25 April Thursday

കാപാലികയുടെ ചോദ്യങ്ങള്‍ അവസാനിക്കുന്നില്ല

കെ ഗിരീഷ്Updated: Sunday Oct 8, 2017

മനഃസമ്മതം എന്ന നാടകത്തിൽനിന്ന്‌

പിഴയ്ക്കുക എന്നത് ചിലപ്പോഴൊക്കെ രാഷ്ട്രീയപ്രവർത്തനമാണ്. അടിമുടി പിഴച്ചുപോയ വ്യവസ്ഥിതിയോടുള്ള പ്രതികാരവും പ്രതിഷേധവും വെല്ലുവിളിയുമാകും വ്യക്തിയുടെ പിഴയ്ക്കൽ. പിഴയ്ക്കലിന്റെ അളവ് എവിടെവരെ എന്നത് പലപ്പോഴും പണത്തിന്റെയും അതുവഴി ലഭിക്കുന്ന ആഢ്യത്വത്തിന്റെയും വലുപ്പമനുസരിച്ചാകും. സദാചാരത്തിന്റെ പ്രൗഢിയും അഭിസാരികയുടെ പണത്തിനു മുകളിലേക്ക് പറക്കില്ലെന്നും മതവും അധികാരവും എല്ലാം ആ ധനത്തിനുമുന്നിലേക്ക് മുട്ടുകുത്തിവീഴുമെന്നും നേരത്തെ പറഞ്ഞുവച്ചത് നാടകത്തിൽ എൻ എൻ പിള്ളയാണ്. തന്റെ ഭാഷകൊണ്ടും ആശയംകൊണ്ടും പിള്ള സദാചാരകാപട്യത്തിന്റെ മുഖത്ത് തുടരെത്തുടരെ പ്രഹരിച്ചു. അക്കൂട്ടത്തിൽ പ്രശസ്തമായിരുന്നു അദ്ദേഹത്തിന്റെ കാപാലിക എന്ന നാടകം. അതൊരു അഭിസാരികയുടെ കഥയാണ് പറഞ്ഞത്. തന്നെ തള്ളിപ്പറഞ്ഞവരും ആട്ടിപ്പായിച്ചവരും സാരിത്തലപ്പിന്റെ കാറ്റിൽനിന്ന് ആടുന്നവരായി മാറിയ കഥ. റോസമ്മ എന്ന ഒരു പാവം നാട്ടിൻപുറത്തുകാരി പലരാലും പീഡിപ്പിക്കപ്പെട്ടപ്പോൾ പ്രതിരോധത്തിന്റെ ശബ്ദമുയർത്തി ശരീരവും ചാരിവും ആയുധമാക്കി വെല്ലുവിളിച്ച കഥയാണ് കാപാലിക. വിഖ്യാതമായ ഈ രചനയുടെ രണ്ടാംഭാഗം 'മനഃസമ്മതം' തൃശൂർ രംഗചേതന അരങ്ങിലെത്തിച്ചു.
സ്ത്രീധനത്തെയും  ചാരിം, കന്യകാത്വം തുടങ്ങി പുരുഷകോയ്മയുടെ സങ്കൽപ്പനങ്ങളെയും നാടകം പരിഹസിക്കുന്നു. എൻ എൻ പിള്ളയുടെ തിയറ്റർ സങ്കൽപ്പങ്ങളെ പൂർണമായും സാർഥകമാക്കുന്ന രംഗഭാഷയും വ്യാഖ്യാനവുമാണ് സംവിധായകരായ പ്രേംകുമാറും അജിത് കുമാറും ഒരുക്കിയത്.
ബോംബെയിൽ കാപാലിക എന്ന വേശ്യയുടെ സ്ഥിരം സന്ദർശകനായിരുന്ന നായർ എന്ന അലക്‌സ് അവളുടെ അനിയത്തിയെ കല്യാണം കഴിക്കാൻ തീരുമാനിക്കുന്നു. മനഃസമ്മതവേളയിൽ കാപാലിക തന്നെ വേശ്യാവൃത്തിയിലേക്ക് നയിക്കാൻ കാരണക്കാരനായ പോത്തച്ചൻ എന്ന അലക്‌സിന്റെ അപ്പനെയും അലക്‌സിനെയും കണ്ടുമുട്ടുകയും അവർ തമ്മിൽ വാക്കുതർക്കത്തിലാകുകയും ചെയ്യുന്നു.

പ്രേംകുമാർ, അജിത്കുമാർ

പ്രേംകുമാർ, അജിത്കുമാർ

കാപാലിക ഒന്നാംഭാഗത്തിൽ തലയിൽ മുണ്ടിട്ട് ചെറ്റ പൊളിച്ച് വേശ്യാലയത്തിലേക്ക് കടന്നുവരുന്ന പകൽമാന്യന്മാരായാണ് പ്രേക്ഷകർ വന്നിരുന്നതെങ്കിൽ രണ്ടാംഭാഗത്തിൽ മനഃസമ്മതത്തിൽ പങ്കെടുക്കാനുള്ള അതിഥികളായാണ് പ്രേക്ഷകർ എത്തുന്നത്.
റിയലിസ്റ്റിക് രംഗഭാഷയുടെ ഏറ്റവും ശക്തമായ പ്രയോഗത്തിൽ പിള്ളയുടെ ആക്ഷേപഹാസ്യത്തെ അതേ അളവിലോ അൽപ്പം ഉയർന്ന അളവിലോ പ്രതിഫലിപ്പിക്കാൻ നാടകത്തിനായി. അലങ്കാരങ്ങളുടെ ആർഭാടങ്ങളെ രംഗവേദിയിൽ നിഷേധിക്കുന്ന അവതരണം അഭിനയംകൊണ്ടുതന്നെയാണ് പ്രേക്ഷകരെ ആകർഷിച്ചത്.
ലൈറ്റ്: വിഷ്ണു പ്രസാദ്. സംഗീതം: രാജേഷ്. സെറ്റ:് മുരളി. വസ്ത്രാലങ്കാരം, ചമയം: ഫ്രാൻസിസ്, സജി. ആതിര, നന്ദ സി പ്രേം, ഷീന, പൗലോസ്, ബിന്നി, ശശി പുന്നൂർ, ഷെൽബി, വിഷ്ണുപ്രസാദ്, റിന്റൺ, ഉദയൻ, രാജേഷ്, അജിത് കുമാർ, പ്രേമകുമാർ, എന്നിവരാണ് വേദിയിൽ.

പ്രധാന വാർത്തകൾ
 Top