01 June Monday

സ്‌നേഹവീട്ടിലെ വിശേഷങ്ങൾ

എ സുരേഷ് sureshabhay@gmail.comUpdated: Sunday Apr 7, 2019

സാന്ത്വനപരിചരണ പ്രവര്‍ത്തന ലക്ഷ്യവുമായി ആരംഭിച്ച ഇനിഷ്യേറ്റീവ് ഫോർ റിഹാബിലിറ്റേഷൻ ആൻഡ‌് പാലിയേറ്റീവ് കെയർ അഥവാ ഐആര്‍പിസി കണ്ണൂരില്‍ മനുഷ്യസ്നേഹത്തിന്റെ പുത്തന്‍ ഗാഥ രചിക്കുകയാണ്. പരിശീലനം ലഭിച്ച 3500 വളന്റിയര്‍മാരാണ് ഘടനയുടെ ശക്തി. സാന്ത്വന പരിചരണത്തില്‍സർവതലസ്പര്‍ശിയായ ഇടപെടലുമായി രാജ്യത്തിന് കണ്ണൂരിൽനിന്നൊരു മാതൃക. നാട്ടുകാര്‍ സ്നേഹപൂർവം ‘പി ജെ’ എന്നുവിളിക്കുന്ന പി ജയരാജന്‍ എന്ന നേതാവിന്റെ തളരാത്ത വീര്യമുണ്ട് ഐആര്‍പിസിക്ക് ഊർജമായി

 
കാവലൻ രോഗവിവരങ്ങൾ പറയുന്നതിനിടെയാണ് ജാനമ്മ മയക്കത്തിൽനിന്ന് ഉണർന്നത്. മക്കളെക്കുറിച്ച് ചോദിച്ചപ്പോൾ അവരുടെ കവിളിലൂടെ കണ്ണീർ ഒലിച്ചിറങ്ങി. അഞ്ച് ആൺമക്കളുണ്ട്. ചികിത്സയിൽ കഴിയുന്ന അമ്മയെയും അച്ഛനെയും കാണാൻ ഒരാളും വന്നില്ല. കാണണമെന്ന് അറിയിച്ചിട്ടും വരാത്തതിലാണ് കാവലന് വിഷമം. ജാനമ്മ അതിനിടെ എന്തെല്ലാമോ പറഞ്ഞ് പരിഭവിച്ചു. പണിക്കുപോയതുകൊണ്ടാകും മക്കൾ വരാത്തതെന്ന് സ്വയം സമാധാനിച്ചു. ജാനമ്മ ക്യാൻസർ രോഗിയാണ്. തളർവാതം ഭേദമായതിനാൽ കാവലന് ഇപ്പോൾ നടക്കാനും സ്വന്തം കാര്യങ്ങൾ നോക്കാനുമാകും. വേണമെങ്കിൽ പണിക്കുപോകാം. ഇപ്പോൾ ജാനമ്മയ്ക്ക് കൂട്ടിരിക്കുകയാണ്. ഇവിടെയാകുമ്പോൾ മരുന്നും ഭക്ഷണവും സൗജന്യമായി ലഭിക്കും.
 

കണ്ണൂർ തയ്യിലിൽ പ്രവർത്തിക്കുന്ന ഐആർപിസി 

 
(ഇനിഷ്യേറ്റീവ് ഫോർ റിഹാബിലിറ്റേഷൻ ആൻഡ‌് പാലിയേറ്റീവ് കെയർ) സാന്ത്വന ചികിത്സാകേന്ദ്രത്തിലെ അന്തേവാസികളാണ് ഈ ആദിവാസി ദമ്പതികൾ. രണ്ടുമാസമായി ഇവിടെ എത്തിയിട്ട്. ആറളം ഫാമിലെ പണിയ കോളനിയിൽ ദുരിതാവസ്ഥയിൽ കഴിഞ്ഞ ഇവരെ ഗൃഹസന്ദർശനത്തിനിടെ ഐആർപിസി പ്രവർത്തകരാണ് കണ്ടെത്തിയത്. അരയ്ക്കുചുറ്റും വ്രണംവന്ന നിലയിലായിരുന്നു ജാനമ്മ. കാവലൻ തളർവാതം ബാധിച്ച് നടക്കാൻ വയ്യാതെയും. മരുന്നും ഭക്ഷണവുമില്ലാതെ മരണത്തോട‌് മല്ലടിച്ച് കഴിഞ്ഞ ഇവരെ ആദ്യം ജില്ലാ ആശുപത്രിയിലെത്തിച്ച് ചികിത്സനൽകി. പിന്നീടാണ് സാന്ത്വന ചികിത്സാകേന്ദ്രത്തിലേക്ക‌് കൊണ്ടുവന്നത്. സംസാരത്തിനിടെ ഊണ് കഴിക്കാൻ സമയമായെന്നു പറഞ്ഞ് കേന്ദ്രത്തിലെ നേഴ്സിങ് സഹായി വന്നു. മീൻ ഉണ്ടെങ്കിലേ ഭക്ഷണം കഴിക്കൂ എന്നായി ജാനമ്മ. മീൻ തരാമല്ലോ എന്നു പറഞ്ഞ് ആ ചെറുപ്പക്കാരൻ അവരെ കട്ടിലിൽ ചാരിക്കിടത്തി. മരുന്നും ഭക്ഷണവും മാത്രമല്ല, ജീവിതത്തിൽ ഇന്നേവരെ അനുഭവിച്ചിട്ടില്ലാത്ത പരിഗണനയും സുരക്ഷയുമാണ് അവർക്കിവിടെ ലഭിക്കുന്നത്. അതിലുപരി ജീവനക്കാരുടെ സ്നേഹപൂർണമായ പരിചരണവും. ഇവിടെയെത്തുന്നവർക്ക് ഇതൊരു ആതുരാലയമല്ല, സ്നേഹവീട്.
 

കനിവിന്റെ കരസ്പർശം

 
സെറിബ്രൽ പാൾസി ബാധിച്ച മകൻ ശ്രീജിത്തിന്റെ ചികിത്സയ‌്ക്കുള്ള അലച്ചിലിനിടെയാണ് ഇരിട്ടി കൂട്ടുപുഴ സ്വദേശിനി ജിഷ ഐആർപിസി സാന്ത്വനകേന്ദ്രത്തിലെത്തിയത്. ഇവിടെവന്ന് ഫിസിയോ തെറാപ്പി തുടങ്ങിയശേഷം അവന‌് നല്ല മാറ്റമുണ്ട്. എഴുന്നേൽപ്പിച്ച് ഇരുത്താനാകും. ശ്രീജിത്തിന് 12 വയസ്സായി. കുറെക്കൂടി നേരത്തെ ഇവിടെ വന്നിരുന്നെങ്കിൽ ഒരുപക്ഷേ, മകന് നടക്കാനാകുമായിരുന്നെന്ന അവരുടെ വാക്കുകളിൽ ഈ സാന്ത്വനകേന്ദ്രത്തിന്റെ സേവനത്തിനുള്ള അംഗീകാരംകൂടിയുണ്ട്. ഫിസിയോ തെറാപ്പിയാണ് പ്രധാനമായി വേണ്ടത്. അതിന് മണിക്കൂറിന് 500 മുതൽ 800 രൂപവരെയാണ് സ്വകാര്യ സ്ഥാപനങ്ങൾ ഈടാക്കുന്നത്. ഇവിടെ പകൽ 11 മുതൽ മൂന്നുവരെ തെറാപ്പിസ്റ്റുണ്ട്. കൂടെനിൽക്കുന്നവർക്ക് കണ്ട് മനസ്സിലാക്കി രോഗിയെ പരിചരിക്കാനുമാകും. ‘‘ഞങ്ങളെപ്പോലുള്ളവർക്ക് വലിയ ആശ്വാസമാണ് ഈ സാന്ത്വനകേന്ദ്രം. കൂട്ടുപുഴയിൽനിന്ന‌് 12 കിലോമീറ്റർ അകലെ പാലത്തുംകടവിലാണ് എന്റെ വീട്. ഉൾനാടായതിനാൽ ഇങ്ങനെയൊരു കേന്ദ്രത്തെക്കുറിച്ച് അറിയാൻ വൈകി. ഇതേക്കുറിച്ച് നാട്ടിലെല്ലാം അറിവുണ്ടായാൽ പലർക്കും പ്രയോജനമാകുമെന്ന്'' ജിഷ പറയുന്നത് കൃതജ്ഞതയുടെ നിറമനസ്സോടെ. 
 
സാന്ത്വനകേന്ദ്രത്തിലെ സൗജന്യ ഫിസിയോ തെറാപ്പി സൗകര്യത്തെക്കുറിച്ചുതന്നെയാണ് ചപ്പാരപ്പടവിലെ ഖദീജയ്ക്കും മകൾക്കും പറയാനുള്ളത്. നാൽപ്പത്തിരണ്ടുകാരിയായ ഖദീജയ്ക്ക് വീഴ്ചയെത്തുടർന്ന് നടത്തിയ സർജറിയിൽ ശരീരത്തിന് തളർച്ച ബാധിച്ചു. ചലനശേഷി വീണ്ടെടുക്കാൻ ഫിസിയോ തെറാപ്പിവേണം. അതിനുള്ള യാത്രയും ചെലവും ഭാരിച്ചത്. ഇവിടെ എത്തിയിട്ട് രണ്ട് മാസമാകാറായി. താമസവും ചികിത്സയും ഭക്ഷണവുമുണ്ട്. ഒന്നിനും പണം നൽകേണ്ട. സാന്ത്വനകേന്ദ്രത്തിലെത്തിയത് അനുഗ്രഹമായെന്ന് കൂട്ടിരിക്കുന്ന മകൾ പറയുന്നു. ട്യൂമർ ബാധിച്ച ഇരുപത്തിമൂന്നുകാരനായ മകൻ അബ്ദുൾ റാഷിദിന് അപകടത്തെതുടർന്നുണ്ടായ തളർച്ചയ്ക്ക് ചികിത്സയ‌്ക്കാണ് മുണ്ടയാട്ടെ റംലത്ത് എത്തിയത്. വാതിൽപ്പടിയിൽ തലയിടിച്ച് പരുക്കേറ്റതാണ്. ഫിസിയോ തെറാപ്പിയെത്തുടർന്ന് മാറ്റമുണ്ട്. ടിബിയാണെന്നു കരുതി ചികിത്സിച്ച് മൂന്നുവർഷം കഴിഞ്ഞാണ് ട്യൂമർ കണ്ടെത്തിയത്. രണ്ട് സർജറി കഴിഞ്ഞു. മൂന്നാമത്തേതിന് തയ്യാറെടുക്കുന്നതിനിടെയാണ് അപകടവും. മകന്റെ ചികിത്സയ‌്ക്ക് പണം കണ്ടെത്താൻ വീട് വിറ്റു. ഇപ്പോൾ വാടകവീട്ടിലാണ് കഴിയുന്നത്. ഹോട്ടൽ ജീവനക്കാരനായ ഗൃഹനാഥന് താങ്ങാനാകാത്ത ചികിത്സാച്ചെലവ്. ഐആർപിസിയിൽനിന്ന് ലഭിക്കുന്ന സഹായം വിലമതിക്കാനാകാത്തതാണെന്ന് റംലത്തും പറയും.  പൊടുന്നനെയുണ്ടായ പക്ഷാഘാതത്തിൽ തളർന്നുപോയ പാപ്പിനിശേരിയിലെ പ്രേമരാജൻ കണ്ണൂരിലെയും മംഗളൂരുവിലെയും സ്വകാര്യ ആശുപത്രികളിൽ ചികിത്സിച്ചു. പൂർണമായി ഭേദമാകാതെയാണ് മടങ്ങിയത്. സാന്ത്വനകേന്ദ്രത്തിൽ തുടർചികിത്സ തുടങ്ങിയശേഷം സംസാരിക്കാനും പിടിച്ചുനടക്കാനുമാകുന്നു. ഇവരെപ്പോലെ ഇവിടെയെത്തിയ ഓരോരുത്തർക്കും പറയാനുള്ളത്, തങ്ങൾക്ക് ലഭിച്ച സ്വാസ്ഥ്യത്തിന്റെ, സാന്ത്വനത്തിന്റെ വിലമതിക്കാനാകാത്ത അനുഭവത്തെക്കുറിച്ചാണ്. 
 

പ്രതിബദ്ധത പ്രവർത്തനമാണ് 

 
2014 മുതൽ തയ്യിൽ പ്രദേശത്ത് പ്രവർത്തിക്കുന്ന സാന്ത്വനകേന്ദ്രത്തിൽ രണ്ട് ബ്ലോക്കിലായി ക്യാൻസർ രോഗികൾ ഉൾപ്പെടെ 75 പേരെ കിടത്തി ചികിത്സിക്കാൻ സൗകര്യമുണ്ട്. ഫിസിയോ തെറാപ്പി കൂടാതെ സ്പീച്ച് തെറാപ്പി യൂണിറ്റും പ്രവർത്തിക്കുന്നു. ഡോക്ടർമാരുടെയും പരാമെഡിക്കൽ സ്റ്റാഫിന്റെയും സേവനവുമുണ്ട്. കൂട്ടിരിപ്പുകാർക്കും ഭക്ഷണം. ആംബുലൻസ് സൗകര്യം. 14 സ്ഥിരം ജീവനക്കാർ. റിട്ട. സർക്കാർ ജീവനക്കാരൻ എൻ വി പുരുഷോത്തമൻ കേന്ദ്രത്തിന്റെ മാനേജരാണ്. അറുനൂറിലേറെ പേർ ഇതിനകം പരിചരണം നേടി.
 
കണ്ണൂരിലെ ഐആർപിസിയുടെ മുഖക്കാഴ്ചമാത്രമാണ് ഈ ചികിത്സാകേന്ദ്രം. ജില്ലയിലുടനീളം വൈവിധ്യമാർന്ന നിരവധി പ്രവർത്തനങ്ങളാണ് പ്രസ്ഥാനത്തിനു കീഴിൽ നടന്നുവരുന്നത്. ലഹരിമുക്ത ചികിത്സയ‌്ക്കായി നഗരത്തിനടുത്ത് ചൊവ്വയിൽ തുടങ്ങിയ ഡി–- അഡിക‌്ഷൻ ആൻഡ് കൗൺസലിങ് സെന്റർ 2018 ഏപ്രിൽ 13ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. ഒരു വർഷത്തിനിടെ 121 പേർ ചികിത്സ തേടിയതിൽ മിക്കവരും ലഹരിമുക്ത ജീവിതത്തിലേക്ക് മടങ്ങി. സൗജന്യ ഡയാലിസിസ് സെന്റർ പ്രവർത്തിക്കുന്നത് എ കെ ജി സഹകരണ ആശുപത്രിയുമായി സഹകരിച്ച്. രണ്ട് ഡയാലിസിസ് മെഷീൻ ഉപയോഗിച്ച് ദിവസം എട്ടുപേർക്ക് ചികിത്സ നൽകുന്നു. പ്രതിമാസം ഒന്നേകാൽ ലക്ഷം രൂപ ചെലവ് വരുന്നുണ്ട്. നഗരത്തിനടുത്ത താളിക്കാവിൽ 24 മണിക്കൂർ പ്രവർത്തിക്കുന്ന ആശ്രയ ഹെൽപ്പ‌് ഡെസ‌്കിന്റെ സേവനം എടുത്തുപറയേണ്ടതാണ‌്. ആംബുലൻസ് സേവനവും. ആറളം ആദിവാസിമേഖലയിലെ ഉണർവ്, ഭിന്നശേഷിക്കാരുടെ പുനരധിവാസത്തിനുള്ള കനിവ് എന്നിവയും ശ്രദ്ധേയ പദ്ധതികൾ. ഉണർവ് പദ്ധതിയിൽ ആദിവാസി കുട്ടികളുടെ പഠന പിന്നോക്കാവസ്ഥ പരിഹരിക്കുന്നതിന് കൗൺസലിങ്, ക്ലാസുകൾ, സാമ്പത്തിക സഹായം എന്നിവ നൽകുന്നു. തളിപ്പറമ്പിൽ പ്രവർത്തിക്കുന്ന കനിവ് കേന്ദ്രത്തിൽ കുട, ആഭരണങ്ങൾ, എൽഇഡി, സോപ്പ് നിർമാണം എന്നിവയിൽ പരിശീലനം നൽകുന്നു. ഇവ വിറ്റുകിട്ടുന്ന പണം അവർക്കുതന്നെ നൽകും. 
 
കണ്ണൂർ സിറ്റി പ്രദേശത്ത് നിർധനരായ ന്യൂനപക്ഷ വനിതകൾക്ക് സ്വയംതൊഴിൽ പരിശീലനം നൽകുന്നതിന് മർഹബ വനിതാവേദി പ്രവർത്തിക്കുന്നു. നാൽപ്പതിലേറെ പേർ സ്ഥിരമായി കുടയും തുണിസഞ്ചിയും പലഹാരവും നിർമിച്ച് വരുമാനം കണ്ടെത്തുന്നു. ശ്രീകണ്ഠാപുരത്ത് സിആർപിസി എന്ന പേരിൽ സ്ത്രീകൾക്കായി സാന്ത്വനവീട് ഒരുക്കിയിട്ടുണ്ട്. പ്രായാധിക്യവും അവശതയുമുള്ള അഞ്ചുപേർ ഇതിന്റെ തണലിൽ കഴിയുന്നു. ശബരിമല തീർഥാടകർക്കുള്ള ഇടത്താവളവും ഹെൽപ്പ‌് ഡെസ്കും ഇതിനകം വലിയ ശ്രദ്ധനേടി. 
 

വേദനയുടെ സാമൂഹ്യശാസ്ത്രം

 
നാട്ടിൽ വസൂരിയും കോളറയും പടർന്നുപിടിച്ച നാളുകളിൽ (1939–-49) പി കൃഷ്ണപിള്ള പാർടി പ്രവർത്തകർക്കയച്ച സർക്കുലറിൽ എഴുതി: ‘‘ജനസേവനമാണ് നമ്മുടെ കൊടിക്കൂറയിൽ എഴുതിയത്. ഏറ്റവും നല്ല ജനസേവകരാകാൻ കഴിയുന്നോ എന്നതാണ് നമ്മുടെ ബോൾഷെവിസത്തിന്റെയും രാജ്യസ്നേഹത്തിന്റെയും ഉരകല്ല്. നാം ചെയ്യുന്ന സേവനമാണ്, നമ്മുടെ ഇന്നത്തെ ദേശാഭിമാനപരമായ നയത്തിന്റെ അടിസ്ഥാനം.'' ആ വാക്കുകൾതന്നെയാണ് ഐആർപിസിയുടെ പ്രചോദനം. 
 സിപിഐ എം കണ്ണൂർ ജില്ലാ കമ്മിറ്റിയാണ് നേതൃത്വം നൽകുന്നത്. സാന്ത്വന ചികിത്സാരംഗത്ത് ഇടപെടൽ വേണമെന്ന പാർടി തീരുമാന പ്രകാരമാണിത്. 2012 നവംബർ 17നാണ് ഐആർപിസി കണ്ണൂരിൽ പ്രവർത്തനമാരംഭിച്ചത്. ജില്ലയിൽ 18 സോണലുകളിലായി 218 പ്രാദേശിക ഗ്രൂപ്പുകളുണ്ട്. പരിശീലനം ലഭിച്ച 3500 വളന്റിയർമാരാണ് ഐആർപിസിയുടെ പ്രധാന ശക്തി. സിപിഐ എം ജില്ലാ സെക്രട്ടറി ചെയർമാനായ ഉപദേശകസമിതിയും 21 അംഗ ഭരണസമിതിയുമാണ് നേതൃത്വം. വടകര ലോക‌്സഭാ മണ്ഡലം എൽഡിഎഫ് സ്ഥാനാർഥിയായതോടെ സ്ഥാനമൊഴിഞ്ഞ ജില്ലാ സെക്രട്ടറി പി ജയരാജനാണ് സ്ഥാപക ചെയർമാൻ. സാന്ത്വന പരിചരണരംഗത്ത് കണ്ണൂർ ജില്ല കൈവരിച്ച മുഴുവൻ നേട്ടത്തിനും പിന്നിൽ അദ്ദേഹം പകർന്ന അസാധാരണ ഊർജമുണ്ട്.  ‘‘തുടക്കംമുതലുള്ള അതിന്റെ എല്ലാ യോഗങ്ങളിലും അദ്ദേഹം കൃത്യമായി പങ്കെടുക്കുകയും പദ്ധതി രൂപപ്പെടുത്തുകയും ചെയ്തു. കണ്ണൂർ ജില്ലയിലാണ് പാർടി നേതൃത്വത്തിൽ ഇത്രയും സുസംഘടിതമായ പ്രവർത്തനങ്ങൾ പാലിയേറ്റീവ് കെയർരംഗത്ത് നടന്നത്. അതിൽ പി ജയരാജന്റെ നേതൃപരമായ പങ്കുതന്നെയാണ് പ്രധാനമായത്. കോഴിക്കോടും മറ്റും ഇപ്പോൾ അതിലേക്ക് ചുവടുവയ‌്ക്കുകയാണ്.'' സാന്ത്വന ചികിത്സയെ കേരളത്തിൽ സാമൂഹ്യപ്രസ്ഥാനമാക്കി ഉയർത്തിക്കൊണ്ടുവരുന്നതിൽ പ്രധാന പങ്കുവഹിച്ച കോഴിക്കോട് ഐപിഎമ്മിന്റെ ആദ്യ ഡയറക്ടർ ഡോ. കെ സുരേഷ് കുമാറിന്റെ വാക്കുകൾ. 
 
ഐആർപിസിയുടെ മുഴുവൻ പ്രവർത്തനങ്ങളിലും ജനങ്ങൾ സ്നേഹപൂർവം പി ജെ എന്നുവിളിക്കുന്ന പി ജയരാജൻ എന്ന നേതാവിന്റെ തളരാത്ത വീര്യമുണ്ട്. മുഴുസമയ പ്രവർത്തകനെപ്പോലെ ദൈനംദിന കാര്യങ്ങളിൽവരെ ഇടപെടുന്നു. പ്രവർത്തകരുടെ വിളികൾക്ക് എപ്പോഴും ചെവികൊടുക്കും. ഭാരിച്ച ചെലവുള്ളപ്പോഴും ഐആർപിസിക്ക് പ്രവർത്തനങ്ങൾക്ക് പണം തടസ്സമല്ല. വിവാഹം, മരണം, റിട്ടയർമെന്റ്, ഗൃഹപ്രവേശം തുടങ്ങിയ അവസരങ്ങളിൽ ഐആർപിസിക്ക് സംഭാവന നൽകുകയെന്നത് കണ്ണൂരിൽ മനുഷ്യനന്മയുടെ പുതുപാഠങ്ങൾ ചമയ്ക്കുകയാണ്.
 
വാർധക്യത്തോടടുത്ത ദമ്പതികൾ എടുത്ത തീരുമാനം ആരാണോ ആദ്യം മരിക്കുന്നത് അയാൾ ഒരു തുക ഐആർപിസിക്ക് നൽകണമെന്നായിരുന്നു. അങ്ങനെയാണ് ഇടചൊവ്വയിലെ അശോകന്റെ സ്മരണയിൽ ഭാര്യ വസന്ത 20 ലക്ഷം രൂപ സംഭാവന നൽകിയത്. ഭൂമി നൽകിയവർ, മരിച്ച അമ്മയുടെ സ്വർണാഭരണങ്ങൾ ഊരിക്കൊടുത്തവർ‐- എല്ലാം ഈ പ്രസ്ഥാനത്തോടുള്ള ഹൃദയാഭിമുഖ്യം ബോധ്യപ്പെടുത്തുകയാണ്.

 

പ്രധാന വാർത്തകൾ
 Top