21 October Wednesday

ബോളിവുഡിലെ പട്ടാമ്പി

സി അജിത്‌ ajithdesh@gmail.comUpdated: Sunday Sep 6, 2020

സവിത നമ്പ്രത്ത് കാസി

സവിത നമ്പ്രത്ത് കാസി

പട്ടാമ്പിയിലെ ഒരു പൊതുവിദ്യാലയത്തിൽ പഠിച്ചു വളർന്ന പെൺകുട്ടി ഇന്ന്‌ ബോളിവുഡിൽ പ്രഗത്ഭയായ സൗണ്ട്‌ ഡിസൈനർ. സവിത നമ്പ്രത്ത്‌ കാസി എന്ന സൗണ്ട്‌ ഡിസൈനർ ബർഫി, ദംഗൽ, ചിച്ചോരെ തുടങ്ങിയ എത്രയോ ഹിറ്റ്‌ സിനിമകളുടെ അണിയറയിലുണ്ട്‌.  കലാകാരിയെന്ന നിലയിലേക്കുള്ള വളർച്ചയ്‌ക്ക്‌ കാരണമായ ട്വിസ്‌റ്റുകളെക്കുറിച്ച്‌ സവിത

മഴ...ചായ...ജോൺസൺ മാഷ്‌, ആഹാ അന്തസ്സ്‌...ഒരു യമണ്ടൻ പ്രേമകഥയുടെ പ്രശസ്‌തമായ ടീസിന്‌ ഏറെമുമ്പ്‌ മലയാളിയുടെ ജീവിതത്തിന്റെ ഓരോ ഏടിനും മഴയുടെ താളമുണ്ട്. തൂവാനത്തുമ്പിയായ്‌ പെയ്‌തിറങ്ങുന്നതിനും എത്രയോ മുമ്പേ മഴ നമ്മുടെ സിനിമാ– വായനാനുഭവത്തിന്റെ ഭാഗമാണ്. സ്‌നേഹവും ഭയവും വിരഹവും വിഹ്വലതയുമെല്ലാം നിറയുന്ന നിമിഷങ്ങളിൽ അതിങ്ങനെ നമ്മളെ ചേർത്ത്‌ പിടിക്കും. അങ്ങനെ രൂപവും ഭാവവും മാറി പെയ്യുന്ന മഴയ്‌ക്ക്‌ ശബ്‌ദമില്ലെങ്കിലോ... സങ്കൽപ്പിക്കാനാകുമോ... ബോളിവുഡ് സൗണ്ട് ഡിസൈനർ സവിത നമ്പ്രത്ത് കാസിയുടെതാണ് ചോദ്യം. പെരുമഴ തോരുമ്പോൾ മനസ്സിൽ നിറയുന്ന ഭാരമുണ്ട്‌. ശബ്‌ദവുമായി ചേർന്നുള്ള ഒരു വികാരം. കാടിനും കാട്ടാറിനും കടലിനും തിരമാലയ്‌ക്കുമെല്ലാം ശബ്‌ദം പകർന്നു നൽകുന്ന സൗന്ദര്യവും അനുഭൂതിയും അനിർവചനീയം. വികാരങ്ങളെ കോർത്തിണക്കുന്നതിൽ സിനിമയിൽ ദൃശ്യത്തോളം പ്രാധാന്യമുണ്ട് ശബ്‌ദത്തിന്. അക്കാദമിക് പരിജ്ഞാനമോ പ്രൊഫഷണൽ സർട്ടിഫിക്കറ്റോ ഇല്ലാതെതന്നെ ബോളിവുഡിൽ ശബ്‌ദവിസ്‌മയം സൃഷ്‌ടിക്കുന്ന പട്ടാമ്പിക്കാരിയുടെ വാക്കുകൾ...

സിനിമയെ വെല്ലുന്ന ട്വിസ്‌റ്റ്‌

ചിറ്റൂർ ഗവൺമെന്റ്‌ കോളേജിലെ ഭൂമിശാസ്‌ത്ര വിദ്യാർഥിയുടെ വിദൂര സ്വപ്‌നങ്ങളിൽപ്പോലും സിനിമയുണ്ടായിരുന്നില്ല. ശാന്തമായി ഒഴുകുന്ന ശോകനാശിനിയും കവിത വിരിയുന്ന മനസ്സും പിന്നെ കുറച്ച്‌ സംഘടനാ പ്രവർത്തനവും. അതായിരുന്നു കലാലയം. അവിടുന്ന്‌ ബോളിവുഡിന്റെ വർണപ്പകിട്ടിലേക്കുള്ള യാത്രയിൽ കാത്തിരുന്നത്‌ സിനിമയെ വെല്ലുന്ന ട്വിസ്‌റ്റുകൾ. മദ്രാസ്‌ സർവകലാശാലയിൽനിന്ന്‌ എംഎസ്‌സി ജോഗ്രഫിയിൽ ഒന്നാം റാങ്ക്‌.‌‌ 2009ൽ‌ പിഎച്ച്‌ഡിക്കായി എത്തിയത്‌ മുംബൈയിൽ. ഗവേഷണം ഭാരതപ്പുഴയെക്കുറിച്ച്‌. പ്രളയം ഉൾപ്പെടെ നേരിടാൻ‌ സഹായകമാകുന്ന പദ്ധതി. വിരൽത്തുമ്പിൽ വിവരങ്ങൾ ലഭ്യമാക്കാൻ കംപ്യൂട്ടറിൽ തയ്യാറാക്കിയ പ്രോജക്ട്‌. എന്നാൽ, കംപ്യൂട്ടർ അധിഷ്‌ഠിത പ്രോജക്ട്‌ സ്വീകരിക്കില്ലെന്നായി മുംബൈ സർവകലാശാലയിലെ അധ്യാപകർ. പേപ്പറിൽ എഴുതിത്തന്നെ സമർപ്പിക്കണം. ഏറെ പ്രതീക്ഷയോടെ ആരംഭിച്ച പിഎച്ച്‌ഡി പഠനം പാതിയിൽ ഉപേക്ഷിച്ചു. ഇത്രയും പഠിച്ചിട്ട്‌ ചെലവിന്‌‌ വീട്ടുകാരെ ആശ്രയിക്കാനും വയ്യ. പിടിച്ചുനിൽക്കാൻ ജോലി തേടി. സ്വകാര്യ സ്‌കൂളിൽ അധ്യാപികയാകാൻ ശ്രമിച്ചു. 5000 രൂപയാണ്‌ പ്രതിഫലം വാഗ്‌ദാനം ചെയ്‌തത്‌.‌ മുന്തിയ യോഗ്യത ആവശ്യപ്പെടുകയും‌ തുച്ഛമായ ശമ്പളം നൽകുകയും ചെയ്യുന്ന മാനേജ്‌മെന്റ് നടപടി അംഗീകരിക്കാനായില്ല. ‌അധ്യാപക മോഹവും അവിടെ ഉപേക്ഷിച്ചു.

ഇന്റർനെറ്റ് ഗുരു

മുംബൈയിലെ തൊഴിൽ അന്വേഷകരിൽ ഭൂരിപക്ഷത്തെയും പോലെ ബോളിവുഡിന്റെ സാധ്യതകളിലേക്കായി ശ്രദ്ധ. സഹസംവിധായിക ആകാനായി ശ്രമം. അഭിമുഖങ്ങളിലും പങ്കെടുത്തു. അവസരവും ലഭിച്ചു. ടിഎയും ഡിഎയും മാത്രമായിരുന്നു വാഗ്‌ദാനം‌. ഭാഷാ പ്രശ്‌നവും വലച്ചു. കുറെ സംസാരിക്കുന്നയാളാണ്‌ ഞാൻ. മിണ്ടാൻ കഴിയാതെ വന്നാൽ വീർപ്പുമുട്ടും. ആൾക്കൂട്ടത്തിലെ ജോലിയെന്ന തീരുമാനം അങ്ങനെ ഉപേക്ഷിച്ചു. സൗണ്ട്‌ എൻജിനിയറിങ് പഠിക്കാനായി അടുത്ത ശ്രമം. സുഹൃത്ത് വീട്ടിലെ കംപ്യൂട്ടറിൽ ഇൻസ്റ്റാൾ ചെയ്‌തുതന്ന സോഫ്റ്റ്‌വെയറിലായിരുന്നു ബാലപാഠം. അനന്തസാധ്യത തുറന്നുതന്ന മഹാഗുരുവിനെയും കൂടെ കൂട്ടി– സാക്ഷാൽ ഇന്റർനെറ്റ്. വീട്ടിലിരുന്നുള്ള ജോലിയായി തുടങ്ങി. പിന്നെയതിനോട് പ്രണയമായി. എല്ലാ ഇഷ്ടത്തോടും ചേർത്തുപിടിച്ചു. സൗണ്ട് എൻജിനിയറിങ്ങിൽ അക്കാദമിക് പഠനമോ പ്രൊഫഷണൽ സർട്ടിഫിക്കറ്റോ ഇല്ലാതെ ബോളിവുഡിന്റെ വിശാലതയിലേക്ക്. അതും ഒരുതരത്തിൽ നന്നായെന്ന് പിന്നീട് തോന്നി. പൊതുവായ ചട്ടക്കൂട് ഭേദിക്കാനായി. സൗണ്ട് ഡിസൈനിങ്ങിൽ സ്വന്തം വഴി കണ്ടെത്തി.

ഹ്രസ്വചിത്രങ്ങളിലൂടെ തുടക്കം‌

സഹസംവിധായികയാകാനുള്ള യാത്രയ്‌ക്കിടെ പരിചയപ്പെട്ട സുഹൃത്തിലൂടെയാണ്‌‌ രാജ്‌ ഗുപ്‌തയെ കണ്ടുമുട്ടിയത്‌. 2010ൽ ഇദ്ദേഹത്തിന്റെ ആദ്യ ഹ്രസ്വചിത്രം ‘അഹ'ത്തിന് ശബ്‌ദം നൽകിയാണ്‌ തുടക്കം. പിന്നീട്‌, നിരവധി ഹ്രസ്വചിത്രങ്ങളുടെയും ഡോക്യുമെന്ററികളുടെയും ഭാഗമായി. ദേശീയ അവാർഡ്‌ ജേതാവ്‌ ഒ പി ശ്രീവാസ്‌തവയുടെ ഡോക്യുമെന്ററിയിലും പ്രവർത്തിച്ചു. പിന്നീട്‌, മലയാളിയായ സൗണ്ട്‌ ഡിസൈനർ ഷജിത്ത്‌ കൊയ്യേരിയോടൊപ്പം പ്രവർത്തനം തുടങ്ങി. 2012ൽ അനുരാഗ്‌ ബസു സംവിധാനംചെയ്‌ത ബർഫിയിലൂടെയായിരുന്നു തുടക്കം. രൺബീർ കപൂറും- പ്രിയങ്ക ചോപ്രയും അഭിനയിച്ച ആ ചിത്രത്തിൽ സൗണ്ട്‌ എഡിറ്ററായിരുന്നു‌‌. ഹൈദർ, തൽവാർ, ദംഗൽ  തുടങ്ങിയ ഹിറ്റ്‌ ചിത്രങ്ങളിലും പ്രവർത്തിച്ചു. സ്‌റ്റോറി ടെൽ എന്ന കമ്പനിയിൽ ഒരു വർഷം ഓഡിയോ എൻജിനിയറിങ് ജോലിയും ചെയ്‌തു.

ആദ്യത്തെ ‘ക്രെഡിറ്റ്‌’

അമർ കൗഷിക്കിന്റെ 2018ൽ പുറത്തിറങ്ങിയ ‘സ്‌ത്രീ’ യിലൂടെ സൗണ്ട്‌ എഡിറ്ററിൽനിന്ന്‌ ഡിസൈനറായി‌ മാറി. നൂറുകോടി ക്ലബ്ബിൽ ഇടം പിടിച്ച ചിത്രത്തിൽ‌ ആദ്യമായി എന്റെ പേര്‌ ‘ക്രെഡിറ്റ്‌’‌ ചെയ്‌തു‌. തുടർന്ന്‌ രാജ്‌കുമാർ ഗുപ്‌തയുടെ ഇന്ത്യാസ്‌ മോസ്‌റ്റ്‌ വാണ്ടഡ്, സുശാന്ത്‌ സിങ് രജ്‌പുത്‌ നായകനായ നിധേഷ്‌ തിവാരിയുടെ ചിച്ചോരേ, അമർ കൗഷിക്കിന്റെ ബാല എന്നീ ചിത്രങ്ങൾക്കും ശബ്‌ദം ഒരുക്കി. ഒറിയ ചിത്രം തുളസിയാപ്പ, ആകാശ്‌ ഖുരാന സംവിധാനം ചെയ്‌ത ദ റിവർ ഓഫ്‌ ലവ്‌ എന്നിവയിലും പ്രവർത്തിച്ചു. ഷിദ്ദാത്‌, റൂഹി അഫ്‌സ എന്നീ ചിത്രങ്ങൾ പണിപ്പുരയിലാണ്‌. ഗൗതമി നായരുടെ വൃത്തം, കപേളയുടെ സഹസംവിധായകൻ ഫ്രാൻസിസ്‌ ജീരാ ജോസഫ്‌ ഒരുക്കുന്ന പേരിടാത്ത ചിത്രം എന്നിങ്ങനെ മലയാളത്തിലും ഓഫറുണ്ട്‌. കൂടുതൽ ബോളിവുഡ്‌ ചിത്രങ്ങളിലും അവസരം വരുന്നു. ലോക്‌ഡൗണിനുശേഷം തുടങ്ങാനാകും.

സിനിമയിലെ ശബ്‌ദം

ആനന്ദിന്റെ ‘ഗോവർധനന്റെ യാത്ര’യിൽ ഒരിടത്ത്‌ ഇങ്ങനെ പറയുന്നു. ചുമരിലൂടെ നടക്കുന്ന ഗൗളിക്ക്‌ പുച്ഛഭാവമുണ്ടെന്ന്‌‌‌. ആ പ്രയോഗത്തിന്‌ നോവലുമായി ബന്ധം കാണാനാകില്ല. എന്നാൽ, ഒരാളുടെ മാനസികാവസ്ഥയെ‌ ഒരു വരിയിലൂടെ വരച്ചുകാട്ടാനായി‌. ഈ റോളാണ്‌ സിനിമയിൽ ശബ്‌ദത്തിനുള്ളത്‌. വിദൂരതയിൽ പട്ടി കുരയ്‌ക്കുന്നതും അടുക്കളയിൽ പാത്രം വീഴുന്നതുമായ ശബ്‌ദം ചില രംഗങ്ങളുടെ പശ്‌ചാത്തലത്തിൽ കടന്നുപോകാറുണ്ട്‌‌‌. തീർത്തും അപ്രധാനമെന്ന്‌ തോന്നിക്കുന്നത്‌‌. എന്നാൽ, സിനിമയെ റിയലിസ്‌റ്റിക്ക്‌ ആക്കാൻ സൂക്ഷ്‌മമായ ഇത്തരം ശബ്‌ദം പ്രധാനം‌‌. സിനിമയിൽ‌ ഓരോ ദൃശ്യവും അനുഭവവേദ്യമാക്കുന്നതിലാണ്‌‌ സൗണ്ട്‌ ഡിസൈനറുടെ മികവ്‌. രംഗങ്ങൾ വികാരതീവ്രമാക്കാൻ ദൃശ്യത്തിനപ്പുറം ശബ്‌ദത്തിനുള്ള പ്രാധാന്യം തിരിച്ചറിഞ്ഞവരാണ്‌ പുതുതലമുറ സംവിധായകർ.

മജീദ്‌ മജീദിക്കൊപ്പം സവിത

മജീദ്‌ മജീദിക്കൊപ്പം സവിത

മജീദ്‌ മജീദി, അമീർ ഖാൻ

സിനിമയിൽ വിജയം നേടിയ പ്രതിഭകളിൽ ഏറെയും നല്ല മനുഷ്യരാണ്‌. മജീദ്‌ മജീദി, അമീർ ഖാൻ, വിശാൽ ഭരദ്വാജ്‌, അമർ കൗശിക്, നിധേഷ്‌ തിവാരി എന്നിവർക്കൊപ്പമെല്ലാം നല്ല അനുഭവങ്ങൾ‌. മജീദ്‌ മജീദിയോടൊപ്പം ബിയോണ്ട്‌ ദ ക്ലൗഡ്സിലാണ്‌‌ പ്രവർത്തിച്ചത്‌. ഇറാനിൽനിന്നെത്തിയ മജീദിക്ക്‌‌‌ ഇവിടെ സ്‌റ്റുഡിയോയിൽ സ്‌ത്രീകൾ ജോലി ചെയ്യുന്നുവെന്നത്‌ അത്ഭുതമായിരുന്നു. മികച്ച ചലച്ചിത്രകാരൻ എന്നതിനപ്പറം മറ്റുള്ളവരെ അംഗീകരിക്കാനും പ്രോത്സാഹിപ്പിക്കാനുമുള്ള വലിയ മനസ്സിന്റെ ഉടമകൂടിയാണ് അദ്ദേഹം‌. ദംഗലിൽ അമീർ ഖാനൊപ്പം‌. ജോലിയിൽ മികച്ച പിന്തുണയാണ്‌. നല്ലപോലെ രാഷ്‌ട്രീയം പറയും. ദംഗലിന്റെ പ്രിവ്യൂ അദ്ദേഹത്തിന്റെ വീട്ടിലായിരുന്നു. സിനിമയ്‌ക്കു‌ശേഷം അഭിപ്രായം പറയാൻ എല്ലാരോടും ആവശ്യപ്പെട്ടു. ദംഗലിലെ അമീർ ഖാൻ കഥാപാത്രം പോലെ ഒരു അച്ഛനെ വേണമെന്ന്‌‌ ഞാൻ പറഞ്ഞു‌. അദ്ദേഹത്തിന്‌ അത്‌‌ ഇഷ്ടപ്പെട്ടു. കുറെസമയം എന്നോട്‌ സംസാരിച്ചു. ശബ്‌ദത്തെക്കുറിച്ച്‌ ആഴത്തിലുള്ള അറിവ്‌ അത്ഭുതപ്പെടുത്തി.

ശബ്‌ദം കൊണ്ടൊരു സിനിമ

കാഴ്‌ചയില്ലാത്തവർക്കായി ശബ്‌ദത്തിൽ തീർത്ത ഹ്രസ്വചിത്രമാണ്‌ ‘ബ്ലൈൻഡ്‌‌ ഡേറ്റ്’. കാഴ്‌ചയില്ലാത്തവർക്ക്‌ യഥാർഥ സിനിമ കാണുന്നപോലെ ആസ്വദിക്കാം. ഓരോ രംഗവും ശബ്‌ദത്തിലൂടെ അനുഭവിച്ചറിയാം. കണ്ണുകാണാത്തയാളുടെ വീക്ഷണത്തിലൂടെയാണ്‌ കഥ പറയുന്നത്‌. ഇത്തരം പരീക്ഷണം കൂടുതൽ നടത്തണമെന്നുണ്ട്‌.‌

പേടിയാണ്‌ ഹൊറർ സിനിമ

ഞാൻ ചെയ്‌ത കൗഫ്‌ എന്ന ഹൊറർ ഹ്രസ്വചിത്രം ഏറെ ശ്രദ്ധിക്കപ്പെട്ടു. തിയറ്ററിലിരുന്ന്‌ കണ്ടവർ നല്ലപോലെ പേടിച്ചു. ഹൊറർ സിനിമ സാമാന്യം നന്നായി ചെയ്യാനാകുമെന്നാണ്‌ വിശ്വാസം. നല്ല പേടിയാണ്‌ എനിക്ക്‌. ഇതുതന്നെയാണ്‌ ഇന്ധനം. എന്നെ പേടിപ്പിക്കുന്ന ശബ്‌ദങ്ങളാണ്‌ ഉപയോഗിച്ചത്‌. അത്‌ കുറിക്കുകൊള്ളുകയും ചെയ്‌തു. ഒരാളുടെ വികാരങ്ങളും അവരുടെ സർഗവൈഭവവും തമ്മിൽ ബന്ധമുണ്ടെന്ന് കരുതുന്നു. സ്‌ത്രീ എന്ന ഹൊറർ സിനിമ ചെയ്യുമ്പോൾ എനിക്ക്‌ സ്‌റ്റോറിടെല്ലിൽ ജോലിയുണ്ട്‌. ജോലി കഴിഞ്ഞ്‌ രാത്രിയെത്തിയാണ്‌ സൗണ്ട്‌ ചെയ്‌തിരുന്നത്‌. ഞാൻ ചെയ്യുന്ന ശബ്‌ദം എനിക്കുതന്നെ പേടിയുണ്ടാക്കും. ഇതറിഞ്ഞ്‌ ഭർത്താവ്‌ കൂട്ടിരിക്കുമായിരുന്നു.

‘അഴിച്ചുവിട്ടത്’‌ അനുഗ്രഹമായി

എല്ലാ സ്വാതന്ത്ര്യത്തോടെയുമാണ്‌‌ എന്നെയും സഹോദരങ്ങളെയും അച്ഛനും അമ്മയും വളർത്തിയത്‌. ബാലസംഘവും വേനൽത്തുമ്പിയും എസ്‌എഫ്‌ഐയുമൊക്കെയായി ഞങ്ങൾ വളർന്നു. പലപ്പോഴും രാത്രി ഉൾപ്പെടെ വീട്ടിൽനിന്ന്‌ പുറത്തുപോയി നിൽക്കേണ്ടിവന്നിട്ടുണ്ട്‌. എന്നെയും ചേച്ചിയെയും അഴിച്ചുവിട്ടിരിക്കുകയാണോ എന്ന്‌ അച്ഛനോട്‌ ചോദിച്ചവരുണ്ട്‌. സഹോദരന്മാരുടെ കാര്യത്തിൽ ഈ ചോദ്യം ഉണ്ടായിട്ടുമില്ല. എന്തായാലും ആ ‘അഴിച്ചുവിടലാണ്’ എന്തും നേരിടാനുള്ള കരുത്ത്‌ തന്നത്‌. കേരളത്തിലെ പൊതുവിദ്യാലയത്തിൽ ‌പഠിച്ചയാളാണ്‌ ഞാൻ. സർക്കാർ വിദ്യാലയത്തിന്റെ മികവ്‌ അനുഭവിച്ചറിഞ്ഞാണ്‌ വളർന്നത്‌‌. മാതൃഭാഷയിലെ പഠനം നമ്മുടെ ചിന്താ പ്രക്രിയ കൂടുതൽ എളുപ്പമാക്കും‌. കാര്യങ്ങൾ കൃത്യതയോടെ അവതരിപ്പിക്കാനും‌ സഹായിക്കും‌. സ്‌കൂളിലും കോളേജിലുമെല്ലാം കവിതാ രചനയ്‌ക്ക്‌ സമ്മാനം ലഭിച്ചിട്ടുണ്ട്‌. എന്നിലെ സർഗശേഷിയെ തേച്ചുമിനുക്കിയതിൽ ബാലസംഘം വേനൽത്തുമ്പി കലാജാഥയ്‌ക്കും നാടകക്കളരിക്കുമെല്ലാം‌ വലിയ പങ്കുണ്ട്‌. വേനൽത്തുമ്പി ക്യാമ്പിൽ നാടകം‌ പഠിപ്പിക്കാനെത്തിയ ഒരാളെ പിന്നീട്‌, സ്‌കൂൾ കലോത്സവത്തിൽ കാണാനിടയായി. നാടകത്തിന്‌ ശബ്‌ദം നൽകാൻ എത്തിയതാണ്‌. ബാക്ക്‌ സ്‌റ്റേജിൽനിന്ന്‌ എത്ര‌ മനോഹരമായാണ്‌ അദ്ദേഹം ശബ്‌ദം നൽകിയത്‌. മഴ പെയ്യുന്നതും വെള്ളം വീഴുന്നതുമെല്ലാം അനുഭവിച്ച് അറിയാനായി. ആ ജോലിയാണ്‌ മറ്റൊരു രീതിയിൽ ഞാനിപ്പോൾ ചെയ്യുന്നത്‌.

സവിത ഭർത്താവ്‌ ശശാങ്ക് കാസിയോടൊപ്പം

സവിത ഭർത്താവ്‌ ശശാങ്ക് കാസിയോടൊപ്പം

വിവാഹം, കുടുംബം‌

ശ്രീനഗർ സ്വദേശി ശശാങ്ക്‌ കാസിയാണ്‌ ഭർത്താവ്‌. പൊതുവായ സുഹൃത്തുക്കൾ വഴിയാണ്‌ കണ്ടുമുട്ടിയത്‌. നടനാണ്‌. വർഷങ്ങളായി മുംബൈയിൽ താമസം. എന്റെ പ്രവർത്തനങ്ങൾക്ക്‌ എല്ലാ പിന്തുണയും ശശാങ്കിൽനിന്നുണ്ട്‌. ഞങ്ങൾ ഒരുമിച്ച് കോങ് പോഷ്‌ (കശ്‌മീരിയിൽ കുങ്കുമപ്പൂവ് എന്ന്‌ അർഥം) സൗണ്ട്‌ ഡിസൈൻ സ്‌റ്റുഡിയോ നടത്തുന്നു. മേലേ പട്ടാമ്പി ഉമിക്കുന്ന്‌ നമ്പ്രത്ത്‌ വീട്ടിൽ എൻ മോഹനസുന്ദരന്റെയും കെ രാധയുടെയും മകളാണ്‌ സവിത. മോഹനസുന്ദരൻ പട്ടാമ്പി നഗരസഭാ കൗൺസിലറാണ്‌. സഹോദരങ്ങൾ: സരിത, സരിത്‌, സജിത്‌‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top