അതിന്റെ അടിസ്ഥാന തത്വമായി സങ്കൽപ്പിച്ചിരുന്നത്‌ ഇതാണ്‌.
 
ഇതിന്റെ തുടർച്ചയാണ്‌ തിയറ്റർ മാസ്‌കിൽ കാണാനാകുക. നാടകവേദി അനുഷ്‌ഠാനവേദിയുടെ തുടർച്ചയാകയാൽ ഇത്‌ സ്വാഭാവികമാണ്‌. അസാധാരണതയും ആശയപ്രാധാന്യവും ഉന്നംവച്ചുകൊണ്ടാണ്‌ മുഖംമൂടികളുടെ അരങ്ങ്‌ ഇന്നും തുടരുന്നത്‌. പ്രതീകാത്മകതയുടെ താൽപ്പര്യങ്ങളും മാസ്‌കുകളുടെ ഉപയോഗത്തിൽ എത്തിച്ചേരാറുണ്ട്‌. കള്ളന്മാരും കൊള്ളക്കാരും തിരിച്ചറിയാതിരിക്കാനാണ്‌ മുഖംമൂടി ഇടുന്നത്‌. അപ്പോൾത്തന്നെ അനുഷ്‌ഠാനങ്ങളിലും നാടകങ്ങളിലുമുള്ള അധികാരത്തിന്റെയും സംഭ്രമത്തിന്റെയും കീഴടക്കലിന്റെയും അന്തരീക്ഷമൊരുക്കാനും കുറ്റവാളികളുടെ മുഖംമൂടികൾ ഉതകുന്നുണ്ട്‌.
 
മാസ്‌ക് വ്യക്തികളെ വ്യക്തികളല്ലാതാക്കുന്നു എന്നൊരു നിരീക്ഷണമുണ്ട്‌. ശസ്‌ത്രക്രിയാ മുറിയിൽ മുഖംമൂടിയിട്ട്‌ പ്രവർത്തിക്കുന്ന ഡോക്ടർക്ക്‌ ആരോഗ്യപരമായ കാരണങ്ങൾ മാത്രമല്ല ഉള്ളത്‌. അപ്പോൾ ഡോക്ടർ മാത്രമാണ്‌. അത്‌ സ്വയം ബോധ്യപ്പെടാൻകൂടിയാണ്‌ മുഖമൂടി അണിയുന്നത്‌. വ്യത്യസ്‌തമായൊരു ആവരണം മുഖത്ത്‌ വരുമ്പോൾ പ്രവൃത്തിയിലുള്ള ഏകാഗ്രത വർധിക്കുമെന്നതാണ്‌ ഇതിലെ തത്വം. ഓപ്പറേഷൻ തിയറ്ററിലെ സഹായികളുടെ കാര്യവും ഇതുതന്നെ. നിർവ്യക്തീകരണത്തിലൂടെ ശ്രദ്ധ വർധിപ്പിക്കുക എന്നതാണ്‌ സർജിക്കൽ മുഖംമൂടികൾ ചെയ്യുന്നത്‌. ഈ തിയറ്ററിൽ വസ്‌ത്രഘടന മൊത്തത്തിൽ വ്യത്യസ്‌തമാണ്‌. അതിന്റെ ഭാഗം മാത്രമാണ്‌ മുഖംമൂടി. അവർ രോഗിയുടെ രക്ഷയ്‌ക്കായി ലോകത്തിന്റെ സാധാരണ വ്യവഹാരങ്ങളിൽനിന്ന്‌ വിടുതിനേടി പ്രവർത്തിക്കുന്നു.
 
മാസ്‌ക്‌ 2020 മാർച്ചോടെ നിത്യോപയോഗ വസ്‌തുവായി തീർന്നിട്ടുണ്ട്‌. ധാന്യവും മരുന്നും വെള്ളവുമൊക്കെപ്പോലെ. ഇതേപ്പറ്റി ലോകത്തിൽ എല്ലായിടത്തും ജനങ്ങളും അധികാരികളും സംസാരിക്കുന്നു. മാസ്‌കുകൾ  ലോകത്തെ ഒരുതരത്തിൽ ഏകീകരിച്ചിരിക്കുന്നു.
 
ഇതുവരെ വ്യവഹാരങ്ങളായാണ്‌ മുഖംമൂടി പ്രധാനമായും പ്രവർത്തിച്ചുവന്നത്‌. അനുഷ്‌ഠാനങ്ങളിലെയും രംഗപ്രകടനങ്ങളിലെയും ശസ്‌ത്രക്രിയാ മുറിയിലെയും കുറ്റകൃത്യങ്ങളിലെയും മുഖംമൂടികളേക്കാൾ വ്യാപകമായിരുന്നത്‌ അതിന്റെ രൂപകാത്മകമായ (metaphorical) പ്രയോഗമാണ്‌. കാപട്യം, ഒപ്പിച്ചുമാറൽ, സാമർഥ്യം തുടങ്ങിയ ശീലങ്ങളുടെ രീതിയെക്കുറിച്ചും പരിണതിയെക്കുറിച്ചും പറയുമ്പോൾ ‘മുഖംമൂടി’ എന്ന രൂപകം എല്ലാ ഭാഷകളിലും ഉയർന്നുവരുന്നുണ്ടാകും. ‘‘നാമെല്ലാം, രൂപകാത്മകമായി പറഞ്ഞാൽ, മുഖംമൂടികളണിയുന്നു. വാസനാസഞ്ചയത്തെ (id)‌ നാം മറച്ചുപിടിക്കുകയും മെച്ചപ്പെട്ട സാമൂഹ്യ സ്വകാര്യതയ്‌ക്കായുള്ള ഒരു രൂപം (സ്വയം) സ്വീകരിക്കുകയും ചെയ്യുന്നു’’ എന്നുപറയുന്ന ഒരു ഡോ. ആർതർ ന്യൂമാനെക്കുറിച്ച്‌ കേട്ടറിവുണ്ട്‌. ‘‘നമ്മൾ ഓരോ സുഹൃത്തിനുവേണ്ടിയും ഓരോ മുഖം സൂക്ഷിക്കുന്നു’’ എന്ന ഒലിവർ ഹോംസിന്റെ പരിഹാസം പ്രശസ്‌തം‌. ‘വ്യക്തിത്വം’ എന്ന വാക്കുപോലെ സുതാര്യമല്ല ‘personanlity’. ‘വ്യക്തി’യെപ്പോലെയല്ല ‘person’. കാരണം ഇതാണ്‌. Persona എന്ന വാക്കാണ്‌ ഇവയുടെ മൂലം. മുഖംമൂടി എന്നാണ്‌ ഈ ലത്തീൻ വാക്കിന്റെ തനിപ്പൊരുൾ. 1917ൽ കാൾ യുങ്‌ ബാഹ്യവ്യക്തിത്വം എന്ന അർഥത്തിൽ persona ഉപയോഗിച്ചപ്പോൾ ഈ തനിയർഥമാണ്‌ കണക്കിലെടുത്തത്‌. ഓരോ സന്ദർഭത്തെയും കൈകാര്യം ചെയ്യാനായി ഒരാൾ അണിയുന്ന ഭാവങ്ങളുടെ സംഘതംമാത്രമാണ്‌ അയാളുടെ വ്യക്തിത്വം. Personality എന്ന വാക്കിൽ ഈ പൊരുൾകൂടി ഉണ്ട്‌. സാൽമൻ റുഷ്‌ദി ഒതുക്കിപ്പറയുന്നുണ്ട്‌: ‘‘മുഖംമൂടികൾക്കു കീഴെ മുഖംമൂടികൾ. അവയ്‌ക്ക് കീഴെ തലയോട്ടി എന്ന ചോരയില്ലാത്ത അസ്ഥി.’’ സന്ദർഭാനുസരണം, ഔചിത്യദീക്ഷ തുടങ്ങിയ വാക്കുകൾ നല്ല പെരുമാറ്റത്തെക്കുറിച്ചു പറയുമ്പോൾ പൊതുവേ ഉപയോഗിക്കാറുണ്ട്‌. ശരിയായ മുഖംമൂടികളണിയൂ എന്നാണ്‌ ഈ പ്രയോഗങ്ങൾ സൗമ്യമായി പറഞ്ഞുതരുന്നത്‌. ‘മാന്യതയുടെ മുഖംമൂടി’ എന്നത്‌ മലയാളത്തിൽ ഒരു ശൈലിയായിട്ടുണ്ട്‌. മാന്യതയെന്ന സങ്കൽപ്പത്തിലുള്ള സമൂഹത്തിന്റെ സംശയമാണ്‌, അതൃപ്‌തിയാണ്‌ അത്‌ ഭാഷയിൽ ഇന്നും ജീവിക്കുന്നതിന്റെ കാരണം. തനിനിറം എന്നൊന്ന്‌ ഇല്ല. ഓരോ സന്ദർഭത്തിലെയും പെരുമാറ്റങ്ങളേ ഉള്ളൂ. ഇവയുടെ സമുച്ചയമാണ്‌ ഒരാൾ.  
 
ലോകത്തിലെ ഏതാണ്ട്‌ എല്ലാ രാജ്യങ്ങളെയും ഒരേകാലത്ത്‌ ബാധിച്ച ഒരു രോഗം ചരിത്രത്തിൽ ഇതാദ്യമാണ്‌ എന്നുവേണം വിചാരിക്കാൻ. അങ്ങനെയൊന്നിനാകട്ടെ ഒരു മരുന്നുമില്ല. വൈറസ്‌ബാധ ഉണ്ടാക്കുന്ന അവസ്ഥകളെ പ്രത്യേകമായെടുത്ത്‌ അതിനെ ചികിത്സിക്കാനേ പറ്റുന്നുള്ളൂ. ഇത്‌ വല്ലാത്ത ഒരു നിലയാണ്‌. ഈ അവസ്ഥയിൽ പ്രതിരോധം എന്നത്‌ ഏറ്റവും പ്രധാനമായിത്തീരുന്നു. രോഗപ്പടർച്ച കഴിയുന്നത്ര കുറയ്‌ക്കുക എന്നതാണ്‌ കാര്യം. ഈ രണ്ട്‌ ലക്ഷ്യങ്ങളും നേടുന്നതിന്റെ ഭാഗമാണ്‌ ഇപ്പോൾ ‘സാധാരണമായ നാടകീയത’യായി തീർന്നിട്ടുള്ള മാസ്‌കിന്റെ ഉപയോഗം. രോഗികളും ചികിത്സകരും ഗവേഷകരും മാത്രമല്ല, താമസസ്ഥലത്തുനിന്ന്‌ പുറത്തിറങ്ങുന്ന ഏതൊരാളും മാസ്‌കണിയണം എന്ന്‌ നിഷ്‌കർഷിക്കുന്ന നിരവധി രാജ്യങ്ങളുണ്ട്‌. ഇത്‌ ഒരു ആഗോളതത്വമായി കഴിഞ്ഞിരിക്കുന്നു. മുഖംമൂടി അണിയാത്തവർക്ക്‌ നഷ്ടപ്പെടാൻ വളരെയുണ്ടെന്ന പ്രബോധനം പ്രബലമാണ്‌. കേരളത്തിൽ ഇക്കാര്യം പിഴശിക്ഷകൂടി പരസ്യപ്പെടുത്തിക്കൊണ്ട്‌ വ്യക്തിമാക്കിക്കഴിഞ്ഞിരിക്കുന്നു. സ്‌കൂൾകുട്ടികൾ ഈ മഹാമാരി അകന്നുവെന്ന്‌ കരുതാവുന്ന അവസ്ഥയുണ്ടായാലും മാസ്‌ക്‌ അണിയുന്നത്‌ നല്ലതാണെന്നും ധാരണയായിരിക്കുന്നു. പൊതുജനങ്ങൾ വലിയ സമ്മർദമില്ലാതെതന്നെ മാസ്‌ക് അണിയാൻ തയ്യാറാകുന്നുണ്ട്‌. മാസ്‌ക്‌ വസ്‌ത്രത്തിന്റെ, സിവിൽ സമൂഹജീവിതത്തിന്റെ ഭാഗമായിക്കഴിഞ്ഞിരിക്കുന്നു. മാസ്‌ക്‌ വിതരണം നടത്തുന്നതിന്റെ മാധ്യമവാർത്തകൾ സാധാരണമായിരിക്കുന്നു.
 
(നല്ലയർഥത്തിൽ) മുഖംമൂടികളുടെ സമൂഹം രൂപംകൊള്ളുകയാണ്‌. പൊതുവഴികളിൽ മുഖംമൂടികളുടെ നീക്കം. സ്ഥാപനങ്ങളിലും കാര്യാലയങ്ങളിലും മുഖംമൂടിയിട്ടവർ. മുഖംമൂടി വേണ്ട എന്ന്‌ തീരുമാനിച്ചയാൾ സാമൂഹ്യവിരുദ്ധനായിത്തീരുന്നു‐ അയാൾ ശിക്ഷാർഹമായ കുറ്റം ചെയ്‌തയാളാണ്‌. മുഖംമൂടി കാലങ്ങളായി നിലനിന്നുപോന്നത്‌ ‘സവിശേഷത’യുടെ മണ്ഡലത്തിലായിരുന്നെങ്കിൽ ഇപ്പോൾ അത്‌ ‘ദൈനംദിനത’യുടെ (everydayness) ഭാഗമായിത്തീർന്നിരിക്കുന്നു.
 
മുഖംമൂടിയുടെ ചരിത്രം ആയിരമായിരം കൊല്ലങ്ങളുടെ ചരിത്രമാണ്‌. ആ ചരിത്രത്തിൽ ഇങ്ങനെയൊരു ഘട്ടം മുമ്പ്‌ ഉണ്ടായിട്ടില്ല. പൊടിയും നാറ്റവും അകറ്റാനായി വിടർന്ന കൈ മൂക്കിനും വായക്കുംമേലെ ചേർത്തുവച്ചതാകണം മുഖംമൂടിയുടെ ആദ്യമാതൃക. അപ്പോഴുണ്ടായ രൂപമാറ്റത്തെ നാടകീകരിച്ചതിൽനിന്നാകണം പതുക്കെ അനുഷ്‌ഠാനങ്ങളിലേക്കും നാടകങ്ങളിലേക്കും മറ്റും വസ്‌തുക്കൾകൊണ്ടുള്ള മുഖംമൂടികൾ വന്നത്‌. സാധാരണ ജീവിതത്തിൽ പൊതുവേ ഇല്ലാത്തതാണ്‌ മുഖംമൂടി. അതിനാൽ, ‘മുഖംമൂടി’ എന്ന വാക്കിൽ നിഷേധാത്മകത നിലനിൽക്കുന്നു. അതിനാൽ, കേരളത്തിൽ ‘മാസ്‌ക്‌’ എന്നുതന്നെയാണ്‌ മിക്കവരും പറയുന്നത്‌ (വിവർത്തനത്തിൽ അത്‌ ‘മുഖംമൂടി’യാകാതെ ‘മുഖാവരണ’മായി മാന്യത നേടുന്നു). മാസ്‌ക്‌ എന്ന വാക്ക്‌ സ്‌കൂൾപോലെ, ബെഞ്ചുപോലെ മലയാളത്തിലേക്ക്‌ സ്വീകരിക്കപ്പെട്ടുകഴിഞ്ഞിരിക്കുന്നു. എഴുത്തിലല്ലാതെ, പറച്ചിലിൽ ‘മുഖാവരണം’ വരാറില്ല. അന്തരീക്ഷമലിനീകരണം ഭയന്നും മറ്റും ഒരുപാട്‌ വിദേശനാടുകളിലെ ആൾക്കാർ മുമ്പേ പൊതുവിടങ്ങളിൽ മാസ്‌ക്‌ ധരിക്കുന്നുണ്ടെന്നും അത്‌ അവരുടെ സംസ്‌കാരത്തിന്റെ ഭാഗമായെന്നും ആ സുരക്ഷാമാതൃക ഇവിടെയും കൈക്കൊള്ളേണ്ടിവരുമെന്നും  മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞിരുന്നു. മാസ്‌കിന്‌ പുതിയ ചരിത്രം ഉണ്ടാകുകയാണ്‌‐ അതിന്‌ വ്യത്യസ്‌തമായ സ്വീകാര്യത കൈവരികയാണ്‌. അത്‌ അനിവാര്യമാണെന്നുതന്നെ വന്നിരിക്കുന്നു.
 
മാസ്‌ക്‌ സ്ഥിരമായി അണിയേണ്ട ഒരു ലോകാവസ്ഥയുടെ സാധ്യത തള്ളിക്കളഞ്ഞുകൂടാ. മാസ്‌കിന്റെ കൂടിയ ഉപയോഗം വ്യക്തികളുടെ കാഴ്‌ചയിൽ മൗലികമായ മാറ്റങ്ങളായി തെളിയാനിടയുണ്ട്‌. ‘ഒരാൾ’ മറ്റൊരാൾക്ക്‌ വലിയൊരളവിൽ അയാളുടെ മുഖം ആണ്‌. ഒരാൾ കൂടുതലായി സ്വയം ശ്രദ്ധിക്കുന്നതും സ്വന്തം മുഖംതന്നെ. വ്യക്തികളുടെ ഫോട്ടോകളിൽ ഏറ്റവും കൂടുതലുള്ള ശരീരഭാഗം മുഖമാണ്‌. നേരിൽക്കാണാതെ മിക്കവരെയും മറ്റുള്ളവർ ഓർക്കുന്നത്‌, പ്രധാനമായും മുഖഫോട്ടോകൾകൊണ്ടാണ്‌. വ്യക്തിത്വത്തിന്റെ പര്യായമാണ്‌ (ദൃശ്യതലത്തിൽ) മുഖം.
 
മുഖത്തിന്റെ ഏറ്റവും പ്രാഥമികവും സാധാരണവുമായ ആവിഷ്‌കാരമാണ്‌ ചിരി‐ പലതരത്തിലുള്ളവ. അവയുടെ സാധ്യത ഏതാണ്ട്‌ മുഴുവനായും ഇല്ലാതാക്കുന്നതാണ്‌ മാസ്‌ക്‌. മുഖംതന്നെ വലിയൊരളവിൽ ‘ഇല്ലാതാകുക’യാണ്‌. ആ സ്ഥാനത്ത്‌ തുണിയോ സമാനസ്വഭാവത്തിലുള്ള വസ്‌തുവോ വരുന്നു. ഇത്‌ മനുഷ്യസംവേദനത്തിൽ ഉണ്ടാക്കാനിടയുള്ള മാറ്റങ്ങളെക്കുറിച്ച്‌ ഈ ഘട്ടത്തിൽ ഊഹങ്ങളേ സാധ്യമാകൂ. ചുണ്ടുകളുടെയും കവിളുകളുടെയും പ്രകടനസാധ്യത തടയപ്പെടുന്നതോടെ, നെറ്റിയുടെയും പുരികങ്ങളുടെയും പ്രവർത്തനംകൂടാനിടയുണ്ട്‌. വീട്ടിനകത്ത്‌ മാസ്‌കില്ലെങ്കിൽ, അകത്തും പുറത്തും രണ്ട്‌ സംവേദനവ്യവസ്ഥകൾതന്നെ സ്വയമേവ ഉണ്ടായിവന്നേക്കാം. മുഖേതരമായ (extra-‐facial) പ്രകടനങ്ങളും ഏറും. കൈകൾ കൂടുതൽ ഉപയോഗിച്ചേക്കാം. ശബ്ദാദിപാദനങ്ങൾ കൂടിയേക്കാം. മുഖസൗന്ദര്യത്തെ സംബന്ധിച്ച സാഹിത്യ‐കലാ പ്രമാണങ്ങൾക്ക്‌ ദൈനംദിനമൂല്യം നഷ്ടപ്പെടാനും ഇടകാണുന്നു. സർവൈലൻസ്‌ ക്യാമറകളിൽ മുഖം സമഗ്രമായി പതിയില്ല എന്നതിനാൽ തെളിവ്‌ (evidence) എന്നത്‌ പുനഃക്രമീകരിക്കേണ്ട പരികൽപ്പനയായിത്തീരും. 
 
മാസ്‌ക്‌ ഒരു സാംസ്‌കാരിക സ്ഥലം എന്ന നിലയിൽ കൂടുതൽ ശ്രദ്ധനേടുമെന്ന്‌ ഉറപ്പാണ്‌. ഉടുപ്പിന്റെ നിറങ്ങൾക്കോ ഭാവങ്ങൾക്കോ ചേരുന്ന ഡിസൈനർ മാസ്‌കുകൾ വിപണിയിൽ വരും; പരസ്യപ്രദർശനത്തിന്റെ ഒരു സ്ഥലമായി മാസ്‌ക്‌ ചിലരെങ്കിലും ഉപയോഗിക്കും;   സമരങ്ങളുടെ വാക്കുകളും ചിത്രങ്ങളും മാസ്‌കിൽ വന്നേക്കാം; ഒരു പ്രത്യേകദിവസം എല്ലാവരും ഒരേ പോലുള്ള മാസ്‌ക്‌ അണിയണമെന്ന നിർദേശം അധികാരികൾ നൽകിയേക്കാം. സ്വന്തം നിലയിലുള്ള മാസ്‌കുകൾ സ്വത്വദ്യോതകമായി (ചെറു) സംഘങ്ങൾ ഉപയോഗിക്കാൻ തീരുമാനിച്ചേക്കാം; ആഘോഷമാസ്‌കുകൾ സാധാരണമായേക്കാം. ബധിര‐മൂക ജനതയുടെ ആവശ്യത്തിനായി സുതാര്യമായ മാസ്‌കുകൾ വന്നേക്കും. ഇതിനെയെല്ലാം പിന്തുണയ്‌ക്കുന്ന പൊതുതത്വം ആരോഗ്യസംരക്ഷണവും രോഗപ്രതിരോധവും രോഗവ്യാപനനിയന്ത്രണവുമാകയാൽ മാസ്‌കിനെ ആസ്‌പദിച്ചുള്ള ഏത്‌ ആവിഷ്‌കാരവും സ്വന്തം നിലയിൽ വിമാർശനാതീതമായി മാറാനും ഇടയുണ്ട്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..----
പ്രധാന വാർത്തകൾ
-----
-----
 Top