20 March Wednesday

കവിത ജീവിതത്തിന്റെ കൈയൊപ്പ്

വെബ് ഡെസ്‌ക്‌Updated: Sunday Apr 8, 2018

 കവിത നീതിമാന്റെ രക്തം ആവശ്യപ്പെടുന്നുണ്ട്. ഒാരോ രചനയും ചെറിയ ചെറിയ മരണങ്ങൾ അടയാളപ്പെടുത്തുന്നുണ്ട്. നടന്നുവന്ന വഴികൾ. കേട്ടറിഞ്ഞ ഭൂതകാലത്തഴപ്പുകൾ. കണ്ട് കേട്ട് മറഞ്ഞുപോയവ, മറക്കാൻ കഴിയാത്ത മുറിവുകൾ ഇതെല്ലാം എഴുത്തിന്റെ വഴിയിലെ കൂട്ടുകാർ. അകംപുറം തമ്മിലുള്ള ഒടുങ്ങാത്ത സംഘർഷങ്ങൾ, ചില പാരസ്പര്യങ്ങൾ, തിരിച്ചറിയാൻ കഴിയാത്ത സമസ്യകൾ ഇതെല്ലാം കൂടിക്കുഴഞ്ഞ് കിടക്കുന്നു. വായനയും എഴുത്തും ഇണയായും തുണയായും ഒന്നിച്ചുണ്ട്. എഴുത്ത് ഗൗരവമായി തുടങ്ങി എഴുതി പ്രസിദ്ധീകരിച്ച് തുടങ്ങിയിട്ട് മൂന്നുപതിറ്റാണ്ട്. ഒാരോ എഴുത്തും തന്നത് വേറിട്ട അനുഭവങ്ങൾ.

വീടിന് വാതിലുകളും ജനലുകളും എന്നപോലെയാണ് ജീവിതത്തിന് എഴുത്ത്. കൂടുതൽ വിപുലവും ആഴമേറിയതുമായ ചിലത് അന്വേഷിച്ചുകൊണ്ടേയിരിക്കുക. ഉറച്ചുനിന്നതിലല്ല ചലിച്ചുനിന്നതിലാണ് സന്തോഷം. പിയിലും വൈലോപ്പിള്ളിയിലും സുഗതകുമാരിയിലും ബാലചന്ദ്രൻ ചുള്ളിക്കാടിലും വിനയചന്ദ്രനിലും നീരാടിയ കൗമാരത്തിൽ മാർക്സ്, ലെനിൻ, കാസ്ട്രോ, എ കെ ജി, കേരളീയൻ, കെ ദാമോദരൻ, ഇ എം എസ്,  മാവോ എന്നിവരെ മാറിമാറി പരിചയപ്പെട്ടു. രാഷ്ട്രീയ പ്രവർത്തകനായ അച്ഛന്റെ വായനയും സംസാരവും വേറൊരു ലോകം സമ്മാനിച്ചു. കുട്ടിക്കാലത്ത് കരുതി ലെനിൻ നാലഞ്ച് വീടിനപ്പുറം താമസിക്കുന്ന ആരോ ആണെന്ന്. ഇന്നല്ലെങ്കിൽ നാളെ വഴിയിൽവച്ച് കാണാമെന്ന തോന്നൽ. ഒരിക്കൻ അച്ഛനോട് അങ്ങനെ ചോദിച്ചിട്ടുമുണ്ട്. അവനവന്റേതല്ലാത്ത വേദനകൾ മടിയില്ലാതെ ഏറ്റുവാങ്ങുന്ന വഴക്കം അച്ഛനിലൂടെ, നിരവധി മഹാത്യാഗികളായ മനുഷ്യരിലൂടെ തൊട്ടറിയാൻ കഴിഞ്ഞു.
ദാരിദ്ര്യത്തിലാണ് എന്റെ ബാല്യ‐കൗമാര‐യൗവനഘട്ടങ്ങൾ പിന്നിട്ടത്. പട്ടിണിയുടെയും അപമാനത്തിന്റെയും കയ്പു നിറഞ്ഞ പകലുകളിൽ ഞാൻ അച്ഛനെ പുച്ഛത്തോടെ കണ്ടിട്ടുണ്ടാകണം. ചില പുസ്തകങ്ങളിലൂടെ അച്ഛനത് പരിഹരിച്ചിട്ടുണ്ട്. സൈക്കിൾ യാത്രയിൽ നാം എന്ന കവിത ഇങ്ങനെ ചില അടയാളപ്പെടുത്തലാണ്. രാഷ്ട്രീയ പ്രവർത്തനത്തിന്റെ എണ്ണിയാലൊടുങ്ങാത്ത യാത്രകളിലായിരിക്കും അച്ഛനധികവും. നാട്ടിലെ സഖാക്കളുടെ കാരുണ്യപൂർവമായ സഹായങ്ങളാണ് ആശ്രയം. ബൈസിക്കിൾ തീവ്സ് എന്ന വിഖ്യാത സിനിമ തൊട്ട് സൈക്കിൾ പല സൂചകങ്ങളായി സർഗാത്മകസഞ്ചാരം നടത്തിയിട്ടുണ്ട്.
'എവിടെത്തിരിഞ്ഞൊന്ന്,
നോക്കിയാലും കാണാം,
സമയമാം സൈക്കിൾ കയറി
സ്വർഗയാത്ര ചെയ്യുന്നവരെ' എന്ന് കവിതയിൽ. 
സൈക്കിൾ പഠിക്കാൻ വേണ്ടി നടത്തിയ ശ്രമങ്ങളുടെ കഥ പ്രധാനം. ആറാം ക്ലാസിൽ പഠിക്കുമ്പോൾ പഠിപ്പിക്കുന്ന ഒരാളുടെ അടുത്തുപോയപ്പോഴാണ് ഗൗരവം പിടികിട്ടുന്നത്. സൈക്കിളിന്റെ വാടക കൊടുക്കാനുള്ള ഒരു രൂപ വേണം. ആരോട് പറയാൻ? രണ്ടുനേരം കഞ്ഞി തരാനുള്ള പെടാപ്പാട് അമ്മയ്ക്കറിയാം.
മംഗലാപുരത്തുനിന്ന് സാധനങ്ങൾ വാങ്ങിക്കൊണ്ടുവന്ന് വിൽക്കുന്ന രാമചന്ദ്രേട്ടൻ, തുടച്ച് മിനുക്കി സൈക്കിളിനെ പരിപാലിക്കുന്ന തെക്കില്ലം കേശവേട്ടൻ, രോഗികളെ ആശുപത്രിയിലേക്ക് സൈക്കിളിലിരുത്തി കൊണ്ടുപോകുന്ന തമ്പിയേട്ടൻ തുടങ്ങിയ നാലോ അഞ്ചോ സൈക്കിൾ യാത്രക്കാർ പുറച്ചേരി എന്ന ഉൾനാടൻ ഗ്രാമത്തെ ചലിപ്പിച്ചിരുന്നു.
ജീവിതത്തെ പുതുക്കിപ്പണിയാൻ കവിതപോലെ മറ്റൊരു ബന്ധുവില്ല. ഒറ്റപ്പെട്ടുപോകുമായിരുന്ന പല ഘട്ടങ്ങളിലും കവിതയും രാഷ്ട്രീയവും തന്ന അഭയം പച്ചപിടിച്ച ചിത്രങ്ങളായി നിൽപ്പുണ്ട്. ദരിദ്രന് രക്തബന്ധം എളുപ്പത്തിൽ പച്ചവെള്ളമായി മാറും. സ്നേഹബന്ധവും രാഷ്ട്രീയബന്ധവും പച്ചവെള്ളത്തെ വീഞ്ഞാക്കി മാറ്റുന്ന രാസവിദ്യയായി കവിതയിലും കടന്നു വന്നിട്ടുണ്ട്.
ഒരു സൈക്കിളുമുരുട്ടി വീട്ടിലേക്ക് വന്ന മനുഷ്യന്റെ ചിത്രം മറക്കാൻ കഴിയില്ല. കവിതയിലേക്ക് ഞാനത് പറിച്ചുനട്ടു. കടലാസിൽ ചുരുട്ടിപ്പിടിച്ച് കൊണ്ടുവന്ന അരിപ്പൊതി. അഭിമാനം മൂലം അമ്മ ഇതൊന്നും വേണ്ട എന്ന് ഭംഗിവാക്ക് പറയും. അദ്ദേ ഹം പോയ ഉടനെ ആ അരിപ്പൊതി അമ്മ എടുക്കുകയായി.  പിന്നെ. കഞ്ഞിയായി. സന്തോഷമായി. തെളിച്ചമായി.
പിന്നീട് പലപ്പോഴായി ഞാൻ ആ മനുഷ്യനെ ശ്രദ്ധിക്കാൻ തുടങ്ങി. ആ മനുഷ്യനും സൈക്കിളും എന്റെ കൗതുകവും കൂട്ടുമായി. ഓരോ മനുഷ്യരോടും സംസാരിച്ച് സൈക്കിളിൽ കയറാൻ നോക്കുമ്പോഴായിരിക്കും 'ഏയ് നാരണേട്ടാ, ഒന്നാട നിന്നേ' എന്ന് കേൾക്കുക. പിന്നീട് അവരുമായി സംസാരമായി.
'തെളിമ നിറഞ്ഞ വഴിയിൽ
കുശലം പറയുന്ന
മണിയൊച്ച,
പ്രിയപ്പെട്ടവർക്കരികിൽ ,
വന്നൊന്നൊതുങ്ങി നിൽപ്പ്,
ഒപ്പം നടക്കൽ'
കവിതയുടെ തുടക്കം ഞാനിങ്ങനെ എഴുതിവച്ചു. പിന്നീട് കൺമുന്നിലേക്ക് സൈക്കിൾ ചിത്രങ്ങളുടെ പ്രവാഹമായി. സഖാവ് കെ സി നാരായണൻനമ്പ്യാർ എന്ന പൊതുപ്രവർത്തകനാണ് കവിതയുടെ പ്രഭവകേന്ദ്രം... കവിതയിൽ സഖാവ് കണാരേട്ടന്റെ സൈക്കിൾ നടത്തങ്ങൾ എന്നാണ് എഴുതിയത്... കണ്ട് കണ്ടിരിളുന്നൊരന്തിയിൽ നമ്മൾ നമ്മെ ഭരിക്കുന്നിടങ്ങളിലേക്ക് കൊടി കെട്ടിയ റാലികൾ. ഇങ്ങനെ പോയി പ്രണയത്തിലേക്കും സമരത്തിലേക്കുമുള്ള സൈക്കിൾ സഞ്ചാരം. കമ്യൂണിസ്റ്റ് കർഷകപ്രസ്ഥാനത്തിനു വേണ്ടി ജീവന്റെ കൈയൊപ്പിട്ട അച്ഛൻ സഖാവ് വടക്കില്ലം ഗോവിന്ദൻനമ്പൂതിരിയും മറ്റനേകം പ്രിയസഖാക്കളും കവിതയിൽ കയറിയും ഇറങ്ങിയും സഞ്ചരിച്ചിട്ടുണ്ട്.
കവിത എനിക്ക് ജീവിതത്തിന്റെ കൈയൊപ്പാണ്. ഏതെങ്കിലുമൊരു താളത്തിലേക്കോ ഫോർമാറ്റിലേക്കോ ഫിൽ ചെയ്യുന്നതല്ല മറിച്ച് ബ്രെയ്ക്ക് ചെയ്യുന്നത് തന്നെയാണ്. രാഷ്ട്രീയത്തെ പടിക്ക് പുറത്തുനിർത്തി ഒരുവരിയും എഴുതാൻ കഴിഞ്ഞിട്ടില്ല. വ്യക്തികൾ കവിതയിൽ കടന്നിരിക്കാറുണ്ടെങ്കിലും സാമൂഹ്യാനുഭവമായി മാറുകയാണ് പതിവ്.  ജീവിച്ചിരുന്നതിന്റെ പാടുകളല്ലാതെ മറ്റെന്താണ് ഓരോ എഴുത്തും. മലയാളത്തിലെ പല വാരികകളിലായി പത്ത് ഇരുന്നൂറ്റമ്പത് കവിതകൾ ഇക്കാലത്തിനിടയിൽ വന്നു. അവയിൽ കതിരും പതിരുമുണ്ടാകാം. പ്രിയ വായനക്കാരാ, ജീവിതത്തിന്റെ മുദ്രയില്ലാത്ത ഒന്നും ഞാനെഴുതിയിട്ടില്ല.
പ്രധാന വാർത്തകൾ
 Top