20 April Saturday

ഇവര് കാത്തോളും ഇനി കാടും നാടും

പി ഒ ഷീജUpdated: Wednesday May 23, 2018


കൽപ്പറ്റ
കീഴ്ക്കാം തൂക്കായ അമ്പുകുത്തിമലയിലെ ദുർഘടപാതകൾ താണ്ടി കോളേജിലേക്ക് പോകുമ്പോൾ വിഷ്ണുവിന്റെ മനസിൽ ആധി നിറയും. ദാരിദ്ര്യം പുകയുന്ന വീടിനുള്ളിൽ രോഗിയായ അച്ഛനും അമ്മയും ഇളയസഹോദരങ്ങളും. ക്ലാസിലെ മറ്റ് കുട്ടികളുടെ ആഹ്ളാദാരവങ്ങൾക്കിടയിൽ ഉള്ളിൽ കിനിയുന്ന കണ്ണുനീർ ആരുംകാണാതെ തുടയ്ക്കും. താനും തന്റെ സമുദായവും നേരിടുന്ന അവഗണനക്കും ദുരിതങ്ങൾക്കും അറുതി വരുത്തണേ എന്ന് മലദൈവങ്ങളോട് പ്രാർത്ഥിക്കും.

 

ബി എ പൊളിറ്റിക്സ് രണ്ടാം സെമസ്റ്റർ  വിദ്യാർത്ഥിയായ  വിഷ്ണുവിന്റെ കണ്ണിൽ ഇപ്പോൾ  നിറയുന്നത് എൽഡിഎഫ് സർക്കാരിനോടുള്ള നന്ദിയാണ്.വിഷ്ണുവിന് പൊലീസിൽ ജോലി കിട്ടി. ജീവിതത്തിലെ പ്രതീക്ഷകൾക്ക് ഈരിലയിടുന്ന സർക്കാർ ജോലി. പണി തീരാത്ത വീട് പൂർത്തിയാക്കണം, രണ്ട് സഹോരിമാരും ഒരു സഹോദരനും  അപ്പനും അമ്മയും അടങ്ങുന്ന കുടുംബത്തെ നന്നായി നോക്കണം. അവർക്ക് നല്ല ജീവിതം കൊടുക്കണം. ഇതിനൊക്കെ കാരണമായ സർക്കാരിന്റെ നല്ല മനസിന് വിഷ്ണു നന്ദി പറയുന്നു. പ്രാക്തന ഗോത്ര വർഗ വിഭാഗത്തിൽപ്പെട്ട വിഷ്ണുവിനെപോലെ നിരവധി ആദിവാസി യുവാക്കൾക്കാണ് സർക്കാർ ജോലി നൽകിയത്. പൊലീസിലും എക്സൈസിലും ആദിവാസികളിൽനിന്ന് നേരിട്ട് റിക്രൂട്ട്മെന്റ് നടത്തിയത്  ചരിത്ര തീരുമാനമാണ്.

തിരുനെല്ലി  പഞ്ചായത്തിലെ ബാവലി തുറമ്പൂർ കാട്ട്നായ്ക്ക കോളനിയിലെ എം സുരേന്ദ്രനും പിണറായി സർകാരിനോട് നിറഞ്ഞ  സന്തോഷവും നന്ദിയും. അമ്മയും ഭാര്യയും തളർന്ന് കിടക്കുന്ന അച്ഛനും ഉൾപ്പെടെയുള്ള കുടുംബത്തിന്റെ ഏക ആശ്രയമാണ് സുരേന്ദ്രൻ. പ്ലസ് ടുവിൽ പഠിക്കുമ്പോൾ മരത്തിൽ നിന്ന് വീണ് പരിക്കേറ്റ് അച്ഛൻ കിടപ്പിലായി. അതോടെ സുരേന്ദ്രന്റെ പഠനവും നിലച്ചു. പിന്നീട് കൂലിപ്പണി എടുത്താണ് അച്ഛന്റെ ചികിത്സക്ക് പണം കണ്ടെത്തിയത്. വനംവകുപ്പിൽ വാച്ചറായി ജോലി നോക്കി. ഇപ്പേഴാണ് സർക്കാർ നിയമനമായത്.

വനാന്തരങ്ങളിലെയും വനാതിർത്തിയിലെയും കോളനികളിൽ താമസിക്കുന്ന പട്ടികവർഗ വിഭാഗത്തിലെ ഉദ്യോഗാർഥികൾക്ക് പൊലീസ്, എക്സൈസ് വകുപ്പിൽ പ്രത്യേക നിയമനം നൽകുന്നതിന്റെ ഭാഗമായി വയനാട്ടിൽ 69 പേർക്ക്  നിയമനം ലഭിച്ചു. ഏറ്റവും പിന്നോക്ക വിഭാഗമായ പണിയ, കാട്ട്നായക്ക വിഭാഗങ്ങളിലുള്ളവർക്കാണ് നിയമനം നൽകിയത്. സിവിൽ പൊലീസ് ഓഫീസർമാരായി വയനാട്ടിൽ 40 പുരുഷന്മാർക്കും 12 വനിതകൾക്കും നിയമനം ലഭിച്ചു. സിവിൽ എക്സൈസ് ഓഫീസർമാരായി രണ്ട് വനിതകൾ ഉൾപ്പെടെ 17 പേർക്ക് നിയമനം നൽകി. ഇവർക്കുള്ള പരിശീലനം പൊലീസ് അക്കാദമിയിൽ തുടങ്ങി. അട്ടപ്പാടിയിൽ കൊല്ലപ്പെട്ട മധുവിന്റെ സഹോദരി ചന്ദ്രികക്കും ജോലി കിട്ടി.

പാലക്കാട് ജില്ലയിൽ പൊലീസിൽ അഞ്ച് വനിതകൾ ഉൾപ്പെടെ 15 പേർക്കും നിലമ്പൂരിൽ പൊലീസിൽ നാല് വീതം പുരുഷന്മാർക്കും വനിതകൾക്കുമാണ് നിയമനം. എക്സൈസിലും പൊലീസിലുമായി 817 പേരാണ് റാങ്ക് ലിസ്റ്റിലുള്ളത്. ഇതിൽ രണ്ട് സേനകളിലുമായി 264 പേർ വനിതകളാണ്.

ലോകത്തിന് തന്നെ മാതൃകയായ തീരുമാനമാണ് സർക്കാർ കൈകൊണ്ടത്. അതും റെക്കോർഡ് വേഗത്തിൽ.  2017 മാർച്ചിൽ വിഞ്ജാപനമിറക്കി. എഴുത്ത് പരീക്ഷ ഒഴിവാക്കി. ജനുവരിയിൽ ഫിസിക്കൽ ടെസ്റ്റ് നടത്തി. മാർച്ച് 12ന് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ഏപ്രിൽ മാസത്തിൽ നിയമന ഉത്തവരും നൽകി.

അപേക്ഷകരെ പരമാവധി സഹായിച്ച്്  നടപടികൾ ലഘൂകരിച്ചു. പൊലീസിന്റെയും ട്രൈബൽ പ്രമോട്ടർമാരുടെയും സഹായത്തോടെ നിരവധി തവണ പിഎസ്സി ഉദ്യോഗസ്ഥർ കോളനികളിലെത്തി. ഓൺ ലൈൻ അപേക്ഷ ഒഴിവാക്കി നേരിട്ട് അപേക്ഷകൾ വാങ്ങി. പൊലീസിന്റെ നേതൃത്വത്തിൽ പരിശീലനം നൽകി. അപേക്ഷകരെ മുഴുവൻ കൂടിക്കാഴ്ചയ്ക്ക് വിളിച്ചു. ഫിസിക്കൽ ടെസ്റ്റിൽ എട്ട് ഇനങ്ങളിൽ മൂന്നിനങ്ങളിൽ വിജയിച്ചവരെ ലിസ്റ്റിൽ ഉൾപ്പെടുത്തി. അട്ടപ്പാടി, നിലമ്പൂർ, അരീക്കോട്, കരുളായി, ബത്തേരി, മാനന്തവാടി എന്നിവിടങ്ങളിലാണ് കൂടിക്കാഴ്ച നടത്തിയത്. എട്ടാം ക്ലാസ്മുതൽ  ബിരുദാനന്തരബിരുദധാരികൾ വരെയുള്ളവർ ലിസ്റ്റിലുണ്ട്.

പ്രധാന വാർത്തകൾ
 Top