23 April Tuesday

സത്യസാക്ഷ്യം

സൂക്ഷ്മൻUpdated: Sunday Sep 9, 2018
നിങ്ങൾ എന്റെ തല തല്ലിത്തകർത്തേക്കാം; ഞാൻ പൊരുതും... നിങ്ങൾ എന്നെ ജീവനോടെ കുഴിച്ചിട്ടേക്കാം; ഞാൻ പൊരുതും...  എന്റെ അവസാന ശ്വാസംവരെ,  നുണകൾ കൊണ്ട് നിങ്ങൾ തീർത്ത കൊട്ടാരം തകർന്നു വീഴുംവരെ, നുണകളാൽ നിങ്ങളാരാധിക്കുന്ന പിശാച് എന്റെ സത്യത്തിന്റെ മാലാഖയ്‌ക്കു മുന്നിൽ മുട്ടുകുത്തുംവരെ പൊരുതും. 
ഈ പോരാട്ടമാണ് സഞ്ജീവ് ഭട്ടിനെ ഗുജറാത്ത് സിഐഡിയുടെ കൈകളിലെത്തിച്ചത്. പോരാട്ടം തുടങ്ങുമ്പോൾ സഞ്ജീവ് ഭട്ടിന്റെ തലയിൽ ഇന്ത്യൻ പൊലീസ് സർവീസിന്റെ തൊപ്പിയുണ്ടായിരുന്നു. ചിറകുകൾ ഓരോന്നായി അരിഞ്ഞിട്ടു. പക്ഷേ  ഭട്ട് നിർത്തുന്നില്ല. അറസ്റ്റിലാകുന്നതിനു തൊട്ടുമുമ്പ്‌ ട്വിറ്ററിൽ ഇങ്ങനെ കുറിച്ചു: ‘‘ഇന്ന് അധ്യാപകദിനം. ഡൽഹി/ജവഹർലാൽ നെഹ്റു സർവകലാശാലയിലെ ഏതെങ്കിലും ഒരു അധ്യാപകൻ മോഡിയെ തന്റെ  ശിഷ്യനായി അവകാശപ്പെട്ടിരുന്നെങ്കിൽ... ഒരാളെങ്കിലും!’’
മോഡി ബിരുദധാരിയാണെന്നു അവകാശപ്പെടുന്നു. കൂടെ പഠിച്ചവർ ആരുമില്ല. പഠിപ്പിച്ച അധ്യാപകരുമില്ല. പഠിച്ചു എന്നതിന്റെ രേഖകളും ഇല്ല. അത്‌   ഇത്ര മനോഹരമായി  പറയാൻ തോന്നിയത് സഞ്ജീവ് ഭട്ടിനുമാത്രം. 
അതിനു മുമ്പത്തെ ഭട്ടിന്റെ ട്വീറ്റ് മോഹൻലാൽ‐നരേന്ദ്ര മോഡി കൂടിക്കാഴ്ചയിൽ നടക്കാനിടയുള്ള സംഭാഷണം:  
മോഡി: നിങ്ങളെ കാണാൻ കഴിഞ്ഞതിൽ അഭിമാനം തോന്നുന്നു
മോഹൻലാൽ: സന്തോഷം മോഡിജി
മോഡി: സത്യം, താങ്കൾ രാഷ്ട്രപിതാവാണ് എന്നിട്ടും സമയമുണ്ടാക്കി എന്നെ കാണാൻ വന്നു
മോഹൻലാൽ: അല്ല, അല്ല മോഡിജി, അത് മോഹൻദാസ് കരംചന്ദ് ഗാന്ധിയാണ്
അമാനുഷനും വിമർശനാതീതനുമെന്നു സംഘപരിവാർ കൊണ്ടാടുന്ന നരേന്ദ്ര മോഡിയുടെ യഥാർഥ ചിത്രം ലോകത്തിന്‌ കാണിച്ചുകൊടുത്തതാണ്‌ സഞ്ജീവ് ഭട്ട് എക്കാലവും ചെയ്‌ത  കുറ്റം.
മുംബൈ ഐഐടിയിൽനിന്ന് പ്രശസ്‌തമായ നിലയിൽ എംടെക് നേടിയ മിടുമിടുക്കനാണ് ഗുജറാത്തുകാരനായ സഞ്ജീവ് ഭട്ട്. പൊലീസ് സർവീസിലെത്തിയപ്പോൾ എല്ലാ മേഖലയിലും വ്യത്യസ്‌തമായ ഇടപെടൽ. 
 2002ലെ ഗുജറാത്ത്  വംശഹത്യക്ക്‌ അന്നത്തെ  മുഖ്യമന്ത്രി നരേന്ദ്ര മോഡി പ്രേരണയായി എന്ന് വസ്‌‌തുതകൾ നിരത്തി നീതിപീഠത്തോട് പറഞ്ഞു എന്നതാണ് സഞ്ജീവ് ഭട്ടിനെ പൊലീസിൽനിന്ന് പുറത്തേക്കു നയിച്ച 'പാതകം.’   വംശഹത്യക്കുശേഷം രൂപീകരിക്കപ്പെട്ട വസ്‌തുതാന്വേഷണസംഘത്തിന‌്  മുൻ ആഭ്യന്തരമന്ത്രി  ഹരേൻ പാണ്ഡ്യ നൽകിയ മൊഴി മോഡിയെ പ്രതിക്കൂട്ടിലെത്തിക്കുന്നതായിരുന്നു. ഗോധ്‌ര  സംഭവത്തിനുശേഷം മുഖ്യമന്ത്രി  മോഡി  ഉന്നതതലയോഗം വിളിച്ച‌് അക്രമികൾക്ക് അഴിഞ്ഞാടാൻ പശ്ചാത്തലമൊരുക്കി എന്നാണു  പാണ്ഡ്യ  പറഞ്ഞത്.  പ്രഭാതസവാരിക്കിറങ്ങിയ പാണ്ഡ്യയുടെ നെറ്റിതുളച്ചു പോയിന്റ്‌ ബ്ലാങ്കിൽ ഉതിർത്ത അഞ്ചു ബുള്ളറ്റ‌്. തുളസിറാം പ്രജാപതിയാണ് ഘാതകനെന്ന് അന്നത്തെ ആഭ്യന്തരമന്ത്രി അമിത് ഷായെ അറിയിച്ചത് സഞ്ജീവ് ഭട്ടാണ്. എല്ലാ തെളിവും നശിപ്പിച്ചു കളഞ്ഞേക്കാൻ  കൽപ്പിച്ചു. ഭട്ട് വഴങ്ങിയില്ല. തുളസിറാം പ്രജാപതി പിന്നീട് വ്യാജ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. ഭട്ടിനെ സബർമതി ജയിലിന്റെ ചുമതലയിലേക്ക് മാറ്റി. അവിടെയും വെറുതെയിരുന്നില്ല. നിരവധി പരിഷ്‌കാരങ്ങൾ കൊണ്ടുവന്നു. തടവുകാരുടെ പ്രിയങ്കരനായപ്പോൾ വീണ്ടും സ്ഥലം മാറ്റം. അതിൽ പ്രതിഷേധിച്ച‌് ആയിരം തടവുകാർ നിരാഹാരമിരുന്നു; ആറുപേർ സ്വന്തം കൈയിലെ ഞരമ്പ് മുറിച്ചു രോഷപ്രകടനം നടത്തി. 
വംശഹത്യയിൽ മോഡിക്ക്  പങ്കുണ്ടെന്നും കലാപത്തിന്റെ തെളിവുകൾ ഗുജറാത്ത് സർക്കാർ നശിപ്പിച്ചെന്നും സ്ഥാപിച്ച‌് സുപ്രീംകോടതിയിൽ സത്യവാങ്മൂലം നൽകിയതോടെയാണ്‌ ഭട്ടിനെ ഇനി സഹിക്കില്ലെന്ന്‌ ബിജെപി നേതൃത്വം തീരുമാനിച്ചത്. ആദ്യ സസ്‌പെൻഷൻ കൃത്യമായി ജോലിക്കു ഹാജരാകുന്നില്ലെന്ന ന്യായത്തിൽ. കസ്റ്റഡി മരണം ഉൾപ്പെടെ പഴയ കേസുകൾ ഭട്ടിനെതിരെ അന്ന് പൊക്കിയെടുത്തു. പിന്നീട്  സർവീസിൽ നിന്നുതന്നെ പിരിച്ചു വിട്ടു. മോഡി വിളിച്ച യോഗത്തിൽ താൻ പങ്കെടുത്ത കാര്യം സാക്ഷികളുടെ പേര് സഹിതമാണ് ഭട്ട് വെളിപ്പെടുത്തിയത്. ആ സാക്ഷികളിൽ അന്നത്തെ ഡ്രൈവർ ഒഴികെ മറ്റെല്ലാവരും പിന്നീട് കൂറുമാറി. ഭട്ട് പതറാതെ  പോരാട്ടം തുടർന്നു. 
അഭിഭാഷകനെ ക്രിമിനൽ കേസിൽ കുടുക്കിയെന്ന 22 വർഷം പഴക്കമുള്ള പരാതിയിലാണ് ഒടുവിലത്തെ അറസ്റ്റ്‌.  1996ൽ  പൊലീസ് സൂപ്രണ്ടായിരിക്കെ മയക്കുമരുന്ന് കേസിൽ രാജസ്ഥാൻ സ്വദേശിയായ അഭിഭാഷകൻ സുമർസിങ് രാജ്പുരോഹിതിനെ കുടുക്കാൻ ശ്രമിച്ചെന്ന പരാതിയിലാണ്‌ ഗുജറാത്ത് സിഐഡിക്ക് ബോധോദയം. 
സഞ്ജീവ് ഭട്ട് രാഷ്ട്രീയം കളിക്കുകയാണെന്ന ആരോപണം എല്ലാഘട്ടത്തിലും ബിജെപി ഉന്നയിച്ചു.  ബന്ധം ആരോപിക്കപ്പെട്ട കോൺഗ്രസ്‌ ഒരിക്കലും ഭട്ടിനെ തുണച്ചില്ല. ഭട്ടിന്റെ  അന്വേഷണങ്ങളിൽ  തെളിഞ്ഞ കുറ്റവാളികളുടെ പേരുകൾ നരേന്ദ്ര മോഡി, അമിത് ഷാ എന്നിങ്ങനെയാണ്‌. മോഡി‐ഷാ ദ്വന്ദം കുറ്റകൃത്യങ്ങളുടെ സമാഹാരമാണെന്നു ഭട്ട് വെറുതെ പറയുകയല്ല. തെളിവ് സഹിതം ലോകത്തിനു മുന്നിൽ അവതരിപ്പിക്കുകയാണുണ്ടായത്. അതിന്റെ പേരിലാണ് വേട്ടയാടൽ. അല്ലെങ്കിലും അതൊക്കെ മോഡി എങ്ങനെ സഹിക്കും?
പ്രധാന വാർത്തകൾ
 Top