23 January Wednesday

റാന്‍സംവെയറില്‍ നിന്ന് രക്ഷനേടാന്‍ 5 വഴികള്‍

നിഖില്‍ നാരായണന്‍Updated: Thursday Jul 27, 2017

1) കംപ്യൂട്ടറിലെ ഓപ്പറേറ്റിങ് സിസ്റ്റം (ഒ എസ്) അപ്ഡേറ്റ് ചെയ്യുക
ഒഎസുകളില്‍ ഹാക്കര്‍മാര്‍ക്കും മാല്‍വെയറുകള്‍ക്കും നുഴഞ്ഞു കയറാനുള്ള വഴികള്‍ ഇടയ്ക്ക് ഇടയ്ക്ക് കണ്ടുപിടിക്കപ്പെടാറുണ്ട്. ഇത് അപ്പപ്പോള്‍തന്നെ ഒഎസ് ഉണ്ടാക്കുന്ന കമ്പനി (ഉദാഹരണം വിന്‍ഡോസിന് മൈക്രോസോഫ്റ്റ്) അടയ്ക്കാറുമുണ്ട്. അപ്പോള്‍ നിങ്ങളുടെ കംപ്യൂട്ടറിന്റെ ഒഎസില്‍ ഇത്തരം ഒരു സെക്യൂരിറ്റി പാച്ച് ഇന്‍സ്റ്റാള്‍ചെയ്യാന്‍ സന്ദേശം വന്നാല്‍ അത് എന്തുകൊണ്ടും ചെയ്യുക. Automatic Updates  എന്നത് ഓണാക്കി വയ്ക്കുക.

അല്ലെങ്കില്‍ പണി കിട്ടാന്‍ സാധ്യതയുണ്ട്. ഇതുകൂടാതെ പഴയ ഒഎസുകള്‍ക്ക് കമ്പനികള്‍ ഇത്തരം അപ്ഡേറ്റ് അയക്കുന്നത് നിര്‍ത്തിയും കാണും. അപ്പോള്‍ സപ്പോര്‍ട്ട് ഇല്ലാത്ത ഒഎസ് ആണ് നിങ്ങള്‍ ഉപയോഗിക്കുന്നതെങ്കില്‍ ഇത്തരം സുരക്ഷാപഴുതുകള്‍ അടയ്ക്കാന്‍ നിങ്ങള്‍ക്ക് സാധിക്കുകയില്ലതാനും. പുതിയ ഒഎസിലേക്ക് മാറുക അല്ലാതെ വേറെ രക്ഷയില്ലതാനും. ഈ പ്രശങ്ങളൊക്കെ കാരണമാണ് വാണാക്രൈ നാശംവിതച്ചത്.

2)  ആന്റി മാല്‍വെയര്‍ സോഫ്റ്റ്വെയര്‍ ഉപയോഗിക്കുക
ആന്റിവൈറസ് പ്രോഗ്രാമുകള്‍ കുറെയേറെ ആക്രമണങ്ങളില്‍നിന്ന് നിങ്ങളെ രക്ഷിക്കുമെങ്കിലും, അതിന്റെ കൂടെ ഒരു ആന്റി മാല്‍വെയര്‍ സോഫ്റ്റ്വെയര്‍കൂടി ഇന്‍സ്റ്റാള്‍ചെയ്യുന്നതാണ് നല്ലത്. പുതിയ മാല്‍വെയറുകള്‍ വരുമ്പോള്‍ അതിനെ തുരത്താന്‍ അപ്പപ്പോള്‍ അപ്ഡേറ്റുകള്‍ ഇത്തരം പ്രോഗ്രാമുകള്‍ ഇറക്കാറുണ്ട്. കാസ്പെര്‍സ്കി, നോര്‍ട്ടന്‍, ബിറ്റ് ഡിഫന്‍ഡര്‍ എന്നിവ ചില ഉദാഹരണങ്ങളാണ്.

3) ഡാറ്റാ ബാക്കപ്പ് ചെയ്യുക
സിസ്റ്റം ക്രാഷ് ആയാല്‍ ഡാറ്റ നഷ്ടപ്പെടാന്‍ സാധ്യതുള്ളതുകൊണ്ടു മാത്രമല്ല ഇത്തരം നശീകരണശേഷിയുള്ള മാല്‍വെയറുകള്‍ ആക്രമിച്ചാലും ഡാറ്റാനഷ്ടം വരാം. നഷ്ടം കുറെയേറെ കുറയ്ക്കാന്‍ ഡാറ്റ ബാക്കപ്പ് ചെയ്യാന്‍ ഒന്നുകില്‍ ബോക്സ്, ഡ്രോപ്പ്ബോക്സ് പോലെയുള്ള സേവനങ്ങള്‍ ഉപയോഗിക്കുക, അല്ലെങ്കില്‍ ഒരു എക്സ്റ്റേണല്‍ ഡ്രൈവ് ഉപയോഗിക്കുക. ബാക്കപ്പ് എടുത്തതിനുശേഷം ഇത്തരം ഡ്രൈവുകള്‍ ഡിസ്കണക്ട് ചെയ്യുകയും വേണം. നെറ്റ്വര്‍ക്കിലെ വേറെ എവിടെയെങ്കിലും ബാക്കപ്പ് എടുത്തുവച്ചാല്‍ മാല്‍വെയറുകള്‍ അവിടെയും ചെന്ന് നാശംവിതയ്ക്കാന്‍ ഇടയുണ്ട്. അതുകൊണ്ട് മുകളില്‍പ്പറഞ്ഞതില്‍ ഒരു മാര്‍ഗം തെരഞ്ഞെടുക്കുക.

4) ബൌസറിന്റെയും ഏറ്റവും പുതിയ പതിപ്പ് ഇന്‍സ്റ്റാള്‍ ചെയ്യുക
അത് ക്രോം ആകട്ടെ, ഫയര്‍ഫോക്സ് ആകട്ടെ, മറ്റെന്തെങ്കിലും ആകട്ടെ. ഒഎസിലെപ്പോലെ ഇതിലും സുരക്ഷാപിഴവുകള്‍ ഇടയ്ക്കിടയ്ക്ക് കണ്ടുപിടിക്കപ്പെടാറുണ്ട്. അതുകൊണ്ട് പുതുക്കിക്കൊണ്ടിരിക്കുക. ഇതുകൂടാതെ ബ്രൌസറില്‍ ഇന്‍സ്റ്റാള്‍ചെയ്ത പ്ളഗ്ഗിനുകളും എക്സ്റ്റന്‍ഷനുകളുംകൂടി ഇടയ്ക്ക് പുതുക്കുക. അതുകൂടാതെ വിശ്വസ്യയോഗ്യമെന്നു തോന്നുന്ന പ്ളഗ്ഗിനുകള്‍ മാത്രം ഇന്‍സ്റ്റാള്‍ചെയ്യുക.

5) ക്ളിക് ചെയ്യുമ്പോള്‍ ശ്രദ്ധിക്കുക
വാണാക്രൈ പടരാന്‍ ഉപയോക്താക്കളുടെ അറിവില്ലായ്മ ഒരു വലിയ പങ്കുവഹിച്ചു. മെയിലില്‍ വന്ന മാല്‍വെയര്‍ ഫയല്‍ ക്ളിക്ക് ചെയ്ത് അബദ്ധത്തില്‍ ചാടുകയും, മറ്റുള്ളവരെ ചാടിക്കുകയും ആണ് പലരും ചെയ്തത്. അതുകൊണ്ട് സംശയാസ്പദമായ ലിങ്കുകളും അറ്റാച്ച്മെന്റ്കളും തുറക്കുന്നത് ഒഴിവാക്കുക. ഇനി പരിചയമുള്ള വിലാസത്തില്‍നിന്നാണ് ഇങ്ങനെയൊരെണ്ണം വരുന്നതെങ്കിലും ക്ളിക്ക് ചെയ്യുന്നത് വളരെ ആലോചിച്ചുവേണം.
 

 

പ്രധാന വാർത്തകൾ
 Top