16 July Thursday

"അക്ഷരവൃക്ഷം' പൂത്തുതളിർത്തു

വെബ് ഡെസ്‌ക്‌Updated: Thursday Apr 23, 2020

തിരുവനന്തപുരം
‘കിളിവാതിലിലൂടെ പുറത്ത്‌ ഞാൻ ഒരു കിളിയെ കണ്ടു. അത്‌ ഉറക്കെ പാടി എന്നെ രസിപ്പിക്കുന്നു.... ഉയർന്ന്‌ പറന്ന്‌ എന്നെ കൊതിപ്പിക്കുന്നു.... നൃത്തം ചെയ്‌ത്‌ കുളിരണിയിക്കുന്നു... തൂവലുകൾ ചലിപ്പിച്ച്‌ എന്നെ വിളിക്കുന്നൂ.... പക്ഷേ, അതിനെ പിന്തുടരാൻ എനിക്ക്‌ പറ്റുന്നില്ലല്ലോ. കാരണം ഞാനാണല്ലോ ഇപ്പോൾ കൂട്ടിൽ..' കോട്ടയം വെസ്‌റ്റ്‌ ഉപജില്ലയിലെ എസ്‌ എച്ച്‌ മൗണ്ട്‌ എച്ച്‌എസ്‌എസിലെ എട്ടാം ക്ലാസിലെ എം ആദിരാജയുടെ "കൂട്‌' എന്ന കഥയാണിത്‌.  കഥ വായിച്ച്‌ പൊതുവിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ്‌ കുട്ടിയെ ഫോണിൽ വിളിച്ച്‌ അഭിനന്ദിച്ചു. എസ്‌സിഇആർടി പ്രസിദ്ധീകരിച്ച കോവിഡ്‌ കഥാ പുസ്‌തകത്തിലെ ആദ്യ കഥയാണ്‌ ‘കൂട്‌’. 

"കൊറോണ വന്നൊരു കാലം നോക്കേ... നേരമില്ലാത്തോർക്കെല്ലാം നേരമായല്ലോ..  ഓർക്കുക നാം എല്ലാം ഓർക്കുക, ഓർത്തതെല്ലാം മറക്കാതിരിക്കണം, ഇല്ലെങ്കിൽ നമ്മളും ഒരോർമ്മയാകും ’ കൊല്ലം ചവറ ഉപജില്ലയിലെ ഐഎൻ കോയിക്കൽ ഗവ. എച്ച്‌ എസ്‌ എസിലെ ഒമ്പതാംക്ലാസുകാരി കനിതയുടെ "കൊറോണ ലോകം' കവിതയിലെ വരികളാണിത്‌.

കോവിഡ്‌ കാലത്ത്‌ വീട്ടിലിരിക്കുന്ന കുട്ടികളോട്‌  കഥകളും കവിതകളും ലേഖനങ്ങളും രചിച്ച്‌ പൊതുവിദ്യാഭ്യാസ വകുപ്പിന്‌ അയക്കാൻ നിർദേശിച്ചിരുന്നു‌.  ‘അക്ഷരവൃക്ഷം’  പദ്ധതിയിലേക്കാണ്‌ ഓൺലൈനായി സൃഷ്‌ടികൾ ക്ഷണിച്ചത്‌. ഒന്നു മുതൽ 12–-ാം ക്ലാസ്‌ വരെയുള്ള 40,000 പേരാണ്‌ ആദ്യ ദിനങ്ങളിൽ പങ്കാളികളായത്‌. അവയിൽ കോവിഡ്‌ 19 വൈറസ്‌ വ്യാപനം തടയാനുള്ള നിയന്ത്രണങ്ങളുമായി ബന്ധപ്പെട്ട സൃഷ്ടികൾ എസ്‌സിഇആർടി സ്വന്തം പ്രസിൽ അച്ചടിച്ച്‌ പുസ്‌തകങ്ങളാക്കി. 

ബുധനാഴ്‌ച മുഖ്യമന്ത്രി പിണറായി വിജയൻ മന്ത്രി ജി സുധാകരന്‌ നൽകി ലേഖനമടക്കമുള്ള മൂന്ന്‌ കൃതികൾ പ്രകാശിപ്പിച്ചു. മാനവിക മൂല്യങ്ങൾ മുറുകെ പിടിക്കുന്ന കുട്ടികളുടെ സർഗസൃഷ്ടികൾ വരും കാലങ്ങളെക്കുറിച്ച്‌ കൂടുതൽ പ്രതീക്ഷകളും സ്വപ്‌നങ്ങളും നൽകുന്നതാണെന്ന്‌ പദ്ധതിക്ക്‌ ആഹ്വാനമേകിയ പൊതുവിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ്‌ പറഞ്ഞു.  പൊതുവിദ്യാഭ്യാസ സെക്രട്ടറി എ ഷാജഹാൻ, പൊതുവിദ്യാഭ്യാസ ഡയറക്ടർ കെ ജീവൻ ബാബു, എസ്‌സിഇആർടി ഡയറക്ടർ. ഡോ. ജെ പ്രസാദ്‌, ഓൺലൈനിൽ ലഭ്യമാക്കാൻ സാങ്കേതിക സഹായം നൽകിയ കൈറ്റ്‌ സിഇഒ അൻവർ സാദത്ത്‌ എന്നിവരും ചടങ്ങിൽ പങ്കെടുത്തു. രണ്ടാംഘട്ട സൃഷ്ടികളുടെ പ്രകാശനം ഉടനുണ്ടാകും.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top