01 April Saturday

സ്‌ക്രീനിൽ തെളിഞ്ഞ കള്ളങ്ങൾ

വെബ് ഡെസ്‌ക്‌Updated: Sunday Jan 8, 2023

(മലപ്പുറം മഹോത്സവത്തിൽ  ‘മലപ്പുറത്തിന്റെ സിനിമ’ സെമിനാറിൽ  മധു ജനാർദനൻ  അവതരിപ്പിച്ച പ്രബന്ധത്തിന്റെ ചുരുക്കം)

അയുക്തിയുടെ ചലച്ചിത്രപാഠങ്ങളാണ്‌ നമ്മുടേത്‌. മലപ്പുറം ജില്ലയെ സിനിമകൾ അടയാളപ്പെടുത്തിയത്‌ ഈ അയഥാർഥ കാഴ്‌ചപ്പാടിന്റെ പ്രതലത്തിലാണ്‌. ഇത്‌ തിരിച്ചറിയാൻ 1954ലേക്ക്‌ പോയാൽമതി. 1956ലാണ്‌ ഭാഷാ സംസ്ഥാന രൂപീകരണത്തിന്റെ ഭാഗമായി കേരളം ഉണ്ടാകുന്നത്‌. എന്നാൽ, 1954 ജൂൺ 22ന്‌ റിലീസ്‌ ചെയ്‌ത നീലക്കുയിൽ രണ്ടുവർഷം മുമ്പേ ഐക്യകേരള പ്രഖ്യാപനം നടത്തിയിരുന്നു. നീലക്കുയിലിന്റെ കഥയും തിരക്കഥയും രചിച്ചത്‌ പൊന്നാനിക്കാരനായ ഉറൂബാണ്‌. അത്‌ ആകസ്‌മികമായി സംഭവിച്ച ഒന്നല്ല. മലയാളത്തിൽ സർക്കസ്‌ പശ്ചാത്തലമായി ആദ്യം നിർമിച്ച നായര്‌ പിടിച്ച പുലിവാല്‌, രാരിച്ചൻ എന്ന പൗരൻ, ഉമ്മാച്ചു എന്നിങ്ങനെ സുപ്രധാന സിനിമകൾ ഉറൂബിന്റെ പേനയിൽനിന്നാണ്‌ ഉണ്ടായത്‌. ഈ ഇതിഹാസ പാരമ്പര്യത്തിന്റെ അവകാശികളായ മലപ്പുറത്തെക്കുറിച്ച്‌ അപരിചിതമെന്ന്‌ എഴുതിയ ചരിത്രം മലയാളസിനിമയുടെ ചരിത്രമായി പഠിക്കുന്നത്‌ ചോദ്യം ചെയ്യപ്പെടേണ്ടതുതന്നെയാണ്‌.

സിനിമയുടെ വിവിധ മേഖലകളിൽ നിർണായക സംഭാവന നൽകിയ മലപ്പുറത്തുകാർ നിരവധി. നിലമ്പൂർ ആയിഷയാണ്‌ ഇതിൽ പ്രധാനി. മഞ്ചേരിക്കാരനായ കെ ടി മുഹമ്മദ്‌ തിരക്കഥ രചിച്ച്‌ ടി ആർ സുന്ദരം സംവിധാനംചെയ്‌ത ‘കണ്ടം ബെച്ച കോട്ട്‌’ ആയിരുന്നു ആദ്യ സിനിമ. പിന്നീട്‌ കുട്ടിക്കുപ്പായം, സുബൈദ, കാത്തിരുന്ന നിക്കാഹ്‌, കാവ്യമേള, ഓളവും തീരവും, തേൻതുള്ളി, മൈലാഞ്ചി എന്നീ സിനിമകളിൽ വേഷമിട്ടു. മികച്ച ഛായാഗ്രാഹകനുള്ള ദേശീയ അവാർഡ്‌ രണ്ടു തവണയും സംസ്ഥാന അവാർഡ്‌ ഏഴു പ്രാവശ്യവും നേടിയ മങ്കട രവിവർമയുടെ പേരും പ്രസക്തം. ജനിച്ചത്‌ കോഴിക്കോട്ടാണെങ്കിലും ആനക്കയത്തിനടുത്ത്‌ പന്തല്ലൂരിൽ ജീവിച്ച വി ബി സി മേനോൻ പല ഭാഷയിലായി 400ൽ അധികം സിനിമകൾക്ക്‌ ശബ്ദസംവിധാനം നിർവഹിച്ചിട്ടുണ്ട്‌. മലപ്പുറം ജില്ലയിൽനിന്ന്‌ ആദ്യമായി പുണെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ പഠിച്ചിറങ്ങിയ മേലാറ്റൂർ രവിവർമ സ്വന്തമായി സിനിമ സംവിധാനം ചെയ്യുകയും നിർമിക്കുകയും ചെയ്‌തു. നടൻ ജയന്റെ അകാല മരണത്തിന്‌ ഇടയാക്കിയ കോളിളക്കം അദ്ദേഹം തിരക്കഥയെഴുതിയ ചിത്രമാണ്‌. മുൻനിര സംവിധായകരുടെ കൂട്ടത്തിൽ ഇടംനേടിയ എ ടി അബു പെരിന്തൽമണ്ണയ്‌ക്കടുത്ത ഏലംകുളത്തുകാരനാണ്‌. നിലമ്പൂർ ആയിഷയ്‌ക്കൊപ്പം സിനിമാരംഗത്തുവന്ന നിലമ്പൂർ ബാലൻ പ്രശസ്‌തനാണ്‌. എന്നാൽ, അദ്ദേഹത്തിന്റെ ഭാര്യ വിജയലക്ഷ്‌മിയെ അപൂർവം ആളുകൾക്കേ അറിയൂ. ‘നിർമാല്യം’ സിനിമയിൽ  നിലമ്പൂർ ബാലനൊപ്പം പുള്ളുവത്തിയായി അഭിനയിച്ചത്‌ വിജയലക്ഷ്‌മിയാണ്‌. ടി എ റസാഖ്‌, ടി എ ഷാഹിദ്‌, ഷഹബാസ്‌ അമൻ... മലപ്പുറത്തെ സിനിമാ മേഖലയിൽ അടയാളപ്പെടുത്തിയവരുടെ പട്ടിക നീളുന്നു. ഓരോ താലൂക്ക്‌ തിരിച്ചാൽപ്പോലും നിരവധി സിനിമാ അഭിനേതാക്കൾ മലപ്പുറത്തുണ്ട്‌. ടി പി ഗോപാലൻ (രാരിച്ചൻ എന്ന പൗരനിലെ ആനക്കാരൻ), നിർമാതാവും അഭിനേതാവുമായ പുലാമന്തോൾക്കാരൻ ഉണ്ണിമാഷ്‌, ഇരുട്ടിന്റെ ആത്മാവിൽ ശാരദയ്‌ക്ക്‌ ശബ്ദം കൊടുത്ത പി സി ദേവകി ടീച്ചർ... അങ്ങനെ എത്രപേർ. മലയാളത്തിലെ ആദ്യ ശബ്ദസിനിമയായ ബാലനിലെ (1938) നായകനടൻ കെ കെ അരൂർ കോട്ടക്കലിൽ പി എസ്‌ വാരിയരുടെ നാടകക്കമ്പനിയിലെ നടനായിരുന്നു.

സിനിമാ പാരമ്പര്യം ഇത്ര ആഴത്തിലുള്ള ഭൂമികയെ മലയാള ചലച്ചിത്രങ്ങൾ വികലമായാണ്‌ അടയാളപ്പെടുത്തിയത്‌. സത്യൻ അന്തിക്കാടിന്റെ ‘വിനോദയാത്ര’യിൽ നടൻ മുരളി അവതരിപ്പിക്കുന്ന റിട്ട. പൊലീസ്‌ ഉദ്യോഗസ്ഥന്റെ കഥാപാത്രം പറയുന്നത്‌ മലപ്പുറത്തു നടന്ന കലാപത്തിൽ കാൽ നഷ്ടപ്പെട്ടു എന്നാണ്‌. എന്നാൽ, അങ്ങനെയൊരു വർഗീയകലാപം മലപ്പുറത്ത്‌ നടന്നിട്ടേയില്ല. ‘പഴയ തറവാട്‌ പൊളിക്കാൻ മലപ്പുറത്ത്‌ ഇഷ്ടംപോലെ ബോംബ്‌ കിട്ടുമല്ലോ’ എന്ന ആറാംതമ്പുരാനിലെ മോഹൻലാൽ കഥാപാത്രത്തിന്റെ ഡയലോഗ്‌ ഓർക്കുക. സിനിമകളിലെ ഈ മലപ്പുറം വിരുദ്ധത പൊതുബോധമായി സ്വീകരിക്കപ്പെടുകയുംചെയ്‌തു. മലയാളസിനിമ മുസ്ലിം സമൂഹത്തിന്‌ കൽപ്പിച്ചുനൽകിയ വേഷവിധാനവും പരിശോധനയ്‌ക്ക്‌ വിധേയമാക്കേണ്ടത്‌.

ഇക്കാലത്തിനുശേഷം മലപ്പുറത്തെ ശരിയാംവിധം രേഖപ്പെടുത്തിയ ചില സിനിമകളും ഉണ്ടായി. കെ എൽ പത്ത്‌ (മുഹ്‌സിൻ പരാരി) അതിലെ ഏറനാടൻ ഭാഷാപ്രയോഗംകൊണ്ടാണ്‌ ശ്രദ്ധനേടിയത്‌. പക്ഷേ, അതിലും മലപ്പുറത്തിന്റെ നിഷ്‌കളങ്കത പരിഹസിക്കപ്പെട്ടു. ഷാനവാസ്‌ ബാവക്കുട്ടി സംവിധാനംചെയ്‌ത കിസ്‌മത്ത്‌ പൊന്നാനിയുടെ തനിമ ആവിഷ്‌കരിക്കാൻ ശ്രമിച്ചു. മലപ്പുറത്തിന്റെ സാഹോദര്യവും കാൽപ്പന്തുപ്രേമവും അനാവരണം ചെയ്യുന്നതായി സക്കറിയയുടെ സുഡാനി ഫ്രം നൈജീരിയ. എന്നാൽ, ഹലാൽ ലൗ സ്‌റ്റോറി, തല്ലുമാല എന്നീ ചിത്രങ്ങൾ വീണ്ടും മലപ്പുറത്തെ സങ്കുചിത ഇടങ്ങളിലേക്ക്‌ മാറ്റിപാർപ്പിച്ചു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top