27 May Wednesday

ഓർമകളിൽ കമ്യൂണിസ്‌റ്റ്‌ വേട്ടയുടെ നാളുകൾ

വെബ് ഡെസ്‌ക്‌Updated: Thursday Feb 27, 2020


കൊച്ചി
സ്‌റ്റേഷൻ ആക്രമണം ആസൂത്രണം ചെയ്‌ത യോഗത്തിലും ആക്രമണത്തിലും പങ്കെടുത്തവരിൽ ജീവിച്ചിരിക്കുന്ന ഒരേയൊരാൾ മുതിർന്ന സിപിഐ എം നേതാവ്‌ എം എം ലോറൻസാണ്‌. നവതി പിന്നിട്ട അദ്ദേഹത്തിന്‌ ഇടപ്പള്ളി സംഭവം ഇന്നും കനലെരിയുന്ന ഓർമ. സംഭവത്തിനുശേഷം നാട്ടിൽ വീടുവീടാന്തരം പൊലീസ്‌ വേട്ടയാടി.

സ്‌ത്രീകൾക്കുൾപ്പെടെ മർദനമേറ്റു. മഹാരാജാസ്‌ കോളേജ്‌ ഹോസ്‌റ്റലിലും മട്ടാഞ്ചേരി ഭാഗത്തുമൊക്കെ ഒളിവിലായിരുന്ന ലോറൻസ്‌ നഗരത്തിൽവച്ച്‌ പിടിയിലായി. അതിന്‌ മുമ്പെ കെ സി മാത്യുവും അറസ്‌റ്റിലായിരുന്നു. കെ സി മാത്യുവിനെയും ലോറൻസിനെയും എറണാകുളം റിസർവ് ക്യാമ്പിൽ എത്തിച്ച്‌ കൈകൾചേർത്ത്‌ വിലങ്ങണിയിച്ച്‌ വഴിനീളെ മർദിച്ചാണ്‌ സ്‌റ്റേഷനിലേക്ക്‌ കൊണ്ടുപോയത്‌.

‘സ്‌റ്റേഷനിൽവച്ച്‌ കുറേ അടിച്ചശേഷം എന്നോട് ചുമരുചാരി കാൽ നീട്ടിയിരിക്കാൻ പറഞ്ഞു. തുടർന്ന്‌ രണ്ട് കാലും കൂട്ടിക്കെട്ടി ഉള്ളങ്കാലിൽ ചൂരലുകൊണ്ട് അടിച്ചു. എത്ര അടിച്ചു എന്നോർമയില്ല. ബോധം പോയി. ഇടയ്ക്ക് ബോധം വന്നപ്പോൾ വെള്ളം ചോദിച്ചു. അപ്പോൾ ഒരാൾ ബക്കറ്റ് വായിലേക്ക് കമഴ്‌ത്തി. അത് മൂത്രമായിരുന്നു. എനിക്ക് നല്ല പരവേശമുണ്ടായിരുന്നു. ഞാനത് കുറേ കുടിച്ചുപോയി. മർദനം പിന്നെയും തുടർന്നു.

പിന്നെ എപ്പോഴോ ലോക്കപ്പിലേക്ക് എടുത്തെറിയുകയായിരുന്നു’–-ലോറൻസ്‌ മറന്നിട്ടില്ല ആ നാളുകൾ. പിന്നീട്‌ ഇവർ ആലുവ സബ്‌ ജയിലിൽ റിമാൻഡിലായി. അപ്പോഴും കൊടിയ മർദനം. ഇതിനിടെ ആലുവ സ്‌റ്റേഷൻ ലോക്കപ്പിലെ കൊടിയ മർദനത്തിൽ കെ യു ദാസ്‌ കൊല്ലപ്പെട്ടു. മൃതദേഹം ബന്ധുക്കളെപ്പോലും കാണിക്കാതെ പൊലീസ്‌ മറവു ചെയ്‌തു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top