28 September Monday

ഇവിടെ ചരിത്രം ശിൽപ്പമായി, ചിത്രമായി ‌

വെബ് ഡെസ്‌ക്‌Updated: Saturday Dec 28, 2019

കർഷകത്തൊഴിലാളി യൂണിയൻ അഖിലേന്ത്യാ സമ്മേളനത്തോട് അനുബന്ധിച്ച് കണ്ണൂർ കലക്ടറേറ്റ്‌ മൈതാനത്ത്‌ ഒരുക്കിയ ചരിത്ര പ്രദർശനം ഇർഫാൻ ഹബീബ് കാണുന്നു

കീഴാളരെ അടിമകളാക്കി വാണ ഇരുണ്ട കാലം. അയിത്തം കൊടികുത്തി വാണ, തമ്പുരാന്റെ വാക്കിന്‌ എതിർവാക്കില്ലാതിരുന്ന കെട്ട കാലം. ചരിത്രം പകൽ പോലെ തെളിയുന്നിണ്ടിവിടെ. അവകാശങ്ങൾ പടവെട്ടി പിടിച്ചുവാങ്ങിയ ലോകത്താകെയുള്ള മനുഷ്യന്റെ പോരാട്ട ചരിത്രമുണ്ട്‌ കണ്ണൂർ പൊലീസ്‌ മൈതാനിയിൽ. കർഷകത്തൊഴിലാളി യൂണിയൻ അഖിലേന്ത്യാ സമ്മേളനത്തിന്റെ ഭാഗമായാണ്‌ ചരിത്രപ്രദർശനം ഒരുക്കിയത്‌.

രാപ്പലില്ലാതെ പണിയെടുത്തിട്ടും ജീവൻ നിലനിർത്താൻപോലും ഭക്ഷണം കിട്ടാതിരുന്ന കാലത്തിൽനിന്ന്‌ മെച്ചപ്പെട്ട കൂലിയും തൊഴിൽ സാഹചര്യങ്ങളുമുള്ള കാലത്തിലേക്കുള്ള തൊഴിലാളികളുടെ ജീവിതമാണ്‌ പ്രദർശനത്തിലുടനീളം. കർഷകത്തൊഴിലാളികളും കർഷകരും അനുഭവിക്കേണ്ടിവന്ന കൊടിയ ചൂഷണങ്ങൾക്കെതിരെ നടന്ന പോരാട്ടങ്ങൾക്ക്‌ പ്രദർശനത്തിൽ ശിൽപഭാഷ്യവുമൊരുക്കിയിട്ടുണ്ട്‌.  പുന്നപ്ര വയലാറിൽ പട്ടാളത്തിന്റെ തോക്കിൻമുനയിലും എതിരിട്ടുനിന്ന തൊഴിലാളികളുടെ സമരവീര്യം,  തൊട്ടുകൂടായ്‌മക്കെതിരെ അയ്യങ്കാളിയുടെ നേതൃത്വത്തിൽ വില്ലുവണ്ടി സമരം, കീഴ്‌വെൺമണി രക്തസാക്ഷിത്വം, തോൽവിറക്‌ സമരം, 1948 ലെ വിഷുദിനത്തിൽ തില്ലങ്കേരിയിലും ഏപ്രിൽ 30ന്‌ മുനയൻകുന്നിലും നടന്ന സമരങ്ങൾ എന്നിവയ്‌ക്കും ശിൽപ്പമൊരുക്കിയിട്ടുണ്ട്‌.

അധികാരപ്രമത്തതയ്‌ക്കുമുന്നിൽ ഓച്ഛാനിച്ചുനിൽക്കില്ലെന്ന കേരളത്തിന്റെ പ്രഖ്യാപനമായിരുന്നു പി കൃഷ്‌ണപിള്ളയുടെ ചരിത്രപ്രസിദ്ധമായ മണിയടിക്കൽ. സംസ്ഥാനത്തെ നവോഥാനചരിത്രത്തിലെ പ്രധാന ഏടുകളിലൊന്നായ ഗുരുവായൂർ സത്യാഗ്രഹത്തിൽ സജീവ സാന്നിധ്യമായിരുന്നു പി കൃഷ്‌ണപിള്ള. സമരത്തിനിടെ അമ്പലമണി അടിച്ചതിനെത്തുടർന്ന് അദ്ദേഹത്തിന്‌ ഭീകരമർദനമേറ്റു. ഈ സംഭവത്തിൽ ‘ഉശിരുള്ള നായർ മണിയടിക്കും, ഇലനക്കി നായർ പുറത്തടിക്കും’ എന്ന കൃഷ്‌ണപിള്ളയുടെ പരിഹാസം ജാതിമാടമ്പിമാർക്കുള്ള കനത്ത പ്രഹരമായിരുന്നു. ഈ സംഭവത്തിന്റെ   ശിൽപാവിഷ്‌കാരവുമുണ്ട്‌. ശെൽവരാജ്‌ കോഴിക്കോട്‌,  രവീന്ദ്രൻ തൃക്കരിപ്പൂർ, ഉണ്ണി കാനായി, ചിത്രൻ കുഞ്ഞിമംഗലം, രമേശൻ നടുവിൽ, ടിനു കെ ആർ, പ്രേമൻ കുഞ്ഞിമംഗലം തുടങ്ങിയവരാണ്‌ ശിൽപങ്ങൾ ഒരുക്കിയത്‌. 

കേരളത്തിലങ്ങോളമിങ്ങോളം കർഷകത്തൊഴിലാളികൾ നടത്തിയ പോരാട്ടങ്ങൾ പ്രദർശനം വിശദമാക്കുന്നു. ദേശീയ പ്രസ്ഥാനവും കമ്യൂണിസ്‌റ്റ്‌ പ്രസ്ഥാനത്തിന്റെ ഉദയവും പോരാട്ടങ്ങളും പ്രദർശനത്തിലുണ്ട്‌.  ഗാന്ധിജി, ശ്രീനാരായണഗുരു, എ കെ ജി, സി എച്ച്‌ കണാരൻ എന്നിവരുടെ ശിൽപങ്ങളും പ്രദർശനത്തിന്‌ മിഴിവേകുന്നു. കാറൽ മാർക്‌സിന്റെ കൂറ്റൽ ശിൽപ്പമാണ്‌ പ്രദർശനത്തിനെത്തുന്നവരെ വരവേൽക്കുക.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


----
പ്രധാന വാർത്തകൾ
-----
-----
 Top