20 February Wednesday

മീഥേൻ ഹൈഡ്രേറ്റ് ഭാവിയുടെ ഇന്ധനമോ?

ഡോ. സംഗീത ചേനംപുല്ലിUpdated: Thursday Jun 28, 2018

 


ഭൂമിയിലെ എല്ലാ ചലനങ്ങളെയും നിയന്ത്രിക്കുന്ന അടിസ്ഥാനശക്തിയാണ് ഊർജം. നമുക്ക് നടക്കാനും, വിളക്കുകൾ കത്തിക്കാനും, ഭക്ഷണം പാകംചെയ്യാനും, ഏത് ഉപകരണവും പ്രവർത്തിക്കാനും ഊർജം കൂടിയേ തീരൂ. ഊർജപ്രതിസന്ധിയിലേക്ക് ആദ്യത്തെ കാലൂന്നിക്കഴിഞ്ഞ ലോകം ഇന്ന് പുതിയ ഊർജസ്രോതസ്സുകൾക്കായുള്ള ഊർജിതമായ അന്വേഷണങ്ങളിലാണ്. ഫോസിൽ ഇന്ധനങ്ങളായ കൽക്കരിയും പെട്രോളിയവും ഇനി ഏറെനാളേക്ക്‌ ഉണ്ടാകില്ലെന്ന്‌ ഉറപ്പായിക്കഴിഞ്ഞു. വികസിച്ചുകൊണ്ടിരിക്കുന്ന സമൂഹത്തിന്റെ വളർന്നുകൊണ്ടിരിക്കുന്ന ഊർജാവശ്യങ്ങളെ  തൃപ്തിപ്പെടുത്താൻ പുതിയ ഊർജസ്രോതസ്സുകൾ കണ്ടെത്താതെ തരമില്ല. ഈ സാഹചര്യത്തിൽ, ഇന്ത്യൻ സമുദ്രത്തിൽ  കടലിന്റെ അടിത്തട്ടിൽ പ്രകൃതിവാതക ഹൈഡ്രേറ്റിന്റെ നിക്ഷേപം കണ്ടെത്തിയ വാർത്തയ്‌ക്ക് വൻ പ്രാധാന്യം ലഭിച്ചിരുന്നു. ഇന്ധനകാര്യത്തിൽ ഇന്ത്യ സ്വയംപര്യാപ്തമാകുമെന്നും, വൻ സാമ്പത്തികശക്തിയായി മാറുമെന്നുമെല്ലാം ഇതിനനുബന്ധമായി പ്രവചിക്കപ്പെടുന്നു. എന്നാൽ പ്രതീക്ഷിക്കുന്ന അത്ര ലളിതമല്ല ഇതിന്റെ ഖനനവും  അതുകൊണ്ടുണ്ടാകുന്ന അനുബന്ധ പാരിസ്ഥിതിക പ്രശ്നങ്ങളും.  ഇന്ധനം എന്ന നിലയിൽ മീഥേൻ ഹൈഡ്രേറ്റ് മുന്നോട്ടുവയ്‌ക്കുന്ന സാധ്യതകളോടൊപ്പം അതുണ്ടാക്കാവുന്ന പാരിസ്ഥിതിക പ്രത്യാഘാതങ്ങളും ഗൗരവമായിത്തന്നെ പരിഗണിക്കപ്പെടേണ്ടതുണ്ട്.

എന്താണ് മീഥേൻ ഹൈഡ്രേറ്റ്

ഐസിനുള്ളിൽ അടക്കംചെയ്യപ്പെട്ട പ്രകൃതിവാതകം അഥവാ മീഥേൻ ആണ് പ്രകൃതിവാതക ഹൈഡ്രേറ്റ്, മീഥേൻ ഹൈഡ്രേറ്റ് എന്നെല്ലാം അറിയപ്പെടുന്നത്.  ഐസ് രൂപത്തിലുള്ള, കത്തുന്ന വെളുത്ത ഖരപദാർഥമായതുകൊണ്ട് ഫയർ ഐസ് എന്നും വിളിക്കാറുണ്ട്.  താഴ്ന്ന താപനിലയിലും ഉയർന്ന മർദത്തിലും ഐസിന്റെ പരൽഘടനയ്‌ക്കുള്ളിൽ കുടുങ്ങിപ്പോയ മീഥേൻ വാതകമാണിത്. കനഡ, റഷ്യ എന്നീ രാജ്യങ്ങളിലെ മഞ്ഞുറഞ്ഞ ചില പ്രദേശങ്ങളിലും, കടലിനടിയിലും മീഥേൻ ഹൈഡ്രേറ്റ് നിക്ഷേപം കാണപ്പെടുന്നു. വൻകരതട്ടുകളുടെ വക്കുകളിലാണ് കടലിനടിയിൽ മീഥേൻ ഹൈഡ്രേറ്റ് നിക്ഷേപങ്ങൾ കാണപ്പെടുന്നത്. ഈ മേഖലയിൽ ജലത്തിന്റെ താപനില രണ്ട് ഡിഗ്രിയോ അതിൽ കുറവോ ആകും. പല രൂപത്തിലായി ഭൂമിയിലുള്ള അത്രയുംതന്നെ കാർബൺ, മീഥേൻ ഹൈഡ്രേറ്റ് നിക്ഷേപങ്ങളിൽ അടങ്ങിയിട്ടുണ്ടെന്ന് കരുതപ്പെടുന്നു. കൽക്കരിയും, പെട്രോളിയവും, പ്രകൃതിവാതകവും  ചേർന്നാൽ ഉള്ളതിനെക്കാൾ പല മടങ്ങ്  ഊർജമാണ് മീഥേൻ ഹൈഡ്രേറ്റായി സൂക്ഷിക്കപ്പെട്ടിരിക്കുന്നത്. മർദം കുറച്ചോ താപനില കൂട്ടിയോ ഇതിനെ വിഘടിപ്പിച്ച് ജലവും മീഥേൻ വാതകവുമാക്കി മാറ്റാം. ഇങ്ങനെ വേർതിരിച്ചെടുത്ത മീഥേൻ വാതകമാണ് ഇന്ധനമായി ഉപയോഗിക്കുന്നത്. സാധാരണ പ്രകൃതിവാതക നിക്ഷേപങ്ങളിലെയും, ബയോഗ്യാസിലെയും  മുഖ്യഘടകം മീഥേൻതന്നെയാണ്. ഒരുലിറ്റർ മീഥേൻ ഹൈഡ്രേറ്റിൽനിന്ന് 160 ലിറ്റർ മീഥേൻ വാതകം ലഭിക്കുമെന്നാണ് കണക്ക്.

പ്രതീക്ഷകൾ; സാധ്യതകൾ

വൻ നിക്ഷേപങ്ങളുടെ സാന്നിധ്യവും ഇന്ധനമാക്കി മാറ്റാനുള്ള എളുപ്പവും മീഥേൻ ഹൈഡ്രേറ്റിനുമേലുള്ള പ്രതീക്ഷകൾക്ക് ആക്കംകൂട്ടുന്നുണ്ട്.  മീഥേൻ വാതകത്തിന്റെ ജ്വലനം കൽക്കരി, പെട്രോളിയം ഇന്ധനങ്ങൾ എന്നിവയെ അപേക്ഷിച്ച് കുറഞ്ഞ മലിനീകരണമേ ഉണ്ടാക്കുന്നുള്ളൂ. മാത്രമല്ല< പെട്രോളിയം ഇന്ധനങ്ങളെക്കാൾ 30 ശതമാനത്തോളം കുറവാണ് ജ്വലനത്തിലൂടെ പുറത്തുവിടുന്ന ഹരിതഗൃഹവാതകങ്ങളുടെ അളവ്. നിലവിൽ ഇന്ത്യയിലാകെ ഇന്ധന ഉപയോഗത്തിന്റെ ആറു ശതമാനം മാത്രമാണ് വാതക ഇന്ധനങ്ങളുടെ പങ്ക്.  മീഥേൻ ഹൈഡ്രേറ്റ് നിക്ഷേപങ്ങളെ ഇന്ധനമാക്കി മാറ്റാൻകഴിഞ്ഞാൽ അത് രണ്ടോ മൂന്നോ നൂറ്റാണ്ടുകൾ നമ്മുടെ ഊർജ ആവശ്യങ്ങളെല്ലാം നിറവേറ്റാൻ അത് മതിയാകും എന്നാണ് പ്രതീക്ഷ. അമേരിക്ക, ജപ്പാൻ, ചൈന തുടങ്ങിയ രാജ്യങ്ങളെല്ലാം ഈ രംഗത്ത് ഗവേഷണങ്ങൾ നടത്തുന്നുണ്ട്. അമേരിക്കൻ ജിയോളജിക്കൽ സർവേയുമായി ചേർന്ന് ജപ്പാന്റെ സാങ്കേതിക സഹകരണത്തോടെയാണ് ഇന്ത്യയിൽ പര്യവേക്ഷണം നടന്നതും.

സാങ്കേതിക പരിമിതികൾ

കടലിനടിയിൽ തണുപ്പിൽ ഉറഞ്ഞുകിടക്കുന്ന മണ്ണടങ്ങിയ പെർമാഫ്രോസ്റ്റ്  എന്ന പാളിക്കും താഴെയാണ് മീഥേൻ ഹൈഡ്രേറ്റ് നിക്ഷേപം കാണപ്പെടുന്നത്. സമതുലനാവസ്ഥയിലുള്ള ചെറിയൊരു മാറ്റം പോലും വാതകരൂപത്തിൽ മീഥേൻ സ്വതന്ത്രമാകാൻ കാരണമാകും. അതുകൊണ്ടുതന്നെ മീഥേൻ ഹൈഡ്രേറ്റ് കുഴിച്ചെടുക്കാനുള്ള സാങ്കേതികവിദ്യ പ്രത്യേകമായി വികസിപ്പിക്കേണ്ടതുണ്ട്. നിലവിൽ ലോകത്ത്  ഒരു രാജ്യത്തും മീഥേൻ ഹൈഡ്രേറ്റ് കുഴിച്ചെടുക്കുന്നില്ല, ഇതിനാവശ്യമായ സാങ്കേതികവിദ്യ പരീക്ഷണാടിസ്ഥാനത്തിലല്ലാതെ വികസിപ്പിച്ചെടുത്തിട്ടുമില്ല. അതിനെക്കാൾ ഏറെയാണ്മീഥേൻ ഹൈഡ്രേറ്റ് ഖനനം ഉണ്ടാക്കാൻ സാധ്യതയുള്ള പാരിസ്ഥിതിക ആഘാതങ്ങളെക്കുറിച്ചുള്ള ആശങ്കകൾ. മീഥേൻ ഹൈഡ്രേറ്റ് കത്തുമ്പോൾ കാർബൺ ഡയോക്സൈഡ് ആയി ഇതു മാറും.  ഇത് മറ്റ് ഫോസിൽ ഇന്ധനങ്ങളെപ്പോലെ ആഗോളതാപനത്തിന് ഇടയാക്കും. ഖനനം ചെയ്തെടുക്കുന്നതിനെക്കാൾ പ്രയാസമാണ് മീഥേൻ ഹൈഡ്രേറ്റിൽനിന്ന് മീഥേൻ വാതകം സ്വതന്ത്രമാകാതെ സ്ഥിരത നിലനിർത്തുന്നത്. ചെറിയ താപ, മർദ വ്യതിയാനംപോലും മീഥേൻ സ്വതന്ത്രമാകാൻ കാരണമാകും. ഖനനത്തിനിടെ ഇത് സംഭവിക്കാനുള്ള സാധ്യത ഏറെയാണ്.  വാതകരൂപത്തിലായതിനാൽ ഇത്തരം ചോർച്ച തടയുക എളുപ്പമല്ല. കാർബൺ ഡയോക്സൈഡിനെക്കാൾ  30 മടങ്ങോളം ആഗോളതാപനശേഷിയുള്ള വാതകമാണ് മീഥേൻ. ഇത്ഗുരുതര  കാലാവസ്ഥാമാറ്റങ്ങൾക്ക് കാരണമാകാം.  കടലിന്റെ അടിത്തട്ടിലെ, വൻകരത്തട്ടുകൾക്കിടയിലെ ഖനനം, മണ്ണിടിച്ചിലിനും  ഭൂകമ്പങ്ങൾക്കുവരെയും കാരണമാകാനുള്ള സാധ്യതയുമുണ്ട്. കടലിലെ പരിസ്ഥിതിയുടെയും  ജൈവവ്യവസ്ഥയുടെയും നാശത്തിന് വഴിവയ്‌ക്കുമെന്ന ആശങ്കയുമുണ്ട്. ഇതിനും ശാസ്‌ത്രീയ പരിഹാരംതേടേണ്ടിവരും.

ഏറെ പ്രതീക്ഷ  മീഥേൻ ഹൈഡ്രേറ്റിനെപ്പറ്റി മുന്നോട്ടുവയ്‌ക്കപ്പെടുന്നുണ്ടെങ്കിലും സമീപഭാവിയിൽ അവ യാഥാർഥ്യമാകാൻ സാധ്യത കുറവാണെന്നു വേണം കരുതാൻ.

പ്രധാന വാർത്തകൾ
 Top