16 January Saturday

കവിതയുടെ നേരൊച്ചയും നേർവെട്ടവും

നീലംപേരൂ‍ർ മധുസൂദനൻ നായ‍ർ / ശശി മാവിൻമൂട്Updated: Sunday Jan 10, 2021

നീലംപേരൂർ  എന്ന കവി ഓർമയിലേക്ക്‌ മറഞ്ഞാലും അദ്ദേഹത്തിന്റെ ബിംബസമൃദ്ധമായ ഓരോ കവിതയും ആയിരം നാവുള്ള മൗനമായി അനുവാചകരെ പിന്തുടർന്നുകൊണ്ടേയിരിക്കും. നേരും നെറിയും നിറയുന്ന വാക്കിന്റെ നേരൊച്ചയും നേ‍ർവെട്ടവുമാണത്‌. അന്തരിക്കുന്നതിന്‌ ആഴ്‌ചകൾക്കു മുമ്പ്‌ നീലംപേരൂർ  നൽകിയ അഭിമുഖം

 
മാനവികതയുടെ വിശ്വദർശനമാണ് നീലംപേരൂർ കവിതകൾ. അദ്ദേഹത്തിന്റെ  എല്ലാ കവിതകളിലുമുണ്ട്‌ കുട്ടനാട്ടിലെ മണ്ണിന്റെയും വിയർപ്പിന്റെയും ഗന്ധവും നെൽക്കതിരിന്റെ സുവർണശോഭയും കൊയ്‌ത്തുപാട്ടിന്റെ ഈണവും. വാക്കുകൾ കടഞ്ഞ പകൽ വെളിച്ചം കൊണ്ട് ജീവിതത്തിലെ നന്മ തിന്മകൾ വേ‍ർതിരിച്ചെടുത്തു അവ.  സമസൃഷ്ടികളെ സമഭാവനയോടെ കാണാനും അവരുടെ വേദനകൾ പകുത്തെടുക്കാനും ഇഷ്ടപ്പെട്ടു ആ കവി. സമൂഹത്തിലെ നേരും നെറിയും ചികഞ്ഞെടുത്ത് കാലത്തിന്റെ കണ്ണാടിയിൽ പ്രതിബിംബിപ്പിക്കാൻ ആ വരികൾക്കായി.
 
വേ‍ർപിരിക്കാനാകാത്ത വിധം നീലംപേരൂ‍ർ കവിതകളിൽ   ജീവിതവും ലാവണ്യബോധവും ഇടം ചേർന്നു കിടക്കുന്നു. കവി കാലുറപ്പിച്ചിരിക്കുന്ന മണ്ണ് അധ്വാനവ‍ർഗത്തിന്റെ നിലമാണ്. എല്ലാ വശത്തേക്കും കുലയ്ക്കുന്ന വാഴയല്ല താനെന്ന് കവി അ‍‍ർഥശങ്കയ്‌ക്കിടയില്ലാതെ പ്രഖ്യാപിച്ചിട്ടുണ്ട്‌.
 
ഇതെന്റെ വള്ളം , ഞാൻ
മരിക്കുവോളവുമിതിനകത്തെന്റെ --
യിരിപ്പുറപ്പെന്ന ചരിത്ര നേരുകൾ
ചിറകിളക്കിയീ വയൽപ്പരപ്പിന്മേൽ 
പറന്നിറങ്ങുന്നു.....
 
കെ പി രാമനുണ്ണി, സുഗതകുമാരി, മന്ത്രി കടകംപള്ളി സുരേന്ദ്രൻ, ഒ എൻ വി  എന്നിവർക്കൊപ്പം നീലംപേരൂർ

കെ പി രാമനുണ്ണി, സുഗതകുമാരി, മന്ത്രി കടകംപള്ളി സുരേന്ദ്രൻ, ഒ എൻ വി എന്നിവർക്കൊപ്പം നീലംപേരൂർ

എന്ന് നീലംപേരൂ‍ർ തന്റെ നിലപാടുതറ ഉറപ്പിച്ചിരിക്കുന്നു. പരദുഃഖങ്ങളേറ്റുവാങ്ങാൻ വിധിക്കപ്പെട്ട   കവി എവിടെയും നന്മയും സമാധാനവും പുലരണമെന്ന് ആഗ്രഹിക്കുന്നു. സഹജാതരുടെ മുറിവുകളിൽ സ്വന്തം കവിതകൾകൊണ്ട് ഔഷധലേപനം നടത്തുന്നു. 
 
കുറവൻകോണം പി ആ‍ർ ലെയ്നിലെ നീലംപേരൂ‍ർ ഹൗസിൽ വച്ചാണ്‌ മരണത്തിന്‌ ആഴ്‌ചകൾ മുമ്പ്‌ ഈ അഭിമുഖം തയ്യാറാക്കിയത്‌. സംസാരിക്കുമ്പോൾ നീലംപേരൂരിന്റെ മുഖത്ത്‌  കറപുരളാത്ത പുഞ്ചിരി സദാ നിറഞ്ഞിരുന്നു.  
 
 കവിത കുരുത്ത മണ്ണ് കുട്ടനാടാണല്ലോ? കാവ്യവഴിയിലെ ആദ്യ നാളുകളെക്കുറിച്ചുള്ള ഓ‍ർമകൾ എന്തെല്ലാമാണ്?
 
= ഓർമകളിൽ ആദ്യം  ഉദിച്ചു വരുന്നത് കുഞ്ഞുന്നാളിൽ അമ്മയുടെ നാവിൽനിന്ന്‌ ഉരുവിട്ടു കേട്ട എഴുത്തച്ഛന്റെ ഭാരത രാമായണ വരികളാണ്‌. എന്റെ ജ്യേഷ്‌ഠൻ നീലംപേരൂർ രാമകൃഷ്‌ണൻനായർക്ക്‌ എന്നേക്കാൾ പതിന്നാലു വയസ്സ് കൂടുതലുണ്ട്‌.  എന്റെ ബാല്യകാലത്ത് സാമാന്യം പ്രശസ്‌തനായ കവിയായിരുന്നു അദ്ദേഹം . ജ്യേഷ്‌ഠൻ  എന്റെ ബാലമനസ്സിലേക്ക്‌ പകർന്നുതന്ന‌ ആശാന്റെ ഖണ്ഡകാവ്യങ്ങളും പിന്നെ കേട്ടു പഠിച്ച  കുട്ടനാടൻ പുഞ്ചപ്പാടങ്ങളിലെ കൃഷിപ്പണിപ്പാട്ടുകളും നീലംപേരൂരിലെ കഥകളിക്കളരിയിലെ ഗാനതാളമേളങ്ങളുമാണ് എന്റെ കവിതയ്‌ക്ക്‌ ചിറകുനൽകിയത്‌‌. കലാനിധി, മലയാളരാജ്യം, ചക്രവാളം മുതലായ ആനുകാലികങ്ങളിൽ തുടരെത്തുടരെയെന്നോണം ജ്യേഷ്‌ഠന്റെ കവിതകൾ പ്രസിദ്ധീകരിച്ചിരുന്നു. അദ്ദേഹത്തെ അനുകരിച്ച്‌ രഹസ്യമായി കവിത പടയ്‌ക്കാനും  ശ്രമിച്ചിരുന്നു. അക്കാലത്ത്‌ ചുവന്ന പതിറ്റാണ്ടിന്റെ കവികൾ എന്ന്‌ ചൊൽക്കൊണ്ട വയലാർ, ഒ എൻ വി, തിരുനെല്ലൂർ, പുതുശ്ശേരി, പി ഭാസ്‌കരൻ, പുനലൂർ ബാലൻ മുതലായവരുടെ വിപ്ലവവീര്യം പതയുന്ന കവിതകൾ ചുവപ്പിനെ ഇഷ്ടപ്പെടുന്ന ഞാനുൾപ്പെടെ ഒരുപറ്റം ചെറുപ്പക്കാർ സംഘം ചേർന്ന്‌ ഉറക്കെയുറക്കെ ചൊല്ലുക പതിവായിരുന്നു. ഇവയൊക്കെ കാവ്യവഴിയിലൂടെയുള്ള എന്റെ തുടക്കയാത്രയെ സ്വാധീനിച്ചിട്ടുണ്ട്‌.
 
1987ൽ   പ്രസിദ്ധീകരിച്ച ‘മൗസലപർവം’ മുതൽ 2016ൽ പ്രസിദ്ധീകരിച്ച നീലംപേരൂരിന്റെ തെരഞ്ഞെടുത്ത 101 കവിതകളുടെ സമാഹാരം വരെ 30 കൃതികൾ. ഈ നീണ്ടകാലത്തെ കാവ്യജീവിതം നൽകിയ പാഠങ്ങൾ.
 
 1987ൽ ഒന്നാം പതിപ്പായി പ്രസിദ്ധീകരിച്ച ‘മൗസലപർവം’ എന്ന കൃതിക്കുമുമ്പ്‌‌ 1969ൽ എന്റെ ആദ്യ കാവ്യഗ്രന്ഥം ‘തമ്പുരാൻ പണം’ പുറത്തുവന്നു. അതുൾപ്പെടെ മൗസലപർവത്തിനുമുമ്പ്‌ എട്ട്‌ കാവ്യഗ്രന്ഥങ്ങൾ എന്റെതായി പുറത്തിറങ്ങിയിട്ടുണ്ട്‌. അവയുടെ പിറവികാലവും എന്റെ കാവ്യജീവിതത്തിന്റെ വേർപെടാ ഭാഗം തന്നെയാണല്ലോ. കവിത ജീവിതത്തിന്റെ തന്നെ ഒരു സവിശേഷ രൂപമെന്നോ ഭാവമെന്നോ കരുതേണ്ടുന്ന അവതാരം. എല്ലാ അവതാരങ്ങളും സോദ്ദേശ്യമാണല്ലോ. കവിത ഉൾപ്പെടെയുള്ള എല്ലാ സൃഷ്ടികളും അതുപോലെ തന്നെയെന്നും ഞാൻ കരുതുന്നു.
 
ജീവിതത്തിലുണ്ടാകുന്ന ഭൗതികവും ഭൗതികേതരവുമായ എല്ലാ ഭാവരൂപ വ്യതിയാനങ്ങളും ഉയർച്ചതാഴ്‌ചകളും ജീവിതജന്യമായ കവിതയിലും നിഴലിക്കാതെ വരില്ല എന്നത്‌ നേരിന്റെ സൂര്യവെളിച്ചത്തിൽ തെളിഞ്ഞുനിൽക്കുന്ന ആകാശം. കവിയുടെ വ്യക്തിസത്തയിൽനിന്ന്‌ കവിതയെ വേർതിരിക്കാനാകില്ല എന്നതും കവിയിൽനിന്ന്‌ അന്യമായി കവിതയ്‌ക്ക്‌ നിലനിൽപ്പില്ല എന്നതും ഉള്ളിൽത്തറഞ്ഞ പാഠം. സൃഷ്ടി മുഹൂർത്തത്തിൽ കവി എന്തോ, കവി എങ്ങനെയൊ അതുപോലെയാകും കവിതയും കവിയുടെ ജീവിതത്തിന്റെ മണ്ണിലേ കവിത താരും തളിരുമണിയൂ എന്നത്‌ അനുഭവപാഠം.
 
 പാറപ്പുറത്തിട്ട വിത്തെന്ന്‌ ഞാനെന്റെ വാക്കിന്‌ പേരുനൽകുന്നു (അന്തിക്കറുപ്പ്‌), ഞാൻ തുറന്നെന്നകം, ചീയുന്നതിന്നു ഞാൻ പെറ്റ വാക്കാകുന്നു (അകത്ത്‌ ചീയുന്നത്‌). എന്തുകൊണ്ടാണ്‌ ഇങ്ങനെയൊരു തോന്നൽ കവിയിൽ ജനിക്കാൻ കാരണം.
 
 സൃഷ്ടി മുഹൂർത്തത്തിൽ കവി എന്താണോ കവി എങ്ങനെയാണോ അതനുസരിച്ചായിരിക്കും അപ്പോൾ പിറക്കുന്ന കവിതകളുടെ രൂപഭാവങ്ങൾ. ഞാൻ ഉച്ചരിക്കുന്ന എല്ലാ വാക്കും ജീവിതത്തിന്റെ മണ്ണിൽ കിളിർത്തു തളിരണിഞ്ഞു പൂവണിയണമെന്നില്ലല്ലോ. ചില വാക്കുകൾ വിഫലങ്ങളായിപ്പോകാം. ചിലവ വരണ്ടുണങ്ങിപ്പോകാം, പാറപ്പുറത്തിട്ട വിത്തുപോലെ. അങ്ങനെയുള്ള നേരനുഭവങ്ങളെ പാറപ്പുറത്തിട്ട വിത്തിനോടല്ലാതെ മറ്റെന്തിനോടാണ്‌ ഉപമിക്കുക? ചിലപ്പോൾ ചുറ്റുമുള്ള ആശയാന്തരീക്ഷം ദുഷിച്ചുനാറുന്നതായി അനുഭവപ്പെടാം. ജീവിതാന്തരീക്ഷം ചീഞ്ഞുനാറുന്ന അവസ്ഥയെ ആത്മാംശമായി കണക്കാക്കുമ്പോൾ പുറത്തെ ചീയൽ കവിയുടെ അകത്തെ ചീയലായി ചിത്രീകരിക്കപ്പെടാം. അതിനൊക്കെ കാരണം കവിയെ പൊതിഞ്ഞുനിൽക്കുന്ന ജീവിതാവസ്ഥയാണ്‌. അതൊക്കെ കവിയിൽ സൃഷ്ടിക്കുന്ന അവസ്ഥാന്തരങ്ങളാണ്‌ ചില സവിശേഷ പ്രയോഗങ്ങളായി കവിയുടെ ഉള്ളിൽനിന്ന്‌ വാക്കുകളായി പിറന്ന്‌ പുറത്തുവരുന്നത്‌. ഞാൻ നിനയ്‌ക്കുംപടി തന്നെയാകണമെന്നില്ല ഞാൻ ജീവിക്കുന്ന കാലവും ലോകവും. കവിയുടെ നിനവും കവിക്ക്‌ അനുഭവവേദ്യമാകുന്ന കാലവും ലോകവും തമ്മിലുള്ള അന്തരം ഈവിധമൊക്കെയല്ലേ അഭിവ്യഞ്‌ജിപ്പിക്കാനാകൂ.
 
പുരോഗമന കലാസാഹിത്യ സംഘം 2015ൽ സംഘടിപ്പിച്ച നമ്മളൊന്ന്‌ സ്‌നേഹ സന്ദേശയാത്രയുടെ ചടങ്ങിൽ. ഇടത്തുനിന്ന്‌ അഞ്ചാമത്‌  നീലംപേരൂർ

പുരോഗമന കലാസാഹിത്യ സംഘം 2015ൽ സംഘടിപ്പിച്ച നമ്മളൊന്ന്‌ സ്‌നേഹ സന്ദേശയാത്രയുടെ ചടങ്ങിൽ. ഇടത്തുനിന്ന്‌ അഞ്ചാമത്‌ നീലംപേരൂർ

 സ്വത്വ ബലിഷ്‌ഠരാം നിങ്ങൾ തുളയിട്ടു മുക്കുവതെന്തിനീ തോണി (കാരണവന്മാരോട്‌ ഗുരുക്കന്മാരോട്‌) എന്ന്‌ കവി ചോദിക്കുന്നത്‌ വിശ്വാസമർപ്പിച്ച പ്രസ്ഥാനത്തോടാണെന്ന്‌ കവിത പറയുന്നു. 
 
 കവിയും കവിതയും ചോദിക്കുന്നത്‌ വിശ്വാസമർപ്പിച്ച പ്രസ്ഥാനത്തോടല്ല. പ്രസ്ഥാനത്തിൽ ചില പ്രധാന സ്ഥാനങ്ങളിലിരിക്കുന്ന നായകരോടാണ്‌. ‘കാരണവന്മാരോട്‌ ഗുരുക്കന്മാരോട്‌’ എന്ന തലക്കെട്ടുതന്നെ ചോദ്യം ആരോടെന്ന്‌ വ്യക്തമാക്കുന്നുണ്ടല്ലോ. അതല്ല പ്രസ്ഥാനത്തോടാണെന്ന്‌ വായനയിൽ തോന്നുന്നെങ്കിൽ അത്‌ കവിയുടെ കൈപ്പിഴയെന്നേ പറയാനാകൂ. ചവിട്ടിനിൽക്കുന്ന മണ്ണിന്‌ വരൾച്ചയുണ്ടാകരുത്‌ എന്ന ജാഗ്രത്തായ ചിന്തയാൽ ഭരിക്കപ്പെടുന്ന മനസ്സിലേ ഇങ്ങനെയൊക്കെ ചില സന്ദേഹ നിഴലുകൾ വീഴുകയുള്ളൂ. ആ നിഴലുകൾ കുടഞ്ഞെറിയാനുള്ള ഉൽക്കണ്‌ഠ നിറഞ്ഞ ത്വരയാണ്‌ കവിതയായി പിറക്കുന്നത്‌. മനുഷ്യസഹജമായ ബല ദൗർബല്യങ്ങളിൽനിന്നും ശുഭാശുഭ ചിന്തകളിൽനിന്നും പ്രത്യാശ നിരാശകളിൽനിന്നും ഒഴിഞ്ഞുനിൽക്കാൻ എന്നിലെ കവിക്കാകില്ല എന്ന്‌ ഞാൻ തുറന്ന്‌ സമ്മതിക്കുന്നു.
 
കവിയുടെ പ്രതിബദ്ധത കവിതയോടാണോ? സ്വന്തം സമൂഹത്തോടാണോ.
 
 കവിക്ക്‌ പ്രതിബദ്ധത വേണ്ടത്‌ അടിസ്ഥാനപരമായി കവിയോടുതന്നെയാണ്‌. കവി സമൂഹത്തിന്റെ സൃഷ്ടിയാണ്‌. അതിനാൽ തന്നോടുതന്നെ പ്രതിബദ്ധനാകുന്ന കവി സമൂഹത്തോട്‌ പ്രതിബദ്ധനാകും. അങ്ങനെ കവിതയോടും.
 
  നെറികേടുകൾക്കെതിരെ തൂലികകൊണ്ട്‌ നിരന്തരം പോരാടുന്ന കവിയാണ്‌ നീലംപേരൂർ. ഈ പോരാട്ടഫലങ്ങൾ സംതൃപ്‌തി നൽകുന്നുണ്ടോ.
 
 അക്ഷരപ്പോരാട്ടങ്ങൾക്ക്‌ ഇന്നത്തെ ചുറ്റുപാടിൽ സംതൃപ്‌തിയുണ്ടാകില്ല. അങ്ങനെ കരുതിയുമല്ല കവിതയെ ആശ്രയിക്കുന്നതും. എന്നോടുതന്നെയും എനിക്ക്‌ പിറവി തന്ന സമൂഹത്തോടുമുള്ള കടമ നിർവഹിക്കാനുള്ള ഒരുപാധിയെന്ന നിലയിലാണ്‌ കവിതയെ ഞാൻ ആശ്രയിക്കുന്നത്‌. സംതൃപ്‌തി വന്നാൽപ്പിന്നെ കവിത മാത്രമല്ല ജീവിതമേ ലക്ഷ്യശൂന്യവും നിശ്ചലവുമാകുകയില്ലേ എന്ന്‌ ഞാൻ സംശയിക്കുന്നു. ലോകം ഇങ്ങനെയായിപ്പോയല്ലോ എന്ന വ്യാകുലത ചിലപ്പോൾ, ലോകം ഇങ്ങനെയായാൽ പോരല്ലോ എന്ന അസ്വസ്ഥത ചിലപ്പോൾ. വൃത്തിയും ശുദ്ധിയുമുള്ള ലോകം എങ്ങനെ എന്ന ഉൽക്കണ്ഠ മറ്റു ചിലപ്പോൾ. എന്റെ മനസ്സിനെ അലോസരപ്പെടുത്തുന്ന ചിന്തകൾ ഇതൊക്കെ. കവിത എനിക്കിവിടെ ആശയും ആശ്രയവും ആയുധവുമാണ്. കുട്ടനാടൻ വാമൊഴി വഴക്കത്തിൽ പറഞ്ഞാൽ കവിത എനിക്കിവിടെ വള്ളവും തുഴയും തുഴച്ചിൽക്കാരനുമാണ്.
 
 മലയാള കവിതയുടെ വർത്തമാനകാല അവസ്ഥയെക്കുറിച്ച് എന്താണ് അഭിപ്രായം? കവിതയിലെ ഘടനാപരമായ മാറ്റത്തെ എങ്ങനെ കാണുന്നു?
 
 മലയാള കവിത അതിന്റേതായ വിധത്തിൽ അതിന്റേതായ രൂപഭാവങ്ങളോടെ കാലത്തിനൊത്ത് മാറിക്കൊണ്ട് ജീവിത പ്രവാഹമായി തുടരുന്നു. കവിതയിലെ ഘടനാപരമായ മാറ്റം എന്നെ അലട്ടാറില്ല. കവിതയ്‌ക്ക്‌ പല വഴിയാണ്. അതു പോലെ കവിതയിലേക്കും പല വഴി. കവിത ഏതു വഴിയേ സഞ്ചരിക്കുന്നു എന്നതല്ല, കവിയുടെ ഉള്ള് എന്ത്? എങ്ങനെ? എന്നതാണ് കാതലായ പ്രശ്നം എന്ന് എനിക്ക് തോന്നുന്നു.
 
ഭൂരിപക്ഷ ന്യൂനപക്ഷ വർഗീയതകൾ ഒരുപോലെ പിടിമുറുക്കുന്ന വർത്തമാനകാലത്ത് കവിതകൊണ്ടും പ്രതിരോധം സാധ്യമാണ്. അതിന്റേതായ വിധത്തിൽ സമൂഹത്തിന്റെ പ്രതിരോധോ‍ർജം ഉയ‍‍ർത്തിക്കൊണ്ടുവരുന്നതിന് മറ്റു സാമൂഹ്യ ഉപാധികൾ പോലെ തന്നെ കലയും സാഹിത്യവും കവിതയും പാട്ടുമെല്ലാം ഉപകരണങ്ങളാകും. കലാസാഹിത്യ മണ്ഡലങ്ങളിൽ നടക്കേണ്ടുന്ന, നടക്കുന്ന പ്രതിരോധ പ്രവ‍ർത്തനങ്ങളെ ഏകോപിപ്പിക്കുന്നതിനും, കൂട്ടായ ശ്രമങ്ങൾക്ക് ലക്ഷ്യവും മാ‍ർഗവും രീതികളും നി‍ർണയിച്ചു നൽകുന്നതിനും പുരോഗമന കലാസാഹിത്യസംഘം പോലുള്ള സംഘടനാ രൂപങ്ങൾ അത്യന്താപേക്ഷിതമാണ്. ആ ദൗത്യം കേരളത്തിൽ പുരോഗമന കലാസാഹിത്യസംഘം സമ‍ർഥമായും നിർവഹിക്കുന്നുമുണ്ട്.
 
 പുതിയ തലമുറയിലെ കവികളോട് എന്താണ് പറയാനുള്ളത്  
 

 പ്രശസ്‌ത ആംഗല കവി ഏഡ്രിയൻ ഹില്ലിന്റെ വാചകം ഞാൻ കടമെടുക്കുന്നു. അദ്ദേഹം പറഞ്ഞതിങ്ങനെ: ---‘മിക്ക ആളുകളും മിക്ക കവിതകളെയും അവഗണിക്കുന്നു. എന്തു കൊണ്ടെന്നാൽ മിക്ക കവിതകളും മിക്ക ആളുകളെയും അവഗണിക്കുന്നു.’ 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top