23 January Wednesday

കൊന്നാലും മുളയ്ക്കുന്ന നാടകം

കെ ഗിരീഷ്‌Updated: Sunday Mar 4, 2018

കറുപ്പകൻ എന്ന നാടകത്തിൽനിന്ന്‌

അധികാരവും വരേണ്യതയും എക്കാലത്തും നാടകത്തെ  ഭയന്നിട്ടുണ്ട്. കാരണം നാടകം കലാപമാണ്. കാലാകാലങ്ങളിലെ ഇരുണ്ട നീതിക്കെതിരെ ഉയർന്ന കലാപം. അങ്ങനെ അരങ്ങിനെയും ജീവിതത്തെയും കലാപഭൂമിയാക്കിയ ഒരുപാട് ജീവിതങ്ങളുടെ ഭൂമികയിൽതന്നെയാണ് നാടകം നിലനിന്നുപോന്നതും. അതേതു ഭൂഖണ്ഡത്തിലായാലും. അതുകൊണ്ടുതന്നെയാണ് അതിനെ ഇല്ലാതാക്കാൻ ചിലർ ലക്ഷ്യമിടുന്നത്. ഇതിഹാസങ്ങളുടെ ദൃശ്യാലങ്കാരത്തിലും ചരിത്രത്തിന്റെ പേരിലുള്ള സർക്കസുകളിയിലും നാടകത്തെ കെട്ടിയിടാനും ശ്രമം തുടരുന്നു. നാടകമുണ്ടാക്കാൻ ജീവിതം മാറ്റിവച്ചവരെ മറന്നുള്ള ഈ കളികൾ കാലത്തെയും ചരിത്രത്തെയും നിഷേധിക്കലാകുന്നു. കത്തുന്ന നെഞ്ചിലാണ് നാടകമുണ്ടാകുന്നത്. എത്രയേറെ ഒത്തുതീർപ്പ് നടത്തിയാലും ചരിത്രത്തെ എത്രത്തോളം നിഷേധിച്ചാലും താൽക്കാലിക അവാർഡുകൾക്കപ്പുറം ഒരു തോക്കിന്റെ മുന നിങ്ങൾക്കുനേരെ ഒളിപ്പിച്ചുവച്ചിട്ടുണ്ട്. അവർ കുഴിച്ചുമൂടിയാൽ അതിൽനിന്ന് ഉയിർത്തുവരാൻതക്ക ഇച്ഛാശക്തി നിങ്ങൾക്കുണ്ടാകില്ല. എന്നാൽ, അവിടെയും കുഴിയിൽനിന്ന് എഴുന്നേറ്റുവരുന്ന നാടകക്കാരുണ്ട്. ജീവിതം പണയംവച്ച് നാടകമുണ്ടാക്കിയവർ. വെള്ളിവെളിച്ചങ്ങളിൽ അവാർഡുകൾ ഏറ്റുവാങ്ങാത്തവർ. ജീവിതം അത്രയേറെ ദൃശ്യഭംഗിയുള്ളതല്ലെന്ന് തിരിച്ചറിഞ്ഞ നാടകക്കാർ. അവരെക്കുറിച്ചാണ് കൂത്തുപറമ്പ് നാട്യസംസ്കൃതിയുടെ 'കറുപ്പകൻ'’നാടകം പറയുന്നത്. നാടകക്കാരനിലൂടെ അവന്റെ സ്മരണയിലൂടെ വലിയ രാഷ്ട്രീയസമസ്യയിലേക്കാണ് കറുപ്പകൻ സഞ്ചരിക്കുന്നത്.

അരങ്ങുകളിൽ വസന്തം തീർത്ത ഒരു മുത്തച്ഛന്റെ സുഖമുള്ള ഓർമയിലാണ് നാടകം തുടങ്ങുന്നത്. ക്രമേണ നാടകത്തിനുള്ളിൽ ഒരു നാടകം രൂപപ്പെടുന്നു. നാടകം കൂട്ടിക്കൊണ്ട് പോകുന്നത് കറുത്ത തൊലിക്കുമേൽ അടിച്ചേൽപ്പിക്കുന്ന സവർണാധികാരത്തിന്റെ ഓർമപ്പെടുത്തലിലേക്കാണ്. ചരിത്രത്തിലുടനീളം വേരുപിടിച്ച ചതിയുടെ, ഒളിയമ്പുകളുടെ കാരണങ്ങൾ തിരയുകയാണ് കറുപ്പകൻ.  ബാലിയും രാവണനും മരണാനന്തരം കണ്ടുമുട്ടുന്നതും തങ്ങളുടെമേൽ അടിച്ചേൽപ്പിച്ച വില്ലൻപാളി അഴിച്ചെറിയുന്നതുമാണ് നാടകം. ഇരുവരും ഒരുപാട് സമാനതകളുള്ള ജീവിതങ്ങൾ. ചതിക്കപ്പെട്ടവർ, തെറ്റായി വ്യാഖ്യാനിക്കപ്പെട്ടവർ, തോറ്റുപോയവർ. എന്നാൽ, ചരിത്രം ഇതുതന്നെയാണോ എന്ന ചോദ്യത്തിന് ഉത്തരം തീർത്തുപറയാനാകുന്നില്ല ആർക്കും. അതത് കാലെത്ത വരേണ്യതയാണ് കഥകൾക്കുമേലെ കഥകൾ എഴുതിച്ചേർത്ത് കറുത്തവനെ തെമ്മാടിയാക്കി ചിത്രീകരിച്ചത്. ഇവിടെ രാമൻ പ്രതിനായകനാകുന്നു. ഓരോ കാലത്തും കൂട്ടിയും കുറച്ചുമാണ് കഥകളുണ്ടാകുന്നതെന്നും ഓരോ നാടകത്തിലും ഒരുപാട് ജീവിതങ്ങൾ ഒളിഞ്ഞിരിപ്പുണ്ടെന്നും കറുപ്പകൻ ഓർമിപ്പിക്കുന്നു. തോറ്റുപോയവരുടേതുകൂടിയാണ് ഉഴുതുമറിക്കപ്പെട്ട ഈ മണ്ണെന്ന് നാടകം വിളിച്ചുപറയുന്നു. ഈ സമയം ഒരു സംഘം നാടകത്തെ ആക്രമിക്കുകയും നടന്മാരെ കൊന്ന് കുഴിച്ചുമൂടുകയും ചെയ്യുന്നു. അതിൽനിന്ന് പുതുമുള പൊട്ടുന്ന പ്രത്യാശയിലാണ് കറുപ്പകന്റെ സമാപനം.
ഫാസിസം കൊടികുത്തിവാഴുന്ന ഈ കെട്ടകാലത്തിലും എത്ര ആഴത്തിൽ കുഴിച്ചിട്ടാലും മുളപൊട്ടിവരുന്ന ചില വിത്തുകൾപോലെയാണ് ഓരോ നാടകവുമെന്ന് പറയുന്ന കറുകപ്പൻ റിയലിസ്റ്റിക് ഭാഷയിൽ മൂർച്ചയോടെ രാഷ്ട്രീയം പറയുന്നു. 
രചനയും സംവിധാനവും നിർവഹിച്ചത് സുജിൽ മാങ്ങാട്. കലാസംവിധാനം രതീഷ്. കെ വി അനൂട്ടി, ദീപവിതാനം ബിജു വെള്ളച്ചാൽ, സംഗീതം രജബിന്ദ്, രജു മാങ്ങാട്ടിടം, മേക്കപ്പ്: പ്രജി അശ്വതി എന്നിവരും നിർവഹിച്ചു.
 ആദിഗംഗ, ഷഹർബിൻ, ബാലകൃഷ്ണൻ കൂടാളി, സ്നേഹ, ബിജു കൂടാളി, ജിൻസി, മനോജ് മണ്ടോടി, ലിബിത, ലാലു, അനൂട്ടി, അഖിലേഷ്, ശരത്, ബൈജു കരുണാകരൻ, രസ്ന, സുബീഷ്, സംജിത്, ലാൽജ്യോതി എന്നിവരാണ് അരങ്ങിൽ.
പ്രധാന വാർത്തകൾ
 Top