16 February Saturday

മൗനിബാബ (കേരളത്തിന്‌ പുറത്ത്‌)

സൂക്ഷ്മൻUpdated: Sunday Jul 8, 2018

 കേരളത്തിലെത്തുമ്പോൾമാത്രം പ്രവർത്തിക്കുന്നതാണ് അറക്കപ്പറമ്പിൽ കുര്യൻ ആന്റണിയുടെ മിണ്ടുന്ന യന്ത്രം. ദേശീയപ്രശ്നങ്ങളിൽ ഒന്നിലും ആന്റണി മിണ്ടിക്കേട്ടിട്ടില്ല.  പത്തു വർഷത്തിനുള്ളിൽ മന്ത്രിയായും അല്ലാതെയും പാർലമെന്റിൽ  ഇരുന്നു.  മിണ്ടിയിട്ടില്ല. ബിജെപിക്കും വർഗീയതയ‌്ക്കും എതിരെ ഒരിക്കലെങ്കിലും ഒരക്ഷരം? ഇല്ലേയില്ല. കുറ്റം പറയാൻ വരട്ടെ. പത്തു വർഷത്തിനുള്ളിൽ രാജ്യസഭയിൽ പത്തു ഡിബേറ്റിൽ  പങ്കെടുത്തിട്ടുണ്ട്. വർഷത്തിൽ ഒന്ന് എന്ന കണക്കിൽ.  കേരളത്തിൽനിന്നുള്ള  രാജ്യസഭാ എംപിമാരുടെ ശരാശരി 140 ആണത്രേ. എങ്കിലെന്ത് ആന്റണിയുടെ പത്ത് പരമവിശിഷ്ടംതന്നെ.  

 

ആന്റണിയെങ്കിലും ഉണ്ടല്ലോ എന്നാണ് ആശ്വസിക്കേണ്ടത്. രമേശ് ചെന്നിത്തല വിഡ്ഢിത്തം പറയുമ്പോൾ, 'കെഎസ‌്‌യു നിലവാരം’ എന്നാണ് പരിഹാസം.  മഹാരാജാസ് കോളേജിൽ അഭിമന്യുവിനെ പോപ്പുലർ ഫ്രണ്ടുകാർ കുത്തിക്കൊന്നപ്പോൾ കെഎസ്‌യുക്കാരന്റെ കണ്ണ് നിറഞ്ഞു. അഭിമന്യുവിന്റെ ചിത്രം ഫെയ‌്സ്ബുക് പേജിന്റെ  പ്രൊഫൈൽ പിക്ചറാക്കി, അഭിമന്യു വിട്ടുപോയതിന്റെ ദുഃഖത്തിൽ എല്ലാ മഹാരാജാസുകാരും പങ്കുചേരുവാൻ  ആഹ്വാനംചെയ്തു.  എസ്എഫ്ഐ മറ്റ് വിദ്യാർഥി സംഘടനകളെ  പ്രവർത്തിക്കാൻ അനുവദിക്കുന്നില്ലെന്ന് ആരോപിച്ച്  കൊലപാതകത്തിന്റെ ന്യായീകരണത്തൊഴിലാളികളായി  ഇറങ്ങിയവർക്ക‌് കൃത്യമായ മറുപടി. ഇനി ചെന്നിത്തലയുടേത് കെഎസ്‌യു നിലവാരം എന്ന് ആരെങ്കിലും പറഞ്ഞാൽ കെഎസ്‌യുവിന് മാനനഷ്ടക്കേസ് കൊടുക്കാം.  
 
മഹാരാജാസിലെ അരുംകൊലയെക്കുറിച്ച് മനസ്സിൽ മനുഷ്യത്വമുള്ളവരെല്ലാം പ്രതികരിച്ചിട്ടുണ്ട്. യുഡിഎഫുകാരൊഴിച്ച്.  സൂര്യനു താഴെ എന്തു കണ്ടാലും പ്രതികരിക്കുന്ന ചെന്നിത്തലമുതൽ സുധീരൻവരെയുള്ള പ്രതികരണത്തിളക്കങ്ങൾ മഹാരാജാസിലെ കൊലപാതകം അറിഞ്ഞിട്ടുപോലുമില്ല. 'മുസ്ലിം സഹോദരങ്ങളേ... നിങ്ങൾ ഉമിനീരുപോലുമിറക്കാത്ത ഈ നോമ്പുകാലത്ത് ...’ എന്ന് ചർച്ച നടത്തിയവർ വട്ടവടയിലെ ഉരുളക്കിഴങ്ങുപാടത്ത‌് വിയർപ്പൊഴുക്കുകയും മാഹാരാജാസിന്റെ വിസ‌്തൃത  ക്യാംപസിൽ ഹൃദയംകൊണ്ട് ചിത്രം രചിക്കുകയും ചെയ്ത അഭിമന്യുവിനെ കണ്ടിട്ടില്ല. എല്ലായ‌്പ്പോഴും ചിരിക്കുകയും എതിർത്തുനിൽക്കുന്ന സംഘടനകളുടെ പ്രവർത്തകരെക്കൊണ്ട്  പ്രിയ സഹോദരാ എന്ന് വിളിപ്പിക്കുകയും ചെയ്യുന്ന അഭിമന്യുവിന്റെ നെഞ്ചിൽ തറച്ചുകയറിയ സംഹാരത്തിന്റെ ആയുധം ചർച്ചചെയ്യാനുള്ള ഒന്നാണെന്ന് ദേശീയമാധ്യമങ്ങൾക്ക‌് തോന്നാത്തിടത്താണ് അഭിമന്യുവിന്റെ വിജയം. 
 
ആന്റണിയെ പലരും തിരിച്ചറിഞ്ഞിട്ടില്ല. കെഎസ‌്‌യുവിന്റെ സ്ഥാപക  നേതാവും ആദർശത്തിന്റെ അംബാസഡറുമായ ആന്റണിക്ക് രാഷ്ട്രീയം അറിയില്ല എന്നാണ് മിക്കവരുടെയും ധാരണ, സങ്കീർണമാണ് ആ രാഷ്ട്രീയം. ലോകംകണ്ട ഏറ്റവും വലിയ അഴിമതികളിൽ യുപിഎ സർക്കാർ ആടിയുലഞ്ഞപ്പോൾ ഇളക്കംതട്ടാതെനിന്നു ആന്റണി. പ്രതിരോധമന്ത്രാലയം ആ കുംഭകോണങ്ങളുടെ കേളീരംഗമാക്കിയപ്പോഴും,  ആദർശം കൊട്ടയിലാക്കി വഴിനീളെ വിറ്റു മന്ത്രിയായ ആന്റണി.
 
സംസ്ഥാനത്ത‌് യുഡിഎഫും കോൺഗ്രസും കുഴപ്പത്തിലാകുമ്പോഴും തെരഞ്ഞെടുപ്പ് വരുമ്പോഴുമാണ് ആന്റണിയുടെ ആഗമനം.  കോൺഗ്രസിലും യുഡിഎഫിലും ആന്റണിയേക്കാൾ പൊക്കമുള്ള നേതാക്കളില്ല. ആന്റണിക്കാണെങ്കിൽ പറഞ്ഞു ഫലിപ്പിക്കാൻ ത്രാണിയുമില്ല.  
 
മാർക‌്‌സിസ്റ്റ‌്  വിരോധമാണ് ഭക്ഷണം. എൺപതിൽ സിപിഐ എമ്മിനൊപ്പം ഭരണത്തിന്റെ 'ശീതള ഛായയിൽ’ ഇളവേറ്റെങ്കിലും കൂടെയുള്ളവരെ കുതികാൽവെട്ടി പുറത്തുകടന്ന‌് ശാപംചൊരിയാനും  ഇന്ദിരയുടെ പാദാരവിന്ദങ്ങളിൽ ശിഷ്ടജീവിതം സമർപ്പിക്കാനും ആദർശത്തിന്റെ അസ‌്‌ക്യത ഒട്ടുമുണ്ടായിട്ടില്ല.
 
കോൺഗ്രസിന്റെ ഭാവിയെക്കുറിച്ച് ഗവേഷണം നടത്തുന്നവർക്ക് ആന്റണിയെ കാണാതിരിക്കാനും പടവലങ്ങയെ ഓർക്കാതിരിക്കാനും ആവില്ല. താഴേക്കാണ് വളർച്ച. മഹാരാജാസിലെ അധ്യാപകരും കെഎസ‌്‌യു നേതാക്കളും മനുഷ്യത്വത്തിന്റെ ശേഷിപ്പ് മനസ്സിലുള്ളവരാകെയും അഭിമന്യുവിനെയും അവനിലെ നന്മയെയും കാണുമ്പോൾ, അവനിലും അവന്റെ വിശ്വാസത്തിലും തിന്മ കണ്ടെത്തി വിളിച്ചുപറഞ്ഞ ആന്റണി ഇന്നത്തെയും എന്നത്തേയും കോൺഗ്രസിന്റെ പ്രതീകമാണ്. പ്രതികരിച്ച‌് വഷളാകാതിരിക്കാനുള്ള വിവേകം ചെന്നിത്തലയും ഉമ്മൻചാണ്ടിയും സുധീരനും കാണിച്ചു. പ്രതികരിച്ച‌് സ്വത്വം പ്രദർശിപ്പിക്കാനുള്ള തന്റേടം ആന്റണിയും കാണിച്ചു. കൊല്ലപ്പെട്ടാൽ അഭിമന്യു എസ്എഫ്ഐയും കൊന്നത് വർഗീയതയുടെ കൊടിപിടിച്ച പോപ്പുലർ ഫ്രണ്ടും ആകുമ്പോൾ തികട്ടിവരേണ്ടത‌് മാർക‌്‌സിസ്റ്റ‌്  വിരോധമാണെന്നും പ്രതിക്കൂട്ടിൽ നിർത്തേണ്ടത്, ഇന്നുവരെ ഒരു ക്യാംപസ് കൊലപാതകത്തിലും കുറ്റവാളിസ്ഥാനത്ത‌് വന്നിട്ടില്ലാത്ത എസ്എഫ്ഐ ആണെന്നും ആന്റണി പറയുന്നതിന്റെ  പ്രേരണയും പ്രചോദനവും പഴയ കെഎസ‌്‌യു മനസ്സാണ്. കെഎസ‌്‌യുക്കാർപോലും തട്ടിമാറ്റിയ ജീർണമായ മാർക‌്സിസ്റ്റ‌് വിരോധത്തിന്റെ പര്യായങ്ങളിൽ ഒന്ന് എ കെ ആന്റണി എന്നുതന്നെ.
പ്രധാന വാർത്തകൾ
 Top