26 January Sunday

70 പ്രകാശ വര്‍ഷം

സജയ് കെ വി sajaikv@yahoo.comUpdated: Sunday Feb 10, 2019

 

"എനിക്ക് രസമീ നിമ്നോന്നതമാം
വഴിക്ക് തേരുരുൾ പായിക്കൽ
ഇതേതിരുൾക്കുഴി മേലുരുളട്ടെ-
വിടില്ല ഞാനീ രശ്മികളെ'
 
എന്ന ഇടശ്ശേരിക്കവിതയിലെ ഈരടി, താൻ ഇടയ്ക്കിടെ ഓർക്കാറുണ്ട് എന്നൊരു സത്യവാങ്മൂലം കാണാം 2002ൽ പ്രസിദ്ധീകരിച്ച "ടി പത്മനാഭന്റെ കഥകൾ -സമ്പൂർണം' എന്ന സമാഹാരത്തിന് കഥാകാരനെഴുതിയ മുഖവുരയിൽ. ജീവിതാനുഭവങ്ങളുടെ കൊഴുത്ത ഇരുട്ടിൽനിന്ന് പരതിക്കിട്ടിയ പ്രത്യാശയുടെ ഏതാനും ചില വെള്ളിനൂലുകൾകൊണ്ട് കഥനെയ്യുകയാണ് പത്മനാഭൻ, കഴിഞ്ഞ ഏഴ് പതിറ്റാണ്ടായി. അതിനിടെ മലയാളചെറുകഥയും ഭാവുകത്വവും ഏറെ മാറി. ആധുനികതയുടെ ആരവങ്ങളുയുർന്നടങ്ങുകയും ആധുനികാന്തരം, രണ്ടുതലമുറകളെങ്കിലും കഥാസാഹിത്യത്തിൽ തങ്ങളുടെ എഴുത്തടയാളങ്ങൾ പതിക്കുകയും ചെയ്തു. പ്രഭാതത്തിലെ വെയിൽപോലെ വളർന്നുകൊണ്ടിരുന്ന മലയാള ചെറുകഥയുടെ ഈ ഋതുഭേദങ്ങളിലെല്ലാം ടി പത്മനാഭനുണ്ടായിരുന്നു, മാറാത്ത, മായാത്ത ഒരു ഋതുപോലെ. ആ ഋതുവിന്റെ മികച്ച പൂക്കളും കനികളും നമ്മുടെ ചെറുകഥാസാഹിത്യത്തിന്റെകൂടി മികവിന്റെ മുദ്രകളായി മാറിയിരിക്കുന്നു. പ്രകാശം പരത്തുന്ന ഒരു പെൺകുട്ടിയും മഖൻസിങ്ങിന്റെ മരണവും ഗൗരിയും കടലും യാത്രയും മഞ്ഞനിറമുള്ള റോസാപ്പൂവും ദേശ്‐-ഒരു ഹിന്ദുസ്ഥാനിരാഗവും കറുത്തകുട്ടിയും കാലഭൈരവനും  ചർച്ചചെയ്യാതെ നമ്മുടെ കഥാചർച്ചകൾ പൂർണമാകുന്നതെങ്ങനെ? ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ രണ്ടാംദശകത്തിനൊടുവിലും ടി പത്മനാഭൻ മനോഹരമായ ഒരു ചെറുകഥയെഴുതി "മരയ' എന്ന പേരിൽ. തൊണ്ണൂറുകളിൽ "ഗൗരി' എഴുതി, മലയാളിയുടെ പ്രണയഭാവനയുടെ മഴവില്ലിനോട് അതുവരെ കാണപ്പെടാത്ത പുതിയൊരു വർണം കൂട്ടിച്ചേർത്ത കഥാകാരൻ സ്ത്രീ-‐പുരുഷബന്ധങ്ങളുടെ അതിലോലമായ തന്ത്രിയിൽ ഒരിക്കൽക്കൂടി വിരലമർത്തിയപ്പോൾ ഉയർന്നകേട്ട അപൂർവരാഗമായിരുന്നു അത്. ഏകാകിതയുടെ തമസ്സു ബാധിച്ച പത്മനാഭന്റെ കഥാലോകത്തെ ഭാസുരമാക്കുന്ന ‘സ്ഫുടതാരക'ങ്ങളിൽ പലതിന്റെയും ഒത്തിരിപ്പു ദൃശ്യമായിരുന്നു ആ കഥയിൽ‐ കവിത, സംഗീതം എന്നിങ്ങനെ.
 

ആശാൻ കവിതയുടെ പരിമളം

 
കവിതയെപ്പറ്റി പറയുമ്പോൾ, അത‌് പത്മനാഭന്റെ കാര്യത്തിലാകുമ്പോൾ, ആശാൻ കവിത എന്നുതന്നെ പറയണം. ആശാൻ കവിതയുടെ ആദൃശ്യഭാവപരിമളം ശ്വസിക്കാം ആ കഥാലോകത്ത് എവിടെത്തിരിഞ്ഞാലും. 
 
ആ അർഥത്തിൽ പത്മനാഭന്റെ രചനാജീവിതത്തിന് എഴുപതാണ്ട്‌ തികയുന്ന 2019ൽത്തന്നെ ആശാന്റെ "ചിന്താവിഷ്ടയായ സീത'യുടെ ജന്മശതാബ്ദിയും കൊണ്ടാടപ്പെടുന്നു എന്നതിൽ സവിശേഷവും സൂക്ഷ്മവുമായ ഒരു കാവ്യനീതിയുടെ നിറവേറലുണ്ട്. പത്മനാഭന്റെ പ്രധാനപ്പെട്ട കഥകളിലൊന്നിലെ (കടൽ) സ്ത്രീയിൽ ചിന്താവിഷ്ടയായ സീതയുടെ രൂപസാമ്യവും ഭാവസാമ്യവും ആദ്യം കണ്ടെത്തിയത് വിമർശകനായ എം തോമസ് മാത്യുവായിരുന്നു (1998ൽ പ്രസിദ്ധീകരിച്ച അദ്ദേഹത്തിന്റെ "ആത്മാവിന്റെ മുറിവുകൾ' എന്ന പത്മനാഭൻ കഥകളുടെ പഠനത്തിൽ അതുവായിക്കാം). ഇരുളിൽ തനിച്ചിരുന്നോർക്കുമ്പോൾ ഭൂതകാലത്തിന്റെ അവ്യക്തദൂരങ്ങളിൽനിന്ന‌് ക്രമേണ തെളിവാർന്നുവരുന്ന സ്മൃതികണങ്ങളാൽ വിതാനിച്ച കഥാലോകമാണ് പത്മനാഭന്റേത്. അതിനാൽ, "മരയ'യോ കടലിലെ അമ്മയോ മാത്രമല്ല, "അതിചിന്ത' വഹിച്ച സീതയുടെ വിദൂരസാദൃശ്യത്താൽ പരിവേഷപ്പെടുന്നത്. പത്മനാഭന്റെ കഥാലോകത്തെമ്പാടും കാണാം ഇത്തരം ചിന്താവിഷ്ടരുടെ പെരുക്കങ്ങൾ. ഏകാകികളുടെ ആൾക്കൂട്ടമായി സങ്കൽപ്പിക്കാം ആ കഥാപാത്രപ്രപഞ്ചത്തെ. തന്നിൽ, തന്റെ വിചാരമൂകതയുടെ ഒരു കോണിൽ, തനിച്ചിരുന്നുകൊണ്ട് അവർ തന്നെയും താൻ തനിച്ച‌് നടന്നുപിന്നിട്ട ജീവിതപ്പാതയിലെ നിഴൽ-വെളിച്ചങ്ങളെയും, പിൻനോട്ടത്താൽ കാണുന്നു. എന്നോ കൊഴിഞ്ഞ പൂക്കളിൽ സംഭൃതമായിരുന്ന മധുവാണ് ഈ കഥകളിലെ സ്മൃതിമധുരം. ഭൂതകാലത്തിന്റെ ഉദ്യാനങ്ങളിൽ ഒരു തേനീച്ചയെപ്പോലെ പറന്നലയുകയാണ് കാഥികഭാവന. അപ്പോൾ കൈവരുന്ന സ്മൃതികണങ്ങളും അനുഭൂതിപരാഗങ്ങളും നിക്ഷേപിക്കാൻവേണ്ടി അയാൾ കഥയുടെ തേൻകൂട‌് മെനയുന്നു.
 

രചനയുടെ നെയ്‌ത്തുവിദ്യ

 
ഒരു തൂക്കണാംകുരുവിയുടെ കൂടുനെയ്‌ത്തുപോലെ സശ്രദ്ധവും സസൂക്ഷ‌്മവുമാണ് പത്മനാഭൻ തന്റെ രചനകളിൽ പ്രദർശിപ്പിക്കുന്ന നെയ്്‌ത്തുവിദ്യ. ഏറെ മനനംചെയ്‌തൊരുക്കിയ വാക്യങ്ങൾ അവയിൽ വാഗ്‌നക്ഷത്രങ്ങളുടെ നീഹാരിക നിർമിച്ചുകൊണ്ട് മിനുങ്ങിമിന്നുന്നു. ചമൽക്കാരങ്ങളുടെയും വിചിത്രവാക്യങ്ങളുടെയും അപരിചിത ശോഭ കാണാനാകില്ല, അവയിൽ. ഋജുവും സരളവും ലുബ്ധവും കണിശവുമാകുന്നതിലെ ഗദ്യകൈവല്യമെന്തെന്ന് പത്മനാഭന്റെ കഥകൾ വായിച്ചാലറിയാം.
 
 ഏഴുപതിറ്റാണ്ടുകൾക്കിപ്പുറവും പഴക്കമേശാത്ത, പുതുമയുടെ മണംപൊങ്ങുന്ന ഗദ്യമാണ് പത്മനാഭന്റേത്.  തകഴിയെയും കാരൂരിനെയും എന്തിന് ആദ്യകാലത്തെ ബഷീറിനെപ്പോലും, ഇപ്പോൾ വായിച്ചാലുണ്ടായേക്കാവുന്ന പഴക്കച്ചുവ പത്മനാഭനിലില്ല.  "പശ്ചിമഘട്ടത്തിന്റെ നിഴലിൽ (തണലിലല്ല) വീർപ്പുമുട്ടിക്കിടക്കുന്ന ഒരു ഗ്രാമം' (കടയനെല്ലൂരിലെ ഒരു സ്ത്രീ) എന്നെഴുതുന്ന ഭാഷാസൂക്ഷ്മതയാണ് പത്മനാഭന്റേത്. തണലിന്റെ തണുപ്പ് നിഴലിനില്ല എന്ന് അവധാനിയായ ഈ ഗദ്യകാരനറിയാം. സ്ത്രീ-–-പുരുഷ ബന്ധങ്ങളിലെ നിഴലിൽനിന്ന് വിവാഹേതരബന്ധങ്ങളുടെ തണലും തണുപ്പുംതേടി യാത്രയായവരാണ് അതിനാൽ പത്മനാഭന്റെ സ്ത്രീകൾ പലരും. അവർക്കുരുവിടാൻ, അവരെ നോക്കി ഉരുവിടാനും, കഥാകാരനുവേണ്ടി ആശാന്റെ "നളിനി'യുടെ ഈ അന്തർഗതം പണ്ടേ ഒരുങ്ങിയിരിപ്പുണ്ടായിരുന്നു‐
 
"സന്തതം മിഹിരനാത്മശോഭയും
സ്വന്തമാം മധു കൊതിച്ചവണ്ടിനും
ചന്തമാർന്നരുളിനിൽക്കുമോമലേ,
ഹന്ത! ധന്യമിഹ നിന്റെ ജീവിതം' 
 
ആ ധന്യതയാണ് "കടയനെല്ലൂരിലെ ഒരു സ്ത്രീ'യുടെയും "ഗൗരി'യുടെയും "മരയ'യുടെയും "കടലി'ലെ അമ്മയുടെയും ധന്യത. ശാരീരികമോ ഭൗതികമോ അല്ലാത്ത ഈ ധന്യതയുടെ സംസ്‌കാരപരിമളമുണ്ട്, പത്മനാഭന്റെ പല മികച്ച കഥാമുഹൂർത്തങ്ങളുടെയും കഥാപാത്രങ്ങളുടെയും ചുറ്റിലും. ഇത്തരമൊരു ധന്യതയുടെ പ്രഭുത്വത്തിനവകാശിയാണ്, "നിധിചാലസുഖമാ' എന്ന കഥയിലെ രാമനാഥൻ. അയാളുടെ സംഗീതപ്രണയം, അയാളിലെ ആന്തരികസമ്പന്നതയുടെതന്നെ സംഗീതമാണ്.  ‘അയാൾക്ക് നിശ്ചയമില്ലാത്ത ഏതോ കർണാടക സംഗീതരാഗത്തിന്റെ മധുരമായ അലകൾ രാമനാഥന്റെ മുറിയിൽനിന്ന് പുറത്തുവരുന്നുണ്ടായിരുന്നു' എന്നതാണ് കഥയിലെ അവസാനവാക്യം. ആ സംഗീതം, മനുഷ്യനന്മയുടേതാണ്. പത്മനാഭന്റെ കഥകളിലെ ഏകാകികൾ, വെറും ഏകാകികൾമാത്രമല്ല; നന്മയുടെയും ദുഃഖത്തിന്റെയും ചെറുതുരുത്തുകൾകൂടിയാണവർ. നന്മയുടെ പ്രകാശം, ദുഃഖത്തിന്റെയും ഏകാകിതയുടെയും ഇരുട്ടിലാണ് കൂടുതൽ തെളിയുക. "ദുഃഖകഥകളിൽ വിരിയുന്ന മന്ദാരവിശുദ്ധി' എന്ന് ആ കഥകൾക്ക് തലവാചകം കുറിച്ച നിരൂപകൻ നിശ്ചയമായും വെറും പാഴ്‌വാക്കല്ല പറഞ്ഞത്.
 
 
കർണാടകസംഗീതത്തിലെയോ ഹിന്ദുസ്ഥാനിയിലെയോ ഒരു രാഗത്തിന്റെയോ കീർത്തനത്തിന്റെയോ സൂചനകൊണ്ട് ഒരു ഭാവപ്രപഞ്ചത്തിന്റെ വാതിലുകൾ തുറന്നിടാൻ പത്മനാഭന് കഴിയും. "നിധിചാലസുഖമാ' എന്ന ത്യാഗരാജകീർത്തനത്തിലെ നിർവേദം, അതേ പേരുള്ള കഥയിലെ എൻജിനിയറെയും മറ്റൊരു ‘ത്യാഗരാജൻ' എന്ന‌് തോന്നിക്കുന്നതങ്ങനെയാണ്. ദേശ്‌രാഗം, ദേശ്‌രാഗത്തിലുള്ള പ്രണയാർദ്രമായ "തുംരി'യുടെ ഈരടികളും, ആൺ-പെൺ പാരസ്‌പര്യത്തിന്റെ അഗാധമായ ലയം നിർമിക്കുന്നതുകാണാം "ദേശ്- ഒരു ഹിന്ദുസ്ഥാനി രാഗം' എന്ന കഥയിൽ. "നളിനകാന്തി' എന്ന രാഗനാമം, ജീവിതസായാഹ്നത്തിൽ താൻ പണിയുന്ന സ്വപ്‌നഭവനത്തിന് ആ പ്രിയരാഗത്തിന്റെ പേര‌് നൽകാനും അതിനരികിൽ ഒരു താമരക്കുളം തീർക്കാനുമാഗ്രഹിക്കുന്ന ഏകാകിയുടെ നിനവുകളെ എത്രതന്നെ പരിവേഷപ്പെടുത്തുന്നില്ല! ഭീംസെൻ ജോഷിയുടെ "ജയ് ജയ്‌വന്തി' കേൾക്കാൻവേണ്ടിമാത്രമാണ് ആ ചെറുപ്പക്കാരൻ അന്നുരാത്രി അയാളെ തേടിവന്നത് (‘വനസ്ഥലി' എന്ന കഥ). കലാഭിനിവേശത്തിന് എത്രമാത്രം തീവ്രവും നിരുപാധികവും നിർമലവുമായിത്തീരാമെന്ന്, സംഭവപ്രധാനമേയല്ലാത്ത, ഈ കഥ നമുക്കു പറഞ്ഞുതരും. അന്യഥാ പേരിടാനാകാത്ത ചില ഭാവങ്ങൾക്കും ഭാവച്ഛായകൾക്കും അനുഭവമാത്രൈകവേദ്യമായ രാഗനാമങ്ങളും സംഗീതാനുഭവസൂചനകളും നൽകിക്കൊണ്ട് അവയെ ആകാവുന്നത്ര അനുഭവവേദ്യമാക്കാൻ ശ്രമിക്കുകയാകാം കഥാകാരൻ. ഒരിക്കൽ, സത്യമെന്താണെന്ന ചോദ്യത്തിന് ഉത്തരം നൽകേണ്ടിവന്നപ്പോൾ ബുദ്ധൻ, ഒന്നും പറയാതെ തന്റെ മുന്നിൽനിന്ന ജിജ്ഞാസുവായ ശിഷ്യന് ഒരു പൂവെടുത്ത‌് നീട്ടിയതായി കഥയുണ്ട്. നാമരഹിതമായ ചില മനോതലങ്ങൾക്കും മനോഭാവങ്ങൾക്കും പേരിടേണ്ടിവരുമ്പോൾ പത്മനാഭനും അതുതന്നെ ചെയ്യുന്നു. അദ്ദേഹം അപ്പോഴെല്ലാം കേവലാനുഭൂതിയുടെ സ്വരാവിഷ്‌കാരമായ സംഗീതത്തെ കൂട്ടുപിടിക്കുന്നു; അനുഭവങ്ങൾക്കും അനുഭൂതികൾക്കും രാഗനാമങ്ങളോ സംഗീതാനുഭവത്തിന്റെ സാന്ദ്രപശ്ചാത്തലമോ നൽകി ചരിതാർത്ഥനാകുന്നു.
 
ഇങ്ങനെയൊക്കെ സംഭവിക്കുമ്പോൾ സാഹിത്യത്തിന‌് സാഹിത്യത്തിന്റേതുമാത്രമല്ലാത്ത ചില വിനിമയതലങ്ങൾ കൈവരികയും അത് ഇതരകലാരൂപങ്ങളുമായി ബന്ധം സ്ഥാപിക്കുകയും ചെയ്യുന്നു. സംഗീതാസ്വാദനംപോലൊരു കലയാക്കി ചെറുകഥയുടെ വായനാനുഭവത്തെമാറ്റി, പത്മനാഭൻ. വലിയ ഏകാഗ്രതയും ഏകാന്തതയും ആവശ്യപ്പെടുന്ന കലയാണ് സംഗീതം. നിങ്ങളിലെ ഏകാഗ്രചിത്തനായ ഏകാകിയെയാണ് പത്മനാഭന്റെ കഥകളും സംബോധന ചെയ്യുന്നത്. ശ്രുതിപ്പെട്ട തംബുരുപോലെ ലയബദ്ധമായ മനസ്സുമായി നമ്മൾ ആ കഥകളിലേക്ക‌് പ്രവേശിക്കുന്നു. ഒരു ഗാനശാലയിൽനിന്നെന്നപോലെ അവയിൽനിന്ന‌് പുറത്തുകടക്കുന്നു. കേട്ടുതോർന്ന ഗാനംപോലെ ആ കഥകൾ നമ്മുടെ ഏകാന്തതകളിൽ അനുരണനം ചെയ്തുകൊണ്ടേയിരിക്കുന്നു. കറുത്തപക്ഷിയുടെ ചൂളംകുത്തലാണോ അതിനുതൊട്ടുപിൻ മാത്രയാണോ ഹൃദ്യതരമെന്ന് വാലസ് സ്റ്റീവൻസ് എന്ന അമേരിക്കൻ കവി ചോദിക്കുന്നുണ്ട്. വായിക്കുമ്പോൾ ഹൃദ്യവും വായിച്ചുകഴിയുമ്പോൾ ഹൃദ്യതരവുമായി മാറുന്ന ടി പത്മനാഭന്റെ കഥകളെ മുൻനിർത്തി ഒരു മലയാളി ഈ സന്ദിഗ‌്ധതയെ വളരെവേഗം പരിഹരിച്ചേക്കും. ഒരു മികച്ച എഴുത്തുകാരൻ തനിക്കൊത്ത വായനക്കാരെക്കൂടി സൃഷ്ടിക്കുന്നുണ്ട് തന്റെ ഭാഷയിൽ. ആ വായനക്കാരന്/വായനക്കാരിക്കുകൂടിയാണ്, ആ രചനാജീവിതത്തോടൊപ്പം, ഇപ്പോൾ എഴുപതുവയസ്സുതികയുന്നത്- അയാൾ/അവൾ ഈ ഭൂമിയിൽ ജീവിച്ചുതീർത്ത വർഷങ്ങളുടെ എണ്ണം എത്രതന്നെയായാലും!

 

പ്രധാന വാർത്തകൾ
 Top