02 December Wednesday

പയ്യനല്ല; ക്രൗഡ്‌ പുള്ളർ

എം പ്രശാന്ത‌്Updated: Thursday Oct 22, 2020



ന്യൂഡൽഹി
എതിരാളികളെ അമ്പരപ്പിക്കുന്ന ജനപങ്കാളിത്തത്തോടെയാണ്‌ തേജസ്വി യാദവിന്റെ തെരഞ്ഞെടുപ്പ്‌ റാലികളുടെ മുന്നേറ്റം. ബിഹാറിന്റെ ഉൾപ്രദേശങ്ങളിൽ പോലും തേജസ്വിയെ കേൾക്കാൻ പതിനായിരങ്ങളെത്തുന്നു‌. ലാലുവിന്റെ അഭാവത്തിൽ വോട്ടർമാരെ ആകർഷിക്കുന്ന ഒരു നേതാവ്‌ എതിർക്യാമ്പിൽ ഇല്ലെന്ന ആശ്വാസം എൻഡിഎയ്‌ക്ക്‌ നഷ്ടമായി. 15 വർഷമായി മുഖ്യമന്ത്രിപദത്തിൽ തുടരുന്ന നിതീഷ്‌ കുമാറിനെതിരായ ഭരണവിരുദ്ധ വികാരം കൂടിയാണ്‌ തേജസ്വിയുടെ റാലികൾ.

ജയിച്ചാൽ ആദ്യ മന്ത്രിസഭാ യോഗത്തിൽ 10 ലക്ഷം പേർക്ക്‌ തൊഴിൽ നൽകാനുള്ള തീരുമാനത്തിലാകും താൻ ഒപ്പിടുകയെന്ന്‌ റാലികളിൽ തേജസ്വി പ്രഖ്യാപിക്കുന്നു. തുല്യജോലിക്ക്‌ തുല്യവേതനം, കരാർ ജീവനക്കാരെ സ്ഥിരപ്പെടുത്തൽ, തദ്ദേശ ജീവനക്കാർക്കും മറ്റും വേതനം വർധിപ്പിക്കൽ, മടങ്ങിയെത്തിയ അതിഥിത്തൊഴിലാളികൾക്കായി ക്ഷേമപദ്ധതികൾ, കർഷകദ്രോഹ നിയമങ്ങൾ റദ്ദാക്കൽ–- കോവിഡ്‌ ദുരിതത്തിൽ നട്ടംതിരിയുന്ന വോട്ടർമാരെ ആകർഷിക്കുന്ന വാഗ്‌ദാനങ്ങളാണ്‌ തേജസ്വി മുന്നോട്ടുവയ്‌ക്കുന്നത്‌. 

ലാലുവിന്റെ ‘ജംഗിൾരാജ്‌’ ഓർമപ്പെടുത്തി അജൻഡ വഴിമാറ്റാമെന്ന എൻഡിഎയുടെ പ്രതീക്ഷ തെറ്റി. തേജസ്വിക്ക്‌ മറുപടി പറയേണ്ട സ്ഥിതിയിലായി നിതീഷ്‌.   ഭരണവിരുദ്ധ വികാരവും തൊഴിലില്ലായ്‌മയും അതിഥിത്തൊഴിലാളികളുടെ അസ്വസ്ഥതകളുമാണ്‌ തേജസ്വിയെ കേൾക്കാൻ ആളുകൾ ഓടിക്കൂടുന്നതിന്‌‌ കാരണമായി രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നത്‌. അനുഭവസമ്പത്തില്ലാത്ത ‘പയ്യ’നെന്ന പരിവേഷം മാറി. 2015ൽ രാഘവ്‌പുരിൽ കന്നിമത്സരത്തിനിറങ്ങിയ തേജസ്വിയേയല്ല ഇപ്പോൾ. രണ്ടുവർഷം ഉപമുഖ്യമന്ത്രിയും മൂന്നുവർഷം പ്രതിപക്ഷ നേതാവുമായിരുന്നതിന്റെ തഴക്കം പ്രകടം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top