20 June Sunday

പെരുമലയന്റെ കുടുംബം പാടുന്നു സങ്കരസംസ്‌കാരത്തിന്റെ പാട്ട്‌

അബ്ദുള്ള അഞ്ചില്ലത്ത് പ്രകാശൻ വാടിക്കൽUpdated: Sunday Jul 5, 2020
‘യാ റഹീമള്ളാ തുണയേകണമള്ളാ...’ പെരുമലയൻ മനോഹരന്റെ ഡോലക്കിന്റെ താളത്തിൽ ഭാര്യ ഭാഗീരഥിയും മക്കൾ വൈഷ്‌ണവും വൈഭവും വൈശാഖും ലോക്‌ഡൗൺ കാലത്ത് വീട്ടുവരാന്തയിലിരുന്ന് -ഉള്ളുരുകി പാടി, കളംപാട്ടും പുള്ളുവൻപാട്ടും മാരിത്തെയ്യവും സൂഫിഗീതങ്ങളും മലയരാട്ടും നേർച്ചപ്പാട്ടുകളും ലയിച്ചുചേർന്ന മാപ്പിളപ്പാട്ട്. നിഴലിന് പോലും മതത്തിന്റെ നിറങ്ങൾ പരതുന്ന ഇക്കാലത്ത് അങ്ങനെയല്ലാതെ ജീവിച്ച ഒരുപാട് സാധാരണ ഗ്രാമീണജനതയുടെ സാമൂഹിക, സാംസ്‌കാരിക ഇഴുകിച്ചേരലിന്റെ വീണ്ടെടുപ്പാവുകയാണ്‌ ഈ പാട്ടുകൾ. പൗരത്വഭേദഗതി നിയമത്തിനെതിരായ സമരകാലത്തും കോവിഡ് കാലത്തും വർഗീയ സംഘടനകൾ നടത്തിയ ധ്രുവീകരണ ശ്രമങ്ങളെ ചെറുക്കുന്ന സങ്കരസംസ്‌കാരത്തിന്റെ തോറ്റമായി ഈ പാട്ടുകൾ. സമൂഹമാധ്യമങ്ങളിൽ ദശലക്ഷങ്ങൾ ആസ്വദിച്ച ഈ പാട്ട് നാടിന്റെ സാംസ്‌കാരിക സ്വത്തായി മാറിയതെങ്ങനെയാണ്‌?
 
കണ്ണൂരിലെ മാട്ടൂൽ എന്ന കടലോരഗ്രാമം. കൊളോണിയൽ രേഖകളിലും വില്യം ലോഗന്റെ മലബാർ മാന്വലിലും ‘മാട്ടുമേ’ എന്നാണ്‌ ഈ ദേശത്തിന്‌ പേര്‌. പതിനാറാം നൂറ്റാണ്ടോടെ പോർച്ചുഗീസുകാർ ഇവിടത്തെ കച്ചവടം വരുതിയിലാക്കുവാൻ ശ്രമിച്ചു. പറങ്കികൾക്ക് എതിരായി അറയ്‌ക്കലിന്റെ സഹായത്തോടെ തീരദേശത്തെ മാപ്പിളമാർ പടയ്‌ക്കിറങ്ങി. നിരവധി മുസ്ലിംങ്ങൾ മരിച്ചു. അവരുടെ ശവകുടീരം ഈ ഗ്രാമത്തിലാണ്‌.
 
മാട്ടൂൽ പുഴയോരത്തുള്ള തെക്കുമ്പാട് ദ്വീപ് പണ്ട്  ദേവകന്യകമാർ നീരാട്ടിനിറങ്ങുന്ന അതിസുന്ദരമായ പൂങ്കാവനമായിരുന്നത്രേ. തെക്കുമ്പാട് കുലോം താഴെക്കാവിലാണ് കളിയാട്ട മഹോത്സവത്തോടനുബന്ധിച്ച് ദേവക്കൂത്ത് ഉണ്ടാവാറുള്ളത്. അപ്‌സരസ്സുകളും ഗന്ധർവന്മാരും കോലത്തുനാട്ടിലെ തെക്കുമ്പാട് ദ്വീപിൽ തേരിറങ്ങിയ പുരാവൃത്തത്തിന്റെ ഓർമ പുതുക്കൽ.
   
കടൽ നീങ്ങി കരയായി മാറിയ ഇവിടെ പതിമൂന്നാം നൂറ്റാണ്ടുവരെ ഈ കടലോരഗ്രാമത്തിൽ മനുഷ്യവാസമുണ്ടായിരുന്നില്ല. പതിമൂന്നാം നൂറ്റാണ്ടിന്റെ രണ്ടാംപാതിയിൽ കോലത്തിരി ഈ കടലോരം വയലുകളാക്കി. മാടായിക്കാവിലെ അച്ചിയുടെ നൂറുകണക്കിന് അടിയാക്കൂട്ടങ്ങളെ ഇവിടെ കുടിൽകെട്ടി പാർപ്പിച്ചു. അവർ കൂറ്റൻ പഞ്ചാരമണൽ തിട്ടകളെ കൊത്തിമിനുക്കി  നെൽവയലുകളാക്കി. ഈ വയലുകളിൽ തമ്പുരാൻ കൃഷിയിറക്കി, നൂറുമേനി കൊയ്‌തെടുത്തു. വയലിനോടു കൂടി ഒട്ടിച്ചേർന്ന് ജീവിക്കുന്ന മറ്റു സമുദായങ്ങളും ചേക്കേറി. ഇവരുടെ സാമൂഹ്യപരമായ കർമങ്ങൾ നടത്തിപ്പിനായി മലയരെയും പുള്ളുവരെയും കുടിയിരുത്തി. പേറെടുക്കുവാനും മന്ത്രതന്ത്രങ്ങൾക്കും മലയനും പുള്ളുവനും ഒഴിച്ചുകൂടാത്തവരായി. പിന്നീട്‌ ചിറയ്‌ക്കലെ തമ്പുരാനിൽനിന്ന്‌  അധികാരം അറയ്‌ക്കൽ സ്വരൂപത്തിലേക്ക് എത്തിച്ചു. അവർ ഇവിടെ കൃഷിയുടെ നടത്തിപ്പിന് വളപട്ടണത്തുനിന്ന് മുസ്ലിം കുടുംബങ്ങളെ കൊണ്ടുവന്നു. ആരാധിക്കാനായി മാട്ടൂൽ പള്ളിയും പണിതു.
 
മലയൻതറ മനോഹരൻ

മലയൻതറ മനോഹരൻ

പതിനാലാം നൂറ്റാണ്ടോടു കൂടി മാടായി തുറമുഖത്ത് അറബിക്കച്ചവടക്കാരോടൊപ്പം -നിരവധി സൂഫികളും എത്തി തുടങ്ങി. അവർ ദേശത്തെ നാട്ടുപാതകളിലൂടെയും ഊടുവഴികളിലൂടെയും ഈ നാടിന്റെ സംസ്‌കാരത്തെ പാടി നടന്നു. സൂഫികൾ രാഷ്ട്രീയ ഇസ്ലാമിന്റെ പ്രചാരകരായിരുന്നില്ല. മാനവികതയെ കുറിച്ചുമാത്രമായിരുന്നു അവർ പാടി നടന്നത്. 19, 20 നൂറ്റാണ്ടുകളിലായി ഈ ദേശത്ത് ബാസൽ മിഷനും ചിറയ്‌ക്കൽ മിഷനും ധാരാളം അടിയാളരെ ക്രിസ്‌തുമതത്തിലും എത്തിച്ചു. മാരുതിയോടൻ ഗുരുക്കളും പൊട്ടനും വയനാട്ടുകുലവനും കതിവന്നൂർ വീരനും പിന്നെ മുച്ചിലോട്ട് ഭഗവതിയും അറുപത് ദേവന്മാരും ബപ്പിരിയനും കല്ലായി മമ്മുവും കലന്തൻ മുകിയും ആലിതെയ്യവും സൂഫികളും യോഗികളുമെല്ലാം ഈ മണ്ണിന്റെ സംസ്‌കാരത്തിന്റെ ഭാഗമായി. 
 
 മനോഹരനും ഭാര്യയും മക്കളും ചേർന്ന്‌ പാടിയ ‘യാ റഹീമള്ളാ തുണയേകണമേ അള്ളാ...’ എന്ന പാട്ടും അതിന്‌ ലഭിച്ച സ്വീകാര്യതയും ഈ സംസ്‌കാരത്തുടർച്ചയുടെ ഉൽപ്പന്നമാണ്‌. 
 
മാട്ടൂലിലെ സ്വർണക്കതിർ വിളയുന്ന വയലുകൾ അങ്ങനെ വ്യാപകമായി നികത്തപ്പെട്ടപ്പോൾ ദുരിതത്തിലായത് അടിയാളന്മാരായ പുലയരായിരുന്നു. -പുലയർക്ക് കൃഷിപ്പണി ചെയ്യാൻ ഭൂമിയില്ലാതായി. കേരളത്തിലെ സാമൂഹ്യമാറ്റങ്ങൾക്കൊപ്പം ഈ കടലോര ഗ്രാമത്തിന്റെ കാർഷിക സംസ്‌കാരത്തിന്‌ ക്ഷതമേൽപ്പിച്ചു. ചേറിലും മണ്ണിലും പണിയെടുത്തിരുന്ന പുലയർ മറ്റു തൊഴിലുകളിൽ ഏർപ്പെട്ടു.
    
മലയൻതറ മനോഹരന് സംഗീതം പാരമ്പര്യമായി കിട്ടിയ സിദ്ധിയാണ്. ചിറയ്‌ക്കൽ കോവിലകത്തെ തമ്പുരാന് ചീനിക്കുഴലൂത്തിന് ജന്മാവകാശം നൽകി ആദരിച്ചവരാണ് മനോഹരന്റെ പൂർവികരെ. ഇദ്ദേഹം അത് തന്റെ കുട്ടികളിലേക്കും പകർന്നു നൽകി. കണ്ണേറ് പാട്ടും മന്ത്രവാദപ്പാട്ടും പൊട്ടൻ ആട്ടും മലയൻകെട്ടും അവരുടെ ജീവിതത്തിന്റെ ഭാഗമായി. പെരുമലയന്റെ ചീനിക്കുഴലിന്റെ മാഹാത്മ്യം ലോകമറിഞ്ഞത് മനോഹരനിലൂടെയാണ്. ഇംഗ്ലണ്ട്, ഫ്രാൻസ്, ജർമനി, അമേരിക്ക, സ്വിറ്റ്സർലൻഡ് എന്നീ ലോക രാജ്യങ്ങളിലെല്ലാം മനോഹരൻ തന്റെ സമൂഹം ഉയിർകൊടുത്ത് വളർത്തിക്കൊണ്ടുവന്ന ചീനിക്കുഴലിന്റെ സംഗീതം പകർന്നു നൽകി. കനേഡിയൻ സംഗീതഗവേഷകനായ കാലി മാസൻ മലബാറിലെ മലയർ പാട്ടുകളുടെ അതിജീവനത്തെക്കുറിച്ചുള്ള തന്റെ ഗവേഷണകാലത്ത് മാട്ടൂലിലെ മനോഹരന്റെ വീട്ടിൽ ആഴ്‌ചകളോളം താമസിച്ചിരുന്നു. മുച്ചിലോട്ട് ഭഗവതിയെ പാടിയുണർത്തിയ മനോഹരന്റെ ചീനക്കുഴൽ നാദം കേട്ട് ആയിരക്കണക്കിന് കേൾവിക്കാർ കണ്ണീരിൽ പെയ്‌ത്‌ അലിഞ്ഞിട്ടുണ്ട്. മനോഹരനും ഭഗീരഥിയും മക്കളും പാടിത്തിമിർത്ത മാപ്പിളപ്പാട്ട് നാടിന്റെ - ഉൺമയുടെ തിരിച്ചുപിടിക്കലാണ്‌. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..----
പ്രധാന വാർത്തകൾ
-----
-----
 Top