25 April Thursday

വേരുകളറ്റവരുടെ നാവ്

എം എസ് അശോകൻUpdated: Sunday Jan 7, 2018

ബിജി ഭാസ്‌കറിന്റെ പെയിന്റിങ്‌

മനുഷ്യനും പ്രകൃതിയുമായുള്ള ബന്ധത്തിന്റെ അപൂർവതലങ്ങൾ അന്വേഷിക്കുന്നിടത്താണ് ബിജി ഭാസ്‌കറിന്റെ ചിത്രങ്ങൾ ആസ്വാദകനിലേക്ക് പുതിയ കാഴ്ചകൾ പകരുന്നത്. വേരറ്റ ഇന്നലെയുടെ സ്വപ്‌നദർശനമായും വേർപെട്ട പാതിയുടെ നഷ്ടയാഥാർഥ്യമായും നാളെ മുഖാമുഖം കാണേണ്ട ഭീഷണരൂപമായുമൊക്കെ മനുഷ്യപ്രജ്ഞയിൽ അവതരിക്കുന്ന പ്രകൃതിയാണ് ബിജിയുടെ ക്യാൻവാസുകളിലെ വിരാട് പുരുഷൻ. പ്രകൃതിമനോഹാരിതയാൽ സമ്പന്നമായ ഒരു പ്രദേശത്തിന്റെ പ്രതിനിധിയായിരിക്കെത്തന്നെ അസംബന്ധ ജഡിലമായ വികസന സ്വപ്‌നങ്ങളുടെ ഗർഭം പേറിയ ജനത വേപഥുവില്ലാതെ മുറിഞ്ഞുപോകുന്ന ബന്ധങ്ങളെ ആഘോഷമാക്കുന്നതിനെ കറുത്ത ഹാസ്യംപോലെ വരച്ചിടുന്നതും ബിജിയുടെ രചനകളെ വേറിട്ടതാക്കുന്നു. കോതമംഗലം പോത്താനിക്കാട് സ്വദേശിയായ ഈ യുവചിത്രകാരന്റെ ആദ്യ ഏകാംഗപ്രദർശനത്തിലെ ചിത്രങ്ങൾ ബാക്കിവച്ച തിരിച്ചറിവുകളിലേക്ക് സഞ്ചരിക്കാതെ വയ്യ. സാഡ്‌ലിങ് ദി നേച്ചർ എന്ന പേരിൽ േഫാർട്ടുകൊച്ചിയിലെ ഇന്ദ്രിയ ആർട്ട് ഗ്യാലറിയിൽ സമാപിച്ച പ്രദർശനത്തിലെ ചിത്രങ്ങളോരോന്നും പുതിയ അർഥതലങ്ങളിലേക്ക് സഞ്ചരിക്കുന്നതിന്റെ സൂചനകൾ തരുന്നതോടൊപ്പം പ്രതീക്ഷയർപ്പിക്കാവുന്ന ഒരു ചിത്രകാരനെയും അവതരിപ്പിക്കുന്നു.
 
ബിജി ഭാസ്‌കർ

ബിജി ഭാസ്‌കർ

വീടിന്റെ മട്ടുപ്പാവിലിരുന്ന് ഗ്രോബാഗിൽ ഹരിതവിപ്ലവം കുഴിച്ചിടുന്ന പുതിയ കാർഷികകാലത്ത് പാളത്തൊപ്പിവച്ച് കവുങ്ങിൻ മടലിൽ യാത്ര ചെയ്യുന്ന ആകാശചാരിയായ പൂർവികനിലേക്ക് ഒരുവേള കണ്ണുയർത്താതിരിക്കാനാകില്ല. സമൂഹം എത്രത്തോളം മുന്നോട്ട് സഞ്ചരിച്ചെന്ന് വീമ്പുപറഞ്ഞാലും മേഘപാളികൾക്കിടയിലൂടെ കൊതുമ്പുവള്ളത്തിലെന്നപോലെ സ്വച്ഛമായി ജീവിതയാത്ര ചെയ്ത കാലം മോഹിപ്പിച്ച് നിലകൊള്ളുകതന്നെയാണ്. താഴെ കണ്ണെത്താദൂരത്തോളം കോൺക്രീറ്റ് പാടം. ചുട്ടുപൊള്ളുന്ന മട്ടുപ്പാവിൽനിന്ന് കൊയ്തുകൂട്ടാമെന്ന വ്യാമോഹം ആകാശ വെള്ളരിപോലെ തലയ്ക്കുമുകളിൽ. മണ്ണെടുത്ത് ചോരവാർന്നുനിൽക്കുന്ന കുന്നുകൾക്കുമുകളിൽ മുറിവിലെ നൊമ്പരപ്പാടുപോലെ ശേഷിക്കുന്ന അധിവാസങ്ങൾ, വേരുകളുടെ ഗർഭത്തിൽ സുരക്ഷിതമായ ആവാസങ്ങൾ, പ്രതീക്ഷയുടെ നീല വിഹായസ്സിലേക്ക് ഉയർത്തിയ കണ്ണുകളിൽ വെളിച്ചമായി പടരുന്ന നാമ്പുകൾ, ഭയന്നും പ്രതീക്ഷ കൊളുത്തിയും കാട്ടുചേമ്പിലകൾക്കിടയിലൂടെ മുനിയുന്ന ഒരു ജോടി മാൻമിഴികൾ... അങ്ങനെ പ്രകൃതിയും മനുഷ്യനും ദ്വന്ദങ്ങളല്ലാതാകുന്ന താളബദ്ധമായ ജുഗൽബന്ദിയിലേക്ക് വർണങ്ങളെ ലയിപ്പിക്കുന്നു ബിജിയുടെ രചനകളോരോന്നും
 
തൃപ്പൂണിത്തുറ ആർഎൽവി കോളേജിൽനിന്ന് പെയിന്റിങ്ങിൽ നാഷണൽ ഡിപ്ലോമ പൂർത്തിയാക്കിയ ബിജി മുഴുവൻസമയ ചിത്രകാരനാണ്. ഗോത്രവർഗ പ്രദേശംകൂടി ഉൾപ്പെടുന്ന കോതമംഗലം പ്രദേശത്ത് ജനിച്ച് ജീവിക്കുന്ന ബിജിയുടെ ചിത്രങ്ങളിൽ  പ്രകൃതിയും അതു നൽകുന്ന തിരിച്ചറിവുകളും മേൽക്കൈ നേടുന്നതിൽ അത്ഭുതപ്പെടാനില്ല. അതിനെ ഇന്നും നാളെകളും ആവശ്യപ്പെടുന്ന ഉജ്വല രാഷ്ട്രീയപ്രമേയമായി അവതരിപ്പിക്കുന്നതിൽ ചിത്രകാരൻ പ്രകടിപ്പിക്കുന്ന ആർജവമാണ് ബിജിയുടെ ചിത്രങ്ങളെ ശക്തവും തീക്ഷ്ണവുമാക്കുന്നത്. പച്ചപ്പിന്റെ ഈർപ്പവും ചലനാത്മകതയും ജൈവികതയും ബിജിയുടെ ചിത്രങ്ങളോരോന്നിന്റെയും പ്രകട ഭാവമാകുമ്പോൾത്തന്നെ കനലുപോലെ എരിഞ്ഞുകയറുന്ന ഓറഞ്ചുപശ്ചാത്തലം കാഴ്ചയെ തീപിടിപ്പിക്കുന്നു. ഉപരിപ്ലവ മുദ്രാവാക്യങ്ങളിലല്ല ആ രചനകൾ വ്യാപരിക്കുന്നത്. ആസ്വാദകനിലെ കാഴ്ചയെയും ബോധത്തെയും ഉദ്ദീപിപ്പിക്കാൻ പോന്ന ഉജ്വല കലാസൃഷ്ടികളായിത്തന്നെയാണ്.
പ്രധാന വാർത്തകൾ
 Top