28 January Saturday

സിനിമ സമരായുധം

അജില പുഴയ്‌ക്കൽ ajilapuzhakkal@gmail.comUpdated: Sunday Nov 6, 2022

‘സ്‌ത്രീ–ജീവിതം–-സ്വാതന്ത്ര്യം’ എന്ന വിപ്ലവത്തിന്റെ വിജയം നിങ്ങളോടൊപ്പം കേരളത്തിൽ ആഘോഷിക്കാൻ ഡിസംബർ ഒമ്പതുവരെ ഞാൻ ജീവിച്ചിരിക്കുമെന്നാണ്‌ എന്റെ പ്രതീക്ഷ‐ മഹനാസ് മൊഹമ്മദി (ഇറാനിയൻ ചലച്ചിത്ര പ്രവർത്തക)

ഇങ്ങനെയായിരുന്നു 2022 ഐഎഫ്‌ഐഫ്‌കെയുടെ സ്‌പിരിറ്റ്‌ ഓഫ്‌ സിനിമ അവാർഡ്‌ ലഭിച്ച വിവരത്തോട്‌ മഹനാസ്‌ മൊഹമ്മദിയുടെ പ്രതികരണം.

ഇറാനിലെ സമകാലിക സംഭവങ്ങളെ ചേർത്ത്‌ വായിക്കുമ്പോൾ ആ വാക്കുകളിൽ അതിശയപ്പെടാനില്ല. മഹനാസ്‌ മൊഹമ്മദിയുടെ ജീവിതം അറിഞ്ഞാൽ ആ ഭയത്തിന്റെ ആഴം കൂടും.

ശരിയായി ഹിജാബ് ധരിച്ചില്ലെന്ന്‌ ആരോപിച്ചാണ്‌ സെപ്തംബർ 16ന്‌ ഇറാനിലെ മത പൊലീസ് കുർദ്‌ വനിതയായ ഇരുപത്തിരണ്ടുകാരി മഹ്സ അമിനിയെ മർദിച്ച് കൊന്നത്‌. ഇതിനെതിരെ ഇറാനിൽ ‘സ്‌ത്രീ–- ജീവിതം–- സ്വാതന്ത്ര്യം’  മുദ്രാവാക്യം ഉയർത്തി ആരംഭിച്ച പ്രക്ഷോഭം തുടരുകയാണ്‌. ഇറാനിലെ പ്രക്ഷോഭങ്ങളിൽ സജീവ സാന്നിധ്യമായ മഹനാസിന്‌ 10 വർഷത്തിലേറെയായി രാജ്യത്തിനു പുറത്തേക്ക്‌ യാത്ര ചെയ്യുന്നതിന്‌ വിലക്കുണ്ട്‌. 2007ന്‌ ശേഷം നാലു തവണയാണ്‌ അവർ അറസ്റ്റ്‌ ചെയ്യപ്പെട്ടത്‌. കുറ്റങ്ങളെല്ലാം സർക്കാരിനെതിരെ നിലപാട്‌ സ്വീകരിച്ചുവെന്നത്‌ മാത്രമാണ്‌. മനുഷ്യാവകാശ പ്രവർത്തകരുടെ വിചാരണയ്‌ക്കെതിരെ കോടതിക്കു മുന്നിൽ പ്രതിഷേധിച്ചതിനായിരുന്നു 2007 മാർച്ചിൽ ആദ്യമായി അറസ്റ്റിലായത്‌. മൂന്നാഴ്‌ച ജയിലിലായി. 2007ലും 2009ലും വീണ്ടും അറസ്റ്റിലായി. 2009ൽ വിഖ്യാത ചലച്ചിത്രകാരൻ ജാഫർ പനാഹിക്കൊപ്പമാണ്‌ അറസ്റ്റിലായത്‌.  തുടർന്ന്‌ അവരുടെ പാസ്‌പോർട്ട്‌ അടക്കമുള്ളവ കണ്ടുകെട്ടി. പിന്നീട്‌ മതഭരണകൂടം നിരന്തരമായി വേട്ടയാടി. വീട്ടിൽ പരിശോധന, സിനിമ എടുക്കാനുള്ള ഉപകരണങ്ങൾ പിടിച്ചെടുക്കൽ തുടങ്ങിയവ തുടർന്നു.  2014ൽ വീണ്ടും അറസ്റ്റ്‌ ചെയ്‌തു. രാജ്യദ്രോഹമടക്കമുള്ള കുറ്റങ്ങൾ ചുമത്തി. അഞ്ചു വർഷം തടവിനും ശിക്ഷിച്ചു.

2003ൽ ‘വിമൻ വിത്ത്‌ ഔട്ട്‌ ഷെൽട്ടേഴ്‌സ്‌’ എന്ന സിനിമ ഒരുക്കിയാണ്‌ മഹനാസിന്റെ തുടക്കം. സർക്കാർ അഭയകേന്ദ്രത്തിൽ കഴിയുന്ന സ്‌ത്രീ ജീവിതങ്ങളായിരുന്നു പ്രമേയം. ഇറാനിൽനിന്ന്‌ പലായനം ചെയ്യേണ്ടി വരുന്ന ജീവിതങ്ങളെക്കുറിച്ചായിരുന്നു 2008ൽ ചെയ്‌ത ‘ട്രാവലോഗ്‌’ സംസാരിച്ചത്‌. തെഹ്‌റാനും അങ്കാറയ്‌ക്കുമിടയിൽ ട്രെയിൻ യാത്രയാണ്‌ ഈ ഡോക്യുമെന്ററിയുടെ പശ്ചാത്തലം. ചിത്രം ഇറങ്ങിയശേഷമാണ്‌ യാത്രാവിലക്ക്‌ ഏർപ്പെടുത്തിയത്‌. 2009ലെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട്‌ സ്‌ത്രീകളുടെ ആവശ്യങ്ങൾ ഉയർത്തുന്ന ഡോക്യുമെന്ററി ‘വി ആർ ഹാഫ്‌ ഓഫ്‌ ഇറാൻസ്‌ പോപ്പുലേഷൻ’ ഡോക്യുമെന്ററി ഒരുക്കി. തുടർന്ന്‌ സിനിമയുടെ ഭാഗമാകുന്നതിലും ഭരണകൂടം വിലക്കി. എന്നാൽ, വിലക്കുകൾക്ക്‌ സിനിമകൾകൊണ്ടുതന്നെ മഹനാസ്‌ മറുപടി പറഞ്ഞു. 2019ൽ ‘സൺ–- മദർ’ എന്ന സിനിമ സംവിധാനം ചെയ്‌തു. ടൊറന്റോ ചലച്ചിത്രമേളയിലായിരുന്നു ആദ്യ പ്രദർശനം. തുടർന്ന്‌ നിരവധി മേളകളിൽ പ്രദർശിപ്പിച്ചു. അന്തർദേശീയ പുരസ്‌കാരങ്ങളും ലഭിച്ചു. ഇറാന്റെ  പുരുഷാധിപത്യ സമൂഹത്തെ അമ്മയുടെയും കുഞ്ഞിന്റെയും വീക്ഷണത്തിൽനിന്ന്‌ പരിശോധിക്കുന്ന ചിത്രം സൺ– -മദർ ഐഎഫ്‌എഫ്‌കെയിൽ പ്രദർശിപ്പിക്കും.

യാത്രാവിലക്കിനെത്തുടർന്ന്‌ 64–-ാമത്തെ കാൻസ്‌ ചലച്ചിത്രമേളയ്‌ക്ക്‌ പോകാൻ കഴിഞ്ഞില്ല. അവർ അഭിനയിച്ച ‘എ ഫെമറൽ മാരേജ്‌’ എന്ന ചിത്രം കാൻസിൽ പ്രദർശിപ്പിച്ചിരുന്നു. തന്റെ അസാന്നിധ്യത്തിൽ മേളയിൽ വായിക്കാൻ മഹനാസ്‌ അയച്ച സന്ദേശം ഇങ്ങനെയാണ്‌: ‘ഞാനൊരു സ്ത്രീയും സിനിമാ പ്രവർത്തകയുമാണ്, ഈ രാജ്യത്ത് (ഇറാനിൽ) ഒരു കുറ്റവാളിയെപ്പോലെ പരിഗണിക്കാൻ ഈ രണ്ടു കാരണം മതി’. ജീവിതം പോരാട്ടമാക്കിയ സ്‌ത്രീയുടെ കരുത്തുറ്റ വാക്കുകളായി കാൻസിൽ അന്നത്‌ മുഴങ്ങി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..----
പ്രധാന വാർത്തകൾ
-----
-----
 Top