21 November Thursday

പൊള്ളിച്ച്‌ പനി

പ്രകാശൻ പയ്യന്നൂർ prakasanpnr1@gmail.comUpdated: Sunday Nov 3, 2019

‘പനി’യിൽ എം ആർ ഗോപകുമാറും റോസ‌്‌ലിനും

തമിഴ്‌നാട്ടിലെ മധുര, തേനി, വിരുദ്‌നഗർ എന്നീ പ്രദേശങ്ങളിൽ നിലനിൽക്കുന്ന ദുരാചാരമായ തലൈക്കൂത്തൽ പ്രമേയമാക്കി യുവസംവിധായകൻ സന്തോഷ്‌ മുണ്ടൂർ ഒരുക്കിയ സിനിമ  പനി ചലച്ചിത്രമേളകളിൽ ശ്രദ്ധ നേടുന്നു. പുരോഗമന മേനി നടിക്കുന്ന സമൂഹത്തിൽ വയോധികർ നേരിടുന്ന തിക്താനുഭവങ്ങളാണ്‌ ചിത്രം വിവരിക്കുന്നത്‌. അവശരായ വയോധികരെ സ്വന്തം മക്കൾതന്നെ ദയാവധം നടത്തുന്ന ദുരാചാരമാണ് തലൈക്കൂത്തൽ.  സ്വത്തിനുവേണ്ടി ഇന്നും തുടരുന്ന ദുരാചാരം.  പത്രവാർത്ത കണ്ട്‌ തമിഴ്‌നാട്ടിൽചെന്ന്‌ മാസങ്ങൾ താമസിച്ച‌് പഠിച്ചാണ്‌ തിരക്കഥ തയ്യാറാക്കിയത്. വയോധികരായ മാതാപിതാക്കളെ അതിരാവിലെ എഴുന്നേൽപ്പിച്ച‌് വീടിനു പുറത്ത‌് കസേരയിൽ ഇരുത്തി ധാരാളം എണ്ണ തലയിലേക്ക‌് ഒഴിക്കും. പിന്നീട‌് തണുത്ത വെള്ളം കുടിപ്പിച്ചതിനുശേഷം രണ്ടോ മൂന്നോ ഇളനീർ വെള്ളവും കുടിപ്പിച്ച‌് വെയിലത്തിരുത്തും. അവശരാകുന്നതോടെ വീടിലെ ചായ‌്പിൽ കിടത്തും. എണ്ണയും തണുത്ത വെള്ളവും തലയിൽ ഒഴിച്ചതുകാരണം അസുഖം  വന്ന്‌ രണ്ടോ മൂന്നോ ദിവസങ്ങൾക്കകം മരണം സംഭവിക്കും.

സന്തോഷ്‌ മുണ്ടൂർ

സന്തോഷ്‌ മുണ്ടൂർ

പ്രകൃതിസ‌്നേഹിയായ എഴുപത്തിരണ്ടുകാരൻ   രാഘവനും മകൻ രാജേന്ദ്രനും തമ്മിലുള്ള ആത്മസംഘർഷങ്ങളിലൂടെയാണ‌് സിനിമ കടന്നുപോകുന്നത‌്. എം ആർ ഗോപകുമാർ രാഘവനായും നിഷാന്ത‌് സാഗർ രാജേന്ദ്രനായും വേഷമിടുന്നു. രാഘവന്റെ ഭാര്യ ജാനകിയായി റോസ‌്‌ലിനും ഭാര്യ നളിനിയായി അഞ്ജലി നായരും വേഷമിടുന്നു. സൗദ ഷറീഫും ആമീർ ഷെറീഫും ചേർന്നാണ് നിർമാണം. മധു അമ്പാട്ടാണ‌് ഛായാഗ്രഹണം. എഡിറ്റിങ്‌ ബി ലെനിൻ. പശ്ചാത്തലസംഗീതം ഐസക‌് തോമസ‌് കൊട്ടുകാപ്പള്ളി, ഗാനരചന: നല്ലൂർ നാരായണൻ, സംഗീതം: ജയചന്ദ്രൻ കാവുന്താഴ. സംവിധാനം, ഛായാഗ്രഹണം എന്നിവയ്‌ക്ക‌് സംസ്ഥാന ചലച്ചിത്ര അവാർഡ്‌ ജൂറിയുടെ പ്രത്യേക പുരസ‌്കാരം ലഭിച്ചിരുന്നു.  ഇന്റർനാഷണൽ ഇന്ത്യൻ ഫെസ‌്റ്റിവൽ ഓഫ‌് ടൊറന്റോ ക്യാനഡ, ഇന്റർനാഷണൽ ഫിലിം ഫെസ‌്റ്റിവൽ ഓഫ‌് ഫിലിപ്പീൻസ‌്,  ഇന്റർനാഷണൽ  മൂവിങ്‌ ഫെസ‌്റ്റിവൽ ഓഫ‌് ഇറാൻ, ഡേയോറാമ ഇന്റർനാഷണൽ ഫിലിം ഫെസ‌്റ്റിവൽ ഡൽഹി എന്നിവിടങ്ങളിൽ സിനിമ പ്രദർശിപ്പിച്ചു. ഡിസംബർ 6 മുതൽ 12  വരെ തിരുവനന്ത‌പുരത്ത‌് നടക്കുന്ന ഐഎഫ‌്എഫ‌്കെ ഫിലിം ഫെസ‌്റ്റിവലിൽ മലയാളം സിനിമാ വിഭാഗത്തിലേക്ക്‌ പനി തെരഞ്ഞെടുത്തിട്ടുണ്ട‌്.

പ്രധാന വാർത്തകൾ
 Top