18 February Tuesday

ഇനിയുണ്ടാകുമോ ഒരു വേഗപ്പറവ

എ എൻ രവീന്ദ്രദാസ്‌Updated: Thursday Aug 22, 2019

2009 ആഗസ്‌ത്‌ 16. ലോക അത്‌ലറ്റിക്സിൽ സുവർണലിപികളിലെഴുതിയ ദിവസം. അന്നേക്ക്‌ 73 വർഷം മുമ്പ്‌ ഹിറ്റ്‌ലറുടെ ആര്യവർഗ മേധാവിത്വത്തെ വെല്ലുവിളിച്ച്‌ ജെസ്സി ഓവൻസ്‌ സൃഷ്ടിച്ച ചതുർസ്‌ഫോടനത്തിന്റെ സ്‌മരണകളിരമ്പുന്ന ബർലിൻ ഒളിമ്പിക്‌ സ്‌റ്റേഡിയത്തിൽനിന്ന്‌ യുസൈൻ ബോൾട്ട്‌ എന്ന ജമൈക്കൻ യുവാവ്‌ ലോകത്തിന്റെ നെറുകയിലേക്ക്‌ ഓടിക്കയറിയ അനശ്വരമുഹൂർത്തം.

23ാം വയസ്സിലേക്ക്‌ കടക്കുകയായിരുന്ന ബോൾട്ട്‌ 100 മീറ്ററിൽ 9.58 സെക്കൻഡിൽ ഫിനിഷുചെയ്‌ത്‌ താൻതന്നെ  ഒരു വർഷം മുമ്പ്‌ ബെയ്‌ജിങ്‌ ഒളിമ്പിക്‌സിൽ കുറിച്ച 9.69 സെക്കൻഡിന്റെ ലോകരേഖ പുതുക്കിയെഴുതി. നാല്‌ ദിവസം കഴിഞ്ഞതേയുള്ളു. ആഗസ്‌ത്‌ 20ന്‌ അതേ മിന്നൽക്കുതിപ്പിലൂടെ 200 മീറ്ററിലും തന്റെ ബെയ്‌ജിങിലെ സമയം മാറ്റിക്കുറിച്ച്‌ (19.19) യുസൈൻ സെന്റ്‌ ലിയോ ബോൾട്ട്‌ വീണ്ടും വിസ്‌മയമായി.

ഈ ആഗസ്‌ത്‌ 16ന്‌ വെള്ളിയാഴ്‌ച ബോൾട്ടിന്റെ 100 മീറ്റർ റെക്കോർഡിന്റെ പത്താംവർഷം കടന്നുപോകുന്നു. എത്രവേഗമാണ്‌ കാലം ഓടിമറയുന്നത്‌. തന്റെ റെക്കോർഡിന്‌ പത്താം വാർഷികമായെന്ന്‌  വിശ്വസിക്കാൻ തന്നെ കഴിയുന്നില്ലെന്ന്‌ ബോൾട്ട്‌ പറയുന്നു. ബെയ്‌ജിങിലെ പക്ഷിക്കൂട്‌ സ്‌റ്റേഡിയത്തിൽ ഒളിമ്പിക്‌ ട്രാക്കിന്റെ ചരിത്രത്തിലെ ആദ്യട്രിപ്പിൾ നേട്ടത്തോടെയാണ്‌ ബോൾട്ട്‌ ബെർലിനിൽ ലോകചാമ്പ്യൻഷിപ്പിനെത്തിയത്‌. എല്ലാ ഓട്ടവും ജയിക്കുകയെന്ന ലക്ഷ്യത്തോടെ പോരാടുമ്പോഴും മികച്ച പ്രകടനത്തിലൂടെ റെക്കോർഡ്‌ സൃഷ്ടിക്കാമെന്ന ചിന്ത തനിക്ക്‌ പ്രചോദനവും ആത്മവിശ്വാസവുമേകി. എന്നാൽ റെക്കോർഡുകളേക്കാൾ താൻ എപ്പോഴും മുൻഗണന നൽകിയത്‌ മെഡലുകൾക്കാണ്‌. ബർലിൻ ലോക അത്‌ലറ്റിക്‌ ചാമ്പ്യൻഷിപ്പിൽ വിഭ്രാത്മകവേഗത്തിന്റെ ആൾരൂപമായി മാറിയ യുസൈൻബോൾട്ട്‌ പറയുന്നത്‌ മറ്റെല്ലാ മെഡലുകളെയും റെക്കോർഡുകളെയുംകാൾ താൻ ഹൃദയത്തോട്‌ ചേർത്തുപിടിക്കുന്നത്‌ ഒളിമ്പിക്‌മെഡലുകളാണെന്നാണ്‌.

ലണ്ടനിൽ 2017ൽ തന്റെ അവസാനത്തെ ലോകചാമ്പ്യൻഷിപ്പിൽനിന്ന്‌ ബോൾട്ടിന്‌ കിട്ടിയത്‌ 100 മീറ്ററിലെ വെങ്കലമെഡൽ മാത്രമാണ്‌. അവസാനമത്സരമായ 4x100 മീറ്റർ റിലേയിൽ നാലാമനായി ഓടി മത്സരം പൂർത്തിയാക്കാനാവാതെ വീണുപോയ ബോൾട്ടിന്റെ ഇതിഹാസസമാനമായ കായികജീവിതത്തിന്‌ കണ്ണീരിന്റെ നനവുള്ള വിടവാങ്ങലായിരുന്നു. ജമൈക്കയിലെ ഷെർവുഡ്‌ കണ്ടന്റിൽനിന്ന്‌ ഉദിച്ചുയർന്ന്‌ അത്‌ലറ്റിക്‌സിന്റെ മല്ലീശ്വരൻകുന്നിലേറി നിത്യവിസ്‌മയമായി മാറിയ ഈ മിന്നലോട്ടക്കാരൻ അവസാന പോരാട്ടത്തിൽ സുവർണ വിടവാങ്ങൽ കാത്തിരുന്നവരെ ഞെട്ടിച്ചാണ്‌ പേശീവലിവിനെതുടർന്ന്‌ കാലിടറിവീണത്‌.

എന്നാൽ യുസൈൻ ബോൾട്ടിനെപോലെ മറ്റൊരു ഓട്ടക്കാരനുമില്ല. എട്ട്‌ ഒളിമ്പിക്‌ സ്വർണമെഡലുകൾ. ലോകചാമ്പ്യൻഷിപ്പിൽ 11 സ്വർണമടക്കം 14 മെഡലുകൾ. രണ്ടിനങ്ങളിൽ ഇത്രയും കാലം അനായാസമായി വിരാജിച്ച ഒരു സ്‌പ്രിന്റർ വേറെയില്ല. എല്ലാവർക്കും മാതൃകയാക്കാമെന്ന താരമെന്നതാണ്‌ ഈ ആഗസ്‌ത്‌ 21ന്‌ 33ാം വയസ്സിലേക്ക്‌ പ്രവേശിച്ച ബോൾട്ടിനെ വ്യത്യസ്‌തനാക്കുന്നത്‌.

തന്റെ ഓട്ടത്തെ നിർണയിച്ചും കൃത്യതയോടെ നടപ്പാക്കിയും സ്‌പ്രിന്റ്‌ ഇനങ്ങളെതന്നെ പുനർനിർവചിച്ചും വേഗഗണിതങ്ങളെ തിരുത്തിക്കുറിച്ചവനാണ്‌ യുസൈൻബോൾട്ട്‌. മാധ്യമങ്ങളുടെ ആഘോഷപൂർണമായ പാടിപ്പുകഴ്‌ത്തലുകൾക്കപ്പുറത്ത്‌ തന്നിലെ ഓട്ടക്കാരന്റെ സ്വത്വം കണ്ടെത്തിയവൻ. ജെസ്സി ഓവൻസിന്റെ, മൈക്കേൽ ജോൺസന്റെ, കാൾ ലൂയിസിന്റെ യഥാർഥ പിൻഗാമി.

കായികരംഗത്തെ എക്കാലത്തെയും മഹാരഥൻമാരുടെ നിരയിൽ മുഹമ്മദ്‌ അലിക്കും പെലെയ്‌ക്കും മൈക്കേൽ ഫെൽപ്‌സിനുമൊപ്പമാണ്‌ ബോൾട്ടിന്റെ സ്ഥാനം. ബോൾട്ട്‌ വിരമിച്ചതിനു ശേഷമുള്ള ആദ്യ ലോകമീറ്റാണ്‌ സെപ്‌തംബറിൽ ദോഹയിൽ അരങ്ങേറുന്നത്‌.  എന്നാൽ 100ലെയും 200ലെയും ആ വിസ്‌മയ സമയങ്ങൾ  എല്ലാക്കാലത്തെയും അതിജീവിക്കുമെന്ന്‌ വിദഗ്‌ധർ ചൂണ്ടിക്കാട്ടുന്നു...
 


പ്രധാന വാർത്തകൾ
 Top