23 May Thursday

പുഴയെടുത്ത വീടിന്‌ പുനർജനി

സി എ പ്രേമചന്ദ്രൻUpdated: Sunday Mar 31, 2019


തൃശൂർ
മഹാപ്രളയത്തിൽ കരുവന്നൂർ പുഴ വഴിമാറി ഒഴുകിയെത്തി  വീടിനെ തകർത്തെറിഞ്ഞപ്പോൾ  അംബുജാക്ഷിയുടെ മനസ്സും തകർന്നു. എല്ലാം അവസാനിച്ചെന്നാണ് കരുതിയത്.  എന്നാൽ, എൽഡിഎഫ‌്‌ സർക്കാരിന്റെ ധനസഹായത്താൽ അംബുജാക്ഷിയുടെ വീട് വീണ്ടും ഉയർന്നു. പ്രളയത്തിൽനിന്നുള്ള ജില്ലയുടെ ഉയിർത്തെഴുന്നേൽപ്പിന്റെ ചിത്രമാണിത്. ചാലക്കുടി, മാള മേഖലയെയാകെ  പ്രളയം വിഴുങ്ങിയപ്പോൾ ബണ്ട്പൊട്ടിയതിനെ തുടർന്ന‌് കരുവന്നൂർ, താന്ന്യം, ചാഴൂർ, പുള്ള് മേഖലയിലും വെള്ളംകയറി. അഞ്ചു കുടുംബങ്ങളിലായി 19 പേരുടെ ജീവനെടുത്ത പ്രകൃതിദുരന്തത്തിൽ  കുറാഞ്ചേരിയിലും മല വിഴുങ്ങിയ ദേശമംഗലത്തും പുത്തൂരും അതിരപ്പിള്ളിയിലുമെല്ലാം വീണ്ടെടുപ്പിന്റെ കാഴ്ചകൾ കാണാം. സർവനാശം വിതച്ച  പ്രളയത്തെ സർക്കാരും ജനങ്ങളും കൈകോർത്ത്  അതിജീവിക്കുകയാണ്. 

പ്രളയത്തിൽ  തകർന്ന ആലപ്പാട് ചെമ്പകശേരി അംബുജാക്ഷിയുടെ വീട് കെയർ ഹോം പദ്ധതി പ്രകാരം വെങ്ങിണിശേരി സർവീസ് സഹകരണ ബാങ്കാണ്  നിർമിച്ചുനൽകിയത‌്. 500 ചതുരശ്ര അടിയുള്ള വീട് നിർമാണം പൂർത്തീകരിച്ചു. വീട് പ്രളയത്തിൽ തകർന്നപ്പോൾ  ഇനിയുള്ള കാലം ബന്ധുവീടുകളിൽ അഭയം തേടേണ്ടിവരുമെന്ന‌് അംബുജാക്ഷി കരുതി. വീടു നശിച്ചവരെ സർക്കാർ കൈയൊഴിയില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞപ്പോഴും ഇത്ര പെട്ടെന്ന് വീട് പണിതുകിട്ടുമെന്ന് പ്രതീക്ഷിച്ചില്ല. സർക്കാർ പണം തന്നാലും ആരും തുണയില്ലാത്ത താൻ എങ്ങനെ വീടു നിർമിക്കും എന്നായിരുന്നു ചിന്ത. ഇതിപ്പോ ബാങ്ക് എല്ലാം ചെയ്തുതന്നു. ഈ സർക്കാരില്ലായിരുന്നുവെങ്കിൽ ഇതൊന്നും നടക്കില്ലായിരുന്നെന്നും അംബുജാക്ഷി പറഞ്ഞു.

  ജില്ലയിൽ 4018 വീടുകളാണ് പൂർണമായും തകർന്നത്. കെയർഹോം പദ്ധതിപ്രകാരം  496 വീടുകൾ പുനർനിർമിക്കാനാണ് ലക്ഷ്യം. ഇതിനുപുറമെ സ്വമേധയാ വീട് പണിയുന്നവർക്ക് നാലുലക്ഷം രൂപ ഘട്ടംഘട്ടമായി അനുവദിക്കും.  ഇതിനോടകം സമ്മതപത്രം നൽകിയ 2658 പേരിൽ  2349 പേർക്ക് ആദ്യഗഡുവായ 95,100 രൂപ വിതരണം ചെയ്തു. രണ്ടാംഗഡു 27 പേർക്ക് വിതരണം ചെയ്തു. വീടുകൾ ഭാഗികമായി തകർന്ന 12,209 കുടുംബങ്ങൾക്കും ഫണ്ട് വിതരണം ചെയ്തു. വെള്ളംകയറി നാശം സംഭവിച്ച 1,25,932 പേർക്ക് 10,000 രൂപവീതം 12.6 കോടിരൂപ വിതരണം ചെയ്തു. പട്ടികജാതിയിൽപ്പെട്ട 14,369 ഗുണഭോക്താക്കൾക്ക് 7.2 കോടിരൂപയും കൃഷിനാശം സംഭവിച്ച 22,961 പേർക്ക് കൃഷിവകുപ്പ് മുഖേന 14.45 കോടിരൂപയും ധനസഹായമായി  അനുവദിച്ചു. 

മൃഗസംരക്ഷണ വകുപ്പ് മുഖേന കർഷകധനസഹായത്തിനായി 3500 ഗുണഭോക്താക്കൾക്ക് നാലുകോടി രൂപ അനുവദിച്ചു. പ്രളയത്തെ അതിജീവിച്ച് കോൾനിലങ്ങളിൽ ഇരുപ്പൂ കൃഷിയിറക്കി. പ്രളയത്തിൽ മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് നാലുലക്ഷം രൂപ നൽകി. കുടംബശ്രീ വഴി റീസർജന്റ് കേരള ലോൺ സ്കീമിന്റെ ഭാഗമായി  3646 അയൽക്കൂട്ടങ്ങളിലായി 21,634 കുടുംബങ്ങൾക്ക് 180 കോടി രൂപ വായ്പ ലഭ്യമാക്കിയിട്ടുണ്ട്. ഭൂമി നഷ്ടപ്പെട്ടവർക്ക് ഭൂമി നൽകാൻ സ്വകാര്യവ്യക്തികളും സംരംഭങ്ങളും തയ്യാറായി. ലയൺസ് ക്ലബ്, റോട്ടറി ക്ലബ്, സന്നദ്ധ സംഘടനകൾ മുഖേനയും വീടുകൾ നിർമിച്ചുനൽകുന്നുണ്ട്.


പ്രധാന വാർത്തകൾ
 Top