29 July Thursday

പേരിൽ പാട്ടിനെ ചേർത്ത ബാബു

എം എസ്‌ അശോകൻUpdated: Thursday Oct 22, 2020


കൊച്ചി
കപ്പട്ടിപ്പറമ്പിൽ ജാഫർഖാൻ മുഹമ്മദ് ബാബു പാട്ടുപ്രേമികളുടെ സീറോ ബാബുവായത്‌ ഒരു പാട്ടിനെ പേരിനുമുമ്പിൽ ചേർത്തുതന്നെയാണ്‌. ‘‘ഓപ്പൺ സീറോ വന്നു കഴിഞ്ഞാൽ വാങ്ങും ഞാനൊരു മോട്ടോർ കാർ’’ എന്നുതുടങ്ങുന്ന നാടകഗാനം. തൃക്കൊടിത്താനം സച്ചിദാനന്ദനും മറ്റും ആലപിച്ച്‌ പിന്നീട്‌ ശ്രദ്ധനേടിയ പറന്നു പറന്നു പറന്നു ചെല്ലാൻ പറ്റാത്ത കാടുകളിൽ എന്ന പാട്ടാണ്‌ ബാബു ആദ്യം പാടി ഹിറ്റാക്കിയത്‌. പൊൻകുന്നം വർക്കിയുടെ കേരള തിയറ്റേഴ്‌സിനുവേണ്ടി സ്വർഗം നാണിക്കുന്നു എന്ന നാടകത്തിൽ. വയലാറിന്റെ രചനയിൽ എൽ പി ആർ വർമയുടെ സംഗീതം. അതിനുപിന്നാലെയാണ്‌ ബാബു ഓപ്പൺ സീറോ പാടിയത്‌. പി ജെ ആന്റണിയുടെ ദൈവവും മനുഷ്യനും എന്ന നാടകത്തിൽ. ചൂതാട്ട കമ്പക്കാരനായ സണ്ണി എന്ന നായകനായി അരങ്ങത്ത്‌ പാടി അഭിനയിക്കുകയായിരുന്നു. പാട്ട്‌ കയറി ഹിറ്റായി. എണ്ണമറ്റ വേദികളിൽ ആസ്വാദകരുടെ ആവശ്യപ്രകാരം ഓപ്പൺ സീറോ ആവർത്തിച്ച്‌ പാടിപ്പാടി മുഹമ്മദ്‌ ബാബു സീറോ ബാബുവുമായി.
പത്തുവയസ്സിൽ ലതാമങ്കേഷ്‌കറുടെ പാട്ടുകൾ അതേ ശബ്ദത്തിൽ പാടിക്കൊണ്ടാണ്‌ ബാബു ആസ്വാദക ശ്രദ്ധയിലെത്തിയത്‌. അബ് രാത് ആ ജാവോ, യെ സിന്ദഗീ ഉസീ കി ഹേ എന്നീ ഗാനങ്ങൾ പ്രധാനം. പിന്നീട്‌ അഭിനയവും പാട്ടുമായി നാടകത്തിൽ. അവിടെനിന്ന്‌ സിനിമയിലേക്ക്‌. നടനും ഗായകനും സംഗീതസംവിധായകനുമൊക്കെയായി മൂന്നു പതിറ്റാണ്ടിലേറെ.

സിനിമയിലെ ആദ്യഗാനം കുടുംബിനിയിലാണ്‌. എൽ പി ആർ വർമ സംഗീതം നൽകിയ കണ്ണിനു കണ്ണിനെ എന്ന ഗാനം. തുടർന്ന്, പോർട്ടർ കുഞ്ഞാലിയിൽ വണ്ടിക്കാരൻ ബീരാൻ കാക്ക രണ്ടാംകെട്ടിന് പൂതിവച്ച് എന്ന ഗാനം.  ബാബുരാജിന്റെ സംഗീതത്തിൽ സുബൈദയിൽ മെഹ്ബൂബുമൊത്തു പാടിയ കളിയാട്ടക്കാരി കിളിനാദക്കാരി എന്ന ഗാനവും ശ്രദ്ധനേടി. 1966ൽ പുറത്തിറങ്ങിയ ലവ് മാര്യേജ് എന്ന ചിത്രത്തിൽ വൃന്ദാവനത്തിലെ രാധേ വ്രീളാ വിവശയാം രാധേ എന്ന അർധ ശാസ്ത്രീയഗാനം യേശുദാസിനൊപ്പം ആലപിച്ചു. ബാബുരാജിന്റെ സംഗീതത്തിൽ മാനത്തേക്ക്‌ പറക്കും ഞാൻ (കറുത്ത രാത്രി), കൈവിട്ടുപോയ കുഞ്ഞാടിനായി, എം കെ അർജുനന്റെ സംഗീതത്തിൽ കാളീ നിന്നെ കണ്ടപ്പോൾ (മോഹവും മുക്തിയും) കെ ജെ ജോയിയുടെ സംഗീതത്തിൽ തില്ലക്കം തില്ലടി തില്ലാലോ(ലവ് ലെറ്റർ) തുടങ്ങിയ ഗാനങ്ങൾ അതിൽ ചിലതുമാത്രം. മാടത്തരുവി കൊലക്കേസിലൂടെയാണ്‌ സിനിമാഭിനയത്തിൽ അരങ്ങേറ്റം. സിദ്ദിഖ്‌ലാലിന്റെ കാബൂളിവാല എന്ന ചിത്രത്തിൽ പിറന്നൊരീ മണ്ണും എന്ന ഗാനത്തിൽ പ്രത്യക്ഷപ്പെട്ടതും സീറോ ബാബുവാണ്‌. സത്യൻ അന്തിക്കാടിന്റെ ആദ്യചിത്രമായ കുറുക്കന്റെ കല്യാണം, ഫാസിലിന്റെ മറക്കില്ലൊരിക്കലും എന്നീ സിനിമകളിലെ ഗാനങ്ങൾക്ക്‌ സീറോ ബാബുവിന്റെ സംഗീതമായിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top