28 January Friday

പോരാട്ടത്തിന്‌ തുണ രാഷ്‌ട്രീയാനുഭവം

കെ എ നിധിൻ നാഥ്‌ nidhinnath@gmail.comUpdated: Sunday Nov 7, 2021

ജയ്‌ ഭീമിലെ രംഗം

റിട്ട. ജസ്റ്റിസ്‌ കെ ചന്ദ്രു

റിട്ട. ജസ്റ്റിസ്‌ കെ ചന്ദ്രു

ജയ്‌ ഭീമിലെ റിയൽ ഹീറോ സംസാരിക്കുന്നു

സൂര്യ പ്രധാന കഥാപാത്രമായ ജയ്‌ ഭീം ഇന്ന്‌ വലിയ ചർച്ചയാണ്‌. ആദിവാസി യുവാവിന്റെ കസ്റ്റഡി കൊലപാതകവും നീതി തേടിയുള്ള നിയമയുദ്ധവുമാണ്‌ ഇതിവൃത്തം. സിനിമ തീരുമ്പോൾ നമ്മൾ തിരയുന്ന ഒരു പേരുണ്ട്‌–-ജസ്റ്റിസ്‌ കെ ചന്ദ്രു. ആ ജീവിതത്തിനുമുന്നിൽ  സിനിമ ഒന്നുമല്ല.  28 വർഷംമുമ്പ്‌ വക്കീലായിരിക്കെ ചന്ദ്രു നടത്തിയ ഐതിഹാസിക പോരാട്ടമാണിത്‌. സ്‌ത്രീകളെ  പൂജാരിയാക്കാം, പൊതുശ്‌മശാനങ്ങളിൽ ജാതീയ വേർതിരിവുകൾ പാടില്ല തുടങ്ങിയ ചരിത്രപരമായ വിധിന്യായങ്ങൾ ജസ്റ്റിസ്‌ ചന്ദ്രുവിന്റേതാണ്‌.  നീതിവൈകൽ നീതിനിഷേധമെന്നു വിശ്വസിക്കുന്ന ഈ ന്യായാധിപൻ 72,000 കേസാണ്‌ തീർപ്പാക്കിയത്‌. ഗൺമാനെ വേണ്ടെന്നു തീരുമാനിച്ച, പടിയിറങ്ങുംമുമ്പേ സ്വത്തുവിവരം വെളിപ്പെടുത്തിയ അപൂർവം ന്യായാധിപരിൽ ഒരാൾ. ഈ നിലപാടിനും നിശ്ചയദാർഢ്യത്തിനും അടിത്തറയൊരുക്കിയത്‌ രാഷ്‌ട്രീയ പ്രവർത്തനാനുഭവവും  കമ്യൂണിസ്റ്റ്‌ പാർടിയോട്‌ ഇഴചേർന്ന ഭൂതകാലവും. തമിഴ്‌നാട്ടിലെ എസ്‌എഫ്‌ഐ സ്ഥാപക നേതാക്കളിൽ ഒരാൾ. ജയ്‌ ഭീമിലെ റിയൽ ലൈഫ്‌ ഹീറോ കെ ചന്ദ്രു സംസാരിക്കുന്നു:

സിനിമയും മാധ്യമങ്ങളും  തിരയുന്നത്‌

വിശ്വസിക്കാനാകാത്ത അതിസാഹസിക കഥകളാണ്‌ സിനിമയാകാറ്‌.  സെൻസേഷണലായ രാഷ്ട്രീയ സംഭവങ്ങൾ മാത്രമാണ്‌ മാധ്യമങ്ങൾക്ക്‌ വിഷയം. ഇതിനിടയിലാണ്‌ ദളിത്‌ സ്‌ത്രീയുടെ  പോരാട്ടം സിനിമയായത്‌.  സെങ്കിണിയായി ലിജോമോൾ ജോസ്‌ അതിഗംഭീരമായി അഭിനയിച്ചു. അത്‌ വിഷയത്തിന്റെ വ്യാപ്‌തി ജനങ്ങളിലെത്തിച്ചു. 28 വർഷംമുമ്പ്‌ നടന്നതാണെങ്കിലും ഒരിക്കലും മറക്കാനാകില്ല ആ പോരാട്ടം. കോടതി വിധികളടക്കം കേസിന്റെ  രേഖയെല്ലാം സൂക്ഷിച്ചിട്ടുണ്ട്‌.  

തെളിവിനായി അലഞ്ഞ്‌

തെളിവുശേഖരിക്കാനും സാക്ഷികളെ കണ്ടെത്താനും ബുദ്ധിമുട്ടി. പാർവതിയുടെ കൈവശം(സിനിമയിൽ സെങ്കിനി) കേസിന്‌ ആധാരമായി തെളിവൊന്നുമില്ല. അതിനാൽ രാജാക്കണ്ണിനെ കണ്ടെത്താനുള്ള ഹേബിയസ്‌ കോർപസുമായി മുന്നോട്ടുപോകാനായില്ല. തുടർന്നാണ്‌ ലോക്കപ്പുമർദനത്തിന്‌ ഇരയായ രണ്ടു ബന്ധുക്കളെ കണ്ടെത്താൻ ശ്രമിച്ചത്‌. അവരെ കേരളത്തിൽനിന്ന്‌ കണ്ടുപിടിച്ചു. കസ്റ്റഡി മർദനത്തിനുശേഷം പൊലീസ്‌ നാടുവിടാൻ നിർദേശിച്ചതാണ്‌. മടങ്ങിവരാൻ അവർക്ക്‌ ഭയം. അവർ കോടതിയിൽ മൊഴി നൽകിയതോടെയാണ്‌ കേസ്‌ വഴിമാറിയത്‌. രാജാക്കണ്ണിന്റെ കസ്റ്റഡി കൊലപാതകവും പുറത്തുവന്നു. കോടതി പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചു.  

കീഴടങ്ങാതെ പൊരുതി

സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറായ വെങ്കിട്ടരാമന്റെ വീടിനുനേരെ ആക്രമണമുണ്ടായി. കാർ കത്തിച്ചു. ഹൈക്കോടതിയെ സമീപിച്ച്‌ അദ്ദേഹത്തിന്‌ പൊലീസ്‌ സംരക്ഷണം വാങ്ങി. പ്രതികളായ പൊലീസുകാർക്ക്‌ 10 വർഷം കഠിനതടവ്‌ ലഭിച്ചു. ഹേബിയസ്‌ കോർപസ്‌ പരിഗണനയിലിരിക്കെ  ഒരു ലക്ഷം രൂപ നൽകി കേസ്‌ ഒതുക്കാനുള്ള നീക്കത്തിന്‌ പാർവതി വഴങ്ങിയില്ല.  എസ്‌ഐ എനിക്ക്‌ രണ്ടു ലക്ഷം രൂപ  വാഗ്‌ദാനം ചെയ്‌തു. ഇതിനെതിരെ ഹൈക്കോടതിയിൽ പരാതി നൽകി. തുടർന്ന്‌ ഡിജിപിയെ കോടതി വിളിച്ചുവരുത്തി എസ്‌ഐക്കെതിരെ നടപടിക്ക്‌ നിർദേശിച്ചു. തുടർന്ന്‌ അയാളെ സസ്‌പെൻഡ്‌ ചെയ്‌തു.

ദിശ കാണിച്ച്‌ പാർടി

1968ലാണ്‌ സിപിഐ എമ്മിന്റെ തമിഴ്‌നാട്‌ വിദ്യാർഥി ഫെഡറേഷന്റെ ഭാഗമാകുന്നത്‌. 1970ൽ തിരുവനന്തപുരത്ത്‌ എസ്‌എഫ്‌ഐ രൂപീകരണ സമ്മേളനത്തിൽ പങ്കെടുത്തു. ഹൈക്കോടതിയിൽ അഭിഭാഷകനാകുംവരെ എസ്‌എഫ്‌ഐയിൽ. സിഐടിയുവിന്റെ പ്രഥമ സമ്മേളനത്തിലും പ്രതിനിധിയായി. പാർടി ചെന്നൈ ജില്ലാ കമ്മിറ്റി അംഗവുമായിരുന്നു.  

അടിയന്തരാവസ്ഥയുടെ പ്രേരണകൾ

1971ൽ ബിരുദപഠനം പൂർത്തിയാക്കിയശേഷം രണ്ടു വർഷം മുഴുവൻസമയ കേഡറായി. തുടർന്ന്‌ നിയമപഠനം. ജനകീയ പ്രശ്‌നങ്ങൾ മനസ്സിലാക്കാൻ സംഘടനാ പ്രവർത്തനം സഹായിച്ചു.  അടിയന്തരാവസ്ഥയുടെ നാളുകൾ ജനാധിപത്യ സംവിധാനത്തിന്റെ നിലനിൽപ്പ്‌ അനിവാര്യമാണെന്ന ബോധ്യം നൽകി. ഭരണഘടനയും നിയമവാഴ്‌ചയും ഉയർത്തിപ്പിടിക്കേണ്ടതും സുപ്രധാനമാണെന്ന ചിന്തയും നിയമം പഠിക്കാൻ പ്രേരണയായി.  

മാർക്‌സിസം എന്ന ടൂൾ

എസ്‌എഫ്‌ഐ, സിഐടിയു  പ്രവർത്തനങ്ങൾ സാമൂഹ്യ പ്രശ്‌നങ്ങളെക്കുറിച്ചും സമൂഹത്തെക്കുറിച്ചും  നല്ല ബോധ്യമുണ്ടാക്കി. ജനങ്ങളുടെ പ്രശ്നങ്ങൾ തിരിച്ചറിയുന്നതിനുള്ള പ്രധാന ഉപകരണമാണ്‌ മാർക്‌സിസവും വർഗസമരസിദ്ധാന്തവുമെന്ന്‌ നിയമപഠനകാലവും അഭിഭാഷകജീവിതവും പഠിപ്പിച്ചു. ജാതിവിവേചനവും  ദളിതരുടെ ദുരവസ്ഥയും അംബേദ്കറിനെ വായിക്കാൻ പ്രേരണയായി.

കൊളോണിയൽ ദണ്ഡുകൾ 

ജുഡീഷ്യറിയുടെ കൊളോണിയൽ ഹാങ്ങോവർ മാറ്റേണ്ടത്‌ അത്യാവശ്യമാണെന്ന് തോന്നിയിരുന്നു. അതിനാലാണ്‌ ന്യായാധിപൻ വരുമ്പോൾ അധികാരദണ്ഡുമായി ഡഫേദാർ അകമ്പടി സേവിക്കുന്നതും ന്യായാധിപരെ ‘മൈ ലോർഡ്‌’ എന്നു വിളിക്കുന്നതുമൊക്കെ ഉപേക്ഷിക്കാൻ തീരുമാനിച്ചത്‌. പൊലീസ് സംരക്ഷണവും കാറിലെ ചുവന്ന ബീക്കൺ ലൈറ്റും ഒഴിവാക്കി. ഹൈക്കോടതികളിലെ  ഭാഷ പ്രാദേശിക ഭാഷയാക്കുന്നത്‌ കോടതികളുടെ ജനാധിപത്യവൽക്കരണത്തിന്‌ അത്യന്താപേക്ഷിതമാണ്‌. തമിഴ്‌നാട്ടിൽ  ഇതിനായി നടപടി സ്വീകരിച്ചു. ഞാൻ ഇതിനായി  ജഡ്‌ജിമാരുടെ യോഗത്തിൽ ശക്തമായി വാദിച്ചു. തമിഴ്‌ ഉപയോഗിക്കാൻ കോടതി തീരുമാനിച്ചെങ്കിലും കേന്ദ്ര സർക്കാർ തടഞ്ഞു.

ലിജോമോൾ ജോസും കെ മണികണ്‌ഠനും

ലിജോമോൾ ജോസും കെ മണികണ്‌ഠനും

നീതിവൈകൽ നീതിനിഷേധം

കോടതികൾ കേസ്‌ തീർപ്പാക്കാൻ വൈകുമ്പോൾ പലരും പ്രശ്‌നപരിഹാരത്തിനായി കുറ്റകരവും അധാർമികവുമായ വഴികൾ സ്വീകരിക്കും. ഏറ്റുമുട്ടൽ കൊലപാതകങ്ങൾ നടത്തുന്ന പൊലീസുകാരെ ‘സൂപ്പർ കോപ്‌സ്‌’ ആക്കും, ഏറ്റുമുട്ടൽ ‘വിദഗ്‌ധർ’ ധീരരായ പോരാളികളാകും.  നീതിന്യായ വ്യവസ്ഥയെക്കുറിച്ചുള്ള അജ്ഞതയും കേസുകളിലെ കാലതാമസവുമാണ്‌ ഇതിനു കാരണം. മനുഷ്യാവകാശത്തെക്കുറിച്ച്‌ പൊതുധാരണ വളർത്തിയെടുക്കാൻ സ്‌കൂൾമുതൽ നടപടി സ്വീകരിക്കണം.

ജാതിമുക്തമല്ല ജുഡീഷറി

പതിറ്റാണ്ടുകൾക്കുമുമ്പേ ഡിഎംകെയടക്കമുള്ള പാർടികളും സാമൂഹ്യസംഘടനകളും ജാതി അതിക്രമങ്ങൾക്കെതിരെ പ്രവർത്തിക്കുന്നുണ്ട്‌. അതേസമയം, സിപിഐ എം നേതൃത്വത്തിൽ തീണ്ടാമൈ ഒഴിപ്പുമുന്നണി നടത്തിയ പ്രക്ഷോഭങ്ങളും സംഘടിത മുന്നേറ്റങ്ങളും ജാതി വിവേചനങ്ങളെ തുറന്നുകാട്ടി. പൊലീസ്‌, ജുഡീഷറി തുടങ്ങി സർക്കാർ തൊഴിലിടങ്ങളിൽ ദളിതർക്ക്‌  പ്രാതിനിധ്യം ഉറപ്പാക്കാൻ സംവരണം സഹായിക്കുന്നുണ്ട്‌. അത്‌  ജനാധിപത്യത്തെ അർഥപൂർണമാക്കും. പക്ഷേ, ജാതിയും അധികാരവും ചേർന്നു പ്രവർത്തിക്കുന്നത്‌  ദരിദ്രരെയും അധഃസ്ഥിതരെയും അടിച്ചമർത്തും. ഇതാണ്‌ ജാതീയമായ അടിച്ചമർത്തലുകളിലേക്കും ദുരഭിമാനക്കൊലകളിലേക്കും നയിക്കുന്നത്‌. ജുഡീഷ്യറിയും ഇത്തരം സ്വാധീനങ്ങളിൽനിന്ന് മുക്തമാണെന്ന് പറയാനാകില്ല.

അംബേദ്‌കർ, പെരിയാർ, ബമാർക്‌സ്‌, ലെനിൻ

അംബേദ്‌കർ, പെരിയാർ, മാർക്‌സ്‌, ലെനിൻ തുടങ്ങിയവർ സാമൂഹ്യപരിഷ്‌കരണ മുന്നേറ്റങ്ങളെ പ്രതിനിധാനം ചെയ്യുന്നവരാണ്‌. ഇവരുടെ ആശയങ്ങൾ ഉൾക്കൊള്ളുന്ന മുന്നേറ്റങ്ങൾക്കാണ്‌ സമത്വമുള്ള സമൂഹത്തിലേക്ക്‌ നയിക്കാനാകുക.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top