01 April Wednesday

മതിലിനപ്പുറം

വെബ് ഡെസ്‌ക്‌Updated: Monday Feb 24, 2020

വികസനമാതൃകയായി ബിജെപി ഉയർത്തിക്കാട്ടുന്ന ഗുജറാത്തിന്റെ സകല മേഖലയും ഏറെ പിന്നിലാണ്‌. വിദ്യാഭ്യാസ, ആരോഗ്യ, തൊഴിൽ, വേതന മേഖലകൾ ശരാശരിക്ക്‌ അടുത്തുപോലും എത്തുന്നില്ല. നിതി ആയോഗിന്റെ വിവിധ റിപ്പോർട്ടുകളിൽ പിന്നോക്ക സംസ്ഥാനങ്ങളുടെ പട്ടികയിലാണ്‌ ഗുജറാത്ത്‌. അമേരിക്കൻ പ്രസിഡന്റ്‌ ഡോണൾഡ്‌ ട്രംപിന്റെ കണ്ണിൽനിന്ന്‌ ദാരിദ്ര്യവും ശോചനീയവസ്ഥയും മതിൽകെട്ടി മറയ്ക്കാം. യാഥാർഥ്യങ്ങളിലൂടെ...



ദാരിദ്ര്യവും ആത്മഹത്യയും
ഗുജറാത്തിൽ ദാരിദ്ര്യം കാരണമുള്ള ആത്മഹത്യ  2018ൽ  തൊട്ടുമുൻവർഷത്തെ അപേക്ഷിച്ച്‌ 162 ശതമാനം വർധിച്ചെന്നാണ്‌ ദേശീയ ക്രൈം റെക്കോഡ്‌സ്‌ ബ്യൂറോ(എൻസിആർബി) റിപ്പോർട്ട്‌. ആത്മഹത്യ  ചെയ്‌തവരിൽ  21 ശതമാനം പേരും തൊഴിൽരഹിതരായിരുന്നു. അസമത്വം കൊടികുത്തി വാഴുന്ന ഈ സംസ്ഥാനത്തിന്റെ പ്രതിശീർഷവരുമാനം ദേശീയ ശരാശരിയെ അപേക്ഷിച്ച്‌ ‌ 20 ശതമാനം കൂടുതലാണ്‌. എന്നാൽ, ഗ്രാമീണവേതനം ദേശീയശരാശരിയെക്കാൾ 20 ശതമാനം കുറവും. നഗരവേതനം ദേശീയശരാശരിയെക്കാൾ 15 ശതമാനം കുറവുമാണ്‌. കൂലിപ്പണിക്കാരായ പുരുഷത്തൊഴിലാളിയുടെ വേതനം ഛത്തീസ്‌ഗഢ്‌‌ കഴിഞ്ഞാൽ ഏറ്റവും കുറവ്‌ ഗുജറാത്തിലാണ്‌. മാസം 25 ദിവസം ജോലി ലഭിക്കുന്ന ഗുജറാത്തിലെ തൊഴിലാളിയുടെ വരുമാനം മൂന്നുപേരുടെ നിത്യവൃത്തിക്കാണ്‌ തികയുക. കേരളത്തിൽ മാസം 25 ദിവസം ജോലിചെയ്യുന്ന തൊഴിലാളിയുടെ വരുമാനം എട്ടുപേരുടെ ആവശ്യങ്ങൾക്ക്‌ തികയും. ദേശീയതലത്തിൽ ഈ ശരാശരി 4.6 ആണ്‌.  ഗുജറാത്തിലെ സമ്പദ്‌ ഉൽപ്പാദനത്തിന്റെ നേട്ടം സമ്പന്നർക്കും കോർപറേറ്റുകൾക്കുമാണെന്ന്‌ ഇതിൽനിന്ന്‌ വ്യക്തം.


 

ആരോഗ്യത്തിൽ പൂജ്യം
ഗുജറാത്തിൽ നഗര, ഗ്രാമീണമേഖലകളിലെ ആരോഗ്യപരിപാലനം പരിതാപകരമാണ്‌. ഗ്രാമങ്ങളിലെ 1,474 പ്രാഥമികആരോഗ്യകേന്ദ്രങ്ങളിൽ 21 ശതമാനം മാത്രമാണ്‌ കാര്യക്ഷമമായി പ്രവർത്തിക്കുന്നത്‌. സ്‌പെഷ്യലിസ്‌റ്റുകൾ ഉൾപ്പെടെയുള്ള ഡോക്ടർമാരുടെ സേവനം പേരിന്‌ മാത്രം. അടിസ്ഥാനസൗകര്യങ്ങളുടെ കാര്യത്തിലും ഇവ ഏറെ പിന്നിൽ.

ആരോഗ്യപരിപാലനത്തിലെ ശോചനീയാവസ്ഥ ജനങ്ങളെ അഹമ്മദാബാദ്‌, വഡോദര രാജ്‌കോട്ട്‌ നഗരങ്ങളിലെ സ്വകാര്യ ആശുപത്രികളിലേക്ക്‌ പോകാൻ നിർബന്ധിതരാകുന്നു.

ആരോഗ്യപരിപാലന രംഗത്തെ ശോചനീയാവസ്ഥയുടെ ഏറ്റവും വലിയ ഇരകൾ കുട്ടികളാണ്‌. 2019 ഡിസംബറിൽ രാജ്‌കോട്ടിലെയും അഹമ്മദാബാദിലെയും സിവിൽ ഹോസ്‌പിറ്റലുകളിൽ മരിച്ചത്‌ 219 നവജാതശിശുക്കളാണ്‌. രാജ്‌കോട്ടിൽ 134 കുഞ്ഞുങ്ങളും അഹമ്മദാബാദിൽ 85 കുഞ്ഞുങ്ങളും മരിച്ചു. 2019ൽ രാജ്‌കോട്ട്‌ സിവിൽ ആശുപത്രിയിൽമാത്രം 1,235 നവജാതശിശുക്കൾ മരിച്ചെന്നാണ്‌ കണക്ക്‌. ഗുജറാത്തിൽ ഒരോവർഷവും 43,200 കുഞ്ഞുങ്ങൾ ജനിച്ച ഉടനെ മരിക്കുന്നുവെന്നാണ്‌ കണക്ക്‌.


 

നവജാതശിശുക്കളുടെ മരണനിരക്കിനെ കുറിച്ച് മാധ്യമങ്ങൾ ഉയർത്തുന്ന ചോദ്യങ്ങളിൽനിന്ന്‌ മുഖ്യമന്ത്രി വിജയ്‌റൂപാനിയും ഉപമുഖ്യമന്ത്രി നിതിൻപട്ടേലും ഒഴിഞ്ഞുമാറുകയാണ്‌ പതിവ്‌. നിതിആയോഗിന്റെ 2019ൽ പുറത്തിറക്കിയ സമഗ്ര ആരോഗ്യസൂചികയിൽ കേരളം മികച്ച സംസ്ഥാനമായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ടപ്പോൾ ഒട്ടും മെച്ചപ്പെടാത്ത സംസ്ഥാനങ്ങളുടെ കൂട്ടത്തിലാണ്‌ ഗുജറാത്തിനെ ഉൾപ്പെടുത്തിയിട്ടുള്ളത്‌.

ആരോഗ്യമേഖലയുടെ ശോചനീയാവസ്ഥ തുടരുമ്പോഴും സാമൂഹ്യ, സാമ്പത്തിക ക്ഷേമപദ്ധതികൾക്കുള്ള ഫണ്ടുകൾ ഗുജറാത്ത്‌ സർക്കാർ വെട്ടിക്കുറയ്‌ക്കുകയാണ്‌. ആരോഗ്യം, ശുചിത്വം, പോഷകാഹാരവിതരണം തുടങ്ങിയ സാമൂഹ്യക്ഷേമ നടപടികൾക്കുള്ള വിഹിതം 2019–-2020 ബജറ്റിലും വെട്ടിക്കുറച്ചിട്ടുണ്ട്‌. സംസ്ഥാനത്ത്‌ 1.5 ലക്ഷത്തോളം കുട്ടികൾ പോഷകാഹാരക്കുറവ്‌ നേരിടുന്നുണ്ട്‌. ഗോത്രമേഖലകളായ ദാൽഹോദ്‌, നർമദ, സാബർകാന്ത ജില്ലകളിൽ പോഷകാഹാരക്കുറവ്‌ രൂക്ഷം.

തൊഴിലില്ലായ്‌മ
ഗുജറാത്ത്‌ ‌ തൊഴിലില്ലായ്‌മയുടെ കാര്യത്തിൽ    ഔദ്യോഗിക കണക്കിൽ പിന്നിലാണ്‌. തൊഴിൽ ചെയ്യുന്നുവെന്ന്‌ പറയുന്നവരിൽ ബഹുഭൂരിപക്ഷവും കുടുംബസംരംഭങ്ങളിലോ ചെറുകിടമേഖലയിലോ പ്രവർത്തിക്കുന്നവരാണ്‌. ഇവർക്ക്‌ ജോലി ലഭിക്കുന്ന ദിനങ്ങളും വരുമാനവും തുച്ഛമാണ്‌. പ്രച്ഛന്നമാണ്‌ ഗുജറാത്തിലെ തൊഴിലില്ലായ്‌മ. തൊഴിലുണ്ടെന്ന്‌ പറയാമെങ്കിലും മിക്കവർക്കും മാന്യമായി ജീവിക്കാനുള്ള വരുമാനമില്ല. നോട്ടുനിരോധനവും ജിഎസ്‌ടിയും ഗുജറാത്തിൽ ലക്ഷക്കണക്കിന്‌ തൊഴിലവസരം ഇല്ലാതാക്കി. അഭ്യസ്‌തവിദ്യരുടെ തൊഴിലില്ലായ്‌മയും ഗുജറാത്തിൽ രൂക്ഷമായിവരികയാണ്‌


 


പ്രധാന വാർത്തകൾ
 Top