26 January Sunday

ഹാപ്പി ന്യൂ ഇയര്‍ ചൈന!

ഫർസാന അലി farzashadi4@gmail.comUpdated: Sunday Feb 10, 2019

ചൈനയില്‍ പുതുവര്‍ഷം പിറന്നത് ഫെബ്രുവരി അഞ്ചിനാണ്.  ഏഷ്യന്‍  തത്വചിന്തകളിലും ഉപചാര ക്രമങ്ങളിലും അ​ഗാധമായ സ്വാധീനം ചെലുത്തിയ ചൈനീസ് സാംസ്കാരിക വൈവിധ്യത്തിന്റെ ആഘോഷമാണ് പുതുവത്സരാഘോഷം

 
“ഈ പുതുവർഷ രാവിൽ, നിങ്ങളേറെ കാണാൻ കൊതിക്കുന്ന, എന്നാൽ നിങ്ങൾക്ക് കാണാൻ സാധിക്കാത്ത ഒരാളെങ്കിലുമുണ്ടോ?”
ചൈനയിലെ മിങ് രാജവംശ (1206-–-1368) കാലത്തെ പ്രശസ്തനായ യി മിങ് എന്ന കവിയുടെ വാക്കുകൾ ഇന്നും പുതുവർഷ രാവിൽ ചൈനീസ് ജനത ഓർക്കാറുണ്ട്. ലോകത്തിലെ ഏറ്റവും പുരാതനമായ സാംസ്കാരിക ഭൂമികകളിലൊന്നാണ് ചൈന. വൈവിധ്യംനിറഞ്ഞ ചൈനീസ് സംസ്കാരം ഏഷ്യയുടെ  തത്വചിന്തകളിലും ഉപചാര ക്രമങ്ങളിലും നിഷ്ഠകളിലും പരമമായ സ്വാധീനം ചെലുത്തി. ലോകമൊട്ടാകെയുള്ള ചൈനീസ് ജനതയുടെ ഏറ്റവും സവിശേഷമായ ആഘോഷമാണ് ചൈനയുടെ പുതുവർഷം. ഉത്തര-ദക്ഷിണ കൊറിയ, വിയറ്റ്‌നാം എന്നിവിടങ്ങളിലും ചൈനീസ് പുതുവർഷം പ്രധാന ഉത്സവമാണ്. സിംഗപ്പുർ, ഇന്തോനേഷ്യ, മലേഷ്യ, മ്യാന്മാർ, തായ്‌ലൻഡ് തുടങ്ങിയ ഏഷ്യൻരാജ്യങ്ങളിലെ ചൈനീസ് വംശജരുടെയും പ്രധാന ആഘോഷമാണിത്.
 
ലൂണാർ കലണ്ടറിന്റെ അടിസ്ഥാനത്തിലാണ് പുതുവർഷാഘോഷം. അതുകൊണ്ടുതന്നെ എല്ലാ വർഷവും പുതുവർഷദിനം മാറിക്കൊണ്ടേയിരിക്കും. ചൈനീസ് ജ്യോതിഷവിധി പ്രകാരം ഓരോ വർഷവും ഓരോ മൃഗത്തെ പ്രതീകവൽക്കരിക്കുന്നു. 2019 ഫെബ്രുവരി അഞ്ചിന‌് ആരംഭിക്കുന്ന ചൈനീസ്‌ പുതുവർഷത്തെ പ്രതീകവൽക്കരിക്കുന്ന മൃഗം പന്നിയാണ്. 
ചുവപ്പിനെ ഭയന്ന നിയാൻ
 
ചൈനീസ് പുതുവർഷാരംഭത്തെക്കുറിച്ച‌്  പല ഐതിഹ്യങ്ങളുമുണ്ടെങ്കിലും എല്ലാത്തിലും പൊതുവായി ഒന്നുണ്ട്, നിയൻ എന്ന പേരുള്ള, സിംഹരൂപമുള്ള ആൾപ്പിടിയൻ സത്വം! പുരാതന ചൈനയിൽ നിയന്റെ ആക്രമണം മൂത്തപ്പോൾ ഗ്രാമമുഖ്യന്റെ  നിർദേശമനുസരിച്ച് ചെണ്ട കൊട്ടി ശബ്ദമുണ്ടാക്കിയും, പടക്കം പൊട്ടിച്ചും നിയനെ തുരത്താൻ ആരംഭിച്ചു. ചുവന്ന നിറത്തെ ഭയന്ന സത്വത്തെ ചെറുക്കാൻ  വീടുകളുടെ വാതിലുകളിൽ ചുവന്ന കടലാസുകൾകൊണ്ട് അലങ്കരിച്ചു. അങ്ങനെ ഗ്രാമവാസികൾ നിയനെ കീഴടക്കിയതിന്റെ ഓർമദിവസമാണ് പുതുവർഷമായി കൊണ്ടാടപ്പെടുന്നതത്രേ.
 
ജനുവരി മാസംതന്നെ നിരത്തുകൾതോറും ചുവന്ന നിറത്തിലുള്ള വിളക്കുകൂടുകൾ തൂക്കി ​സർക്കാർ പുതുവർഷത്തിന്റെ വരവറിയിക്കും. പരമ്പരാ​ഗതമായി 15 ദിവസമാണ് ആഘോഷം. ഇതിൽ ഒരാഴ്ച സർക്കാർ അവധിനൽകും. വാതിലുകളിലെല്ലാം ചുവന്ന കടലാസ് കഷണങ്ങളാൽ വെട്ടി ക്രമപ്പെടുത്തിയതോ, കാലിഗ്രഫിയാൽ തയ്യാറാക്കിയതോ ആയ ആശംസകൾ പതിച്ചുവയ‌്ക്കും. എല്ലാവരും ചുവപ്പുനിറത്തിലുള്ള പരമ്പരാഗത വസ്ത്രം ധരിക്കും. രാത്രിയിൽ പടക്കം പൊട്ടിച്ചും ചെണ്ടമുഴക്കിയും ജനം തെരുവിലിറങ്ങുമ്പോൾ ചൈന ചുവന്ന വെളിച്ചത്തിൽ കുളിച്ചുനിൽക്കും.
 
 കുടുംബങ്ങളുടെ ഒത്തുചേരൽ
 
സർക്കാർ ഓഫീസുകൾമുതൽ വൻകിടചെറുകിട ഫാക്ടറികൾപോലും ഒരാഴ്ചയോളം അവധി പ്രഖ്യാപിക്കും. തൊഴിൽദാതാക്കൾ  തൊഴിലാളികൾക്കായി സമ്മാനങ്ങൾ നൽകും, ഒന്നിച്ച‌് ഒരു നേരം ഭക്ഷണം കഴിക്കും. ഗ്രാമങ്ങളിൽനിന്ന‌് നഗരങ്ങളിലേക്ക് ജോലി തേടിയെത്തിയവർ കൊതിയോടെ കാത്തിരിക്കും തിരിച്ചുപോക്കിനായി. കൈനിറയെ സമ്മാനങ്ങളും നഗരവിശേഷങ്ങളുമായി വരുന്ന ഭർത്താക്കന്മാരെയും മക്കളെയും അച്ഛനമ്മമാരെയും കാത്തുകൊണ്ട് ഗ്രാമം നിഷ്‌കളങ്കമായി കാത്തിരിക്കും.
 
കുടുംബവുമൊത്തുള്ള ‘പുനഃസമാ​ഗമവിരുന്ന്’ (ന്യൻ യെ ഫൻ) പുതുവത്സരപ്പിറവിയുടെ തലേനാളിലെ ഒഴിച്ചുകൂട്ടാനാകാത്ത അനുഷ്ഠാനമാണ്. ‘നിയൻ ഗൗ’ എന്ന പേരിലുള്ള അരിപ്പൊടികൊണ്ടുള്ള കേക്കാണ് വിരുന്നിനുള്ള പരമ്പരാഗതമായ വിഭവം. അത്താഴവിരുന്നിനുശേഷം കുടുംബത്തിലെ മുതിർന്നവർ ഇളയവർക്ക് ഉപഹാരം നൽകും, പണമടങ്ങിയ ചുമന്ന പൊതികൾ. പൊതികളിൽ വയ്ക്കുന്ന പണത്തിനുപോലും കൃത്യമായ ചിട്ടയുണ്ട്; ഇരട്ട അക്കംവരുന്ന തുകമാത്രമേ പാരിതോഷികമായി നൽകൂ. (ഒറ്റ സംഖ്യകളിലുള്ള തുക, ശവസംസ്കാരച്ചടങ്ങുകളെയാണ് സൂചിപ്പിക്കുക) വീടിനു മുന്നിൽവച്ച‌് കുടുംബചിത്രം എടുക്കലും പതിവാണ്.
 
തുടർന്നുള്ള ദിനങ്ങളിൽ മരണപ്പെട്ടവർക്കായുള്ള ഉപാസനകളായിരിക്കും പ്രധാനം. കുടുംബവീടുകളിൽ സന്ദർശനം നടത്തും. ബന്ധു വീടുകളിലേക്ക് നൽകുന്ന സമ്മാനം മുളകൊണ്ടുള്ള ചെറിയ കൂടകളിലാണ് നൽകാറ്; ഓറഞ്ച്, കേക്ക്, ബിസ്‌കറ്റ്, ചോക്കലേറ്റസ് എന്നിവയാണ് കൂടകളിൽ നിറയ‌്ക്കുക. സമ്മാനമായി നൽകാൻ വിലക്കപ്പെട്ട ചില സാധനങ്ങളുണ്ട്. സമയം കടന്നുപോകുന്നുവെന്ന് കാണിക്കുന്ന ക്ലോക്ക്, ബന്ധം മുറിക്കുമെന്ന് ഭയക്കുന്ന കത്രിക, ബന്ധങ്ങളുടെ കെട്ടുപാടിൽനിന്ന‌് പുറത്തിറങ്ങുമെന്ന അർഥം നൽകുന്ന ഷൂസ് എന്നിവയാണവ.  അവിചാരിതമായൊരു ചൈനീസ്‌ സുഹൃത്തിന്റെ മുമ്പിൽ പെട്ടാൽ അവരുടെ ആദ്യചോദ്യം ‘ഭക്ഷണം കഴിച്ചോ’ എന്നതായിരിക്കും.
 
ലോകത്തിലെ ഏറ്റവും വലിയ ദേശാന്തര പര്യടനം നടക്കുന്നത് ചൈനീസ് പുതുവർഷവേളയിലാണ്. ഒഴിവുദിനങ്ങളിൽ ഹൈവേകളിലൂടെ ടോൾ ഇല്ലാതെ യാത്രചെയ്യാം എന്നതാണ് സർക്കാർ നൽകുന്ന മറ്റൊരു സേവനം. ടോൾ ഭാരമില്ലാത്തതിനാൽ, വിദേശ രാജ്യങ്ങളിലേക്ക് വിനോദയാത്ര പോകുന്നതിനേക്കാളേറെ, ചൈനയിലെ വിവിധ പ്രവിശ്യകളിലേക്ക് കുടുംബത്തോടൊപ്പം യാത്രചെയ്യുന്ന തദ്ദേശീയരുടെ എണ്ണം വളരെ കൂടുതലാണ്. 34 പ്രവിശ്യകളിലും ഒരേ സമയം കൊണ്ടാടപ്പെടുന്ന ഇത്തരം ആഘോഷങ്ങളാണ് ചൈനയുടെ സാംസ്കാരിക വൈവിധ്യത്തെ മറ്റുള്ളവയിൽനിന്ന‌് വ്യത്യസ്തമാക്കുന്നത്.
പ്രധാന വാർത്തകൾ
 Top