18 February Tuesday

ആ അട്ടിമറിയുടെ മങ്ങാത്ത ചരിത്രം

വെബ് ഡെസ്‌ക്‌Updated: Sunday Nov 3, 2019

വിമോചനസമരമെന്ന കമ്യൂണിസ്റ്റ്‌ വിരുദ്ധതയുടെ കാണാച്ചരടുകളെക്കുറിച്ചും അവയ്‌ക്ക്‌ വിദേശ താൽപ്പര്യങ്ങളുമായി ഉണ്ടായിരുന്ന അഭേദ്യ ബന്ധങ്ങളെക്കുറിച്ചും കേരളത്തിലെ ജാതിമത സംവിധാനങ്ങളെ അവ എപ്രകാരം ഉപയോഗ പ്പെടുത്തി എന്നതിനെക്കുറിച്ചുമെല്ലാം പല തലങ്ങളിൽ പഠനം നടന്നിട്ടുണ്ട്‌. അതേ മേധാശക്തികളുടെ ആജ്ഞാനുസാരികളോ ഇച്ഛാസ്‌ഫുരണങ്ങളോ ആണ്‌ ഇന്നും പല രാഷ്‌ട്രീയ അന്തർനാടകങ്ങൾക്കും മൂല്യഭംഗങ്ങൾക്കും സാംസ്‌കാരിക അപചയത്തിനും അടിസ്ഥാനം

കേരളത്തിന്റെ രാഷ്‌ട്രീയചരിത്രത്തിനൊപ്പം പറയുന്ന അനുബന്ധമാണ്‌ ആദ്യ കമ്യൂണിസ്റ്റ്‌  മന്ത്രിസഭയും  വിമോചനസമരവും.  ലോകത്താദ്യമായി ബാലറ്റിലൂടെ തെരഞ്ഞെടുക്കപ്പെട്ട സർക്കാരിനെതിരെ നടന്ന  അങ്ങേയറ്റം ജനാധിപത്യവിരുദ്ധമായ ഗൂഢനീക്കമായിരുന്നു വിമോചനസമരം. 

വിമോചനസമരമെന്ന കമ്യൂണിസ്റ്റ്‌ വിരുദ്ധതയുടെ കാണാച്ചരടുകളെക്കുറിച്ചും അവയ്‌ക്ക്‌ വിദേശതാൽപ്പര്യങ്ങളുമായി ഉണ്ടായിരുന്ന അഭേദ്യബന്ധങ്ങളെക്കുറിച്ചും കേരളത്തിലെ ജാതിമതസംവിധാനങ്ങളെ അവ എപ്രകാരം ഉപയോഗപ്പെടുത്തി എന്നതിനെക്കുറിച്ചുമെല്ലാം പല തലങ്ങളിൽ പഠനം നടന്നിട്ടുണ്ട്‌.   അതേ മേധാശക്തികളുടെ ആജ്ഞാനുസാരികളോ ഇച്ഛാസ്‌ഫുരണങ്ങളോ ആണ്‌ ഇന്നും പല രാഷ്‌ട്രീയ അന്തർനാടകങ്ങൾക്കും മൂല്യഭംഗങ്ങൾക്കും സാംസ്‌കാരിക അപചയത്തിനും അടിസ്ഥാനം.  അത്രയേറെ ആഴത്തിലും പരപ്പിലുമാണ്‌ അത്‌ നമ്മുടെ സാമൂഹ്യജീവിതത്തിൽ പറ്റിപ്പിടിച്ചിട്ടുള്ളത്‌.

1958ൽ വിമോചനസമര വേലിയേറ്റത്തിനിടെ ഇ എം എസ്‌ സർക്കാരിനെക്കുറിച്ചും അതിന്റെ പ്രവർത്തനങ്ങളെക്കുറിച്ചും പഠിച്ച്‌ കോൺഗ്രസ്‌ നേതാവ്‌ എച്ച്‌ ഡി മാളവീയ തയ്യറാക്കിയ റിപ്പോർട്ടിന്റെ പരിഭാഷയാണിത്‌.  പരിഭാഷകർ ഡോ. എം പി പരമേശ്വരനും പി കെ ശിവദാസുമാണ്‌ പരിഭാഷകർ. പരിഭാഷാക്കുറിപ്പുകളെ സുനിശ്ചിതമായ ക്രമത്തിലും പരാമർശവിഷയങ്ങളെ പുർവബന്ധിതമായും ചേർത്തുവച്ച്‌ സമഗ്രത നൽകിയിരിക്കുന്നു എഡിറ്റർ ഡോ. കാവുമ്പായി ബാലകൃഷ്‌ണൻ.

പി ജിയുടെ പ്രൗഢഗംഭീരമായ മുഖവുരയിൽത്തന്നെ ലേഖനങ്ങളുടെ അന്തഃസാരം ഗ്രഹിതമാണ്‌. ഹർഷദേവ്‌ മാളവീയ എന്ന എച്ച്‌ ഡി മാളവീയ എഐസിസി ആസ്ഥാനത്ത്‌ ഏറെക്കാലം പ്രവർത്തിച്ച കോൺഗ്രസ്‌  ഉപദേഷ്ടക്കളിൽ ഒരാളായിരുന്നു. എഐസിസി  മുഖപത്രം ‘ ഇക്കണോമിക്‌ റിവ്യൂ’വിന്റ പത്രാധിപരായും ഉത്തർപ്രദേശിലെ ആ എഴുത്തുകാരൻ ചുമതലയേറ്റിട്ടുണ്ട്‌.  മാളവീയ കേരളത്തിലുണ്ടായിരുന്നപ്പോൾ ആ അന്വേഷണയാത്രകളിൽ അനുധാവനംചെയ്യാനും ആവശ്യമായ വിവരങ്ങൾ നൽകാനും അവസരം ലഭിച്ച പി ജി വ്യക്തിപരമായും അദ്ദേഹത്തെ ഓർക്കുന്നത്‌ ഹൃദയസ്‌പർശിയാണ്‌.

കേരളത്തിലെ ആദ്യകമ്യൂണിസ്റ്റ്  മന്ത്രിസഭ അധികാരമേറ്റശേഷം ഉണ്ടായ തൊഴിൽനയവും നേട്ടങ്ങളും, ജലസേചന വൈദ്യുതി മേഖലകളിലെ വികാസം,  വിദ്യാഭ്യാസനയവും നേട്ടങ്ങളും എന്നിങ്ങനെ പലപ്പോഴും പലരും പറഞ്ഞുപോകുന്ന ഒരോ വിഷയത്തിലും അടിസ്ഥാനപരമായി നടന്നത്‌ എന്തൊക്കെയെന്ന്‌ തിരിച്ചറിയാൻ ഈ പുസ്‌തകം സഹായിക്കുന്നു. ഒപ്പം ഐക്യകേരളപ്പിറവിക്കുമുമ്പ്‌ തിരു.–-കൊച്ചിയും തിരുവിതാംകൂറും മലബാറുമായി മാറിനിന്ന കേരളത്തിലെ സൂക്ഷ്‌മരാഷ്‌ട്രീയ വ്യതിയാനങ്ങളും ജാതിതാൽപ്പര്യങ്ങളുടെ അടിയൊഴുക്കും മനസ്സിലാക്കാൻ വഴികാട്ടുകയുംചെയ്യുന്നു ഇ പുസ്‌തകം.  

വിമോചനസമരത്തിന്റെ പേരിൽ കേരളത്തിൽ അരങ്ങേറിയ അർധഫാസിസ്റ്റ്‌ ആഭാസങ്ങളെ  എതിർത്തവരിൽ കോൺഗ്രസ്‌ നേതാക്കളും ഉണ്ടായിരുന്നു. അന്നത്തെ രാഷ്‌ട്രപതി ഡോ. രാജേന്ദ്രപ്രസാദും ഇന്ദിര ഗാന്ധിയുടെ ഭർത്താവ്‌ ഫിറോസ്‌ ഗാന്ധിയും കെ പി കേശവമേനോനും സി കെ ഗോവിന്ദൻനായരും ഉൾപ്പെടെ പലരും വിമോചനസമരത്തോട്‌ വിമുഖരായിരുന്നു. മാത്രമല്ല, പരസ്യമായിത്തന്നെ ഇ എം എസ്‌ സർക്കാരിനെ അഭിനന്ദിക്കാനും പിരിച്ചു വിടലിനെ എതിർക്കാനും ചിലർ മുന്നോട്ടുവന്നതായും എച്ച്‌ ഡി മാളവീയയെപോലൊരാൾ രേഖപ്പെടുത്തുമ്പോൾ സാംഗത്യമേറും. ഇ എം എസ്‌ സർക്കാരിനെ പിരിച്ചുവിട്ടത്‌ നെഹ്റുവിന്റെ  രാഷ്‌ട്രീയജീവിതത്തിലെ വലിയ കളങ്കമെന്ന്‌ അദ്ദേഹത്തിന്റെ ജീവചരിത്രകാരന്മാർ വിധിയെഴുതി.

ചരിത്രത്തെ പലരുംനേരിട്ട്‌ പാപപങ്കിലമാക്കുന്ന ഒരു കാലത്താണ്‌ ഇത്തരം പുസ്‌തകങ്ങൾ കൂടുതൽ വായിക്കപ്പെടേണ്ടതും ചർച്ചചെയ്യേണ്ടതും. ആർഎസ്‌എസാണ്‌ ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിന്റെ നേരവകാശികളെന്ന്‌ പരസ്യമായി പറയാൻ ഉളുപ്പില്ലാതായി പോകുന്ന സത്യാനന്തരകാലത്ത്‌ ചരിത്രം മങ്ങിപ്പോകാതെ സൂക്ഷിക്കേണ്ടതും വലിയ മാനങ്ങളുള്ള രാഷ്‌ട്രീയ പ്രവർത്തനംതന്നെയാണ്‌. അത്തരമൊരു ദൗത്യമാണ്‌ ഈ പുസ്‌തക പ്രസാധനത്തിലൂടെ കേരള ശാസ്‌ത്രസാഹിത്യ പരിഷത്ത്‌ നിർവഹിച്ചിട്ടുള്ളത്‌.

പ്രധാന വാർത്തകൾ
 Top