02 June Tuesday

ലിബറല്‍ ദേശീയതയിലേക്കൊരു പുനഃസന്ദര്‍ശനം

ഡോ. അനിൽ കെ എം ayansarang@gmail.comUpdated: Sunday Aug 4, 2019

വാസ്‌തവത്തില്‍ കോണ്‍ഗ്രസിനെ ആന്തരവിമര്‍ശനത്തിലൂടെ നവീകരിക്കാനുള്ള തിരുത്തല്‍ ശക്തിയായാണ് നെഹ്‌റു ഇടതുപക്ഷത്തെ കണ്ടത്. കോണ്‍ഗ്രസിലെ ബഹുഭൂരിപക്ഷവും തീവ്രവലതുപക്ഷത്തേക്ക് ചുവടുമാറ്റുന്ന സമകാലത്ത് നെഹ്‌റു മുന്നോട്ടുവയ്‌ക്കുന്ന ആന്തരവിമര്‍ശനം എന്ന ആശയം കൂടുതല്‍ പ്രസക്തമാകുന്നുണ്ട്‌

 

ലിബറൽമൂല്യങ്ങൾ കടലെടുത്തുകൊണ്ടിരിക്കുന്ന ഇന്ത്യയിലിരുന്നുകൊണ്ട് ഓർക്കേണ്ട ഒരു ധിഷണാശാലിയുടെ പേരാണ്  ജവാഹർലാൽ നെഹ്‌റു. നെഹ്‌റുവിന്റെ പ്രവർത്തനങ്ങളും കാഴ്‌ചപ്പാടുകളും വിലയിരുത്തുകയും വ്യാഖ്യാനിക്കുകയും ചെയ്യുന്ന  കൃതിയാണ് ‘ദി ലെഗസി ഓഫ് നെഹ്‌റു: അപ്രൈസൽ ആൻഡ്‌ അനാലിസിസ്’. ലാൻസി ലൊബൊ, ജയേഷ് ഷാ എന്നിവർ എഡിറ്റ്‌ ചെയ്‌ത ഈ പുസ്‌തകത്തിലെ പ്രബന്ധങ്ങൾ നെഹ്‌റുവിന്റെ കാഴ്‌ചപ്പാടുകളെ അക്കാദമികമായും വിമർശനാത്മകമായും വിലയിരുത്തുന്നവയാണ്‌. ഫെഡറൽ സ്റ്റേറ്റുകളുടെ  യൂണിയൻ എന്ന നിലയ്‌ക്ക് ഇന്ത്യയെ നിർമിച്ചെടുക്കുന്നതിലും വിദേശനയം രൂപപ്പെടുത്തുന്നതിലും സെക്കുലർ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്നതിലും നെഹ്‌റു  വഹിച്ച പങ്ക്, ജനാധിപത്യ സ്ഥാപനങ്ങൾ സൃഷ്ടിക്കുന്നതിൽ അദ്ദേഹത്തിന്റെ സംഭാവന തുടങ്ങി നിരവധി പ്രമേയങ്ങൾ ഈ പ്രബന്ധങ്ങൾ വിലയിരുത്തുന്നു. ഇന്ത്യൻ ദേശീയതയുടെ ദീപ്തമായ മുഖമാണ് നെഹ്‌റുവിന്റെ കാലം പ്രതിനിധാനംചെയ്യുന്നത്. അക്കാലത്ത് നിർമിക്കപ്പെട്ട ദേശരാഷ്ട്രത്തിന്റെ അടിത്തറയാണ് അതിദ്രുതം തകർന്നടിഞ്ഞുകൊണ്ടിരിക്കുന്നത്. 

ഒരുപക്ഷേ, സംഘപരിവാർ ഗാന്ധിയേക്കാൾ ഭയപ്പെടുന്ന രാഷ്ട്രീയവ്യക്തിത്വമാണ് നെഹ്‌റുവിന്റേത്. കഴിഞ്ഞ അഞ്ചുവർഷം നെഹ്‌റുവിനെ രാഷ്ട്രം ഓർത്തില്ലെന്നുമാത്രമല്ല പലപ്പോഴും അപകീർത്തിപ്പെടുത്താനും ശ്രമമുണ്ടായി. സ്വാതന്ത്ര്യലബ്ധിയുടെ വേളയിൽ തകർന്നടിഞ്ഞ ഒരിന്ത്യയാണ് നെഹ്‌റുവിന് മുന്നിലുണ്ടായിരുന്നത്. കൊളോണിയൽ ചൂഷണത്തിൽ പാപ്പരായ സമ്പദ്ഘടന, വിഭജനത്തിന്റെ  മുറിവുകൾ, ശീതയുദ്ധത്താൽ തകർക്കപ്പെട്ട ലോകരാഷ്ട്രീയം–-ഇതൊക്കെയായിരുന്നു  സ്വാതന്ത്ര്യം കിട്ടുമ്പോഴുള്ള സാഹചര്യം. ഈ തകർച്ചകളെല്ലാം യാഥാർഥ്യമായിരിക്കെത്തന്നെ സ്വാതന്ത്ര്യം എന്ന സ്വപ്‌നം സാക്ഷാൽക്കരിച്ചതിനെ പ്രതി  രൂപപ്പെട്ട വലിയ പ്രതീക്ഷകളും ഇന്ത്യൻ ജനതയ്‌ക്കുണ്ടായിരുന്നു. ഈ വൈരുധ്യങ്ങൾക്കിടയിൽനിന്നാണ് ഇന്ത്യ എന്ന ഒരാധുനിക സമൂഹത്തെ പുനർനിർമിക്കാൻ നെഹ്‌റു ശ്രമിച്ചത്. 

 പട്ടിണി മാറ്റുക എന്ന ഉദ്ദേശ്യത്തോടെ ശാസ്ത്രസാങ്കേതികവിദ്യകളെ വികസനവുമായി ബന്ധിപ്പിച്ച്  മിശ്രസമ്പദ് വ്യവസ്ഥയ്‌ക്ക് രൂപം നൽകാൻ നെഹ്‌റുവിന് സാധിച്ചു. ചേരിചേരാനയം പിന്തുടരുമ്പോഴും ഇന്ത്യയുടെ ഭൗതികമായ വികാസത്തിന് നെഹ്‌റു മാതൃകയാക്കിയത് സോവിയറ്റ് യൂണിയനെ.   ആഗോളവൽക്കരണകാലത്ത് ജീവിക്കുന്ന ഇന്ത്യക്കാർ, ഒരുകാലത്ത് സ്വാശ്രയത്വമായിരുന്നു ഈ രാജ്യത്തിന്റെ ആദർശമെന്ന് ഓർക്കേണ്ടതാണ്. നെഹ്‌റുവിന്റെ കാലത്ത് ഇന്ത്യ സോഷ്യലിസമെന്ന ആദർശത്തെ ഒരിക്കലും കൈയൊഴിഞ്ഞില്ല. താൻ ഒരു മതത്തെയും പ്രതിനിധാനംചെയ്യാത്ത പ്രധാനമന്ത്രിയാണെന്ന് പരസ്യമായി പ്രഖ്യാപിച്ചു. അതുകൊണ്ടാണ് ആധുനിക ഇന്ത്യയുടെ ശിൽപ്പി എന്ന് നാം നെഹ്‌റുവിനെ വിശേഷിപ്പിക്കുന്നത്.
 
1926നും 1928നും ഇടയിൽ നെഹ്‌റു നടത്തിയ യൂറോപ്യൻ സഞ്ചാരങ്ങൾ അദ്ദേഹത്തിന്റെ രാഷ്ട്രീയവീക്ഷണങ്ങളെ വലിയതോതിൽ സ്വാധീനിച്ചു. യൂറോപ്യൻ പ്രബുദ്ധതയുടെ സന്തതിയായിരുന്നു നെഹ്‌റു. അതിന്റെ മികവും പോരായ്‌മയും അദ്ദേഹത്തിനുണ്ടായിരുന്നു. യൂറോപ്യൻ ആധുനികതയെ ഇന്ത്യൻ പാരമ്പര്യവുമായി ബന്ധിപ്പിക്കുന്ന കാര്യത്തിൽ അദ്ദേഹം എല്ലായ്‌പ്പോഴും സന്ദിഗ്‌ധത അനുഭവിച്ചു. സോവിയറ്റ് യൂണിയനിലെ സോഷ്യലിസ്റ്റ് പരീക്ഷണങ്ങൾ നെഹ്‌റുവിന് വലിയ ആവേശം നൽകി. ലെനിന്റെ നേതൃത്വം അദ്ദേഹത്തെ ആകർഷിച്ചു. ഗാന്ധിയുടെ ശിഷ്യനായാണ് നെഹ്‌റു യൂറോപ്പിലേക്ക് പോയതെങ്കിലും തിരിച്ചുവന്നത് ഒരു പുതിയ മനുഷ്യനായാണ്. ഗാന്ധിയുടെ ആദർശങ്ങളെ തുടർന്നും പിൻപറ്റിയെങ്കിലും ഒരിക്കലും ഗാന്ധിസത്തിന്റെ തടവറയിലാകാതിരിക്കാൻ അദ്ദേഹം ശ്രദ്ധിച്ചു. 1929 മുതൽ 1936 വരെയുള്ള കാലത്ത്  കോൺഗ്രസ്‌ ഏറ്റവും കൂടുതൽ ചർച്ചചെയ്‌തത് സോഷ്യലിസം എന്ന ആശയമായിരുന്നു. അതിന്റെ ശീഘ്രഗതിയിൽ നിന്നത് നെഹ്‌റു അല്ലാതെ മറ്റാരുമായിരുന്നില്ല. പട്ടിണി മാറ്റാൻ സോഷ്യലിസമല്ലാതെ മറ്റ് പോംവഴികളില്ലെന്ന് 1936ലെ ലാഹോർ സമ്മേളനത്തിൽ അസന്ദിഗ്‌ധമായി പ്രഖ്യാപിച്ചു. സോഷ്യലിസം എന്നതുകൊണ്ട് ശാസ്‌ത്രീയ സോഷ്യലിസം എന്നുതന്നെയാണ്  അർഥമാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ, കോൺഗ്രസിനകത്ത് സോഷ്യലിസ്റ്റ്‌ ആദർശമുള്ള ഗ്രൂപ്പിനെ സൃഷ്ടിക്കാനുള്ള ക്രിയാത്മകമായ പ്രവൃത്തികളൊന്നും അദ്ദേഹം ഏറ്റെടുത്തില്ല. എന്നുമാത്രമല്ല, 1930കൾ മുതൽ ഇന്ത്യയിലാരംഭിച്ച സോഷ്യലിസ്റ്റ് പാർടിയോട് അദ്ദേഹം അനുഭാവം പുലർത്തിയില്ല. ആദർശംകൊണ്ട് സോഷ്യലിസ്റ്റ് അനുഭാവിയായിരിക്കുമ്പോഴും സംഘടനാപരമായി നെഹ്‌റു കോൺഗ്രസിൽ തുടർന്നു. ഇത് കോൺഗ്രസിനകത്ത് അദ്ദേഹത്തിന്റെ നില പരുങ്ങലിലാക്കി. എന്നാൽ, ഗാന്ധിജിയുടെ പിന്തുണ നെഹ്‌റുവിനുണ്ടായിരുന്നു. വിനായാന്വിതനും പ്രായോഗികമതിയുമായ നേതാവാണ് നെഹ്‌റു എന്ന ഉത്തമബോധ്യം ഗാന്ധിക്കുണ്ടായിരുന്നു. എന്നാൽ, കോൺഗ്രസിലെ സമ്പന്നവിഭാഗം നെഹ്‌റു നേതൃത്വത്തിലിരുക്കുന്നതിനെ ഭയന്നു. കാരണം, സോഷ്യലിസം എന്ന ആശയം ഉൾക്കൊള്ളാൻ ആ വിഭാഗത്തിന് കഴിയുമായിരുന്നില്ല. നെഹ്‌റുവിനെതിരെ അവർ കോൺഗ്രസിൽ പ്രമേയം പാസാക്കി. അതേസമയം, കോൺഗ്രസിനെ പിളർത്തുന്ന സമീപനം ഒരിക്കലും നെഹ്‌റു സ്വീകരിച്ചില്ല. സോഷ്യലിസത്തിനെതിരെയുള്ള എതിർപ്പ് കോൺഗ്രസിൽ ശക്തിപ്പെട്ടപ്പോൾ നെഹ്‌റു അതേക്കുറിച്ച് പതിയെ നിശ്ശബ്ദനായി. കാരണം, കോൺഗ്രസിലെ പണക്കാർമാത്രമല്ല, പട്ടേലും രാജേന്ദ്രപ്രസാദും രാജഗോപാലാചാരിയും നെഹ്‌റുവിന്റെ കടുത്ത വിമർശകരായിരുന്നു. ആയതിനാൽ സോഷ്യലിസ്റ്റ് ആദർശങ്ങൾ സൂക്ഷിച്ചുകൊണ്ടുതന്നെ അദ്ദേഹം കോൺഗ്രസിൽ തുടർന്നു. തൊഴിലാളികളുടെ നേതൃത്വത്തിൽ നടക്കുന്ന സായുധവിപ്ലവങ്ങളെ നെഹ്‌റു തള്ളിപ്പറഞ്ഞു. റഷ്യയുടെ സോഷ്യലിസ്റ്റ് പരീക്ഷണങ്ങളെ അംഗീകരിക്കുമ്പോഴും റഷ്യൻവിപ്ലവത്തിന്റെ പാത അംഗീകരിക്കാൻ  തയ്യാറായില്ല. ജനാധിപത്യത്തിന്റെയും അഹിംസയുടെയും വഴിയാണ് ഇന്ത്യൻ ജനതയ്‌ക്ക് ഏറ്റവും അനുയോജ്യമെന്ന്  ഉറച്ചുവിശ്വസിച്ചു. മാത്രമല്ല, ആശയങ്ങളുടെ പേരിൽ എന്തെങ്കിലും കടുംപിടിത്തം സൂക്ഷിക്കുന്നത് അർഥശൂന്യമാണെന്നും കരുതി. ലോകം അതിസങ്കീർണമായതുകൊണ്ട് പല വഴികളിലൂടെമാത്രമേ നമുക്ക് അതിന്റെ യാഥാർഥ്യത്തെ കണ്ടെത്താനാകൂ എന്നും ഏതെങ്കിലും ചില ആശയങ്ങളെമാത്രം അതിനായി ആശ്രയിക്കാനാകില്ലെന്നും നെഹ്‌റു പറയുന്നുണ്ട്: “കോൺഗ്രസാണ് ഇന്നത്തെ നിലയിൽ ഏറ്റവും ശക്തിയുള്ള ജനകീയ പ്രസ്ഥാനം. അതിനകത്ത് വലതുപക്ഷവും ഇടതുപക്ഷവുമുണ്ട്. എന്നാൽ, സാമ്രാജ്യത്വ വിരുദ്ധസമരത്തിന്റെ പൊതുവേദിയാണ് കോൺഗ്രസ്‌. ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനുവേണ്ടിയാണ് നാം പോരാടുന്നത്. ആയതിനാൽ, നമുക്കേവർക്കും ചേർന്ന് ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പേരിൽ ഈ രാജ്യത്തെ ജനങ്ങളെ അണിനിരത്താം. കോൺഗ്രസിനകത്തെ ഇടതുപക്ഷ ഗ്രൂപ്പുകളോട് എനിക്കൊന്നേ അഭ്യർഥിക്കാനുള്ളൂ. നിങ്ങൾ നിങ്ങളുടെ എല്ലാ കഴിവും കോൺഗ്രസിനെ കൂടുതൽ ജനാധിപത്യവൽക്കരിക്കാനും സാമ്രാജ്യത്വവിരുദ്ധ സമരത്തിനായി അതിനെ പുതുക്കിപ്പണിയാനും  ഉപയോഗിക്കണം.” 
 
വാസ്‌തവത്തിൽ കോൺഗ്രസിനെ ആന്തരവിമർശനത്തിലൂടെ നവീകരിക്കാനുള്ള തിരുത്തൽശക്തിയായാണ് നെഹ്‌റു ഇടതുപക്ഷത്തെ കണ്ടത്. കോൺഗ്രസിലെ ബഹുഭൂരിപക്ഷവും തീവ്രവലതുപക്ഷത്തേക്ക് ചുവടുമാറ്റുന്ന സമരകാലത്ത് നെഹ്‌റു മുന്നോട്ടുവയ്‌ക്കുന്ന ആന്തരവിമർശനം എന്ന ആശയം കൂടുതൽ പ്രസക്തമാകുന്നുണ്ട്‌.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top