18 August Sunday

ഒരു ഇന്ത്യക്കാരന്റെ നൊബേല്‍ യാത്ര

ഡോ. ബി ഇക‌്ബാൽ ekbalb@gmail.comUpdated: Sunday Apr 7, 2019

വെങ്കിട്ടരാമന്‍ രാമകൃഷ്ണന്റെ ശാസ്ത്രഗവേഷണ അനുഭവത്തിലൂടെ കടന്നുപോകുമ്പോള്‍ എന്തുകൊണ്ട് ഇന്ത്യയിലെ ശാസ്ത്ര ഗവേഷണ സ്ഥാപനങ്ങളില്‍ ഗവേഷണം നടത്തുന്നവര്‍ക്ക് നൊബേല്‍ സമ്മാനം ലഭിക്കാതെ പോകുന്നു എന്ന ദുഃഖസത്യത്തെപ്പറ്റി ഉറക്കെ  ചിന്തിക്കാന്‍ നിര്‍ബന്ധിതരാകും

 

നൊബേൽ സമ്മാന ജേതാവ് വെങ്കിട്ടരാമൻ രാമകൃഷ്ണന്റെ ശാസ്ത്രഗവേഷണത്തിലൂടെയുള്ള ആത്മകഥാപരമായ യാത്രയാണ് ശാസ്ത്രീയവിവരങ്ങളുടെ ഗൗരവം ഒട്ടും ചോരാതെ ജനകീയ ശാസ്ത്രസാഹിത്യരീതിയിൽ എഴുതിയിട്ടുള്ള ജീൻ മഷീൻ  (Gene Machine: The Race to Decipher The Secrets of the Ribosome: Venki Ramakrishnan. Harper Collins 2018). മാംസ്യ തന്മാത്രകളുടെ (പ്രോട്ടീൻ) ഉല്പാദനം നടക്കുന്ന റൈബോസോം എന്ന കോശഭാഗത്തിന്റെ ഘടനയും പ്രവർത്തനവും വിശദീകരിച്ചതിനാണ് തോമസ് സ്റ്റീറ്റ്സ്, ആദ യോനാത് എന്നിവരോടൊപ്പം രാമകൃഷ്ണന് 2009ൽ രസതന്ത്രത്തിനുള്ള നൊബേൽ ലഭിച്ചത്. ഫിസിക‌്സിൽ ഡോക്ടറേറ്റ് നേടിയ രാമകൃഷ്ണൻ പിന്നീട് ജീവശാസ്ത്രത്തിൽകൂടി ബിരുദം നേടിയതിനെത്തുടർന്ന് ഘടന ജീവശാസ്ത്രശാഖയിൽ (Structural Biology) തൽപ്പരനാവുകയാണുണ്ടായത്.  

വെങ്കി എന്ന് വിളിക്കപ്പെടാൻ താൽപ്പര്യപ്പെടുന്ന വെങ്കിട്ടരാമൻ രാമകൃഷ്ണൻ തമിഴ്നാട്ടിലെ ചിദംബരത്തിൽ ശാസ്ത്രഗവേഷകരായ സി വി രാമകൃഷ്ണന്റെയും ആർ രാജലക്ഷിയുടെയും മകനായി 1952ൽ ജനിച്ചു. അച്ഛൻ ബറോഡ സയാജി റാവു സർവകലാശാലയിൽ ബയോകെമിസ്ട്രിവകുപ്പിൽ പ്രൊഫസറായി നിയമിതനായപ്പോൾ കുടുംബം ഗുജറാത്തിലേക്ക് താമസം മാറ്റി. എന്നാൽ, ഗുജറാത്തിന്റെ സംസ്കാരവുമായി തനിക്ക് ഒട്ടും ഉഴുകി ചേരാൻ കഴിഞ്ഞില്ലെന്ന് വെങ്കി എഴുതുന്നു. 
ബറോഡയിലെ (ഇന്നത്തെ വഡോദര) സയാജി റാവു സർവകലാശാലയിൽനിന്ന‌് ഫിസിക്സിൽ ഡിഗ്രി സമ്പാദിച്ച വെങ്കി അമേരിക്കയിലെ ഓഹയോ സർവകലാശാലയിൽനിന്ന‌് ഫിസിക്സിൽ ഡോക്ടറേറ്റ് നേടി. ഒഹായോയിൽ കഴിഞ്ഞ കാലത്ത് പരിചയപ്പെട്ട ചിത്രകാരിയും ബാലസാഹിത്യകാരിയുമായ വേര റോസൻ ബറിയെ വിവാഹം കഴിഞ്ഞു. വിധവയായിരുന്ന വേരക്ക് പിന്നീട് വൈദ്യശാസ്ത്രത്തിൽ ബിരുദം നേടിയ മുൻ വിവാഹത്തിൽനിന്നുള്ള താന്യയ മകളായുണ്ടായിരുന്നു. വേര വെങ്കി ദമ്പതിമാരുടെ മകൻ രാമൻ ഇപ്പോൾ ന്യൂയോർക്കിൽ സിംഫണി ഓർക്കസ്ട്രയിൽ വാദ്യോപകരണ സംഗീതജ്ഞനാണ്.  
 
 വിവിധ വൈജ്ഞാനിക വിഷയങ്ങളിൽ സംഭവിച്ചുകൊണ്ടിരിക്കുന്ന ഉദ്ഗ്രഥനം ഉൾക്കൊണ്ട വെങ്കിക്ക് ജീവശാസ്ത്രംകൂടി പഠിച്ചുകൊണ്ടുമാത്രമേ ശാസ്ത്രമേഖലയിൽ മൗലിക സംഭാവനകൾ നടത്താൻ കഴിയൂ എന്ന് മനസ്സിലായി. തുടർന്ന് സാന്തിയാഗോ കാലിഫോർണിയ സർവകലാശാലയിൽനിന്ന‌് ജീവശാസ്ത്രത്തിൽ ബിരുദംനേടി. ജനിതക ശാസ്ത്രജ്ഞനായ ഡാൻ ലിൻ ഡിസ് ലിയുടെ കീഴിൽ ജനിതകത്തിൽ പരിശീലനം നടത്തി. ഡോൺ എംഗൽമാൻ പീറ്റർ മൂർ എന്നിവർ റൈബോസോമിനെക്കുറിച്ച് തയ്യാറാക്കിയ ഒരു ഗവേഷണ പ്രബന്ധം വായിച്ചതോടെയാണ് വെങ്കിക്ക് റൈബോസോം ഗവേഷണത്തിൽ താൽപ്പര്യമുണ്ടായത്. യേൽ സർവകലാശാലയിൽ പീറ്റർ മൂറിന്റെ റൈബോസോം ഗവേഷണ ഗ്രൂപ്പിൽ ഡോൺ ഏംഗൽമാന്റെ സഹായത്തോടെ വെങ്കി ചേരുകയും 1979ൽ പോസ്റ്റ് ഡോക്ടറൽ പഠനം ആരംഭിക്കയും ചെയ്തു. റൈബോസോം മറ്റ് കോശഘടകങ്ങളിൽനിന്ന‌് വേർതിരിച്ചെടുക്കാനും ശുദ്ധീകരിക്കാനും പീറ്റർ മൂറിന്റെ ലാബിൽനിന്നുള്ള പരിശീലനം വെങ്കിയെ ഏറെ സഹായിച്ചു. പിന്നീട് രണ്ട് പതിറ്റാണ്ടുകൾക്കുശേഷം റൈബോസോമിന്റെ ഉപയൂണിറ്റായ 30 എസിന്റെ ഘടന കണ്ടെത്തുന്നതിൽ പീറ്റർ മൂറിന്റെ ലബോറട്ടറിയിലെ പരിശീലനമാണ് തന്നെ സഹായിച്ചതെന്ന് വെങ്കി നന്ദിപൂർവം അനുസ്മരിക്കുന്നു. 
 
അമേരിക്കൻ സർവകലാശാലകളിലും ഗവേഷണസ്ഥാപനങ്ങളിലുമാണ് വെങ്കി ഇതുവരെ പരിശീലനം നേടിയതും റൈബോസോമിനെപ്പറ്റി പ്രാരംഭ ഗവേഷണം നടത്തിയതും. അടുത്ത ഘട്ടത്തിലേക്ക് ഗവേഷണം തുടരാൻ  ക്രിസ്റ്റലോഗ്രാഫിയിൽ കൂടുതൽ പരിശീലനം ആവശ്യമാണെന്ന് വെങ്കിക്ക് മനസ്സിലായി. ഇംഗ്ലണ്ടിൽ കേംബ്രിജിലെ മോളിക്യുലാർ ബയോളജി ലബോറട്ടറിയാണ് എക്സ്റേ ക്രിസ്റ്റലോഗ്രാഫിയുടെ അടിസ്ഥാനത്തിൽ നടത്തുന്ന പഠനങ്ങൾക്ക് ഏറ്റവും ഉചിതമായ സ്ഥാപനമെന്നറിഞ്ഞ വെങ്കി  ലാബ് ഡയറക്ടർ ആരോൺ ക്ലങ്ങിന്റെ സഹായത്തോടെ അവിടെ ഗവേഷണം ആരംഭിക്കാനായി കുടുംബസമേതം ഇംഗ്ലണ്ടിലേക്ക് താമസം മാറ്റി. മോളിക്യുലാർ ബയോളജി ലബോറട്ടറിയിൽ ഒരു വർഷം ചെലവിട്ട വെങ്കി ചില പ്രോട്ടീനുകളുടെ തന്മാത്രാഘടന നിർധാരണംചെയ്ത് വിശ്രുത ശാസ്ത്രമാസികയായ നേച്ചറിൽ പ്രസിദ്ധീകരിച്ചു. 
 
 
തിരികെ അമേരിക്കയിലെത്തിയ വെങ്കി കൂടുതൽ സൗകര്യങ്ങളും വേതനവും ലഭിച്ച യൂറ്റാ സർവകലാശാലയിൽ ഗവേഷണം തുടർന്നു. റൈബോസോം ഘടന കണ്ടെത്താനുള്ള പരിശ്രമത്തിൽ ബ്രയർ വിമ്പെർലി, ജോൺ മക്കാച്ചിയോൺ തുടങ്ങി സർവകലാശാലയിൽ വെങ്കിയുടെ ശിക്ഷണത്തിൽ ഗവേഷണം നടത്തിവന്നിരുന്ന ശാസ്ത്രജ്ഞരും പങ്കാളികളായി. റൈബോസോമിന്റെ ഉപയൂണിറ്റായ 30 എസിൽ ശ്രദ്ധ കേന്ദ്രീകരിച്ച വെങ്കി വീണ്ടും മോളിക്യുലാർ ബയോളജി ലബോറട്ടറിയിൽ തിരികെയെത്തി ഗവേഷണം തുടർന്നു. വിമ്പെർലിയും മക്കാച്ചിയോണും യുറ്റാ സർവകലാശാലയിലും വെങ്കി മോളിക്യുലാർ ബയോളജി ലബോറട്ടറിയിലുമായി പരസ്പരം സഹകരിച്ച് ഗവേഷണം തുടരുകയും റൈബോസോം ഗവേഷണത്തിൽ ചില പ്രോട്ടീൻ തന്മാത്രകളുടെ ഘടന കണ്ടെത്തി വൻ കുതിച്ചുചാട്ടം നടത്തുകയും ചെയ്തു. ഗവേഷണഫലങ്ങൾ 1999ൽ നേച്ചർ മാസികയിൽ പ്രസിദ്ധീകരിച്ചതോടെ റൈബോസോം ഗവേഷണം നടത്തിവന്നിരുന്ന യേൽ സർവകലാശാലയിലെ തോമസ് സ്റ്റീറ്റ്സും ഇസ്രയേലിലെ വിസ്മാൻ സയൻസ് ഇൻസ്റ്റിറ്റ്യൂട്ടിലെ ആദയോനാതും നേതൃത്വം കൊടുക്കുന്ന ശാസ്ത്രജ്ഞരുടെ മറ്റ് രണ്ട് ഗ്രൂപ്പുകൾ വെങ്കിയെയും  സഹപ്രവർത്തകരെയും കൂടുതൽ ഗൗരവത്തിൽ ശ്രദ്ധിക്കാൻ തുടങ്ങി. പിന്നീട് മൂന്നു ഗ്രൂപ്പുകളും പരസ്പരം സഹകരിച്ചും ഗവേഷണ പുരോഗതി പങ്കിട്ടുമാണ് മുന്നോട്ടുപോയത്. 
 
റൈബോസോം ഘടനയുടെയും പ്രവർത്തനങ്ങളുടെയും വിവിധ വശങ്ങളും അതിലൂടെ മാംസ്യ (പ്രോട്ടീൻ) തന്മാത്രകൾ ഉല്പാദിപ്പിക്കപ്പെടുന്നതെങ്ങനെ എന്നുമുള്ള ശാസ്ത്രതത്വങ്ങളാണ് മൂന്നു ഗ്രൂപ്പുകളും നടത്തിയ ഗവേഷണത്തിന്റെ അന്തിമഫലമെന്ന് ചുരുക്കിപ്പറയാവുന്നതാണ്. 
 
റൈബോസോം ഗവേഷകർക്ക് നൊബേൽ സമ്മാനം ലഭിക്കുമെന്ന് ശാസ്ത്രലോകത്ത് വാർത്ത പരന്നിരുന്നെങ്കിലും തനിക്ക് നൊബേൽ ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്ന് വെങ്കി എഴുതുന്നു. സ്വീഡിഷ് അക്കാദമി അവാർഡ് വിവരം അറിയിച്ചപ്പോൾ സുഹൃത്തുക്കളാരോ തമാശപറയുകയാണെന്നാണ് വെങ്കി കരുതിയത്. പിന്നീട് സമ്മാന വിവരം സ്ഥിരീകരിക്കപ്പെട്ടപ്പോൾ വിദേശരാജ്യങ്ങളിലാണ് താൻ ഗവേഷണം നടത്തിയതെങ്കിലും 120 കോടിവരുന്ന ഇന്ത്യൻ ജനതയുടെ പ്രതിനിധിയായാണ് താൻ അംഗീകരിക്കപ്പെടുന്നതെന്നതിൽ അഭിമാനം തോന്നിയെന്ന് വെങ്കി വികാരനിർഭരനായി പറയുന്നു. രാജ്യം പിന്നീട് 2010 പത്മഭൂഷൺ നൽകി അദ്ദേഹത്തെ ആദരിച്ചു. 
 
 വെങ്കിട്ടരാമൻ രാമകൃഷ്ണന്റെ ശാസ്ത്രഗവേഷണാനുഭവത്തിലൂടെ കടന്നുപോകുമ്പോൾ എന്തുകൊണ്ട് നമ്മുടെ ശാസ്ത്രഗവേഷണ സ്ഥാപനങ്ങളിൽ ഗവേഷണം നടത്തുന്ന ശാസ്ത്രജ്ഞർക്ക്  നൊബേൽ സമ്മാനം ലഭിക്കാതെ പോകുന്നു എന്ന ദുഃഖസത്യത്തെപ്പറ്റി ഉറക്കെ ചിന്തിക്കാൻ വായനക്കാരൻ നിർബന്ധിതരാകും.       
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top