25 September Friday

ലക്ഷം മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്ക്‌ ഭക്ഷ്യകിറ്റ്‌

വെബ് ഡെസ്‌ക്‌Updated: Tuesday Jul 28, 2020


തിരുവനന്തപുരം
സംസ്ഥാനത്ത്‌ തീരമേഖലയിലെ 1,08,405 കുടുംബത്തിന്‌ സൗജന്യമായി ഭക്ഷ്യകിറ്റ്‌ നൽകും. അടച്ചുപൂട്ടൽ നിയന്ത്രണവും രൂക്ഷമായ കടലാക്രമണവും നേരിടുന്ന മേഖലയിലെ കുടുംബങ്ങൾക്കാണ്‌ പച്ചക്കറി അടക്കം ഭക്ഷ്യസാധനങ്ങൾ ലഭ്യമാക്കുന്നത്‌.

13 ഇന അവശ്യ ഭക്ഷ്യസാധന കിറ്റ്‌ തയ്യാറാക്കി വിതരണം ചെയ്യുന്നത്‌ സപ്ലൈകോ വഴിയാണെന്ന്‌ മന്ത്രി ജെ മേഴ്‌സികുട്ടിഅമ്മ പറഞ്ഞു. നാലു മാസ്‌കും കിറ്റിലുണ്ടാകും. ആയിരം രൂപയോളം വിലവരും. പച്ചക്കറി കിറ്റ്‌ തയ്യാറാക്കാൻ ഹോർട്ടികോർപ്പിനെ ചുമതലപ്പെടുത്തി. ബുധനാഴ്‌ചമുതൽ കിറ്റുകൾ വിതരണത്തിന്‌ തയ്യാറാകും.


 

പഞ്ഞമാസ സമ്പാദ്യ സമാശ്വാസ പദ്ധതിയിൽ കേന്ദ്ര സർക്കാർ വിഹിതമായി ലഭിക്കേണ്ട 1500 രൂപ വീതം സഹായം മുൻകൂറായി നൽകാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചു. തീരദേശത്തെ പ്രയാസങ്ങൾ കണക്കിലെടുത്ത്‌, സാമ്പത്തികപ്രശ്‌നങ്ങൾ മാറ്റിവച്ച്‌ ഇതിന്‌ പണം കണ്ടെത്തുമെന്ന്‌ ധനവകുപ്പ്‌ വ്യക്തമാക്കി. 1,72,000ൽപരം പേർക്കാണ്‌ സഹായം ലഭിക്കേണ്ടത്‌. 30 കോടിയോളം രൂപ വിതരണം ചെയ്യും. ഇത്‌ വിതരണംചെയ്‌തശേഷം കേന്ദ്രത്തിൽനിന്ന്‌ ആവശ്യപ്പെടാനാണ്‌ തീരുമാനം.

സൗജന്യ ഓണക്കിറ്റ്‌  ആഗസ്‌ത്‌ 5 മുതൽ
കോവിഡ്‌ മഹാമാരിയുടെ പശ്ചാത്തലത്തിൽ സർക്കാർ പ്രഖ്യാപിച്ച ഓണക്കിറ്റുകൾ ആഗസ്‌ത്‌ അഞ്ചുമുതൽ റേഷൻ കടകൾ വഴി വിതരണം ചെയ്യും. മൂന്ന്‌ ഘട്ടമായി  എല്ലാ കാർഡുടമകൾക്കും സൗജന്യമായി പലവ്യഞ്ജന കിറ്റ്‌ നൽകു. കിറ്റുകൾ സപ്ലൈകോ ഗോഡൗണുകളിൽ തയ്യാറാക്കുകയാണ്‌.

എഎവൈ (മഞ്ഞ), മുൻഗണനാ (പിങ്ക്‌ )കാർഡുകാർക്ക്‌ അഞ്ചുമുതൽ 15 വരെയും മുൻഗണനേതര വിഭാഗത്തിലെ (നീല) കാർഡുകാർക്ക്‌  15 മുതൽ 20 വരെയും വെള്ള കാർഡുകാർക്ക്‌ 20 മുതൽ 25 വരെയും കിറ്റ്‌ നൽകും. സപ്ലൈകോയ്‌ക്കാണ്‌ കിറ്റ്‌ തയ്യാറാക്കാനുള്ള ചുമതല. 440 കോടി രൂപയാണ്‌ കിറ്റ്‌ തയ്യാറാക്കാനുള്ള ചെലവ്‌. ഒരു കിറ്റിന്‌ അഞ്ചു രൂപവീതം റേഷൻ കടകൾക്ക്‌ കമീഷൻ നൽകും.

മതിയായ അളവിൽ റേഷൻ ധാന്യവിഹിതം ലഭിക്കാത്ത മുൻഗണനാ ഇതര വിഭാഗങ്ങൾക്ക് പത്തുകിലോ അരിവീതം 15 രൂപ നിരക്കിലും വിതരണം ചെയ്യും. 22 രൂപയ്‌ക്ക്‌ വാങ്ങുന്ന അരിയാണ്‌ 15 രൂപയ്‌ക്ക്‌ നൽകുന്നത്‌. 36 കോടി രൂപയാണ്‌ ഇതിന്‌ ചെലവ്‌.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


----
പ്രധാന വാർത്തകൾ
-----
-----
 Top