16 August Sunday

സാഹസികതയെ കാത്ത് സംഗീതം

മുകുന്ദനുണ്ണി unni.mukundan@gmail.comUpdated: Sunday Sep 8, 2019

  പാടുന്നവര്‍ ഓരോ നിമിഷവും സൃഷ്ടിക്കുന്ന കലയാണ് സംഗീതം.  രാഗം നിലവിലുള്ള താണെങ്കിലും അതിന്റെ വ്യാഖ്യാനം (aആലാപനം) പുനഃസൃഷ്ടിയല്ല. ആലാപന ത്തെ നയിക്കാനുള്ള മാര്‍ഗദര്‍ശനങ്ങളുണ്ട്.  ഗുരുക്കന്മാരുടെ ശൈലികള്‍, പരിശീലനമാതൃകകള്‍, ശബ്ദം ഉൽപ്പാദിപ്പിക്കുന്ന രീതിയുടെ ഗൃഹപാഠങ്ങള്‍ എന്നിവ ഫലത്തില്‍ മാര്‍ഗദര്‍ശന ങ്ങളാണ്.  എങ്കിലും പുതിയ ഈണങ്ങള്‍ ആദ്യമായി സൃഷ്ടിക്കാനായേക്കും

 

‘സംഗീതം നിരന്തരം മാറിക്കൊണ്ടിരിക്കണം.  നമ്മെ സ്വയം ക്ഷീണിപ്പിച്ചല്ലാതെ ആവർത്തനം നമുക്ക് താങ്ങാനാവില്ല.' -

‐ ഇമാന്വൽ കാന്റ്   

സംഗീതത്തിലെ  മനോഹരസങ്കൽപ്പമാണ് മനോധർമം. പാട്ടിലെ സ്വാതന്ത്ര്യമാണ്, ഭാവനാവിലാസത്തിൽ മുഴുകലാണ്  മനോധർമം.  അത് സംഗീതനിർമാണത്തിനകത്തുതന്നെയുള്ളതാണ്.  പുറത്തുനിന്നെടുത്ത് സംഗീതത്തിൽ പ്രയോഗിക്കുന്ന ഒന്നല്ല.  കംപോസ് ചെയ്യുക എന്നാൽ, പാശ്ചാത്യ സംഗീതത്തിൽ, ഭാവനാവിലാസത്തിൽ മുഴുകലാണ്.  ഭാവന രേഖപ്പെടുത്തി ഉറപ്പിക്കുന്നതോടെ കോംപസിഷൻ പൂർത്തിയാവുന്നു.  അവതരിപ്പിക്കുമ്പോൾ ആ സ്വരാങ്കനങ്ങളെ വീണ്ടും സ്വന്തം മനോധർമത്തിനനുസരിച്ച് പുനരാവിഷ്‌കരിക്കുന്നതിലേക്ക്‌ സൃഷ്ടിപരത നീളുന്നു.  ഇന്ത്യൻ സംഗീതത്തിൽ കൃത്യതയ്‌ക്കുവേണ്ടി സ്വരാങ്കനം ചെയ്‌തുവയ്‌ക്കുന്നില്ല.  പകരം തത്സമയം മനോധർമം ചെയ്യാൻ  പരിശീലിക്കുകയാണ്. 

ക്ലാസിക്കൽ സംഗീതത്തെക്കുറിച്ചുള്ള പൊതുധാരണകളിൽ മനോധർമം എന്ന ആശയം മങ്ങിയ നിഴൽപോലയേ തെളിയുന്നുള്ളൂ.  അതിന് പ്രധാന കാരണം സംഗീതത്തെ ഭരിക്കുന്ന പ്രത്യയശാസ്‌ത്രമാണ്.  കർണാടക സംഗീതത്തിലാണെങ്കിൽ അടിസ്ഥാന രചയിതാക്കളുടെ കൃതികൾ അതുപോലെ പാടുക, സംരക്ഷിക്കുക, അതേ മാർഗത്തിലൂടെ പോകുക, സാഹിത്യശുദ്ധി പുലർത്തുക തുടങ്ങിയ ധാരണകൾ.  പാശ്ചാത്യ സംഗീതത്തിലാണെങ്കിൽ വലിയ കംപോസേഴ്‌സിന്റെ രചനകൾ വീണ്ടും വീണ്ടും അവതരിപ്പിക്കുന്നതിൽ കേന്ദ്രശ്രദ്ധ പതിപ്പിക്കുക, ആ മട്ടിലുള്ള രചനകൾ കംപോസ് ചെയ്യുക, കണ്ടക്ട് ചെയ്യുക, എന്നിങ്ങനെ. ഹിന്ദുസ്ഥാനിയിലാണെങ്കിൽ ഘരാനയെ സംരക്ഷിക്കുക.  

സംഗീതത്തെ പുറത്തുനിന്ന് ഭരിക്കുകയും സംഗീതത്തിന്റെ സംരക്ഷകവേഷം ധരിക്കുകയും ചെയ്യുന്നവരോട് പാട്ടുകാർ ഇണങ്ങി നിൽക്കുമെങ്കിലും പ്രയോഗതലത്തിൽ അവർ ഈ വക നിയന്ത്രണങ്ങളൊന്നും പാലിക്കാറില്ല. 

ഓരോ കാലത്തും പ്രചാരം നേടുന്ന മനോധർമരീതികൾ ആ കാലത്തെ സംഗീതനിർമാണസങ്കൽപ്പങ്ങളുടെ മാതൃക പങ്കിടുന്നുണ്ടാകും.  ഭാവനാവിലാസത്തിന് സഹായകരമായ ചട്ടക്കൂടുകളും എവിടെ, എങ്ങനെ എന്നീ സൂചനകളും അതിൽ അടങ്ങിയിട്ടുണ്ടാകും.  ഭാവനയെ പ്രകാശിപ്പിക്കാൻ ചട്ടക്കൂടുകൾ അനിവാര്യം. പക്ഷേ അവ പ്രത്യേക രീതിയിൽ മനോധർമത്തെ നിർണയിക്കാതിരിക്കില്ല.  ചെറിയ മാറ്റങ്ങളെ അനുവദിച്ചുകൊണ്ട് പുതിയ ഗായകരിലൂടെ മാതൃക നിലനിർത്തപ്പെടുകയാണ്.  നിലതുടരാൻ നിർബന്ധിക്കുന്ന ഉൾസമ്മർദവും സംഗീതലോകത്തുണ്ട്.  എങ്കിലും മാറ്റങ്ങൾ ക്രമേണ മാതൃകാമാറ്റത്തെ അനിവാര്യമാക്കും. അടിമുടി മാറുക അപ്പോൾ മാത്രമാണ്.  തോമസ് എസ് കു(ഹ്)ൻ പറയുന്ന സയൻസിലെ മാതൃകാമാറ്റങ്ങൾ പോലെ.  1930കളിൽ രാഗവിസ്‌താരം, നിരവൽ, സ്വരപ്രസ്‌താരം എന്നിവയ്‌ക്ക്‌ വന്ന വലിയ മാറ്റത്തെക്കുറിച്ച് ശെമ്മങ്കുടി ശ്രീനിവാസയ്യർ പറയുമ്പോൾ സൂചിപ്പിക്കപ്പെടുന്നത് ഇത്തരം സമൂലമായ മാറ്റത്തെയാണ്.  ശെമ്മങ്കുടിയും തൊട്ടു പുറകെ വന്ന ജി എൻ ബാലസുബ്രഹ്മണ്യനുമാണ് മനോധർമത്തിനുള്ള ഇടങ്ങളായ രാഗവിസ്‌താരം, നിരവൽ, സ്വരപ്രസ്‌താരം എന്നിവയുടെ വിസ്‌താര ദൈർഘ്യം വർധിപ്പിച്ച് കർണാടക സംഗീതത്തിന്റെ ഈണാന്വേഷണത്തെ കൂടുതൽ കലാസമ്പന്നമാക്കിയത് എന്ന് പറയപ്പെടുന്നുണ്ട് (Semmangudi, A Mosaic-portrait, Ed. N. Pattabhi Raman, Sruti Foundation, Madras, 1989).  വാച്യാർഥവും സംഗീതാംശവും കൂടിക്കലർന്ന കൃതിയുടെ ഭാവത്തിൽനിന്ന് ഈണത്തിന്റെ ഭാവത്തിലേക്കുള്ള ചുവടുമാറ്റമാണ് ഈ മാതൃകാമാറ്റത്തിന്റെ സ്വഭാവം.  ഈ മാതൃകയാണ് ഇപ്പോൾ കർണാടക സംഗീതം തുടരുന്നത്.  എങ്കിലും സ്വന്തം ശൈലിയിൽ പാടുന്ന ധാരാളം പേരുണ്ട്.  എത്ര വ്യത്യസ്‌തമായ ശൈലിയായാലും ഈ മാതൃകയുടെ പരിധിക്കകത്ത് നിന്നുകൊണ്ട്.

പാടുന്നവർ ഓരോ നിമിഷവും സൃഷ്ടിക്കുന്ന കലയാണ് സംഗീതം.  രാഗം നിലവിലുള്ളതാണെങ്കിലും അതിന്റെ വ്യാഖ്യാനം (ആലാപനം) പുനഃസൃഷ്ടിയല്ല. ആലാപനത്തെ നയിക്കാനുള്ള മാർഗദർശനങ്ങളുണ്ട്.  ഗുരുക്കന്മാരുടെ ശൈലികൾ, പരിശീലനമാതൃകകൾ, ശബ്ദം ഉൽപ്പാദിപ്പിക്കുന്ന രീതിയുടെ ഗൃഹപാഠങ്ങൾ എന്നിവ ഫലത്തിൽ മാർഗദർശനങ്ങളാണ്.  എങ്കിലും പുതിയ ഈണങ്ങൾ ആദ്യമായി സൃഷ്ടിക്കാനായേക്കും.  ചട്ടക്കൂടുകളെ ചിലർ മറികടക്കുന്നുണ്ടാകും.  പഴയ മട്ടുകളെ പുതുതായി വ്യാഖ്യാനിക്കുന്നുണ്ടാകാം.  സംഗീതവിഭവങ്ങളെ നവോന്മേഷത്തോടെ  പുനഃസമീപിക്കുന്നുണ്ടാകാം.  പുതിയ നോട്ടത്തിലൂടെ പുതിയ നാദചിത്രങ്ങൾ വരയ്‌ക്കുന്നുണ്ടാകാം.  പക്ഷെ അപ്പോഴൊന്നുംതന്നെ ആ ശ്രമങ്ങൾ മാതൃകയ്‌ക്ക്‌ പുറത്തു പോകുന്നില്ല. അതായത്, ഒരു സംഗീതജ്ഞൻ തന്റെ സംഗീതം സൃഷ്ടിക്കാൻ തത്വത്തിൽ സ്വതന്ത്രനാണെങ്കിലും പ്രയോഗത്തിൽ നിലവാരമായിത്തീർന്ന സ്വാതന്ത്ര്യത്തെ ഉപയോഗിക്കാനേ അനുവദിക്കപ്പെടൂ.  നിലവാരം എന്നത് സ്വീകരിക്കപ്പെട്ട മാനദണ്ഡങ്ങളും മൂല്യങ്ങളുമാണ്.  ഈ മൂല്യങ്ങളുണ്ടാകുന്നത് സംഗീതാവിഷ്‌കാരങ്ങളിൽനിന്നാണെങ്കിലും നിലവാരമായി തീരുമാനിക്കപ്പെടുമ്പോൾ അത് വീണ്ടും സ്വാതന്ത്ര്യത്തെ പരിമിതപ്പെടുത്തും.  അതായത് സ്വാതന്ത്ര്യം കാണിക്കുകയെന്നാൽ നിലവാരമായി സ്വീകരിക്കപ്പെട്ട സ്വാതന്ത്ര്യത്തെ ഉപയോഗിക്കുക എന്നാണ്.  അല്ലാത്ത പക്ഷം പാട്ടുകാരും കേൾവിക്കാരുമടങ്ങുന്ന സംഗീതലോകത്തിന്റെ അധിപർ, മാതൃകയുടെ വക്താക്കൾ, ചെവിയടച്ചുപിടിക്കും; വിദ്യാർഥികളെ ഓഡിഷനിൽ തോൽപ്പിക്കും; പാട്ടുകാരെ സഭകളിൽ പാടാൻ ക്ഷണിക്കില്ല.  മാതൃകയെ ചോദ്യം ചെയ്യുന്ന സാഹസികരെ സംഗീതവൃന്ദം പുറംതള്ളും.

ഏറ്റവും ഉദാത്തമായ ഒരു സംഗീതസമ്പ്ര  ദായത്തിന് വേണ്ടത് തുറസ്സിന്റെ യുക്തിഘടനയാണ് (Logical Structure of Openness).  തുറന്ന സമ്പ്രദായത്തിന് മറ്റു സമ്പ്രദായങ്ങളോട് സംഭാഷണത്തിലേർപ്പെടാനുള്ള ആഭിമുഖ്യമുണ്ടാകും.  സമ്പ്രദായങ്ങൾ പരസ്‌പരം അഭിമുഖീകരിക്കുമ്പോൾ തൂവുന്ന വെളിച്ചം നിരവധി പുതിയ സംഗീതസങ്കൽപ്പങ്ങളെ പ്രക്ഷേപണം ചെയ്‌തേക്കാം.  സമ്പ്രദായത്തിന്റെ തുറന്നുനിൽപ്പ് ഒരു തരം അനിശ്ചിതാവസ്ഥയാണ്.  അതുകൊണ്ട് സർഗാത്മകത എപ്പോഴും സാഹസികമായിരിക്കും.  ഈ അനിശ്ചിതാവസ്ഥയാണ് നിലവാരമല്ലാത്ത സ്വാതന്ത്ര്യ ത്തിന്റെ മുഹൂർത്തം.  എങ്കിലും ചില ചട്ടങ്ങളില്ലാതെ സർഗാത്മകത സാധ്യമാകില്ല.  നിലവാരമായിത്തീരാത്ത ചട്ടങ്ങൾ ഭേദഗതികൾക്ക് വഴങ്ങാൻ തുറന്നുനിൽക്കുന്നവയായിരിക്കും.  ഈ സ്വന്ത്ര ചട്ടങ്ങളുടെ ധർമം ഫലത്തിൽ സർഗാത്മകത സംഭവിക്കാനുള്ള ഇടം തുറക്കലാണ്.

നേരെ മറിച്ച് ഒരു സംഗീതസമ്പ്രദായത്തിന്റെ മാതൃക കുറ്റമറ്റ് പൂർണതയിലെത്തി നിൽക്കുകയാണെങ്കിൽ അത് അടഞ്ഞു നിൽക്കുന്നതിന് തുല്യമാണ്.  മാതൃക ഉറച്ചുകഴിഞ്ഞാൽ പിന്നെ അതിൽ ഉണ്ടാവുക സാങ്കേതികമികവുകളാണ്.  ‘രാഗം താനം പല്ലവി'യിലും ‘സ്വരം പാടലി'ലും ഇന്ന് യുവ സംഗീതജ്ഞർ പ്രകടിപ്പിക്കുന്ന ലയഭാഷാവൈദഗ്ധ്യം ഒരു തരം കലാസാങ്കേതിക മികവാണ്.  അത് വിസ്‌മയകരമായ നേട്ടമാണെങ്കിലും അതിൽ സാഹസികമായ സർഗാത്മകതയില്ല.  പകരം കണക്കുകൂട്ടലും ക്രമപ്പെടുത്തലുമാണുള്ളത്.       

 

 ഇന്നത്തെ ലോകത്ത് എല്ലാം ക്രമീകൃതവും വിവിധ തലത്തിൽ കണക്കുകൂട്ടി ഭദ്രമാക്കപ്പെട്ടതുമാണ്.  കുട്ടിക്കാലത്തെ സ്വപ്‌നങ്ങളിലെന്നപോലെ ഒന്ന് പറന്നു നോക്കാൻ അവസരമില്ല.   സാഹസികതയ്‌ക്ക്‌ പ്രകടന സാധ്യതയില്ല.  എന്നിട്ടും സർഗാത്മകത കാത്തിരിക്കുന്നത് സാഹസികതയെയാണ്.  സംഗീതം അതിന്റെ കെട്ടുപാടുകളഴിച്ചുവച്ച് ഒരു സ്വപ്‌നം കാണട്ടെ.  ചിറകില്ലാതെ പറക്കുന്ന ഒരു കുട്ടിക്കാല സ്വപ്‌നം.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

പ്രധാന വാർത്തകൾ
 Top