26 March Tuesday

ഗാന്ധിയന്‍ വിപ്ളവകാരി

രാമചന്ദ്രന്‍ കടന്നപ്പള്ളിUpdated: Thursday Jul 27, 2017


ഗാന്ധിയന്‍ ദര്‍ശനങ്ങള്‍ ജീവിതചര്യയാക്കിയ വിപ്ളവകാരിയായിരുന്നു കെ ഇ മാമ്മന്‍. ഏത് രാഷ്ട്രീയപാര്‍ടിയെയും നേതാക്കളെയും നിര്‍ഭയനായി വിമര്‍ശിക്കാനും ഉപദേശിക്കാനും അദ്ദേഹം തയ്യാറായി. ദീര്‍ഘകാലമായി മാമ്മനുമായി സൂക്ഷിച്ച വ്യക്തിബന്ധം ഗാന്ധിയന്‍ മൂല്യങ്ങളിലൂടെ സഞ്ചരിക്കാന്‍ എനിക്കും പ്രചോദനമായി. കുട്ടിക്കാലംമുതല്‍ സ്വാതന്ത്യ്ര സമരത്തിന്റെ ചൂടേറ്റാണ് അദ്ദേഹം വളര്‍ന്നത്. സ്വാതന്ത്യ്രസമരത്തിന്റെ ഭാഗമായി നടന്ന പ്രസംഗങ്ങള്‍ വിദ്യാര്‍ഥിയായിരിക്കെ അദ്ദേഹം ശ്രദ്ധിച്ചു. തിരുവനന്തപുരം ആര്‍ട്സ് കോളേജില്‍ ഇന്റര്‍മീഡിയറ്റിന് പഠിക്കവെ ട്രാവന്‍കൂര്‍ സ്റ്റുഡന്റ് ഫെഡറേഷന്‍ പ്രസിഡന്റായി. കോട്ടയം തിരുനക്കരയില്‍ നടന്ന യോഗത്തില്‍ പ്രക്ഷോഭത്തിനിറങ്ങാന്‍ വിദ്യാര്‍ഥികളെ ആഹ്വാനം ചെയ്തതിന്റെ പേരില്‍ പൊലീസ് ലോക്കപ്പിലടച്ചു. സി കേശവന്റെ പ്രശ്സതമായ കോഴഞ്ചേരി പ്രസംഗം കേള്‍ക്കാന്‍ ഇടയായത് ആ ജീവിതത്തില്‍ വഴിത്തിരിവായി. അതോടെ പൊതുപ്രവര്‍ത്തനത്തില്‍ ആവേശപൂര്‍വം പങ്കാളിയായി. സര്‍ സി പിക്കെതിരായ പ്രക്ഷോഭങ്ങളില്‍ പങ്കെടുത്തതോടെ അദ്ദേഹത്തിന്റെ രോഷത്തിന് പാത്രമായി. മാമ്മന്റെ പിതാവ് കെ സി ഈപ്പനെയും സര്‍ സി പി ജയിലിലടച്ചു. അദ്ദേഹം ജയലിലില്‍ കിടന്നാണ് മരിച്ചതെന്നത് പുതു തലമുറയ്ക്ക് അജ്ഞാതം. ക്വിറ്റിന്ത്യാ സമരത്തിലും സര്‍ സി പിക്കെതിരായ പോരാട്ടങ്ങളിലും പങ്കാളിയായ മാമ്മന്‍ പഠനം ഉപേക്ഷിച്ച് ദേശീയ പ്രസ്ഥാനത്തിലേക്ക് എടുത്തുചാടുകയായിരുന്നു. അതേതുടര്‍ന്ന് അദ്ദേഹം ജയിലിലായി. രാഷ്ട്രീയപ്രവര്‍ത്തനത്തില്‍ തീജ്വാലയായതോടെ തിരുവിതാംകൂറില്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കാന്‍ സര്‍ സി പി അനുവദിച്ചില്ല. തിരുവനന്തപുരം ആര്‍ട്സ് കോളേജില്‍ നടന്ന യോഗത്തില്‍ സി പിക്കെതിരെ ആഞ്ഞടിച്ചതിനാല്‍  അദ്ദേഹത്തെ പുറത്താക്കി. തുടര്‍ പഠനത്തിന് എറണാകുളം മഹാരാജാസില്‍ ശ്രമിച്ചെങ്കിലും അവിടെയും വാതിലടഞ്ഞു. ഒടുവില്‍ തിരുവിതാംകൂറിന് പുറത്ത് തൃശൂര്‍ സെന്റ് തോമസ് കോളേജിലാണ് ഇന്റര്‍മീഡിയറ്റ് പൂര്‍ത്തിയാക്കിയത്. 1940ല്‍ മദ്രാസ് ക്രിസ്ത്യന്‍ കോളേജില്‍ ബിരുദപഠനത്തിന്ചേര്‍ന്നു. ക്വിറ്റിന്ത്യാ സമരത്തില്‍ പങ്കെടുത്തത്തോടെ  പുറത്താക്കപ്പെട്ടു. വിദേശിയായ പ്രിന്‍സിപ്പല്‍ റവ. ബോഴ്സ് പറഞ്ഞത,് 'നിന്റെ രാജ്യസ്നേഹവും ധൈര്യവും അപാരമാണ്. പക്ഷേ,കോളേജില്‍നിന്ന് പുറത്താക്കാതെ വഴിയില്ല' എന്നായിരുന്നു. ഗാന്ധിയുടെ ആഹ്വാനം ചെവിക്കൊണ്ട് രാജ്യമാകെ വിദ്യാര്‍ഥികളും യുവാക്കളും പഠനമുപേക്ഷിച്ച് സ്വാതന്ത്യ്രത്തിന്വേണ്ടി ഇറങ്ങിത്തിരിച്ച കാലം. പ്രക്ഷോഭത്തില്‍ അണിനിരന്ന ജനലക്ഷങ്ങള്‍ക്കൊപ്പംനിന്നു മാമ്മനും.

22-ാം വയസ്സില്‍ മാമ്മന്‍ തിരുവല്ലയിലേക്ക് താമസം മാറി. തുടര്‍ന്ന് തിരുവല്ലയും കോട്ടയുമായിരുന്നു പ്രവര്‍ത്തനകേന്ദ്രം. 1996ല്‍ തിരുവനന്തപുരത്തേക്ക് വന്നു. ക്ഷുഭിതമായ മനസ്സുമായി ഏകാന്തപഥികനായി കഴിഞ്ഞ ഇക്കാലത്ത് ജനശ്രദ്ധയാകര്‍ഷിച്ച നിരവധി സമരങ്ങള്‍ക്ക് നഗര മധ്യവും സെക്രട്ടിയറ്റ് പരിസരവും സാക്ഷ്യം വഹിച്ചിട്ടുണ്ട്. മദ്യനിരോധനം അദ്ദേഹത്തിന്റെ ജീവിത വ്രതമായിരുന്നു.  മാമ്മന്റെ ബഹുമുഖ പ്രവര്‍ത്തനങ്ങള്‍ മാനിച്ച് നിരവധി അംഗീകാരങ്ങള്‍ തേടിയെത്തി. രാമാശ്രമം അവാര്‍ഡ്, ലോഹ്യാവിചാരവേദി പുരസ്കാരം, ടി കെ വി ഫൌണ്ടേഷന്‍ അവാര്‍ഡ് തുടങ്ങിയവ അവയില്‍ചിലത്. സാമൂഹിക തിന്മകള്‍ക്കെതിരായ പോരാട്ടത്തിന് 1995ല്‍ കോട്ടയം വൈഎംസിഎ മദര്‍ തെരേസ പുരസ്കാരം നല്‍കി ആദരിച്ചു.

പ്രധാന വാർത്തകൾ
 Top