തൃശൂർ
"ഈ പണി അല്ലേ നമ്മക്കുള്ളൂ, നല്ല സന്തോഷാണ് ഇങ്ങനെവന്ന് പണിയെടുക്കാൻ, കോവിഡ് ആയിട്ടും പഞ്ചായത്ത് നമ്മളെ കൈവിട്ടൊന്നൂല്ല. പണിയുണ്ട് പൈസയും കിട്ടുന്നുണ്ട്' പല്ലില്ലാത്ത മോണ കാട്ടി ചിരിച്ച് അറുപത്തെട്ടുകാരി കമലം പറയുമ്പോൾ ചുറ്റും നിന്നവർക്കും അതേ ഭാവത്തിൽ തലയാട്ടി.
കോടത്തൂരിലെ നേഴ്സറിയിൽ തൈകൾ തളിരിട്ടതുമുതൽ ഇതുപോലെ കുറച്ചു പേരുടെ അന്നം മുട്ടിയിട്ടില്ല. കിളയ്ക്കാനും തൈ നടാനും വളമിടാനും സദാ സന്നദ്ധരാണ് ഇവിടുത്തെ തൊഴിലുറപ്പു തൊഴിലാളി സ്ത്രീകൾ. ജോലിതുടരാനാവുന്നതിന്റെ സന്തോഷം ആ മുഖങ്ങളിൽ കാണാം.
പഴയന്നൂർ പഞ്ചായത്ത് തൊഴിലുറപ്പ് പദ്ധതി വഴി ആരംഭിച്ച നേഴ്സറി ഇന്ന് മികച്ച രീതിയിലാണ്. അഞ്ചു പേരടങ്ങുന്ന തൊഴിലാളികളാണ് നഴ്സറി പരിപാലിക്കുന്നത്. എൽഡിഎഫ് ഭരണസമിതി ഏറ്റെടുത്ത് വിജയിപ്പിച്ച നിരവധി പ്രവൃത്തികളിൽ ഒന്നാണിത്. 2018ൽ ആരംഭിച്ച നേഴ്സറി വഴി 22,000ത്തോളം വിവിധയിനം തൈകൾ വിതരണംചെയ്തു. തൊഴിലുറപ്പ് പദ്ധതി വഴി 3,00,216 രൂപയും അഞ്ച് ലക്ഷം രൂപ ഭരണസമിതിയും അനുവദിച്ചു. 310 തൊഴിൽ ദിനങ്ങളും സൃഷ്ടിച്ചു.
പ്ലാവ്, മാവ്, നെല്ലി, പതിമുഖം, പേര, നാരകം, മാതളനാരങ്ങ തുടങ്ങിയ തൈകൾ ഇവിടെ ഉൽപ്പാദിപ്പിക്കുന്നു. പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി വിദ്യാഭ്യാസസ്ഥാപനങ്ങൾ, ക്ലബ്ബുകൾ, റോഡ് സൈഡ് ട്രീ പ്ലാന്റേഷൻ തുടങ്ങിയവയ്ക്ക് സൗജന്യമായി നൽകലാണ് ലക്ഷ്യം. 2020–-2021 സാമ്പത്തികവർഷത്തെ രണ്ടാംഘട്ട നേഴ്സറി നിർമാണം പുരോഗമിക്കുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള് വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..