16 January Saturday

ആരും ചിരിക്കരുത്‌... പ്ലീസ്‌! ചെന്നിത്തല ഉയർത്തിയ യമണ്ടൻ ആരോപണങ്ങൾ

സ്വന്തം ലേഖകൻUpdated: Thursday Jul 23, 2020

തിരുവനന്തപുരം  > കോവിഡ്‌ പ്രതിസന്ധികാലത്ത്‌ സാമൂഹ്യമാധ്യമങ്ങളിൽ പരക്കെ ചിരിയുയർത്തിയത്‌ പ്രതിപക്ഷ നേതാവ്‌ രമേശ്‌ ചെന്നിത്തലയുടെ വാർത്താസമ്മേളനങ്ങളാണ്‌. ചെന്നിത്തല ഉയർത്തിയ യമണ്ടൻ ആരോപണങ്ങളും ആവശ്യങ്ങളും സാമൂഹ്യമാധ്യമങ്ങളിലെ ട്രോളുകളായി ചിരി പരത്തി.

കോവിഡ്‌ പ്രതിരോധത്തിന്‌ സർക്കാരിനൊപ്പംനിന്ന്‌ പ്രവർത്തിക്കേണ്ട പ്രതിപക്ഷം എത്രമാത്രം ജനവിരുദ്ധമായാണ്‌ പ്രവർത്തിച്ചതെന്ന്‌ ഈ വാർത്താസമ്മേളനങ്ങളിൽനിന്ന്‌ വ്യക്തം. കോവിഡ്‌ കാലത്ത്‌   150ലേറെ വാർത്താസമ്മേളനം നടത്തിയിട്ടും ഒരു ക്രിയാത്മക നിർദേശം പ്രതിപക്ഷനേതാവിൽ നിന്നുണ്ടായില്ല. മറിച്ച്‌ പലതും തികച്ചും നിരുത്തരവാദപരമായ ആരോപണങ്ങളായിരുന്നു.   പലതിൽനിന്നും ഗത്യന്തരമില്ലാതെ അദ്ദേഹത്തിന്‌ പിന്മാറേണ്ടി വരികയും ചെയ്‌തു.


 

എൺപത്തേഴ്‌ ലക്ഷം റേഷൻകാർഡ്‌ ഉടമകളുടെ വിവരങ്ങൾ അമേരിക്കൻ കമ്പനിക്ക്‌ വിറ്റെന്ന്‌ ആരോപിച്ച ചെന്നിത്തല ബ്രിട്ടീഷ്‌ വിപണിയിലെ പൗണ്ടിന്റെ മൂല്യം കണക്കാക്കി ആ ഡാറ്റയ്‌ക്ക്‌ എത്ര വിലവരുമെന്നുവരെ പ്രഖ്യാപിച്ചു. ആഴ്‌ചകൾക്കുശേഷം ഈ ആരോപണത്തിൽ ഉറച്ചുനിൽക്കുന്നുണ്ടോ എന്ന ചോദ്യത്തിന്‌ താൻ അങ്ങനെ ഉന്നയിച്ചിട്ടില്ലെന്നും ഒരു പത്രം പറഞ്ഞതുകേട്ട്‌ പറഞ്ഞതാണെന്നുമായിരുന്നു മറുപടി. ടെക്‌നോസിറ്റിയിലെ കളിമൺഖനനത്തിൽ വൻ കൊള്ളയെന്ന്‌ പത്രസമ്മേളനത്തിൽ വിളിച്ചുപറഞ്ഞ ചെന്നിത്തല ആ കമ്പനിയുടെ പ്രതിനിധി വിളിച്ചപ്പോൾ ‘ഞാനത്‌ റെക്ടിഫൈ ചെയ്യാം’ എന്നായി. ക്രിയാത്മകമായ ഒരു നിർദേശവും മുന്നോട്ടുവയ്‌ക്കാൻ കഴിയാത്ത പ്രതിപക്ഷനേതാവിനെ പഴയ ആരോപണങ്ങൾതന്നെ തിരിഞ്ഞുകൊത്തുകയാണ്‌.

 

കോവിഡ്‌ നിയന്ത്രണങ്ങളൊന്നും പാലിക്കാതെ കന്റോൺമെന്റ്‌ഹൗസിൽ നട്ടുച്ച വാർത്താസമ്മേളനം എല്ലാ ദിവസവും  തുടരുന്നു. പ്രത്യേകിച്ച്‌ ഒന്നും പറയാനില്ലെങ്കിലും പകൽ 12ന്‌ മാധ്യമപ്രവർത്തകരെ കൂട്ടത്തോടെ വിളിച്ചുവരുത്തുന്നത്‌ പതിവായി.

കന്റോൺമെന്റ്‌ഹൗസിന്റെ വരാന്തയിൽ നടത്തുന്ന വാർത്താസമ്മേളനത്തിൽ വലിയ ആൾക്കൂട്ടമാണ്‌. റിപ്പോർട്ടർമാരും ക്യാമറക്കാരും മറ്റുജീവനക്കാരുമടക്കം അറുപതിലേറെ പേർ എന്നും ഉച്ചയ്‌ക്ക്‌ ഇവിടെത്തി കൂട്ടംകൂടുന്നു.  ഇതിലും ഏറെയാണ്‌ പ്രതിപക്ഷനേതാവിന്റെ അനുയായികളുടെ എണ്ണം. കെപിസിസി ഭാരവാഹി മുതൽ ഡിസിസി അംഗം വരെ മാധ്യമപ്രവർത്തകർക്കുചുറ്റും വട്ടമിട്ട്‌ നിൽക്കും. പേഴ്‌സണൽ സ്‌റ്റാഫ്‌ അംഗങ്ങളും സുരക്ഷാജീവനക്കാരും വരാന്തയിൽ തിക്കിത്തിരക്കും. കോവിഡ്‌ നിയന്ത്രണങ്ങൾ ഒന്നും പാലിക്കാതെയുള്ള നട്ടുച്ച വാർത്താസമ്മേളനം കന്റോൺമെന്റ്‌ ഹൗസിനെ തന്നെ രോഗവ്യാപന കേന്ദ്രമാക്കുമെന്ന്‌ ആശങ്ക ഉയർന്നിട്ടുണ്ട്‌.

 

ഇത്രയധികം പേരെ വിളിച്ചുവരുത്തിയിട്ടും സുരക്ഷാമുൻകരുതൽ ഒന്നും സ്വീകരിച്ചിട്ടില്ല.  പ്രതിപക്ഷനേതാവ്‌ കഴിഞ്ഞദിവസം മാസ്‌ക്‌ ധരിക്കാതെയാണ്‌ വാർത്താസമ്മേളനത്തിൽ പങ്കെടുത്തത്‌. അതേസമയം, കൃത്യമായ മാനദണ്ഡങ്ങൾ പാലിച്ചാണ്‌ മുഖ്യമന്ത്രി പിണറായി വിജയന്റെ വാർത്താസമ്മേളനം. തുടക്കത്തിൽ നോർത്ത്‌ബ്ലോക്കിലെ മീഡിയാ റൂമിലായിരുന്നു അദ്ദേഹം മാധ്യമങ്ങളെ കണ്ടത്‌.  വൈകാതെ മാധ്യമപ്രവർത്തകർക്ക്‌ പിആർ ചേംബറിൽ സൗകര്യമൊരുക്കുകയും മുഖ്യമന്ത്രി മീഡിയാ റൂമിലിരുന്ന്‌ സംസാരിക്കുകയും ചെയ്യുന്ന സംവിധാനത്തിലേക്ക്‌ മാറി.  സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ അത്യാവശ്യഘട്ടങ്ങളിൽ വീഡിയോ കോൺഫറസിലൂടെയാണ്‌ വാർത്താസമ്മേളനം നടത്തുന്നത്‌.

സിസിടിവി സ്വിച്ച്‌ മാറ്റിയത്‌ തെളിവ്‌ നശിപ്പിക്കാനെന്ന്‌ ചെന്നിത്തല
സെക്രട്ടറിയറ്റിൽ ചീഫ്‌ സെക്രട്ടറിയുടെ ഓഫീസിലെ ഇടിമിന്നലിൽ തകർന്ന സിസിടിവി സ്വിച്ച്‌ മാറ്റിയതിൽ തെളിവ്‌ നശിപ്പിക്കൽ ആരോപണവുമായി പ്രതിപക്ഷ നേതാവ്‌ രമേശ്‌ ചെന്നിത്തല. സ്വർണക്കടത്ത്‌ കേസിൽ തെളിവ്‌ നശിപ്പിക്കാനുള്ള നീക്കമെന്ന നട്ടാൽ കുരുക്കാത്ത നുണയാണ്‌ ചെന്നിത്തല വാർത്താസമ്മേളനത്തിൽ പറഞ്ഞത്‌‌. 

ഏപ്രിൽ 16ന്‌ രാത്രിയിൽ ഉണ്ടായ ഇടിമിന്നലിലാണ്‌ ചീഫ്‌ സെക്രട്ടറിയുടെ ഓഫീസിലെ സിസിടിവി നെറ്റ്‌ വർക്കിന്റെ എട്ട്‌  സ്വിച്ച്‌ തകരാറിലായത്‌. ഇത്‌ മാറ്റാൻ പൊതുഭരണവകുപ്പിന്‌ നിർദേശം നൽകിയിരുന്നു. ഇതിന്‌ ചെലവായ 10,413 രൂപ അനുവദിച്ച്‌ ജൂലൈ 13ന്‌ ഉത്തരവിറക്കി. ഇതിനെ വളച്ചൊടിച്ചാണ്‌ പ്രതിപക്ഷ നേതാവ്‌ ആരോപണവുമായി രംഗത്തുവന്നത്‌.

ചീഫ്‌ സെക്രട്ടറിയുടെ ഓഫീസിൽമാത്രം ഒതുങ്ങുന്ന ഇന്റേണൽ നെറ്റ്‌ വർക്കാണ്‌ തകരാറിലായത്‌. ഇതിന്‌ സെക്രട്ടറിയറ്റിലെ പൊതുവായ സിസിടിവി സർവയലൻസ്‌ നെറ്റ്‌ വർക്കുമായി ഒരു ബന്ധവുമില്ല. ജൂലൈ 13ന്‌ ഇറക്കിയ ഉത്തരവിൽ സ്വിച്ച്‌ മാറ്റിസ്ഥാപിച്ചതിന്‌ ചെലവഴിച്ച തുക നൽകുന്നതിന്‌ അനുമതി നൽകിയതായി വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ട്‌. ഒരു ഫയലിൽ എഴുതിയിരിക്കുന്നത്‌ എന്താണെന്നുപോലും മനസ്സിലാക്കാതെയാണ്‌ പ്രതിപക്ഷ നേതാവ്‌ ആരോപണവുമായി ഇറങ്ങിയത്‌. കേടായ സിസിടിവി പോർട്ട്‌ മാറ്റാനുള്ള കത്ത്‌ മെയ്‌ 13നാണ്‌ അയച്ചത്‌. ഉടനടി അത്‌ പുനഃസ്ഥാപിക്കുകയും ചെയ്‌തു. വിമാനത്താവളത്തിൽ സ്വർണക്കടത്ത്‌ പിടികൂടിയത്‌ ജൂൺ 30നും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top