20 March Wednesday
എഐഎഡിഎംകെ സഖ്യത്തിൽ വിള്ളൽ

കീഴടങ്ങി ബിജെപി; ഇടഞ്ഞ‌് ഡിഎംഡികെ

പ്രത്യേക ലേഖകൻUpdated: Friday Feb 22, 2019

ചെന്നൈ
തമിഴ‌്നാട്ടിൽ ദ്രാവിഡ പാർടികളുടെ തല്ലും തലോടലുമേറ്റ‌് തളർന്ന ബിജെപി കിട്ടിയ സീറ്റിൽ സഖ്യത്തിന‌് വഴങ്ങി. എഐഎഡിഎംകെ അഞ്ച‌് സീറ്റാണ‌് ബിജെപിക്ക‌് നൽകിയത‌്. രണ്ട‌് മുന്നണികളിലുമില്ലാതെ ഒറ്റപ്പെട്ടാൽ ഒരു സീറ്റും ലഭിക്കില്ലെന്ന‌് ബോധ്യപ്പെട്ടാണ‌് കിട്ടിയ സീറ്റിന‌് ബിജെപി വഴങ്ങിയത‌്. 2014ലെ തെരഞ്ഞെടുപ്പിൽ ഡിഎംകെയും എഐഎഡിഎംകെയും ബിജെപിയുമായി സഖ്യമുണ്ടാക്കാൻ തയ്യാറായില്ല. അങ്ങനെയാണ‌് ചെറുപാർടികളെ കൂട്ടിച്ചേർത്ത‌് മുന്നണിയുണ്ടാക്കിയത‌്. എംഡിഎംകെ, പിഎംകെ, ഡിഎംഡികെ, ഐജെകെ, കെഎംഡികെ, പിഎൻകെ എന്നീ പാർടികളുമായി ചേർന്ന‌് മുന്നണിയായി ഏഴ‌് സീറ്റിലാണ‌് ബിജെപി മത്സരിച്ചത‌്. കന്യാകുമാരിയിൽ പൊൻ രാധാകൃഷ‌്ണൻ മാത്രമാണ‌് ജയിച്ചത‌്.

എഐഎഡിഎംകെയുമായി സീറ്റുചർച്ച തുടങ്ങിയപ്പോൾ 11 സീറ്റാണ‌് ബിജെപി ആവശ്യപ്പെട്ടത‌്. എട്ട‌് സീറ്റിന‌് വഴങ്ങാനായിരുന്നു ചർച്ചയ‌്ക്കെത്തിയ കേന്ദ്രമന്ത്രി പീയൂഷ‌് ഗോയലിന‌് ബിജെപി അധ്യക്ഷൻ അമിത‌് ഷാ നൽകിയ നിർദേശം. എന്നാൽ, എട്ടിലും എഐഎഡിഎംകെ വഴങ്ങിയില്ല. പീയൂഷ‌് ഗോയൽ ഡൽഹിയിൽ തിരിച്ചെത്തി കാര്യങ്ങൾ അമിത‌് ഷായെ ധരിപ്പിച്ചു. അങ്ങനെയാണ‌് അമിത‌് ഷാ കീഴടങ്ങിയത‌്. 

പിഎംകെയ‌്ക്ക‌് ഏഴ‌് സീറ്റ‌് നൽകിയശേഷമാണ‌് ബിജെപിയെ അഞ്ച‌് സീറ്റിൽ എഐഎഡിഎംകെ പിടിച്ചുകെട്ടിയത‌്. ഒരു പ്രതിഷേധവുമുണ്ടായില്ല. ദേശീയതലത്തിൽ ബിജെപി ദുർബലമായി നിൽക്കുന്ന സാഹചര്യത്തിൽ പ്രതിഷേധിക്കാതെ വഴങ്ങുകമാത്രമേ വഴിയുണ്ടായിരുന്നുള്ളൂ. സൗത്ത‌് ചെന്നൈ, കോയമ്പത്തൂർ, ട്രിച്ചി, കന്യാകുമാരി സീറ്റുകൾ ബിജെപിക്ക‌് നൽകാൻ ഏറെക്കുറെ ധാരണയായി. മധുര, സേലം, രാമനാഥപുരം എന്നിവയിലേതെങ്കിലുമൊരു സീറ്റും ലഭിക്കും.

എഐഎഡിഎംകെ മുന്നണിയിൽ ചേരുമെന്ന‌് പ്രതീക്ഷിക്കുന്ന വിജയ‌്കാന്തിന്റെ ഡിഎംഡികെ ശക്തമായ പ്രതിഷേധവുമായി രംഗത്തിറങ്ങിയിരിക്കയാണ‌്. പിഎംകെയെ പരിഗണിക്കുന്നതുപോലെ തങ്ങളെയും പരിഗണിക്കണമെന്നാണ‌് ഡിഎംഡികെയുടെ ആവശ്യം. ഏഴ‌് സീറ്റ‌് നൽകിയ പിഎംകെയ‌്ക്ക‌് ഒരു രാജ്യസഭാ സീറ്റും  വാഗ‌്ദാനം ചെയ‌്തിട്ടുണ്ട‌്. ഡിഎംഡികെയ‌്ക്ക‌് നൽകാനുദ്ദേശിക്കുന്നത‌് മൂന്ന‌് സീറ്റാണ‌്. തങ്ങളോട‌് ചർച്ച നടത്താതെ ബിജെപിക്കും പിഎംകെയ‌്ക്കും സീറ്റുകൾ നിശ്ചയിച്ചതിലും ഡിഎംഡികെയ‌്ക്ക‌് കടുത്ത അതൃപ‌്തിയുണ്ട‌്. 2014ലെ തെരഞ്ഞെടുപ്പിൽ പിഎംകെയ‌്ക്ക‌് ഡിഎംഡികെയേക്കാൾ കുറവ‌് വോട്ടാണ‌് ലഭിച്ചത‌്. ബിജെപിക്ക‌് 5.5 ശതമാനം വോട്ട‌് ലഭിച്ചപ്പോൾ ഡിഎംഡികെയ‌്ക്ക‌് 5.2 ശതമാനം വോട്ട‌് ലഭിച്ചു. പിഎംകെയ‌്ക്ക‌് 4.5 ശതമാനമാണ‌് കിട്ടിയത‌്. 

കോൺഗ്രസിന‌് തമിഴ‌്നാട്ടിലെ ഒമ്പതും പുതുശേരിയിലെ ഒരു സീറ്റും നൽകാൻ ഡിഎംകെ സമ്മതിച്ചതോടെ അവർ തമ്മിൽ ധാരണയായി. മറ്റ‌് പാർടികൾക്ക‌് എത്ര സീറ്റുകൾ നൽകുമെന്നതിനെക്കുറിച്ച‌് ധാരണയായിട്ടില്ല. കോൺഗ്രസിന‌് നൽകുന്ന സീറ്റുകളെ സംബന്ധിച്ചും ചർച്ച പൂർത്തിയായില്ല.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top